അമേരിക്കയിൽ പ്രസിഡൻറായ വ്യക്തികളിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന വ്യക്തിയാണ് ജിമ്മി കാർട്ടർ. നോബൽ സമ്മാനജേതാവായ കാർട്ടർ 2024 ഡിസംബർ 30-ന് വിട പറയുമ്പോൾ അദ്ദേഹത്തിന് പ്രായം 100 വയസ്സാണ്. എന്നാൽ, ഇതിലപ്പുറം അമേരിക്കയിലെ മറ്റ് 45 പ്രസിഡൻറുമാരിൽ കാർട്ടറെ തീർത്തും വ്യത്യസ്തനാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഡെമോക്രാറ്റ് പാർട്ടി നേതാവായിരുന്ന കാർട്ടർ അവസാനത്തെ ‘ഡെമോക്രാറ്റ്’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 1974-ൽ റാൾഡ് ഫോർഡിനെതിരെ മത്സരിക്കുമ്പോൾ “എൻെറ പേര് ജിമ്മി കാർട്ടർ. ഞാൻ നിങ്ങളോട് ഒരിക്കലും നുണ പറയില്ല,” എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടത്. അമേരിക്കയുടെ 39ാ-മത് പ്രസിഡൻറായാണ് അദ്ദേഹം വൈറ്റ് ഹൗസിലെത്തുന്നത്.
അടിത്തട്ടിൽ നിന്ന് വന്ന പ്രസിഡന്റ്
സമൂഹത്തിൻെറ അടിത്തട്ടിൽ നിന്ന് വളർന്നുവന്നത് കൊണ്ട് മനുഷ്യരുടെ അടിസ്ഥാനപരമായ പ്രശ്നങ്ങൾക്ക് ഊന്നൽ നൽകിയ പ്രസിഡൻറായിരുന്നു കാർട്ടർ. ജോർജിയയിൽ നിലക്കടലക്കച്ചവടക്കാരനായ പിതാവിൻെറയും നഴ്സായ മാതാവിൻെറയും മകനായാണ് കാർട്ടറുടെ ജനനം. ഹൈസ്കൂൾ കാലത്ത് ബാസ്കറ്റ് ബോളിൽ വലിയ താൽപര്യമുണ്ടായിരുന്ന അദ്ദേഹം, എട്ട് വർഷത്തോളം അമേരിക്കൻ നേവിയിൽ ജോലി ചെയ്തിട്ടുണ്ട്. ജോൺ എഫ് കെന്നഡി, ലിൻറൺ ബി ജോൺസൺ തുടങ്ങിയവരുടെ പിൻഗാമിയായാണ് കാർട്ടർ ഡെമോക്രാറ്റ് പാർട്ടി നേതൃത്വത്തിലെത്തുന്നത്.
മധ്യസ്ഥ ചർച്ചകളിലൂടെ സമാധാനം
അമേരിക്കയുടെ അഡ്മിനിസ്ട്രേഷൻ പദവികളിൽ കാർട്ടർ സ്ത്രീകൾക്ക് കൂടുതൽ പ്രാമുഖ്യം നൽകി. രാജ്യത്തിൻെറ പ്രഥമവനിതയെന്ന നിലയിൽ റോസലിൻ കാർട്ടറെ കൂടുതൽ സജീവയാക്കി നിലനിർത്തി. കാലാവസ്ഥാ വ്യതിയാനത്തെ ഗൗരവത്തിലെടുത്ത ആദ്യത്തെ ലോകനേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ഊർജ സംരക്ഷണം രാജ്യത്തിലെ മൊത്തം ജനതയുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പ്രഖ്യപിച്ചു. മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മധ്യസ്ഥ റോളെടുത്ത അദ്ദേഹം സമാധാന ചർച്ചകൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്നു. ഈജിപ്തും ഇസ്രായേലും തമ്മിൽ 1978-ൽ ഒപ്പുവെച്ച ക്യാമ്പ് ഡേവിഡ് സമാധാന ഉടമ്പടിയുടെ സൂത്രധാരനായിരുന്നു കാർട്ടർ. ഈജിപ്തിലെ സീനായ് മുനമ്പിൽ അധിനിവേശം നടത്തിയിരുന്ന ഇസ്രായേലിനെ അതിൽ നിന്ന് പിന്തിരിപ്പിച്ച് പശ്ചിമേഷ്യയിലെ വലിയൊരു പ്രതിസന്ധിക്ക് അദ്ദേഹം വിരാമമിട്ടു. ഈജിപ്ഷ്യൻ പ്രസിഡൻറ് അൻവർ സാദത്തിനെയും ഇസ്രായേൽ പ്രധാനമന്ത്രി മെനാക്കിം ബെഗിനെയും അമേരിക്കയിലെ മെരിലാൻഡിലെ ക്യാമ്പ് ഡേവിഡിലേക്ക് ചർച്ചയ്ക്കായി അദ്ദേഹം ക്ഷണിച്ചു. കാർട്ടർ നടത്തിയ മധ്യസ്ഥ ചർച്ച ഫലം കണ്ടതോടെയാണ് ഇരുനേതാക്കളും സമാധാന കരാറിൽ ഒപ്പിട്ടത്. സീനായ് മുനമ്പിൽ നിന്ന് ഇസ്രായേൽ പിൻമാറിയതോടെ പ്രതിസന്ധി അവസാനിക്കുകയും ചെയ്തു.
പ്രസിഡന്റായതിന് ശേഷവും…
അമേരിക്കൻ പ്രസിഡൻറ് സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷവും ലോക സമാധാനത്തിന് വേണ്ടി നിലകൊണ്ട നേതാവെന്ന നിലയിലാണ് കാർട്ടർ എക്കാലവും ഓർമ്മിക്കപ്പെടാൻ പോവുന്നത്. സാമൂഹ്യപ്രവർത്തനം തുടർന്ന അദ്ദേഹം മനുഷ്യാവകാശ പ്രശ്നങ്ങളിലും പരിസ്ഥിതി പ്രശ്നങ്ങളിലും ഇടപെടലുകൾ നടത്തിക്കൊണ്ടേയിരുന്നു. അതിന് വേണ്ടിയാണ് കാർട്ടർ സെൻറർ അദ്ദേഹം ആരംഭിക്കുന്നത്. ഈ പ്രവർത്തനങ്ങളിലൂടെ 2002-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം കാർട്ടറിന് ലഭിക്കുകയും ചെയ്തു.