‘കിരീടം’ എന്ന സിനിമയുടെ രണ്ടാം പകുതിയിൽ ചിത്രം നമ്മളെ ഇമോഷണലി ഹുക്ക് ചെയ്യാൻ തുടങ്ങുന്ന നിമിഷങ്ങളിലൊന്നിൽ, മോഹൻലാലിന്റെ സേതുമാധവൻ തന്റെ വരാനിരിക്കുന്ന ദുരന്തങ്ങളിലേക്ക് പൂർണമായും ട്രിഗേഡാകുന്ന ഒരു സീനുണ്ട്. ഏതോ കാവിലോ മറ്റോ ഒറ്റയ്ക്ക് കിടന്നുറങ്ങുന്ന സേതുവിനെ ആക്രമിക്കാൻ ജോസിന്റെ അനുചരനായ പരമേശ്വരൻ എത്തുന്നു. അപകടം തിരിച്ചറിഞ്ഞ സേതു അയാളെ കീഴ്പ്പെടുത്തി കൈകൾ രണ്ടും ബന്ധിച്ച് അവിടെത്തന്നെ ഉപേക്ഷിച്ചുപോകാൻ തുടങ്ങുകയാണ്. അപ്പോഴാണ് പരമേശ്വരൻ ഇങ്ങനെയലറുന്നത്, "ടാ, രക്ഷപ്പെട്ടു പൊക്കോ. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ നിന്റെ കൈയും കാലും വെട്ടിയരിഞ്ഞില്ലെങ്കിൽ പരമേശ്വരൻ സ്വയം കുത്തിമരിക്കുമെടാ…’’
തനിക്ക് ജീവിക്കണമെങ്കിൽ ജോസും, കൂട്ടരും പൂർണപ്രഭാവത്തിൽ ഉണ്ടാകരുതെന്ന് സേതു തിരിച്ചറിയുന്നത് അപ്പോഴാണ്; അനിവാര്യമായ തകർച്ചയിലേക്ക് അയാളെ വലിച്ചിടുന്നത് പരമേശ്വരന്റെ ആ ഔട്ട്ബേഴ്സ്റ്റുമാണ്.
കിരീടത്തിൽ നിന്ന് ചെങ്കോലിലേക്കെത്തുമ്പോൾ തിലകന്റേതുൾപ്പെടെ പല കഥാപാത്രങ്ങളുടെയും പാത്രവളർച്ചകളെപ്പറ്റി വിമർശനാത്മകമായി പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ പരമേശ്വരൻ അങ്ങേയറ്റം ഓർഗാനിക്കായും, വിമലീകരിക്കപ്പെട്ടും വളർന്ന കഥാപാത്രമായാണ് ചെങ്കോലിൽ അടയാളപ്പെടുന്നത്.
"എന്നോട് ദേഷ്യം തോന്നുന്നില്ലേ?" എന്ന സേതുവിന്റെ ചോദ്യത്തിനോട് അയാൾ ഒന്നു മന്ദഹസിക്കുന്നുണ്ട്; ജീവിതം തിരിച്ചറിഞ്ഞ ഒരുവന്റെ മന്ദഹാസമാണത്. കുണ്ടറ ജോണി എന്ന അഭിനേതാവ് അയാൾക്കു ചുറ്റും അന്നോളവും-അതിനു ശേഷവും - രൂപപ്പെട്ടിട്ടുള്ള ടെംപ്ലേറ്റുകളുടെ സകല ചെതുമ്പലുകളും പൊഴിച്ചിട്ട് അഭിനയജീവിതത്തിലെ ഏറ്റവും സ്റ്റെല്ലാർ മൊമന്റുകളിലൊന്നിനെ പുണരുകയാണവിടെ.
ജോണിയെ എപ്പോഴുമോർക്കുന്ന മറ്റൊരു ചിത്രം ഗോഡ്ഫാദറാണ്. അഞ്ഞൂറാന്റെ എതിരാളികളായ ആനപ്പാറക്കാരുടെ ലിസ്റ്റൊന്നു നോക്കൂ. പഴയ വില്ലനായ ജനാർദ്ദനൻ, പിന്നീട് വില്ലനാകാൻ പോകുന്ന സിദ്ദിഖ്, ഒരിക്കലും വില്ലനായി സങ്കല്പിക്കാൻ ബുദ്ധിമുട്ടുള്ള പറവൂർ ഭരതൻ. ഇവർക്കിടയിൽ ടെംപ്ലേറ്റഡ് വില്ലനായി ജോണിയും. പക്ഷേ സിനിമയുടെ മൊത്തം ടോണിനനുസൃതമായി ജോണി തന്റെ കഥാപാത്രത്തെയും മുന്നോട്ടുകൊണ്ടുപോകുന്നത് സുന്ദരമായ കാഴ്ച്ചയാണ്. വീട്ടിലൊരു പ്രശ്നം നടക്കുമ്പോഴും എക്സർസൈസ് തുടരുന്ന സീനിലും, ഭാര്യ അകത്തേക്ക് കയറിപ്പോകുമ്പോൾ പുറകെ കയറിപ്പോകുന്ന സീനിലുമൊക്കെ ജോണി ഫ്ലെക്സിബിളായ ചലനങ്ങളിലൂടെ ഹ്യൂമർ സൃഷ്ടിക്കുന്നുണ്ട്.
വിക്രമന്റെയും, മുത്തുവിന്റെയും അബോധചോദനകൾ പേറുന്ന ജോണിയുടെയും, അജിത്തിന്റെയും നാടോടിക്കാറ്റിലെ കഥാപാത്രങ്ങളും ഈ നടന്റെ അധികം ടാപ്ഡായിട്ടില്ലാത്ത അഭിനയപ്രതിഭയെ കാണിക്കുന്നു. ബീച്ച് സീനിൽ ആദ്യമായി ദാസനേയും, വിജയനേയും കാണുമ്പോഴുള്ള റിയാക്ഷനും പിന്നീട് പെട്ടിക്കുള്ളിൽ മയക്കുമരുന്നിനു പകരം വസ്ത്രങ്ങളാണെന്ന് തിരിച്ചറിയുമ്പോഴുള്ള റിയാക്ഷനും ജോണിയുടെ കാര്യത്തിൽ പെർഫക്ടായിരുന്നു.
പരശതം പ്രതിനായകകഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും ഒരൊറ്റ തഗ് ഡയലോഗ് കൊണ്ട് ജോണി അടയാളപ്പെടുന്നുണ്ട് എന്നത് വിചിത്രമായി തോന്നാറുണ്ട്. ഒരു സി.ബി.ഐ ഡയറിക്കുറിപ്പിൽ സേതുരാമയ്യരുടെ "എത്ര മണിക്കാണ് ഔസേപ്പച്ചനുമായി വീട്ടിലെത്തിയത്?"എന്ന ചോദ്യത്തിനയാൾ പത്തുമണിയെന്ന് പറയുമ്പോൾ അതെങ്ങനെ മനസ്സിലായെന്ന് അയ്യർ മറുചോദ്യമെയ്യുന്നു.
"എന്റെ കയ്യിൽ വാച്ചുണ്ടായിരുന്നതുകൊണ്ട് "എന്ന ഒരൊറ്റ മറുപടി കൊണ്ട് വരും തലമുറകളുടെ തഗ് ലൈഫ് ലിസ്റ്റിലേക്ക് ജോണി ഒരു ഓട്ടോമാറ്റിക് എൻട്രി വാങ്ങുന്നു.
അങ്ങനെ കണ്ടു ശീലിച്ച അഭിനേതാക്കളിലെ ഒരു മുഖം കൂടി വിടവാങ്ങുകയാണ്. ആദരാഞ്ജലികൾ.