നമുക്ക് എഴുത്തുകാർ ഏറെയുണ്ടെങ്കിലും മലയാളിയുടെ സംസ്കാരത്തിന്റെ ഭാഗമായി തീർന്ന എഴുത്തുകാർ വളരെ കുറച്ചു മാത്രമേയുള്ളു. എം.ടി. വാസുദേവൻ നായർ ആ ഗോത്രത്തിലായിരുന്നു. എം.ടി. എന്ന രണ്ടക്ഷരം മലയാളിയുടെ സാംസ്ക്കാരിക ചിഹ്നമായി മാറിയിട്ട് ദശകങ്ങൾ കഴിഞ്ഞു. എല്ലാ തരം വായനക്കാരും ഇത്രമാത്രം ഹൃദയത്തോടു ചേർത്തുവച്ച മറ്റൊരു എഴുത്തുകാരൻ വേറെയില്ല. എഴുതിയതിലെല്ലാം തന്നെയും കാലത്തെയും മനുഷ്യാവസ്ഥയുടെ ഇരുൾ- വെളിച്ചങ്ങളെയും അൽഭുതദീപ്തിയോടെ കൊത്തിവച്ച ശില്പിയായിരുന്നു എം.ടി. വാസുദേവൻ നായർ എന്ന എഴുത്തുകാരൻ.
എം.ടിയുടെ ലോകം എഴുത്തിൽ മാത്രം പരിമിതമല്ല. പത്രാധിപരായിരിക്കേ അദ്ദേഹം ചെയ്ത സേവനങ്ങൾ അൽഭുതപ്പെടുത്തുന്നതാണ്. യാഥാർത്ഥ എഴുത്തുകാരെ കണ്ടെത്താൻ എം.ടിയെപ്പോലെ ഒരു പത്രാധിപർ മുമ്പുണ്ടായിട്ടില്ല. എഴുത്തുകാരെ അന്തസ്സുള്ള ജോലി ചെയ്യുന്ന ഒരു വ്യകതിയായി മാറ്റാൻ എം.ടി. പരിശ്രമിച്ചു എന്നതാണ് ശരി. എം.ടി കൊണ്ടുവന്ന എഴുത്തുകാരുടെ തലമുറയാണ് പിന്നീട് മലയാള സാഹിത്യത്തിന്റെ ഗതി നിയന്ത്രിച്ചത് എന്ന വിഷയം തന്നെ ഒരു ഗവേഷണത്തിനു പറ്റിയതാണ്.

ഈ എഴുത്തുകാരന്റെ കഥാപാത്രങ്ങളോടൊപ്പം ഉണ്ടും ഉറങ്ങിയും കിനാവുകണ്ടും നടന്നവരുടെ ഒരു തലമുറ തന്നെയാണ് ഇന്നും കേരളത്തിലുള്ളത്. അവർക്ക് എം.ടി. സാഹിത്യകാരൻ മാത്രമല്ല അവരുടെയൊക്കെ ഒരിക്കൽപ്പോലും എഴുതപ്പെടാൻ ഇടയില്ലാത്ത ചരിത്രമെഴുതിയ, അവരുടെയൊക്കെ അസ്തിത്വത്തിന് അർത്ഥമുണ്ടാക്കിയ മഹത് സാന്നിദ്ധ്യമായിരുന്നു.
മലയാള സിനിമയെ ആത്മനൊമ്പരത്തിന്റെ ഭാഷ പഠിപ്പിച്ചത് എം.ടിയാണ്. എം.ടി ആദ്യമായി തിരക്കഥയെഴുതുന്നത് ശോഭന പരമേശ്വരൻ നായർ നിർമ്മിച്ച മുറപ്പെണ്ണ് എന്ന സിനിമയ്ക്കാണ്. മുറപ്പെണ്ണ് ‘സ്നേഹത്തിന്റെ മുഖങ്ങൾ’ എന്ന എം.ടിയുടെ തന്നെ കഥയാണ്. ശോഭന പരമേശ്വരൻ നായർ ഈ കഥ വായിച്ച് എം.ടിയെക്കൊണ്ട് തിരക്കഥ എഴുതിപ്പിച്ച കഥ തന്നെ ചരിത്രമാണ്. അന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പത്രാധിപരായിരുന്ന എം.ടിയെക്കാണാൻ പരമുവണ്ണൻ കോഴിക്കോട് എത്തി. ഓഫീസിൽ ചെന്ന് കണ്ട് കാര്യം പറഞ്ഞു. എം.ടി വൈകീട്ട് കാണാമെന്ന് പറഞ്ഞു.
വൈകീട്ട് കോഴിക്കോട് ബീച്ചിൽ കണ്ടുമുട്ടുന്നു. അവിടെയിരുന്ന് പരമുവണ്ണൻ തന്റെ ഉദ്യമം എം.ടിയെ അറിയിക്കുന്നു.
എം.ടി പറഞ്ഞ; ‘പരമു എടുത്തോളൂ. എനിക്ക് തടസ്സമില്ല’.
‘അതിന് വാസു തന്നെ തിരക്കഥയെഴുതണം’.
എം.ടി. പറഞ്ഞു: ‘ഞാൻ സിനിമകൾ കാണാറുണ്ട്, അത് എഴുതുകയോ? ശ്രമിച്ചു നോക്കാം.’

ശ്രമിക്കണമെന്ന നിർബന്ധത്തിനു വഴങ്ങി കോഴിക്കോട് ഒരു ലോഡ്ജിലിരുന്ന് തിരക്കഥ പൂർത്തിയാക്കി. അതുംകൊണ്ടാണ് പരമു മദ്രാസിലേക്ക് വണ്ടികയറുന്നത്. ആ തിരക്കഥ വായിച്ചുകേട്ട സുഹൃത്തുക്കൾ പറഞ്ഞുവേത്ര, ഇത് സിനിമയ്ക്ക് പറ്റിയ സംഭാഷണങ്ങളല്ല. ആ നാഗവള്ളിയെക്കൊണ്ട് സംഭാഷണം എഴുതിയ്ക്കൂ. പരമുവണ്ണൻ ചിരിച്ചുകൊണ്ട് പറഞ്ഞു, ഈ സംഭാഷണം മതി.

പിന്നീട് സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി എം.ടിയും വള്ളുവനാടൻ ഭാഷയും. മലയാള സിനിമയുടെ ഭാഷ വള്ളുവനാടൻ ഭാഷ തന്നെയായി മാറി. ഷാജി എൻ. കരുൺ എം.ടിയെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: ‘‘സാഹിത്യകാരനായ എം.ടിയുടെ അതേ രൂപത്തിലും ഭാവത്തിലും തന്നെയാണ് മലയാള സിനിമാരംഗത്തും നിറഞ്ഞു നില്ക്കുന്നത്. മലയാള സിനിമാചരിത്രം ഒരു ചലച്ചിത്രമായി സങ്കല്പിക്കുമ്പോൾ എന്റെ മനസ്സിൽ കടന്നുവരുന്ന ശക്തമായ ഒരു ഇമേജാണ് എം.ടിയുടേത്. ഇതിവൃത്തത്തെ നേരിട്ടു സ്പർശിക്കുന്ന പൊതുവായ ഘടനയ്ക്ക് ഉൾപ്രേരകമാകുന്ന അതിശക്തമായ ഇമേജ്. അറുപതുകളിൽ ലോക സിനിമ മാറ്റത്തിനുവേണ്ടി വിതുമ്പി നില്ക്കുമ്പോഴാണ് ചലച്ചിത്ര ലോകത്തിലേയ്ക്ക് എന്റെ സ്വപ്നവും പടർന്നു കയറിയത്. സിനിമ എന്ന മാധ്യമത്തിന്റെ ശക്തിയും സൗന്ദര്യവും മനസ്സിലാക്കി മുന്നോട്ടു വന്നവരാകട്ടെ നാടിനിണങ്ങിയ പ്രമേയത്തിലും ജനങ്ങളുടെ ഉള്ളിൽ തട്ടുന്ന സംഭാഷണങ്ങൾക്കുമുള്ള പ്രയാണത്തിലായിരുന്നു. അന്ന് ഈ ദൗത്യം ഒറ്റയ്ക്ക് ജീവിതത്തിന്റെ അർത്ഥത്തിലും സിനിമയുടെ വ്യാകരണത്തിലും ഉൾക്കൊണ്ട ചലച്ചിത്രകാരനായിരുന്നു എം.ടി എന്ന കഥാകാരൻ. സാഹിത്യവും സിനിമയും ഒത്തു ചേർന്നു പോകുന്ന ഒരു വിഷ്വൽ സെൻസിബിലിറ്റി ഇവിടെ എം.ടിക്കു മാത്രം അവകാശപ്പെട്ടതാണ്’’.
കഥയും കാഴ്ചയും കൊണ്ട് നിറഞ്ഞ മനസ്സുമായി എം.ടി ഈ കാലത്തും കൗമാര മനസ്സിനെ പിടിച്ചെടുക്കുന്നു.

എം.ടിയുമായി വളരെ വ്യകതിപരമായ ഒട്ടനവധി അനുഭവങ്ങൾ എനിക്കുണ്ട്. അവയൊന്നും പകർത്താൻ പറ്റാത്തത്രയും ആഴവും പരപ്പും അതിനുണ്ട്. പലപ്പോഴും എം.ടിയെ കാണുമ്പോൾ വളരെക്കുറച്ചു മാത്രം സംസാരിക്കുന്ന രീതിയാണ് എനിക്കുള്ളത്. എം.ടിയും വളരെ കുറച്ചുമാത്രം. പക്ഷേ പൊട്ടിച്ചിരിച്ച് കളിതമാശകൾ പറഞ്ഞ ഒട്ടനവധി നിമിഷങ്ങൾ ഇപ്പോൾ കടന്നുവരികയാണ്. എം.ടിയുടെ ഒരു ആൽബം തയ്യാറാക്കാൻ ഞാൻ കുറ്റിപ്പുറത്തുള്ള റിസോർട്ടിൽ എത്തുന്നു. എം.ടിയും ഞാനും എത്തി. ഫോട്ടോ എടുക്കേണ്ട റസാഖ് കോട്ടക്കൽ എത്തിയിട്ടില്ല. രാവിലെ തുടങ്ങാം എന്ന് എം.ടി പറഞ്ഞു.
നേരത്തെ കിടന്നോളൂ, ഞാൻ വേറൊരു മുറിയിൽ റസാഖിനെ കാത്തിരിക്കുകയാണ്, റസാഖ് അങ്ങോട്ട് എത്താമെന്നാണ് പറഞ്ഞത്- ഞാൻ പറഞ്ഞു.
രാത്രി വളരെ വൈകി. റസാഖ് എത്തുന്നില്ല. ആകെ പരിഭ്രമമായി. രാവിലെ എം.ടിയുടെ അടുത്ത് എന്തു പറയും എന്നറിയാതെ അന്നു രാത്രി മുഴുവൻ ഞാൻ റസാഖിനെ കാത്ത് ഉറക്കമിളച്ചിരുന്നു. നേരം പുലർന്നു. 6 മണിയോടെ ഒരു ഓട്ടോറിക്ഷയിൽ റസാഖ് എത്തിയപ്പോഴാണ് ശ്വാസം നേരെയായത്. പിന്നെ വേഗം കുളിച്ചു റെഡിയായി ഞാൻ എം.ടിയെ വിളിച്ചു. ഒന്നിച്ച് ഭക്ഷണം കഴിക്കാം എന്ന് എം.ടി. ഭക്ഷണം കഴിക്കാൻ ഞാനും റസാഖും എം.ടിയുടെ അടുക്കലെത്തി. ക്യാമറയും കരുതി. ഭക്ഷണം കഴിക്കുന്നതിനിടയിൽ എം.ടിയുടെ ഭൂതകാലം മുഴുവൻ റസാഖ് സംഭാഷണങ്ങളിലൂടെ ചോർത്തി. രസകരമായി ചിരിച്ച് ആ കാലം മുഴുവൻ എം.ടി. പറയുന്നു. ഇടയ്ക്കിടയ്ക്ക് തമാശകളും. അതിനിടയിൽ പല ഭാവങ്ങളിൽ എം.ടിയുടെ ഫോട്ടോകൾ എടുക്കുന്നു. പത്തുമണിവരെ സംഭാഷണങ്ങളും ഫോട്ടോയുമായി അത് വരാന്തയിലേക്ക് നീണ്ടു. റസാഖ് ഏതോ ഒരു ലോകത്തായിരുന്നു. അപ്പോഴാണ് എം.ടിയെ കാണാൻ കുറച്ച് ഗസ്റ്റുകൾ എത്തുന്നത്. റസാഖ് ഇതൊന്നും അറിയുന്നില്ല. സംഭാഷണങ്ങളും ചോദ്യങ്ങളും തുടർന്നു. ഗസ്റ്റുകളെത്തിയപ്പോൾ ഞാൻ നിറുത്താൻ പറഞ്ഞെങ്കിലും റസാഖ് അത് കേൾക്കാതെ ജോലി തുടർന്നു.

അപ്പോഴാണ് എം.ടി ചൂടായത്; ‘‘എന്റെ ജീവിതം ചന്തയിൽ വില്ക്കാനുള്ളതല്ല’’
ആകെ നിശ്ശബ്ദം.
എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ. ഇതിനു കുറച്ചു മുമ്പ് കണ്ട എം.ടിയല്ല ഇപ്പോൾ. കളിചിരി തമാശകൾ മാറി ഗൗരവക്കാരനായി മാറി. നിർഭാഗ്യമെന്നുപറയട്ടെ ആ ആൽബം പിന്നീട് ഞാൻ തന്നെ ഉപേക്ഷിച്ചു. ഇത്തരം അനുഭവ പരമ്പരകൾ എത്ര വേണമെങ്കിലും ഉണ്ട്.
തുഞ്ചൻ സ്മാരകനിധി അദ്ധ്യക്ഷൻ, കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വെറും അലങ്കാരങ്ങളായിരുന്നില്ല എം.ടിക്ക്.
ഇന്ത്യയിലെ വിവിധ ഭാഷകളിലെ എഴുത്തുകാരെയും സംസ്കാരത്തെയും മലയാളത്തിനു പരിചയപ്പെടുത്തി പുത്തനുണർവ്വുകൾ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല. പല പുതിയ പുസ്തകങ്ങളും വരുമ്പോൾ എഴുത്തുകാർ എം.ടിയുടെ അവതാരിക കിട്ടുമോയെന്ന് ചോദിക്കും. അങ്ങനെ നാലഞ്ച് അവതാരികകൾ എം.ടിയെക്കൊണ്ട് ഞാൻ എഴുതിപ്പിച്ചു. പിന്നെ എം.ടി തന്നെ പെപ്പിൻ തോമസ്സിനോട് പറഞ്ഞു, നിന്റെ പബ്ലിക്കേഷൻ മാനേജരോട് ഇനി അവതാരികകൾ എഴുതാൻ പുസ്തകങ്ങൾ ഇങ്ങോട്ടയക്കരുതെന്ന് പറയണം. എനിക്ക് ഇതുമാത്രമല്ല ജോലി.
അതിനുശേഷം എം.ടിയെ വിളിച്ച് അവതാരിക ആവശ്യപ്പെട്ടിട്ടില്ല. ഹൃദയപൂർവ്വം തോളത്തു തട്ടി കൈ മുറുക്കിപ്പിടിച്ച്, സ്നേഹം തന്ന് ആശ്വസിപ്പിച്ച മഹാ എഴുത്തുകാരെൻ്റ കൃതികളിലൂടെ, അതിന്റെ പ്രസാധനത്തിലൂടെ, പ്രകാശനങ്ങളിലൂടെ കടന്നുപോകാൻ കഴിഞ്ഞതാണ് എന്റെ സുകൃതം. ആരോ എനിക്കായി ചെയ്തുതന്ന പുണ്യം. ഇപ്പോൾ ഞാനറിയുന്നു, എന്റെ മുന്നിലെ ശൂന്യത. എന്റെ ശക്തി ചോർന്നുപോയതുപോലെ...