കെ.എം. സലിംകുമാർ : അധഃസ്ഥിത മുന്നേറ്റത്തിന്റെ ചിന്താ നേതൃത്വം

സലീം കുമാർ സ്വതന്ത്രമായ രീതിയിൽ തന്നെ അധഃസ്ഥിത നവോത്ഥാന മുന്നണിയെ മുന്നോട്ടുകൊണ്ടുപോയിരുന്നു. സവർണാധിപത്യം നിലനിൽക്കുന്നിടത്ത് അധസ്ഥിത മുന്നേറ്റത്തിന് വിപ്ലവകരമായ ഉള്ളടക്കമാണുള്ളത്.- കെ.വേണു എഴുതുന്നു…

ആദിവാസി പശ്ചാത്തലത്തിൽ നിന്ന് വന്ന സലിം കുമാർ അടിയന്തരാവസ്ഥക്കു മുമ്പുതന്നെ നക്സലൈറ്റ് രാഷ്ട്രീയത്തിൽ എത്തിയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് തിരുവനന്തപുരം ജയിലിൽ മിസ തടവുകാരനായിരുന്നു അദ്ദേഹം. പുറത്തുവന്നതിനു ശേഷം ഒരു പ്രസിദ്ധീകരണം തുടങ്ങാൻ ശ്രമിച്ചെങ്കിലും പാർട്ടി നിർദ്ദേശപ്രകാരം അതിൽ നിന്ന് പിൻമാറി. ഡോ.അംബേദ്ക്കറെക്കുറിച്ചും ദലിത് സമൂഹം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും തനതായ രീതിയിൽ പഠിക്കാൻ ശ്രമിച്ചിട്ടുള്ള സലിം കുമാർ തന്റെ കണ്ടെത്തലുകൾക്ക് സൈദ്ധാന്തിക രൂപം നൽകുന്നതിൽ വിജയിച്ചിരുന്നു.

1980-കളുടെ രണ്ടാം പകുതിയിൽ പാർട്ടി ജാതി രാഷ്ട്രീയത്തെക്കുറിച്ചും ഡോ. അംബേദ്ക്കറെക്കുറിച്ചും പഠിച്ച് പുതിയ നിലപാടുകളിലെത്തിയതിന്റെ ഫലമായി ആദിവാസി- ദലിത് വിഭാഗങ്ങളെ പങ്കെടുപ്പിച്ച് ഒരു ബഹുജന സംഘടന രൂപീകരിക്കാൻ തീരുമാനിച്ചു. 'അധഃസ്ഥിത നവോത്ഥാന മുന്നണി' എന്ന പേരിൽ ഒരു സംഘടന ഉണ്ടാക്കുകയും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സലിം കുമാറിന് അതിന്റെ ഉത്തരവാദിത്വം നൽകുകയും ചെയ്തു. ദലിത്- ആദിവാസി മേഖലയിലെ പ്രവർത്തനങ്ങൾക്ക് പാർട്ടി സംസ്ഥാന കമ്മറ്റി അംഗമായിരുന്ന, ആദിവാസി പശ്ചാത്തലത്തിൽ നിന്നു വരുന്ന സഖാവ് സലിംകുമാറിനെ ചുമതലപ്പെടുത്തുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് നേരത്തേ പരാമർശിച്ച അധഃസ്ഥിത നവോത്ഥാന മുന്നണി രൂപീകൃതമായത്.

കെ.എം. സലീം കുമാർ
കെ.എം. സലീം കുമാർ

പിന്നീട് മാനുഷിയിൽ ഉണ്ടായിരുന്ന പോലെ പാർട്ടി നിർദ്ദേശപ്രകാരമല്ല, ആ മേഖലയിൽ മുൻകയ്യെടുത്തവർ സ്വതന്ത്രമായി സംഘടിപ്പിച്ചതാണ് അധഃസ്ഥിത നവോത്ഥാന മുന്നണി എന്ന വിയോജിപ്പ് ഉയർന്നിരുന്നു. അധ'സ്ഥിത നവോത്ഥാന മുന്നണി'യെ പാർട്ടി ബന്ധമില്ലാത്ത ഒരു സ്വതന്ത്ര സംഘടനയാക്കി മാറ്റാൻ സലിം കുമാർ ശ്രമികയുണ്ടായി. വലിയൊരു പരിധിവരെ സലിം കുമാർ അതിൽ വിജയിക്കുകയും ചെയ്തു. ചിതറിക്കിടക്കുന്ന ദലിത് സംഘടനകളെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്ന ഒരു 'ദലിത് ഐക്യവേദി' രൂപീകരിക്കാനും സലിം കുമാർ മുൻകയ്യെടുക്കുകയുണ്ടായി. ദലിത് പഠനങ്ങളുടെ തലത്തിൽ സലിം കുമാർ തനതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. സലിം കുമാറിന്റെ സൈദ്ധാന്തിക അന്വേഷണങ്ങളുടെയെല്ലാം അന്തർധാരയായി കാണാവുന്നത് ഒരു യഥാർത്ഥ ജാതിരഹിതസമൂഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങളാണ്. പ്രസ്തുത മുന്നണിയുടെ നേതൃത്വത്തിലാണ് 1989-ൽ തിരുവനന്തപുരത്തു നിന്നും കാസർകോടു നിന്നും പുറപ്പെട്ട കാൽനട ജാഥകൾ വൈക്കത്ത് എത്തിച്ചേരുകയും സ്ത്രീപ്രവർത്തകരുടെ മുൻകയ്യിൽ മനുസ്മൃതി കത്തിക്കുകയും ചെയ്തത്.

മണിയുടെ നേതൃത്വത്തിലുള്ള സ്ത്രീസംഘത്തെ ഏകോപിപ്പിച്ചത് സലിം കുമാറായിരുന്നു. അതൊരു ലാത്തിച്ചാർജ്ജിലേക്കും വലിയൊരു പോലീസ് കേസിലേക്കും എത്തി. 'ആദിവാസി മേഖലയിലെ പ്രായോഗീക-സൈദ്ധാന്തിക അന്വേഷണങ്ങൾ ഏറെ മുന്നോട്ടുപോവുകയും ചെയ്തു. അധ:സ്ഥിത നവോത്ഥാന മുന്നണി രൂപീകരണത്തിന് നേതൃത്വം നൽകാൻ ആദിവാസി പശ്ചാത്തലത്തിൽ നിന്നും രണ്ടു ജാഥകൾ വൈക്കത്ത് സമാപിച്ചു. നേരത്തെ പറഞ്ഞപോലെ മണിയുടെ നേതൃത്വത്തിലുള്ള സ്ത്രീകളാണ് അന്ന് മനുസ്മൃതി കത്തിച്ചത്. സലീം കുമാർ സ്വതന്ത്രമായ രീതിയിൽ തന്നെ അധ:സ്ഥിത നവോത്ഥാന മുന്നണിയെ മുന്നോട്ടുകൊണ്ടുപോയിരുന്നു. സവർണാധിപത്യം നിലനിൽക്കുന്നിടത്ത് അധസ്ഥിത മുന്നേറ്റത്തിന് വിപ്ലവകരമായ ഉള്ളടക്കമാണുള്ളത്.

കെ.എം. സലീം കുമാർ
കെ.എം. സലീം കുമാർ

ഗീതാനന്ദനും സലീം കുമാറുമൊക്കെ വലിയ ഉത്തരവാദിത്തങ്ങളാണ് നിർവഹിച്ചിട്ടുള്ളത്. പിന്നീട് സണ്ണി കപിക്കാടിന്റെ നേതൃത്വത്തിൽ ഇത്തരത്തിലൊരു രാഷ്ട്രീയ പ്രസ്ഥാനം ഉയർന്നുവരികയുണ്ടായി. വർഗേതര പ്രശ്നമെന്ന് നിലയിൽ ഈ മേഖലയിലെ അന്വേഷണം അംബേദ്കറെ ഗൗരവമായി പഠിക്കുന്നതിലൂടെയാണ് ആരംഭിച്ചത്. ചൈനയിലെ ജനാധിപത്യത്തിന്റെ പിതാവ് എന്ന് സൺ യാത് സെന്നെക്കുറിച്ച് പറയുന്നതുപോലെ ഇന്ത്യൻ ജനാധിപത്യത്തിന്റെ പിതാവ് യഥാർഥത്തിൽ ഭരണഘടനാ ശിൽപിയായ അംബേദ്കറാണ്.


Summary: Sharing memories of the late K.M. Salimkumar


കെ.വേണു

കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ ഒരാൾ​, കമ്യൂണിസ്​റ്റ്​ സൈദ്ധാന്തികൻ, എഴുത്തുകാരൻ. രാഷ്​ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി തടവുശിക്ഷ അനുഭവിച്ചു. പ്രപഞ്ചവും മനുഷ്യനും, വിപ്ലവത്തിന്റെ ദാർശനിക പ്രശ്നങ്ങൾ, ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ജനാധിപത്യ സങ്കൽപം, ഒരു ജനാധിപത്യവാദിയുടെ വീണ്ടുവിചാരങ്ങൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments