കെ. വേണു, മണി / Photos: Manila C. Mohan

‘മണിച്ചേച്ചി’

ന്നലെ മണിച്ചേച്ചിയെ അവസാനമായി കാണാൻ ഞങ്ങൾ, ബിന്ദുവും ഞാനും, അവിടെ വീട്ടിലെത്തി. അല്ലെങ്കിൽ, കുറച്ചുനാളുകളായി ജീവിതവുമായോ മരണവുമായോ നിരന്തര സമരത്തിലായിരുന്ന മണിച്ചേച്ചിക്ക് അന്ത്യാഭിവാദ്യമർപ്പിക്കാൻ ഞങ്ങൾ എത്തിയതായിരുന്നു, ഒരു നിമിഷം മനസ്സ് ഉലഞ്ഞു.  അവരുടെ രണ്ടാമത്തെ മകൻ, അരുണിന്റെ സങ്കടമായിരുന്നു കണ്ടത്.  അവൻ എന്നെ നോക്കി, ‘കരുണേട്ടാ എന്റെ അമ്മ പോയി’ എന്നു പറഞ്ഞു. ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു.  

അവന്റെ പിറകിൽ അവനെ പിടിച്ചുനിൽക്കുമ്പോൾ ഓർത്തതും ആ വീട്ടിലെ ഇനിയുള്ള  ശൂന്യത തന്നെയാണ്. മണിച്ചേച്ചിയുടെ വലിയ ആധിയും അവനായിരുന്നു എന്ന് പിന്നെ ഞങ്ങളോട് കെ. വി. പറഞ്ഞു.

Photo: Manila C. Mohan

കെ. വി, തന്റെ പങ്കാളിയുടെ വിടപറച്ചിലിന് മുമ്പേ തയ്യാറായിരുന്നു: വായിലെ അർബുദം മണിച്ചേച്ചിയെ ഗുരുതരമായി ബാധിച്ച ആ നാളുകളിൽ മരണമാണ് ഭേദം എന്നുപോലും പറയുമായിരുന്നു. തലേന്ന് കെ. വി. യെ വിളിച്ചപ്പോഴും  അതേ സങ്കടം പറഞ്ഞു. ‘ഓരോ ദിവസവും ഇത് കണ്ടുനിൽക്കുക എന്നത് എന്നെ തളർത്തുകയാണ്’.
… എങ്കിൽ, മണിച്ചേച്ചിയുടെ ഈ വിട പറച്ചിൽ വേദനയിൽ നിന്നുള്ള വിമുക്തിയാണ്.

പക്ഷേ, അവർ ജീവിതത്തെ കൈവിട്ടതേ ഇല്ല.

അവസാനം വരെയും കലാപകാരിയായ ഒരാൾ.  അവരുടെ സമരം എന്നും, ഏതു കൂട്ടത്തിൽ നിൽക്കുമ്പോഴും, ഏത് ആശയശാസ്ത്രത്തിനൊപ്പം നിൽക്കുമ്പോഴും, ‘അനീതിക്കെതിരെ’ എന്നു മാത്രമായിരുന്നു. അതായിരുന്നു  ആ കലാപത്തിന്റെ കാതൽ. തന്റെ ആ നിശ്ചയത്തിന് ഏതെങ്കിലും സിദ്ധാന്തത്തിന്റെ ആവശ്യമുണ്ട് എന്നുതന്നെ കരുതിയില്ല. ആരുടേയും തുണ വേണമെന്നു തോന്നിയില്ല. അല്ലെങ്കിൽ, അത് അവരുടെ ജന്മാവകാശം പോലെയാണ്.  അതുകൊണ്ടാകും, തന്റെ രോഗത്തെയും അനീതി പോലെ കണ്ട് അവർ അവസാനംവരെയും സമരം ചെയ്തിരുന്നത് എന്നു തോന്നും. അങ്ങനെയാണ് അവർ ജീവിതത്തെ നീട്ടി നീട്ടി കൊണ്ടുപോയത്.

എൺപതുകളിലെപ്പോഴോ ആവണം  ഞാനാ വീട്ടിൽ ആദ്യമായി എത്തുന്നത്.  അന്നാണ് മണിച്ചേച്ചിയെ കാണുന്നത്. പിന്നെ ആ സന്ദർശനം മുടങ്ങിയതേ ഇല്ല.  ചില രാത്രികളിൽ ആ ചെറിയ വീട്ടിൽ  തങ്ങും.  പുലരും വരെയുള്ള സംഭാഷണങ്ങളും മറ്റുമായി കെ. വിയ്ക്കൊപ്പം ഇരിക്കുമ്പോൾ നാട്ടുവർത്തമാനവും നാട്ടുരാഷ്ട്രീയവുമായും മണിച്ചേച്ചിയും കൂടും. രാവിലെ തിരിച്ചുപോകുമ്പോൾ അവരെ കണ്ടിട്ടേ പോകാവൂ എന്നുപറയും. അത് തെറ്റിക്കാൻ പറ്റില്ല. അടുത്ത തവണ ചെല്ലുമ്പോൾ ആദ്യം പറയുക അല്ലെങ്കിൽ ആ ‘നീതികേടാവും’.

ഒരിക്കൽ, ഞാൻ ചെന്നപ്പോൾ മണിച്ചേച്ചി  പറഞ്ഞു, ഞാൻ കരുണന്  ഇവിടെ അടുത്ത് ഒരു പെൺകുട്ടിയെ കണ്ടുപിടിച്ചിട്ടുണ്ട്... ഞാൻ കെ. വിയെ നോക്കി. കെ. വി പുഞ്ചിരിച്ചുകൊണ്ട് തലതാഴ്ത്തി പിടിച്ചിരിക്കുന്നു. ഞാനാകട്ടെ, ഒരു പെൺകുട്ടിയെയും കാണാൻ വയ്യാത്ത വിധം ഒരൊറ്റ പെൺകുട്ടിയുടെ നഷ്ടത്തിലുമായിരുന്നു.
“നമ്മുക്ക് രണ്ടാൾക്കും അവിടെവരെ പോകാം’’,  മണിച്ചേച്ചിയുടെ ആവശ്യത്തിൽനിന്ന് എങ്ങനെയോ ഞാൻ എന്നെ മാറ്റിനിർത്തി.  ഒരു പക്ഷേ, ആകാശം കറുത്തതുകൊണ്ടോ സന്ധ്യയാവുന്നതുകൊണ്ടോ ഒരു പെൺകുട്ടിയ്ക്കും അങ്ങനെയൊരു സമയം ഇഷ്ടമാവില്ല എന്നുറപ്പുള്ളതുകൊണ്ടോ  ആ ‘പെണ്ണുകാണൽ ‘ നടന്നില്ല. പിന്നീട് , ഞങ്ങളുടെ, എന്റെയും ബിന്ദുവിന്റെയും വിവാഹശേഷം, ആദ്യത്തെ വിരുന്നുപോക്ക് കെ.വിയെയും മണിച്ചേച്ചിയുടെയും  കാണാനായിരുന്നു. അവിടെ, വീട്ടിലെത്തിയപ്പോൾ  മണിച്ചേച്ചി എന്നെ നോക്കുന്നതിനുംമുമ്പേ ബിന്ദുവിനെ നോക്കി. ഞങ്ങളെ നോക്കി ചിരിച്ചു, സ്നേഹത്തോടെ വീട്ടിലേക്കു കൂട്ടി...

കെ. വേണുവിന്റെ മണിയുടെയും വിവാഹചിത്രം

‘കെ. വേണു’, നമ്മുടെ കാലത്തെ വലിയ രാഷ്ട്രീയ ചിന്തകനാണ്,  എല്ലാ ദിവസവും എന്നപോലെ തന്നെ എതിരേൽക്കുന്ന ആശയങ്ങൾക്കൊപ്പം സ്വയം നവീകരിച്ചും തന്റെ തന്നെ ആശയങ്ങൾ അവതരിപ്പിച്ചുമാണ്  വേണു  തന്റെ ചിന്താലോകത്ത് തുടരുന്നത്.
അണികളായിരുന്നില്ല പ്രശ്നം, എത്ര പേർ താനുമായി യോജിക്കുന്നു എന്നതും വേണുവിനെ  അലട്ടിയില്ല. അതുകൊണ്ടുതന്നെ, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം മനുഷ്യചരിത്രത്തിലെ ഏറ്റവും ഹിംസാത്മകമായ  സമഗ്രാധിപത്യത്തെയാണ് അതിന്റെ ഭരണകൂട സങ്കൽപ്പമായി കൊണ്ടുവന്നത് എന്നുപറഞ്ഞ് രണ്ടു ദശകങ്ങൾ നീണ്ട തന്റെ തന്നെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ജീവിതത്തിൽനിന്ന് വിട പറഞ്ഞ നാളുകളിലൊന്നിൽ ഇതേപോലെ ഞാനാ വീട്ടിലെത്തി.

കെ. വി. യുമായുള്ള  ചർച്ചകളിലൂടെയും കത്തുകളിലൂടെയും ഈ മാറ്റത്തിനൊപ്പം എനിക്ക് സഞ്ചരിക്കാൻ പറ്റിയതിനാൽ ‘പുതിയ ആശയലോക’ത്തിലേക്കുള്ള ഒരുക്കങ്ങളായിരുന്നു ഞങ്ങളുടെ രണ്ടുപേരുടെയും മനസ്സിൽ.

 ‘ഇയാൾക്ക് എന്റെ  ഈ മാറ്റം പിടിച്ച മട്ടില്ല’, മണിച്ചേച്ചിയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കെ. വി. എന്നോട് പറഞ്ഞു.  
ഞാൻ മണിച്ചേച്ചിയെ നോക്കി.
മണിച്ചേച്ചിയ്ക്ക് തീർച്ചയായും പിടിച്ചിരുന്നില്ല. അല്ലെങ്കിൽ, അവരുടെ മുമ്പിലുള്ളത് ഭരണകൂട സങ്കൽപ്പങ്ങളുടെയും  മനുഷ്യർ നിർമ്മിക്കുന്ന അധികാര ചേരികളുടെയും  ചിത്രങ്ങളെക്കാൾ അനീതിയായിരുന്നു.  അനീതി നിലനിൽക്കുന്നു,  ജീവിതം ബാക്കിയുമാണ്. അതുകൊണ്ടുതന്നെ,  നക്സലൈറ്റ് ആവുന്നതും ഫെമിനിസ്റ്റ് ആവുന്നതും ജനാധിപത്യവാദിയാവുന്നതും മണിച്ചേച്ചിയ്ക്ക് തൻറെ ആശയത്തിന്റെ വാഹകങ്ങൾ മാത്രമാണ്. പോരാടാൻ മനസ്സ് മതി എന്നാവും അവരുടെ രാഷ്ട്രീയം.

അവരുടെ അവസാന നാളുകളിൽ എന്റെ മനസ്സിലേക്ക് പതിഞ്ഞ ഒരു ചിത്രം കൂടി പകർത്തി നിർത്തട്ടെ: കെ. വിയെ കുറിച്ചുള്ള ഒരു ഡോക്യുമെന്റ്റിയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഞങ്ങൾ,  കമലും (‘പട’, ‘ഐ.ഡി’ എന്നീ സിനിമകളുടെ സംവിധായകൻ) ഞാനും കെ. വി യുടെ വീട്ടിൽ ഇരിക്കുകയാണ്. കെ.വിയുമായി ഞാൻവർത്തമാനം പറയുന്നതാണ് കമൽ ചിത്രീകരിക്കുന്നത്. സ്വാഭാവികമായും, രാഷ്ട്രീയവും ജീവിതവും സംസാരിച്ച്  ചിത്രീകരണം അവസാനത്തേയ്ക്ക് അടുക്കുകയായിരുന്നു. പെട്ടെന്ന്, മറ്റൊരു തോന്നലിൽ,  ഞാൻ കെ. വി.യോട് ‘മരണ’ത്തെ കുറിച്ച് ചോദിച്ചു. സ്വന്തം മരണത്തെ കാണുന്ന വിധം പറയാൻ. കെ. വി. പുഞ്ചിരിച്ചു. മരണത്തെ ഭാവന ചെയ്യാറുണ്ട് എന്ന് പറഞ്ഞു. ഏറെക്കുറെ അതേസമയം, വീടിന്റെ പടിക്കൽ ഒരു കാർ വന്നു നിന്നു. കാറിൽ നിന്ന് മണിച്ചേച്ചിയും മകൻ അനൂപും ഇറങ്ങി. കമൽ ഛായാഗ്രാഹകന് സ്വകാര്യമായി എന്തോ നിർദേശം നൽകുന്നതു കേട്ടു.

Photo: Manila C. Mohan

ഞാൻ കാറിൽ നിന്നിറങ്ങിവരുന്ന മണിച്ചേച്ചിയെ നോക്കി. നീല കരയുള്ള വെളുത്ത സാരിയിൽ, പുറത്തെ വെയിലിൽ, തിളങ്ങുന്ന പോലെ ഒരാൾ - മെലിഞ്ഞ്, നീണ്ട്.. ആശുപത്രിയിൽ നിന്നുള്ള വരവായിരുന്നു..

മണിച്ചേച്ചി  വീട്ടിലേക്ക് കയറി. കമലും ഞാനും എഴുന്നേറ്റു. ഇവരെ മനസിലായോ എന്ന് ചോദിച്ചു കെ. വി.
‘എന്താ മനസിലാവാതിരിക്കാൻ,  കരുണനും കമലും അല്ലെ?’ മണിച്ചേച്ചി ഞങ്ങളെ നോക്കി ചിരിച്ചു. ‘നിങ്ങൾക്ക് എന്തെങ്കിലും കുടിക്കാൻ കിട്ടിയോ’ എന്നു ചോദിച്ചു.

ആ ചിത്രമാണ്  ഇപ്പോൾ ഇതെഴുതുമ്പോൾ എന്റെ മനസ്സിൽ.  

വെയിലിൽ നിൽക്കുന്ന, അങ്ങനെ നിന്ന് എല്ലാവരെയും നോക്കുന്ന,  മെലിഞ്ഞു നീണ്ട ഒരു സ്ത്രീ...


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments