ഞാൻ കലാഭവനിൽ നിന്ന് പോരുന്ന വർഷമാണ് നവാസ് കലാഭവനിൽ വരുന്നത്. അതിനുശേഷം പല തവണകളായി നവാസുമായി ബന്ധപ്പെടാറുണ്ടായിരുന്നു. ഞങ്ങൾ 15 പേരുടെ വാട്സ്ആപ്പ് ഗ്രൂപ്പുണ്ട്. ഷാജു ശ്രീധർ, ഷാജോൺ, നവാസ്, കോട്ടയം നസീർ, ജാഫർ ഇടുക്കി, സുരാജ് വെഞ്ഞാറമ്മൂട്, നോബി, പ്രശാന്ത് കാഞ്ഞിരമറ്റം, ബിജു കുട്ടൻ, നാദിർഷാ, നിർമൽ പാലാഴി, പ്രജോദ്, കട്ടപ്പന ഹനീഫ് എന്നിവരാണ് അംഗങ്ങൾ. ഈ ഗ്രൂപ്പിൽനിന്ന് ആദ്യം ഹനീഫ് പോയി, ഇപ്പോൾ നവാസും.
ദിവസവും ഗ്രൂപ്പിൽ ആദ്യം ഗുഡ് മോണിങ് മെസേജ് അയക്കുന്നത് നവാസായിരുന്നു. ഇനി അത് ഉണ്ടാവില്ല. ഇന്നലെ രാത്രി നിർമൽ പാലാഴി എന്നെ വിളിച്ച് കരഞ്ഞുകൊണ്ടാണ് പറഞ്ഞത്, ഗ്രൂപ്പ് നോക്കാൻ. അപ്പോഴാണ് നാദിർഷ കണ്ണീരടക്കാനാകാതെ പറയുന്നത്, നവാസ് മരിച്ചു എന്ന്. ഷൂട്ടിന് പോയപ്പോൾ റൂമിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു എന്ന് പിന്നീടാണ് അറിയുന്നത്.
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളെല്ലാം ഇടയ്ക്ക് ടൂർ പോകുമായിരുന്നു. നവാസ് കുടുംബവുമായി ഭയങ്കര അറ്റാച്ച്ഡാണ്. യാത്രയിലെല്ലാം കുടുംബത്തെ കുറിച്ച് പറയും. പുകവലിയോ മറ്റ് ദുശ്ശീലങ്ങളോ ഒന്നും നവാസിനില്ലായിരുന്നു. അങ്ങനെയുള്ള ഒരാൾക്ക് പെട്ടെന്ന് ഇങ്ങനെ അറ്റാക്ക് വന്നത് ആലോചിക്കുമ്പോൾ വലിയ വിഷമം.

സാധാരണ ഒരാൾ ജീവിച്ചിരിക്കുമ്പോൾ നല്ലത് പറഞ്ഞില്ലെങ്കിലും മരിച്ചാൽ നല്ലത് പറയുക എന്നതാണെല്ലോ പൊതുവായ രീതി. എന്നാൽ നവാസിനെ കുറിച്ച് ഓർക്കുമ്പോൾ എന്റെ പരിചയത്തിലും ഓർമയിലും, എപ്പോഴും നല്ല പൊസിറ്റിവിറ്റി തരുന്ന ആളായിരുന്നു അദ്ദേഹം. സംസാരവും ചിരിയും എല്ലാം അങ്ങനെയാണ്. എപ്പോഴും തമാശയും കാര്യങ്ങളുമെല്ലാമായി നടക്കുന്നയാളാണ്. മിമിക്രിയിൽ തന്നെ പാട്ടുകാരെ അനുകരിക്കുക എന്ന വ്യത്യസ്തമായ രീതി കൊണ്ടുവന്നത് നവാസാണ്. എസ്. ജാനകിയെ പോലെയുള്ളവരെയെല്ലാം നവാസ് അനുകരിക്കുമായിരുന്നു. ഞങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി കുറേ നല്ല പ്രോഗ്രാമുകൾ ചെയ്തിട്ടുള്ളയാളാണ് അദ്ദേഹം.
ഞാൻ നവാസിനെ ആദ്യമായി ശ്രദ്ധിക്കുന്നത് അക്കാലത്ത് ഇറങ്ങിയ മിമിക്രി സിനിമകളിലൂടെയാണ്. ഞാൻ ആ സിനിമകളിലൊന്നുമില്ല. ആ സിനിമകളിൽ അഭിനയിക്കുമ്പോൾ നവാസിന്റെ ടൈമിംഗ് ഗംഭീരമായി തോന്നിയിരുന്നു. മറ്റു ആർട്ടിസ്റ്റുകളിൽ നിന്ന് വ്യത്യസ്തമായി നല്ല കഴിവുള്ള നടനായിരുന്നു. പിന്നീടാണ് അബൂബക്കറെന്ന വലിയ നടന്റെ മകനാണെന്ന് അറിയുന്നത്.

വടക്കാഞ്ചേരിക്കാരാണെങ്കിലും കഴിഞ്ഞ കുറേ നാളായി നവാസും നിയാസും എന്റെ നാടായ ആലുവയിലാണ് താമസം. അങ്ങനെ ഞങ്ങൾ മിക്കവാറും കാണുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു. ആറേഴ് ദിവസം മുമ്പ് വിളിച്ചിരുന്നു. എന്റെ നാട്ടിലെ ഒരു പരിപാടിക്ക് നവാസിനെ വിളിച്ചപ്പോൾ അതിനെന്താ ഇക്കാ വരാം എന്നുപറഞ്ഞ്, പുള്ളി വന്നിരുന്നു.
കുറച്ചുനാളായി ശരീരം മെലിയുന്നുണ്ടായിരുന്നു. ഈ അടുത്തായി നവാസിന് നല്ല സിനിമകളും വരുന്നുണ്ടായിരുന്നു. അപ്പോൾ ഞാൻ വിചാരിച്ചു ക്യാരക്ടറിനു വേണ്ടി മെലിയുകയാണെന്ന്. പക്ഷെ ഇന്നലെയാണ് ഷുഗർ ഉണ്ടായിരുന്നു എന്നറിഞ്ഞത്. നേരിട്ട് അറിയാത്തവർക്കുപോലും വലിയ ഷോക്കാണ് നവാസിന്റെ മരണത്തിലൂടെ ഉണ്ടായത്. പലരും എന്നെ വിളിക്കുകയും ചെയ്തു.
നവാസിനെ കുറിച്ച് നെഗറ്റീവ് ഒന്നും തന്നെ ആലോചിക്കാനില്ല. വല്ലാത്തൊരു തരിപ്പിൽ നിൽക്കുകയാണിപ്പോൾ. എത്രയോ വലിയ ഭാവിയുണ്ടായിരുന്ന ആളായിരുന്നു.
കുടുംബത്തെ കുറിച്ച് ആലോചിക്കുമ്പോഴും വലിയ സങ്കടം തന്നെയാണ്. നവാസിനും രഹ്നയ്ക്കും മൂന്ന് കുട്ടികളാണുള്ളത്. ശരിക്കും വലിയ കലാകുടുംബമാണ് അത്. പിതാവ് അബൂബക്കറിക്കയും നിയാസും വലിയ കലാകാരരാണ്. രഹ്നയുടെ പിതാവ് ഹസൈനാറും നാടക പ്രവർത്തകനാണ്. അത്രയും വലിയ ഒരു കലാകുടുംബത്തിലാണ് അപ്രതീക്ഷിതമായി ഇങ്ങനെ സംഭവിക്കുന്നത്.
