എം. കുഞ്ഞാമന്റെ മരണം
ദലിത്, ആദിവാസി വ്യക്തിത്വങ്ങൾക്കുള്ള
താക്കീതു കൂടിയാണ്

താൻ ആർജ്ജിച്ച കഴിവുകൾ പൂർണമായും ഈ സമൂഹത്തിലേക്ക് എത്തിക്കാൻ എം. കുഞ്ഞാമനായില്ല. വിരമിച്ചശേഷം തന്റെ ഇടം ചുരുങ്ങിച്ചുരുങ്ങി ഒടുവിൽ പൂർണമായും അടയ്ക്കപ്പെട്ടു. ഇതിനുപുറകിൽ ഏതെല്ലാം ശക്തികൾ ഏതൊക്കെ രീതിയിൽ പ്രവർത്തിച്ചുവെന്ന് വ്യക്തമാണ്.

1988-ൽ പ്രവർത്തനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ചെല്ലുമ്പോൾ യാദൃച്ഛികമായാണ് ഞാൻ എം. കുഞ്ഞാമനെ പരിചയപ്പെടുന്നത്. സംസാരത്തിനിടയിൽ ദലിത്- ആദിവാസി വിഷയങ്ങൾ ചർച്ചയായി. ആ കാലഘട്ടത്തിൽ ഞാൻ ഒരു നക്സലൈറ്റ് പാർട്ടിയിൽ അംഗമായിരുന്നു. ആ സംഘടനയുടെ കാഴ്ചപ്പാടിൽ നിന്നാണ് ഞാൻ സംസാരിച്ചത്. എന്തുകൊണ്ടാണ് നിങ്ങൾ ഭൂപ്രശ്നം ഉന്നയിക്കാത്തത് എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അതിന് എവിടെയാണ് ഭൂമി എന്ന് ഞാൻ ചോദിച്ചു. വളരെ ക്ഷുഭിതനായി എന്നോട് അദ്ദേഹം പറഞ്ഞു, ഭൂമി എവിടെയാണുള്ളതെന്ന് നോക്കടോ എന്ന്. ആധികാരികമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂമിയെ കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം പറഞ്ഞത്. എനിക്കത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. കാരണം ഞാനുൾപ്പെടുന്ന പ്രസ്ഥാനം കൃഷിഭൂമിയുടെ തുണ്ടുവൽക്കരണമാണ് കേരളത്തിൽ ശക്തിപ്പെട്ടിരിക്കുന്നതെന്നും ഭൂകേന്ദ്രീകരണം ദുർബലപ്പെട്ടിരിക്കുന്നുവെന്നുമുള്ള നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇതിന്റെ തുടർച്ചയെന്നോണമാണ് ഭാഷാ സംസ്ഥാനങ്ങളെ ദേശീയ ജനതയായി കണ്ട് അവരുടെ വിമോചനത്തിലൂടെ സ്വയം സന്നദ്ധമായ ഐക്യം ഭാവിയിൽ രൂപം കൊള്ളുകയുളളൂ.

ദലിതർക്ക് എത്ര ധൈഷണികമായ ശേഷിയുണ്ടെങ്കിലും ജാതിവ്യവസ്ഥയെയും ചൂഷണാധിഷ്ഠിതമായ സമ്പദ്ഘടനയെയും അധികാരഘടനയെയും വിമർശിക്കുന്ന വ്യക്തിയെ എങ്ങനെ ഒഴിവാക്കാൻ കഴിയുമെന്ന് അവർക്ക് നന്നായിട്ടറിയാം.

ഈ രാഷ്ട്രീയം എത്തിച്ചേർന്നത് തനി കേരളാ കോൺഗ്രസ് രാഷ്ട്രീയത്തേക്കാൾ അധഃപ്പതിച്ച അവസ്ഥയിലേക്കായിരുന്നു. നക്സലൈറ്റ് പ്രസ്ഥാനത്തിന് സംഭവിച്ച രാഷ്ട്രീയ അപചയങ്ങളും തകർച്ചയും മറികടക്കാൻ കഴിയാത്ത അവസ്ഥയിൽ നിൽക്കുമ്പോഴാണ് ഏതാനും വ്യക്തികൾ ചേർന്ന് ഭൂപരിഷ്കരണവും അതിന്റെ പ്രത്യാഘാതങ്ങളും കൃഷിഭൂമിയുടെ തുണ്ടുവൽക്കരണം, ഭൂകേന്ദ്രീകരണം, കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം തുടങ്ങിയ പ്രശ്നങ്ങൾ പഠിക്കാൻ ശ്രമിക്കുന്നത്. എം. കുഞ്ഞാമൻ ചൂണ്ടിക്കാണിച്ച ഭൂപ്രശ്നത്തിന്റെ പൊരുൾ എന്താണെന്ന ഉൾക്കാഴ്ചയുണ്ടാകുന്നത് ഇതേതുടർന്നാണ്. അതിനു മുമ്പ് ആദിവാസി ഭൂമിയുൾപ്പെടെ റവന്യൂ വനഭൂമി കയ്യേറിയ വൻകിടക്കാർക്ക് പട്ടയം കൊടുക്കുമെന്ന് റവന്യൂ മന്ത്രി കെ.എം. മാണി പ്രഖ്യാപിച്ചു. അതിനെതിരായ സമരവുമായി ഇടുക്കി ജില്ലയിലെ ആദിവാസികൾ ശക്തമായി രംഗത്തുവന്നു. ഹൈക്കോടതിയിൽ ഞങ്ങൾ റിട്ട് ഫയൽ ചെയ്യുകയും പട്ടയം കൊടുക്കുന്നതിനെതിരെ സ്റ്റേ ലഭിക്കുകയും ചെയ്തു. അതിന്റെ നേതൃത്വനിരയിൽ ഞാനുമുണ്ടായിരുന്നു.

എം.കുഞ്ഞാമന്‍

നേരത്തെ ചൂണ്ടിക്കാണിച്ച കാർഷിക ഭൂപഠനത്തിന്റെ ഭാഗമായി ആദിവാസി- ദലിത് സംഘടനകൾ നടത്തിയ അനേകം സമരങ്ങളെയും അതിന്റെ അനുഭവങ്ങളെയും കുറിച്ച് ലഭ്യമായ അക്കാദമിക്ക് പഠനങ്ങളും സ്വാംശീകരിക്കേണ്ടതുണ്ടായി. കുഞ്ഞാമന്റെയും ശിവാനന്ദന്റെയും സംഭാവനകൾ വളരെ വലുതാണ്. ഭൂമി ജാതി ബന്ധനം എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. ഈ പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കാൻ കുഞ്ഞാമനോട് ആവശ്യപ്പെട്ടപ്പോൾ താല്പര്യം കാണിച്ചില്ല. വീണ്ടും കുഞ്ഞാമനെ സമീപിച്ച് പുസ്തകത്തിൽ ചൂണ്ടിക്കാണിച്ച സൂക്ഷ്മാന്വേഷണത്തിന്റെ ഒരു ഭാഗം വിശദീകരിച്ചു. രാജവാഴ്ച്ചക്കാലത്ത് സവർണ്ണ ജന്മിമാർ കുട്ടനാട്ടിൽ ദലിതരെ കൂട്ടക്കൊല ചെയ്ത സംഭവമായിരുന്നു അത്. അത് കേട്ടശേഷം അദ്ദേഹം പ്രതികരിച്ചത്, ‘ഞാൻ തന്നെയാണ് ഈ പുസ്തകം പ്രകാശനം ചെയ്യുന്നത്, ശിവാനന്ദനോട് പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ ആവശ്യപ്പെടണം’ എന്നായിരുന്നു. പിന്നീട് കോഴിക്കോടും ഈ പുസ്തകം കുഞ്ഞാമൻ തന്നെ പ്രകാശനം ചെയ്തു.

2023 ഡിസംബർ നാലിലെ മലയാള മനോരമ പത്രത്തിൽ എം. കുഞ്ഞാമനും ഇ.എം.എസ്. നമ്പൂതിരിപ്പാടും തമ്മിലുള്ള പഴയ കാല സംഭാഷണത്തെ കുറിച്ച് ഒരു വാർത്ത വായിക്കുകയുണ്ടായി. നമ്പൂതിരിപ്പാട് പറയുന്നത് ഇങ്ങനെയാണ്: വിമർശനം അവസാനിപ്പിക്കരുത്. വിമർശനത്തിലൂടെയാണ് മാർക്സിസം വളരുന്നത്.
നമ്പൂതിരിപ്പാട് ഇന്ത്യയിലെ മാർക്സാണ്.

മാർക്സിസത്തെ വിമർശിക്കുമ്പോൾ എം. കുഞ്ഞാമൻ മാർക്സിസ്റ്റല്ല, പെറ്റി ബൂർഷ്വാസിയാണ്. കുഞ്ഞാമൻ വിമർശിച്ചത് മാർക്സിസത്തെയാണോ, നമ്പൂതിരിപ്പാടിന്റെ മാർക്സിസത്തെയാണോ? അതാണ് പ്രശ്നം.

ഇതേ മാർക്സിസ്റ്റുകാർ കേരളം ഭരിക്കാൻ തുടങ്ങിയ രണ്ടാം ഘട്ടത്തിൽ മുഖ്യമന്ത്രി മലബാർ മുതൽ തിരുവിതാംകൂർ വരെയുള്ള നമ്പൂതിരി വീടുകളിൽ കയറിയിറങ്ങി പറഞ്ഞത്; ഭൂപരിഷ്കരണനിയമം നടപ്പിലാക്കാൻ പോവുകയാണ്, ഭൂമി കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും പേരിലെഴുതുക, ബാക്കി വരുന്ന ഭൂമി വിൽക്കുക- ഈ ഉപദേശമാണ് അയാളുടെ സമുദായത്തിന് നൽകിയത്. ഇതിനെക്കുറിച്ച് കെ.കെ കൊച്ചിന്റെ ആത്മ കഥയിൽ വിവരിക്കുന്നുണ്ട്: ‘‘എന്റെ കുഞ്ഞുനാളിൽ നമ്പൂതിരിപ്പാട് വീടിനടുത്തുള്ള നമ്പൂതിരി വീട്ടിൽ ഒരു അംബാസിഡർ കാറിൽ വന്നിറങ്ങുന്നത് അല്പം അകലെ വെച്ച് ഞങ്ങൾ കണ്ടു. കാണപ്പെട്ട ദൈവവും വിമോചനത്തിന്റെ ദൈവവുമായിരുന്ന നമ്പൂതിരിപ്പാടിനെ അടുത്തുചെന്ന് കാണാൻ വീട്ടുമുറ്റത്ത് എത്താൻ അയിത്തം അനുവദിച്ചിരുന്നില്ല.
അതാണ് ഇന്ത്യൻ മാർക്സിസ്റ്റ്. ഈ ചതി പുറത്തുവരാൻ പതിറ്റാണ്ടുകൾ വേണ്ടിവന്നു. മഹത്തായ വിപ്ലവമാണ് ഭൂപരിഷ്കരണമെന്നും അതിലൂടെ ദലിതർക്ക് ഭൂമി കൊടുത്തത് തങ്ങളാണെന്നും അവരിപ്പോഴും മേനി നടിക്കുന്നു. ‘ഞങ്ങളുടെ അടിയാൻമാരാണിവർ, അവരെ ഞങ്ങൾ നോക്കും’ എന്ന് ജന്മിത്തമ്പുരാക്കാൻമാർ പറയുന്ന പോലെ തന്നെ, 10 സെന്റ് മുതൽ 3 സെന്റ് വരെയുള്ള ഭൂമിയിൽ ദലിതരെ തളച്ചു. ബാക്കി വരുന്ന ലക്ഷക്കണക്കിന് ദലിതർ തെരുവിലേക്ക്, മരിച്ചാൽ കുഴിച്ചിടാൻ അടുക്കള പൊളിക്കേണ്ടി വരുന്നു.

അടിച്ചമർത്തലും കീഴ്പ്പെടുത്തലും വിവേചനവും ചൂഷണവും ദലിത്, ആദിവാസികളുടെ മാത്രം പ്രശ്നമല്ല. പൊതുസമൂഹത്തിന്റെ മുന്നിലുള്ള വെല്ലുവിളി കൂടിയാണിത്.

കേരളത്തിലെ മലയോര മേഖലയൊന്ന് ശ്രദ്ധിച്ചാൽ മതി, തോട്ടം ഭൂമിയുടെ ഉടമസ്ഥാവകാശം ആരുടെ കയ്യിലാണെന്ന് മനസ്സിലാക്കാൻ പറ്റും. ബ്രിട്ടീഷ് ആധിപത്യം മുതൽ വിദേശ കമ്പനികളുടെയും നാടൻ ഭൂവുടമകളുടെയും കൈവശം അനേക ലക്ഷം ഏക്കർ ഭൂമിയാണ് എല്ലാ നിയമങ്ങളും ലംഘിച്ച് കുമിഞ്ഞുകൂടിയത്. ഇവിടെ പണിയെടുക്കുന്ന തൊഴിലാളികളുടെ അവസ്ഥ ഞെട്ടിപ്പിക്കുന്നതാണ്. തോട്ടം ഉടമസ്ഥരും ട്രേഡ് യൂണിയൻ കങ്കാണിമാരും ഉദ്യോഗസ്ഥവൃന്ദവും ഭരണനേതൃത്വങ്ങളും അടങ്ങിയ കൂട്ടുകൃഷിക്കാരാണ് തൊഴിലാളികളെ പാർട്ടികളുടെ അടിമത്തത്തിലാഴ്ത്തിയത്. വിദേശ കമ്പനിയായ ഹാരിസണെ കുറിച്ച് ആർ. സുനിൽ കണ്ടെത്തിയ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.(ഹാരിസൺസ് രേഖയില്ലാത്ത ജന്മി- ആർ. സുനിൽ)

കെ.കെ കൊച്ച്‌

കേരളത്തിലും ഇന്ത്യയിലും അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ മാത്രമല്ല എം. കുഞ്ഞാമൻ, സാമൂഹ്യ ശാസ്ത്രജ്ഞനുമായിരുന്നു. ദലിത് പ്രശ്നത്തിലെ നിലപാടുകളിൽ വ്യക്തമാണത്. ദലിതനായി ജനിച്ച് ദലിതനായി മരിക്കുന്നതുവരെ അടിച്ചമർത്തലും പീഡനവും വിവേചനങ്ങളും വിവിധ രീതിയിൽ സംഭവിച്ചുകൊണ്ടിരിക്കും. ദലിതർക്ക് എത്ര ധൈഷണികമായ ശേഷിയുണ്ടെങ്കിലും ജാതിവ്യവസ്ഥയെയും ചൂഷണാധിഷ്ഠിതമായ സമ്പദ്ഘടനയെയും അധികാരഘടനയെയും വിമർശിക്കുന്ന വ്യക്തിയെ എങ്ങനെ ഒഴിവാക്കാൻ കഴിയുമെന്ന് അവർക്ക് നന്നായിട്ടറിയാം. ഇതേപോലെ എത്തിച്ചേരുന്ന ദലിത്, ആദിവാസി വ്യക്തിത്വങ്ങൾക്കുള്ള താക്കീതും കൂടിയാണ് എം. കുഞ്ഞാമന്റെ മരണത്തിലൂടെ അനാവരണം ചെയ്തിരിക്കുന്നത്. ഇടതുപക്ഷ സഹയാത്രികനാകാൻ കുഞ്ഞാമൻ നോക്കി. തന്റെ ആശയശാസ്ത്ര രാഷ്ട്രീയ നിലപാടുകളെ കയ്യൊഴിഞ്ഞുകൊണ്ട് ഒരിക്കലും അതിനുവേണ്ടി നിന്നില്ല. അവാർഡുകളെ നിഷേധിച്ചു. ദലിതരെ ആത്മാഭിമാനബോധമുള്ള ജനതയായി മാറാനുള്ള ദിശാബോധത്തിലേക്കാണ് നയിക്കാൻ ശ്രമിച്ചത്, അതുവഴി ദലിത് തലമുറക്ക് മുന്നേറാനുള്ള കരുത്തും.

താൻ ആർജ്ജിച്ച കഴിവുകൾ പൂർണമായും ഈ സമൂഹത്തിലേക്ക് എത്തിക്കാനായില്ല. വിരമിച്ചശേഷം തന്റെ ഇടം ചുരുങ്ങിച്ചുരുങ്ങി ഒടുവിൽ പൂർണമായും അടയ്ക്കപ്പെട്ടു. ഇതിനുപുറകിൽ ഏതെല്ലാം ശക്തികൾ ഏതൊക്കെ രീതിയിൽ പ്രവർത്തിച്ചുവെന്ന് വ്യക്തമാണ്. അതു കൊണ്ടാണ് കുഞ്ഞാമന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാവുന്നത്.

ആര്‍.സുനില്‍

തികച്ചും സംഘർഷഭരിതമായ സാമൂഹ്യ വ്യവസ്ഥയിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. നാൾക്കുനാൾ ഈ തീവ്രത ശക്തിപ്രാപിക്കുകയാണ്. സമൂഹത്തിന്റെ അടിത്തട്ടിലുള്ള ദലിത്- ആദിവാസി വിഭാഗങ്ങൾ ഈ തീവ്രതയിൽ വെന്തുരുകുകയാണ്. സമീപ നാളുകളായി ഉന്നത വിദ്യാഭ്യാസ മേഖലകളിലുള്ള ദലിത് വിദ്യാർത്ഥികൾ നേരിടുന്ന പീഡനനങ്ങൾ വിവരാണാതീതമാണ്. അതിനെതിരായ ചെറുത്തു നിൽപ്പുകൾ ഉഴുതുമറിക്കപ്പെടുകയാണ്. രോഹിത് വെമുലയുടെ മരണം ആത്മഹത്യയല്ലെന്ന് നമുക്കറിയാം. ആത്മഹത്യയിലേക്ക് എത്തിക്കുന്ന ആസൂത്രിത കൊലപാതകം.

അടിച്ചമർത്തലും കീഴ്പ്പെടുത്തലും വിവേചനവും ചൂഷണവും ഈ സാമൂഹ്യവ്യവസ്ഥയുടെ പ്രതിഫലനങ്ങളാണ്. ഇതനുഭവിക്കേണ്ടിവരുന്ന ദലിത്, ആദിവാസികളുടെ മാത്രമായ പ്രശ്നമല്ലിത്. പൊതുസമൂഹത്തിന്റെ മുന്നിലുള്ള വെല്ലുവിളി കൂടിയാണിത്. സാമൂഹ്യനീതി, സമത്വം, ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങിയവയിലേക്കുള്ള പ്രയാണം പുതിയ തിരിച്ചറിവുകളിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നു.

ചുട്ടുപൊള്ളുന്ന ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യപ്പെടുക.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

Comments