വലിയൊരു ആത്മവിശ്വാസമായിരുന്നു
ഞങ്ങൾക്ക് കാനം

ഇടതുപക്ഷം ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ കാനത്തിന്റെ വേർപാട് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഖാക്കൾ എന്ന നിലയിലുള്ള നാലു പതിറ്റാണ്ടിന്റെ സൗഹൃദം ഇവിടെ അവസാനിക്കുന്നു. ഓർമകൾ ഒരുപാടുണ്ട്. എ ഐ എസ് എഫിലൂടെ സി പി ഐ കുടുംബാംഗങ്ങളായി മാറിയ സഹപ്രവർത്തന കാലം ആവേശത്തിന്റെയും ഒരുമയുടെയും നിലപാടുകളുടേതുമായിരുന്നു. അച്ഛൻ എൻ.ഇ. ബാലറാം സംസ്ഥാന സെക്രട്ടറിയായ കാലത്ത് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എ ഐ വൈ എഫ് പ്രതിനിധിയായി സഖാവ് കാനം രാജേന്ദ്രൻ എത്തിയപ്പോൾ അത് ഞങ്ങൾക്കെല്ലാം നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല.

സഖാക്കൾ സി.കെ. ചന്ദ്രപ്പൻ, ആന്റണി തോമസ്, കണിയാപുരം രാമചന്ദ്രൻ, തോപ്പിൽ ഗോപാലകൃഷ്ണൻ, എം. നസീർ, ബിനോയ്‌ വിശ്വം, കെ.പി. രാജേന്ദ്രൻ തുടങ്ങി ഒരുനിര ചെറുപ്പക്കാർ ഒരേ മനസ്സോടെ സുഖവും ദുഃഖവും പങ്കിട്ട് പാർട്ടി പ്രവർത്തനം നടത്തിയ ആ നല്ല നാൾ കൂടിയാണ് ഇന്ന് ഓർമകളായി മാറുന്നത്. പിന്നീട് പാർട്ടി പ്രവർത്തനത്തിന്റെ വിവിധ മേഖലകളിലേക്ക് എല്ലാവരും മാറിയെങ്കിലും ബന്ധങ്ങൾ അതുപോലെ ദൃഡമായി തുടർന്നു.

എം എൽ എ എന്ന നിലയിൽ ഏറ്റവും നല്ല പാർലമെന്ററി പ്രവർത്തനമാണ് സഖാവ് കാനം നടത്തിയത്. ട്രേഡ് യൂണിയൻ പ്രവർത്തന രംഗത്തും ഒടുവിൽ പാർട്ടി സെക്രട്ടറി എന്ന നിലയിലും ആ കരുത്തും ഊർജ്ജവും എ ഐ ടി യു സിക്കും പാർട്ടിക്കും നൽകി. ഇടതുപക്ഷം ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ കാനത്തിന്റെ വേർപാട് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഏത് അഭിപ്രായവും തുറന്നു പറഞ്ഞാണ് ഞങ്ങളുടെ സൗഹൃദം മുന്നോട്ടു പോയിരുന്നത്. വലിയ വിയോജിപ്പ് പറയുമ്പോൾ ചിരിയോടെ തരുന്ന മറുപടി, ബാലറാമിന്റെ സ്കൂളിലല്ലേ നമ്മളൊക്കെ പഠിച്ചത് എന്നാണ്. പുതിയ രാഷ്ട്രീയ കാലത്തെ പൊതുപ്രവർത്തനം പല സമ്മർദങ്ങളും നൽകിയിട്ടുണ്ട്. അതൊക്കെ സ്വകാര്യ ഓർമകളായി സൂക്ഷിക്കാനേ കഴിയൂ. ഇഴയടുപ്പമുള്ള ബന്ധങ്ങൾ ഒന്നൊന്നായി നഷ്ടമാകുന്നു.


ഗീത നസീർ

സി.പി.ഐയുടെ വിദ്യാർഥി- യുവജന പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയജീവിതത്തിൽ സജീവമായി. പരിസ്ഥിതി- സാംസ്‌കാരിക മേഖലകളിലും മാധ്യമരംഗത്തും പ്രവർത്തിച്ചു. ജനയുഗം പത്രത്തിന്റെ ഡപ്യൂട്ടി കോ ഓർഡിനേറ്റിംഗ് എഡിറ്ററായിരുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗമാണ്. ബാലറാം എന്ന മനുഷ്യൻ എന്ന പുസ്തകമെഴുതിയിട്ടുണ്ട്.

Comments