കാനം എന്നാൽ ഒരു ഇടതുബോധത്തിൻ്റെ കരുതൽ എന്നാണ് കേരളീയ ജനത കുറച്ചുകാലം മുമ്പുവരെ കരുതിപ്പോന്നത്. പ്രത്യേകിച്ച്, ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത്. ആ യാഥാർത്ഥ്യത്തെ അധികകാലം നിലനിർത്താൻ കാനം എന്തുകൊണ്ടോ ശ്രമിച്ചില്ല. കാനം എന്തുകൊണ്ടാണ് നിശ്ശബ്ദനായത് എന്ന് കഴിഞ്ഞ ദിവസം പോലും ഒരാൾ എന്നോട് ചോദിക്കുകയുണ്ടായി. ആ ചോദ്യം കേട്ടുകഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് കാനത്തിൻ്റെ വിയോഗവാർത്ത അറിഞ്ഞത്. അത്തരമൊരു ചോദ്യം കുറേക്കാലമായി നമ്മളെല്ലാം കേൾക്കുന്നുണ്ടായിരുന്നു. സ്വയം ചോദിക്കുന്നുമുണ്ടായിരുന്നു. എനിക്കതിനുള്ള ഉത്തരമറിയില്ലായിരുന്നു. കാനത്തെ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നു എന്ന വാർത്ത വരുന്നതുവരെ നേരിലൊന്നു കണ്ട് ഇതിൻ്റെ ഉത്തരം തേടണമെന്ന് ആഗ്രഹിച്ചതുമാണ്. ആശുപത്രിവാസമൊക്കെ അറിഞ്ഞതോടെ ഞാനാ ആഗ്രഹം ഉപേക്ഷിക്കുകയായിരുന്നു. എന്തു കാരണങ്ങളാലായാലും കാനമതിൽ ദുഃഖിച്ചിരിക്കും എന്നാണ് അദ്ദേഹത്തെ അറിയുന്ന ഞങ്ങളൊക്കെ കരുതുന്നത്. വെറുതെ ചോദിച്ച് ഈയവസ്ഥയിൽ കൂടുതൽ വേദനിപ്പിക്കേണ്ട എന്നു കരുതി മനസ്സിലെ ചോദ്യം മാറ്റിവെച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ പലരേയും തൻ്റെ ഉപദേഷ്ടാക്കളായി നിയമിച്ച വാർത്ത വന്ന സമയത്ത് ഞാനൊരിക്കൽ കാനത്തെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു. കാനം ഒരു സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു. കാണികൾക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം വന്നപ്പോൾ ഞാനെഴുന്നേറ്റു.
"ഇത്രയേറെ ഉപദേഷ്ടാക്കൾ ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ആവശ്യമുണ്ടോ? അതിലും നല്ലത് കാനവും പിണറായിയും ആഴ്ചയിലൊരിക്കൽ നേരിൽ കണ്ട് കാര്യങ്ങൾ വിലയിരുത്തിയാൽ പോരേ? നിങ്ങൾ രണ്ടുപേർ ചേർന്നിരുന്നാലോചിച്ചാൽ മനസ്സിലാക്കാൻ പറ്റാത്ത പ്രശ്നങ്ങൾ ഈ സംസ്ഥാനത്തിപ്പോഴുണ്ടോ?" എൻ്റെ ചോദ്യം കാനത്തിൻ്റെ മുഖത്ത് ഒരു ചെറുചിരി വിടർത്തി.
"ഞങ്ങൾ അങ്ങനെ കാണാതിരിക്കുന്നൊന്നുമില്ല. കഴിയുന്ന അവസരങ്ങളിലെല്ലാം കാണാറും സംസാരിക്കാറുമുണ്ട്" എന്നു മാത്രമായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. വേദിവിട്ട് പോകുന്നതിനു മുമ്പ് എൻ്റെയടുത്തേക്ക് വന്ന് സഖാവ് സംസാരിച്ചു. ഒഴിവാക്കേണ്ട പലതും നടക്കുന്നുണ്ടല്ലേ എന്നു മാത്രം പറഞ്ഞു.
തീർച്ചയായും, കാനത്തെ ചേർത്തു നിർത്തിയിരുന്നെങ്കിൽ, ക്രിയാത്മകമായ ഒരു സൗഹൃദം അവർക്കിടയിൽ നിലനിർത്തിയിരുന്നെങ്കിൽ, പിണറായി വിജയന് കുറെക്കൂടി മെച്ചപ്പെട്ട ഭരണാധികാരിയാവാൻ കഴിയുമായിരുന്നു. അധികാരത്തിൻ്റെ പരിക്കുകൾ ഏറെ കുറയ്ക്കുവാൻ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന് കഴിയുമായിരുന്നു. ആ സാധ്യത എന്തുകൊണ്ട് മുന്നോട്ടുപോയില്ല എന്ന ചോദ്യം കാനം വിട പറയുമ്പോഴും കേരളീയ പൊതുമണ്ഡലത്തിൽ നിലനിൽക്കുന്നുണ്ട്. എന്നെയൊക്കെ അസ്വസ്ഥനാക്കുന്നുണ്ട്. ഞാനന്ന് ചോദിച്ചത് കേരളത്തിലെ പലരുടെയും മനസ്സിലുള്ള ചോദ്യമായിരുന്നു. കേരളത്തിലെ ഇടതു ബോധത്തിൻ്റെ നാവാവാൻ കരുത്തുള്ള കമ്യൂണിസ്റ്റ് നേതാവായിരുന്നു കാനം രാജേന്ദ്രൻ എന്ന ധാരണയിൽ നിന്നാണ് ആ ചോദ്യമുണ്ടായത്. അതിനുള്ള ആർജവം കാനത്തിൻ്റെ പാർട്ടിക്കും കാനം എന്ന പാർട്ടി സെക്രട്ടറിയുടെ മുൻഗാമികൾക്കും ഉണ്ടായിരുന്നു. സി.പി.ഐ എന്ന പാർട്ടിയെപ്പറ്റിയും അതിൻ്റെ അമരക്കാരെപ്പറ്റിയും അത്തരമൊരു പൊതുബോധം കേരളത്തിൽ നിലനിന്നിരുന്നു. ആ മൂല്യത്തെപ്പറ്റി അറിവുള്ള നേതാവായിരുന്നു കാനം. അത് നിലനിർത്തുന്നതിൽ അദ്ദേഹം ആദ്യമൊക്കെ ശ്രദ്ധ വെച്ചിരുന്നു. കണിശമായ നിലപാടുകൾ കൈക്കൊണ്ടിരുന്നു. അദ്ദേഹം എത്രത്തോളം വിജയിച്ചു എന്നത് തീർച്ചയായും വരും ദിവസങ്ങളിൽ ചർച്ചയാവും. ഇനിയങ്ങോട്ട് അത്തരം ഇടതുമൂല്യങ്ങൾ നിലനിർത്താൻ ആ കൊച്ചു പാർട്ടിക്ക് കഴിയുമോ എന്ന സംശയവും സ്വാഭാവികമായും ഉയർന്നുവരും.
അതിപ്രഗത്ഭരായിരുന്ന സ്ഥാപകനേതാക്കളുമായി വ്യക്തിബന്ധം പുലർത്തിയ തലമുറ സി.പി.ഐയിൽ അവസാനിക്കുകയാണ് എന്ന പ്രത്യേകതയുമുണ്ട്. കാനത്തിന് ആ ഭാഗ്യമുണ്ടായിരുന്നു. എം. എൻ. ഗോവിന്ദൻ നായർ, സി. അച്യുതമേനോൻ, എൻ.ഇ. ബാലറാം, ടി.വി. തോമസ്, പി.കെ. വാസുദേവൻ നായർ, വെളിയം ഭാർഗവൻ എന്നിവരോടൊപ്പമൊക്കെ പാർട്ടിയിൽ പ്രവർത്തിക്കാൻ സാധിച്ച നേതാവ് എന്ന പ്രത്യേകത. ചെറിയ പാർട്ടിയാണെങ്കിലും നിലപാടിൽ ചെറുതല്ലാത്ത പാർട്ടിയാണ് എന്ന് കാനം പലപ്പോഴും തെളിയിച്ചിട്ടുമുണ്ട്. പ്രധാനപ്പെട്ട ഒരുദാഹരണം മാത്രം പറയാം. നിലമ്പൂരിൽ രണ്ട് മാവോവാദികൾ കൊല്ലപ്പെട്ട സംഭവം. തണ്ടർബോൾട്ടിൻ്റെ വെടിയേറ്റ് അവർ കൊല്ലപ്പെട്ടപ്പോൾ അത് ഭരണകൂട കൊലപാതകമാണെന്ന് പറയാൻ കാനം രാജേന്ദൻ ഒട്ടും മടിച്ചില്ല. ആ സംഭവം ഒരു വ്യാജ ഏറ്റുമുട്ടൽ തന്നെയാണെന്നും ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരെ പോലീസ് തൊട്ടടുത്തുനിന്ന് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നും കാനം തുറന്നടിച്ചു. കാനത്തിൻ്റെ സുവ്യക്തമായ ഈ നിലപാട് സർക്കാരിനും മുഖ്യമന്ത്രിക്കും വലിയ തിരിച്ചടിയായിരുന്നു. സ്പ്രിംഗ്ളർ വിവാദ സമയത്തും കാനം ഇതുപോലെ ഗവൺമെൻ്റിനെ വിമർശിച്ചു കൊണ്ട് നിലപാടെടുത്തു.
പാർട്ടി സെക്രട്ടറിയായതു മുതൽ കേരള രാഷ്ട്രീയം ഉറ്റുനോക്കിയ നേതാവായിരുന്നു സഖാവ് കാനം രാജേന്ദ്രൻ. അതുകൊണ്ടാണ് ഇടക്കാലത്തുണ്ടായ അദ്ദേഹത്തിൻ്റെ മൗനം കക്ഷിഭേദമന്യേ ചർച്ചയായത്. കമ്യൂണിസത്തെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസം കേരളത്തിൽ പോലും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു സമയത്ത് ഇത്തരം വ്യക്തികൾ ചിലപ്പോഴെങ്കിലും ആശ്വാസമായിരുന്നു. ഇടതു രാഷ്ട്രീയത്തിന് ചെറിയ തോതിൽ ദിശാബോധം നൽകാൻ ഇവരുടെ ഇടപെടൽ സഹായിച്ചിരുന്നു. നിങ്ങളുടെ മനസ്സിലെ ഓർമകൾ നിങ്ങളെ പലപ്പോഴും നിയന്ത്രിച്ചിരുന്നു. അത്തരം ഓർമകൾ പോലും ഇല്ലാത്ത ഒരു കൂട്ടം പാർട്ടിമനുഷ്യരായി 'സഖാക്കൾ' മാറുമ്പോൾ ഇനിയെന്തു പ്രതീക്ഷ?
ഇടതുപക്ഷ പ്രസ്ഥാനത്തെ സംബന്ധിച്ച് ഒരു കരുതലിൻ്റെ, ഒരു തിരുത്തിൻ്റെ മുഖമായി മാത്രം കാനം സഖാവിനെ ഓർത്തുകൊണ്ട് ഞാൻ അങ്ങയ്ക്ക് വിട നൽകുന്നു. താങ്കളുടെ സമയോചിതമായ കൊച്ചു കൊച്ചു ഇടപെടലുകളിൽ ഞങ്ങൾ ആശ്വാസം കണ്ടിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾ താങ്കളിൽ നിന്ന് കൂടുതൽ ആഗ്രഹിച്ചിരുന്നു.
നിരാശയിൽ നിന്നുയർന്നതും ചോദിക്കാനായി മനസ്സിൽ കൊണ്ടു നടന്നതുമായ ആ ചോദ്യം എന്നന്നേക്കുമായി ഉപേക്ഷിക്കുകയും ചെയ്യുന്നു. ലാൽസലാം സഖാവേ.