ഇടതും വലതും രാഷ്ട്രീയത്തിലെ
‘യോസാ മുഹൂർത്തങ്ങളും

യോസ, തന്റെ 'ഇടത് ചായ്‍വ്' ഉപേക്ഷിക്കുന്നത് ലാറ്റിനമേരിക്കൻ അധികാര രാഷ്ട്രീയത്തിൽ ‘ഇടത്’ മറ്റൊരു ഫാഷിസ്റ്റ് രാഷ്ട്രീയമായി മാറിയതുകൊണ്ടു മാത്രമാവില്ല, സാഹിത്യത്തിന്റെ ‘സ്വതന്ത്രമായ അസ്തിത്വം’, അതിന്റെ വൈയക്തികമായ ശേഷി, മനസിലാക്കുന്നതിന് അപ്രാപ്തമായ അതിന്റെ വിചാരപരിമിതികൊണ്ടുകൂടിയാകണം- കരുണാകരൻ എഴുതുന്നു.

സാഹിത്യത്തെ ഒരു ജൈവസന്നദ്ധതയായി കാണാമെങ്കിൽ അത് അധികാര സങ്കൽപ്പങ്ങൾക്ക്‌ സമാന്തരമായും അവയിൽ ഇടപെട്ടും നീങ്ങുന്ന ഒരു ‘സ്വതന്ത്ര പ്രവൃത്തി’യാണ്: മനുഷ്യകുലത്തിന്റെ അന്യൂനമായൊരു കണ്ടുപിടുത്തം.

കഴിഞ്ഞ ദിവസം മരിച്ച മരിയോ വർഗാസ് യോസ 'സിവിൽ സമൂഹത്തിൽ എഴുത്തുകാർ ഇടപെടണം' എന്ന് പറഞ്ഞപ്പോൾ ഉദ്ദേശിച്ചതും അത്തരമൊരു സന്നദ്ധതയാകണം. എന്നാൽ, തത്വചിന്താപരവും രാഷ്ട്രീയപരവുമായ ആശയശാസ്ത്രങ്ങൾ എങ്ങനെ തന്റെ സാഹിത്യത്തിനുവേണ്ടി മാറി മറിഞ്ഞു എന്ന് പറയുന്ന ഒരു സന്ദർഭം യോസയുടെ The Fictions of Borges എന്ന മനോഹരമായ പ്രബന്ധത്തിലുണ്ട്. (Wellsprings)

എല്ലാ സ്പാനിഷ് എഴുത്തുകാരെയും പോലെ ബോർഹസ് യോസയുടെയും എഴുത്തുകാരനാണ്. അത്ഭുതം തോന്നില്ല, ഭാവനയുടെ മഹത്തായ സാധ്യതകൾ ഫിക്ഷന്റെ പരമമായ ഉപയോഗമായി കാണുന്ന ആർക്കും, ഏതുഭാഷയിലും, ബോർഹസ് പകർന്ന ധൈര്യം അതിരറ്റതാണ്. യോസയെ ബോർഹസ് ബാധിക്കുന്നത് പക്ഷേ മറ്റൊരു വിധത്തിൽക്കൂടിയാണ്. യോസ അതിങ്ങനെ വിവരിക്കുന്നു:

In a clinically pure way, he (Borges) stood for everything Sartre had taught me to hate: the artist retreating from the world around him to take refuge in a world of intellect, erudition, and fantasy, the writer looking down on politics, history, and day-to-day reality, while shamelessly displaying his skepticism and wry disdain for everything that was not literature, the intellectual who not only allowed himself to treat ironically the dogmas and utopias of the left but who took his own iconoclasm to the extreme of joining the Conservative party and breezily justifying this move by claiming that gentlemen prefer lost causes.

കലയുടെ ‘സാമൂഹ്യോപയോഗം’ ഒരു ആശയശാസ്ത്രമായി സ്വീകരിക്കുന്ന ആരും തന്റെ കലയ്ക്കകത്ത് അനുഭവിക്കുന്ന പരിമിതിയെ മറച്ചു വെയ്ക്കുന്നത് അതേ ആശയശാസ്ത്രത്തിന്റെ സ്ഥാപനങ്ങളുടെ അവശ്യങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ്. യോസ, തന്റെ 'ഇടത് ചായ്‍വ്' ഉപേക്ഷിക്കുന്നത് ലാറ്റിനമേരിക്കൻ അധികാര രാഷ്ട്രീയത്തിൽ ‘ഇടത്’ മറ്റൊരു ഫാഷിസ്റ്റ് രാഷ്ട്രീയമായി മാറിയതുകൊണ്ടു മാത്രമാവില്ല, സാഹിത്യത്തിന്റെ ‘സ്വതന്ത്രമായ അസ്തിത്വം’, അതിന്റെ വൈയക്തികമായ ശേഷി, മനസിലാക്കുന്നതിന് അപ്രാപ്തമായ അതിന്റെ വിചാരപരിമിതികൊണ്ടുകൂടിയാകണം. 'ഇടത്' എന്നാൽ, സാഹിത്യത്തെ സമ്പന്ധിച്ചും, ഭരണകൂട സങ്കൽപ്പത്തിന്റെ യാഥാസ്ഥിതികമായ ഒരു ശീലത്തെ മതപരമായ ചിട്ടയോടെ പിന്തുടരുക എന്നാണ്. അത് ‘സ്വതന്ത്രം’ എന്ന വാക്കിനെ തന്നെ ഭയപ്പെടുന്നു. കലയെ അവിശ്വസിക്കാൻ പ്രേരിപ്പിക്കുന്നു. ‘സാർത്രെ ബാധ’ യോസയെ വിട്ടു പോകുന്നത് അങ്ങനെയാണ്. തന്റെ എഴുത്തിൽ രാഷ്ട്രീയം ഒരു കലാനുഭവമാകുന്നു എന്ന് പറയാതെ പറയുകയും ചെയ്യുന്നു.

ഞാനീ വേർപാട് ആലോചിച്ചതും അങ്ങനെയാണ്: യോസയുടെ സമകാലികരായ നമ്മുടെ എഴുത്തുകാർ, ഇത്തരം ‘യോസാ മുഹൂർത്തങ്ങളെ’ നേരിട്ട വിധം: അവർ എഴുതിയ ഭാഷയുടെ ‘രാഷ്ട്രീയ രാജ്യം’ ഇത്തരം ഇടത് ഭരണത്തിന്റെ സ്വേച്ഛാധിപത്യങ്ങളുടെ കേരള വേർഷൻ അനുഭവപ്പെടുത്തുമ്പോഴും ഇവർ തങ്ങളുടെ ഭരണകൂട സങ്കൽപ്പമായി അതേ ആശയശാസ്ത്ര ത്തെ കൂടെ കൂട്ടി. ഗവൺമെൻറ് എന്ന വാക്കുകൊണ്ട് അതിനെ പവിത്രവൽക്കരിച്ചു. ചലനാത്മകമായ ജനാധിപത്യത്തിന്റെ ഒരു Utopian സ്വാസ്ഥ്യം, ഒരു കെട്ടിക്കിടപ്പ്, ഇന്നും അവർ കമ്മ്യൂണിസത്തിൽ കാണുന്നു: അതിന്റെ എല്ലാ ചരിത്രസന്ധികളിലും മൂക്ക് മുട്ടിയ്ക്കുമ്പോഴും. തങ്ങളുടെ ഗവൺമെൻറ് എന്ന് ഈ ആധിപത്യത്തെ അവർ പരിചയപ്പെടുത്തുന്നു

യോസയുടെ വലത് മാറ്റം ഇടത്തുനിന്ന് നോക്കുമ്പോൾ പിന്തിരിപ്പനാണ്. പക്ഷേ അത് സംവേദനക്ഷമതയുള്ള, സംവാദസന്നദ്ധമായ, ഒരു രാഷ്ട്രീയത്തിന്റെ കൂടിയാണ്. അതായത്, ഈ കുറിപ്പിൽ ആദ്യം എഴുതിയ പോലെ സാഹിത്യത്തിന്റെ ജൈവസന്നദ്ധതയാണ്. അത് അത്രയും പ്രധാനപ്പെട്ടതുമാണ്.


Summary: Renowned Latin American Novelist Mario Vargas Llosa passes away. Malayalam writer Karunakaran on Llosa's political stands.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments