ഗായികയും നടിയുമായി ആറു പതിറ്റാണ്ട് മലയാള സിനിമയിൽ നിറഞ്ഞുനിന്ന കവിയൂർ പൊന്നമ്മ, ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച അഭിനേത്രി കൂടിയാണ്. 1962-ൽ തുടങ്ങിയ അവരുടെ സിനിമാജീവിതം 700-ലേറെ സിനിമകളിൽ പടർന്നുകിടക്കുന്നു.
നാടകങ്ങളിൽനിന്ന് സിനിമയിലെത്തിയ അവർ തുടക്കം മുതൽ അമ്മ വേഷങ്ങളിലാണ് ശ്രദ്ധിക്കപ്പെട്ടത്. അതോടെ, മലയാള സിനിമയിലെ അമ്മ വേഷങ്ങളുടെ പ്രതീകം തന്നെയായി മാറി.
ആറന്മുള്ള പൊന്നമ്മ, പങ്കജവല്ലി, അടൂർ ഭവാനി, ടി.ആർ. ഓമന, സുകുമാരി, അടൂർ പങ്കജം, ഫിലോമിന എന്നിവരുടെ വൈവിധ്യമാർന്ന അമ്മവേഷങ്ങളുടെ തുടർച്ചയായിരുന്നു കവിയൂടെ പൊന്നമ്മയുടേത്. എന്നാൽ, കവിയൂർ പൊന്നമ്മയുടെ അമ്മമാർക്കാണ് നിത്യഹരിതമായ സ്വീകാര്യത ലഭിച്ചത്.
സത്യനും പ്രേംനസീറും മുതൽ മലയാളത്തിലെ മിക്കവാറും എല്ലാ തലമുറകളിലെയും നടന്മാരുടെ അമ്മയായി അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിന്റെ അമ്മയായാണ് ഏറ്റവും കൂടുതൽ അഭിനയിച്ചതും ഏറ്റവും ശ്രദ്ധ നേടിയതും. തന്റെ മകനാണ് മോഹൻലാൽ എന്നുപോലും പലരും തെറ്റിധരിച്ചിട്ടുണ്ടെന്ന് അവർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അൻപതോളം സിനിമകളിൽ കവിയൂർ പൊന്നമ്മയും മോഹൻലാലും അമ്മയും മകനുമായി അഭിനയിച്ചു.
മമ്മൂട്ടിയുടെ അമ്മയായുള്ള തനിയാവർത്തനത്തിലെ വേഷം അവരുടെ മികച്ച പെര്‍ഫോമന്‍സുകളിലൊന്നായിരുന്നു.
തിലകനും കവിയൂർ പൊന്നമ്മയും ജീവിതപങ്കാളികളെന്ന നിലയ്ക്കാണ് 'കിരീടം' അടക്കമുള്ള സിനിമകളിൽ ശ്രദ്ധിക്കപ്പെട്ടതെങ്കിലും ദശകങ്ങൾക്കുമുമ്പേ തിലകന്റെ അമ്മയായും കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. പി.ജെ. ആന്റണി സംവിധാനം ചെയ്ത് 1973-ൽ പുറത്തിറങ്ങിയ പെരിയാർ എന്ന സിനിമയിലാണ് അവർ, അന്ന് പുതുമുഖമായിരുന്ന തിലകന്റെ അമ്മവേഷത്തിലെത്തിയത്.
കുടുംബിനി എന്ന സിനിമയിലാണ് ആദ്യമായി അമ്മവേഷത്തിലെത്തിയത്. 1965-ൽ ഇറങ്ങിയ തൊമ്മന്റെ മക്കൾ എന്ന സിനിമയിൽ സത്യന്റെയും മധുവിന്റെയും അമ്മയായി അഭിനയിച്ചത്,വെറും 20ാം വയസ്സിൽ. ഇരുവരുടെയും അമ്മ വേഷം ചെയ്യുന്നത് താനൊരു ക്രെഡിറ്റായാണ് എടുത്തതെന്ന് കവിയൂർ പൊന്നമ്മ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. രണ്ടു പേരുടെയും അമ്മയായി, ഇത്രയും ചെറുപ്പത്തിൽ അവരെ അഭിനയിപ്പിക്കാൻ സംവിധായകൻ ശശികുമാറിന് മടിയുണ്ടായിരുന്നു. എന്നാൽ, ‘ഒരു കുഴപ്പവും ഇല്ല, എനിക്ക് ചെയ്യാൻ താൽപര്യമാണ്’ എന്നായിരുന്നു കവിയൂർ പൊന്നമ്മ പറഞ്ഞത്.
1965-ൽ സത്യൻ നായകനായ ഓടയിൽ നിന്ന് എന്ന സിനിമയിൽ സത്യന്റെ നായികാകഥാപാത്രമായി. തന്റെ അച്ഛനേക്കാൾ പ്രായമുണ്ടായിരുന്നു സത്യന്. ഷീലയുടെ അതേ പ്രായമാണ് കവിയൂർ പൊന്നമ്മക്കെങ്കിലും ഷീല നായികയായി അഭിനയിച്ച സിനിമകളിൽ കവിയൂർ പൊന്നമ്മയ്ക്ക് അമ്മവേഷം തന്നെയായിരുന്നു.
അമ്മ വേഷങ്ങളിൽ ഒതുക്കപ്പെട്ടുവോ എന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞത്, ''എന്റെ ആരാധകർ വയസ്സായ അച്ഛന്മാരും അമ്മമാരുമാണ്. അവരുടെ സ്‌നേഹം എനിക്ക് ഊർജമാണ്. അത് നഷ്ടപ്പെടുത്താൻ എനിക്ക് ആഗ്രഹമില്ല'' എന്നാണ്.
പത്തനംതിട്ടയിലെ കവിയൂരിൽ 1945-ൽ ജനനം. കലാഭിരുചിയുള്ള കുടുംബമായിരുന്നു. പ്രമുഖ സംഗീതജ്ഞരായ എൽ.പി.ആർ. വർമയുടെയും വെച്ചൂർ എസ്. ഹരിഹരസുബ്രഹ്മണ്യയ്യരുടെയും ശിഷ്യയായി 12 വർഷം അവർ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. സ്‌കൂൾ കാലഘട്ടം മുതൽ അവർ സംഗീതക്കച്ചേരി നടത്തിയിരുന്നു. പ്രതിഭ ആർട്‌സ് എന്ന നാടകക്കമ്പനിയിൽ പാടുകയും ചെയ്തിരുന്നു.
എം.എസ്. സുബ്ബലക്ഷ്മിയെപ്പോലൊരു ഗായികയാകണമെന്നതായിരുന്നു അവരുടെ ഏറ്റവും വലിയ ആഗ്രഹം. ജി. ദേവരാജനാണ് അവരുടെ ശബ്ദം കേട്ടറിഞ്ഞ് നാടകങ്ങളിൽ പാടാൻ അവസരമൊരുക്കിയത്. എന്നാൽ, തോപ്പിൽ ഭാസിയുടെ ശ്രദ്ധയിൽ അവരുടെ അഭിനയപാടവമാണ് പതിഞ്ഞത്. അങ്ങനെ നാടകനടിയായി. കെ.പി.എ.സി അവതരിപ്പിച്ച തോപ്പിൽ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെയാണ് അരങ്ങിലെത്തിയത്, 14ാം വയസ്സിൽ. പുതിയ ആകാശം പുതിയ ഭൂമി, ഡോക്ടർ, അൾത്താര, ജനനി ജന്മഭൂമി തുടങ്ങിയ നാടകങ്ങളിൽ അവർ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ നാടകങ്ങളിൽഅഭിനയിക്കുന്നതിനിടെയാണ്, 1962-ൽ മെരിലാന്റ് പ്രൊഡക്ഷൻസിന്റെ ശ്രീരാമപട്ടാഭിഷേകം എന്ന സിനിമയിലേക്ക് ക്ഷണം ലഭിച്ചത്. കൊട്ടാരക്കര ശ്രീധരൻ നായരുടെ രാവണവേഷത്തിനുമുന്നിൽനിന്ന് കരയുന്ന മണ്ഡോദരിയുടെ വേഷത്തിൽനിന്നാണ് തുടക്കം.
1963-ൽ കാട്ടുമൈന എന്ന സിനിമയിലൂടെ പിന്നണിഗായികയായി മാറിയ അവർ നിരവധി സിനിമകൾക്കുവേണ്ടി പാടി. വെളുത്ത കത്രീന, തീർഥയാത്ര, ചിരിയോ ചിരി, ഇളക്കങ്ങൾ, ധർമയുദ്ധം തുടങ്ങിയ സിനിമകളിൽ ഗായികയുമായിരുന്നു കവിയൂർ പൊന്നമ്മ. തീർത്ഥയാത്രയിലെ ‘അംബികേ ജഗദംബികേ’ എന്ന ഭക്തിഗാനമാണ് അവർ പാടിയത്. അവർ പാടിയ പൂക്കാരാ പൂതരുമോ, വെള്ളിലം കാട്ടിലൊളിച്ചു കളിക്കുവാൻ എന്നീ നാടകഗാനങ്ങളും പ്രശസ്തങ്ങളാണ്.
മികച്ച സഹനടിക്കുള്ള പുരസ്‌കാരം 1971 മുതൽ തുടർച്ചയായി മൂന്നുവർഷവും പിന്നീട് 1994-ലും ലഭിച്ചു. 2021-ൽ പുറത്തിറങ്ങിയ ആണും പെണ്ണും, 2023-ൽ പുറത്തിറങ്ങിയ ഉപ്പൻകരയിലെ പുണ്യാളൻ എന്നിവയാണ് അവസാന സിനിമകൾ. മേഘതീർഥം എന്ന സിനിമ നിർമിച്ചിട്ടുണ്ട്. നിരവധി ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു.
സിനിമാ നിർമാതാവായിരുന്ന മണിസ്വാമിയാണ് ജീവിതപങ്കാളി. അദ്ദേഹം നിർമിച്ച ആദ്യ ചിത്രമായ റോസിയിലെ നായികയും കവിയൂർ പൊന്നമ്മയായിരുന്നു. പിന്നീട് അവർ വേർപിരിഞ്ഞു. 2011-ൽ മണിസ്വാമി മരിച്ചു.
അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ബിന്ദുവാണ് ഏക മകൾ. മരുമകൻ വെങ്കട്ടറാം യു.എസിലെ യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണിൽ പ്രൊഫസറാണ്. അന്തരിച്ച നടി കവിയൂർ രേണുക സഹോദരിയാണ്.