ഉസ്താദ് സാക്കിർ ഹുസൈൻ ജനിച്ചപ്പോൾ തന്നെ അള്ളാ രാഖ ആദ്യമായി അദ്ദേഹത്തിന്റെ ചെവിയിൽ തബലയുടെ 'ബോൾസ്' ആണ് ചൊല്ലിക്കൊടുത്തത് എന്നത് കെട്ടുകഥയല്ല. അതായിരുന്നു സാക്കിർ ഹുസൈന്റെ താളലോകയാത്രയുടെ തുടക്കം. ഹിന്ദുസ്ഥാനി സംഗീതത്തിലെ പുരാതന പഞ്ചാബ് ഘരാനയുടെ പ്രതിനിധിയാണല്ലോ അദ്ദേഹം. തബലവാദനത്തിന്റെ ക്ലാസിക്കൽ പാരമ്പര്യം തന്നെയാണ് അദ്ദേഹം കാത്തുസൂക്ഷിക്കുവാൻ പ്രത്യേക ശ്രദ്ധ പുലർത്തിയത്.
പക്ഷെ തബലയുടെ ശാസ്ത്രീയ അടിത്തറയിൽ നിന്നുകൊണ്ടുതന്നെ അദ്ദേഹം തബലയുടെയും ശാസ്ത്രീയ സംഗീതത്തിന്റെയും അനന്തമായ സാധ്യതകളും പരീക്ഷിച്ചു. മിക്കി ഹാർട്ട്, ജോൺ ഹാർഡി, ജോർജ് ഹാരിസൺ, ജാക്ക് ബ്രൂസ് തുടങ്ങിയ പാശ്ചാത്യ സംഗീതലോകത്തിലെ മഹാന്മാരുമായി വേദി പങ്കിട്ടു. ഈ കിഴക്കു-പടിഞ്ഞാറൻ സംഗീതസംഗമം ഒരു ലോക വിസ്മയമായി മാറി.
തബലയുടെ ആശയവിനിമയ സാധ്യതകളിൽ അഭിരമിക്കുമ്പോഴും കർണാടക സംഗീതത്തിലെ മഹാന്മാരായ കുന്നക്കുടി വൈദ്യനാഥൻ, എൽ. ശങ്കർ, വിക്കു വിനായകറാം, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ തുടങ്ങിയവരോടൊപ്പം അദ്ദേഹം വേദി പങ്കിട്ടു.
അദ്ദേഹത്തിന്റെ ആദ്യ സോളോ ആൽബം ‘മേക്കിങ് മ്യൂസിക്’ താളത്തിനും സംഗീതത്തിനും മഹത്തായ ശ്രദ്ധാഞ്ജലിയായി മാറി, ലോകമെമ്പാടും വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചു. 1992-ൽ മിക്കി ഹാർട്ടിനൊപ്പം അദ്ദേഹം ചെയ്ത മറ്റൊരു ആൽബം ഗ്രാമി അവാർഡ് നേടി. 100-ലധികം ആൽബങ്ങൾ ഇന്നും ലോക വിപണിയിലെ ബെസ്റ്റ് സെല്ലേഴ്സ് ആകുന്നു.
‘ലിറ്റിൽ ബുദ്ധ’, മെർച്ചന്റ് ഐവറിയുടെ ‘ഹീറ്റ് ആൻഡ് ഡസ്റ്റ്’, ഷാജി എൻ. കരുണിന്റെ ‘വാനപ്രസ്ഥം’ തുടങ്ങിയ ലോകപ്രശസ്ത സിനിമകളിലും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. 1988-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു, ഇത് നേടുന്ന ഏറ്റവും ചെറുപ്പം വാദ്യകലാകാരനും അദ്ദേഹം തന്നെ. 2002-ൽ പത്മഭൂഷണും 2023-ൽ പത്മവിഭൂഷണും നേടി.
ഗ്രാമി അവാർഡ്, സംഗീത നാടക അക്കാദമി അവാർഡ്, കാളിദാസ് സമ്മാൻ, അമേരിക്കൻ അവാർഡ്, പ്ലാനറ്റ് എം. അവാർഡ്, അമേരിക്കയിലെ നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ്, വാഷിംഗ്ടൺ ഡി.സി സർവകലാശാലയിൽ നിന്നുള്ള ഡോക്ടറേറ്റ്... അങ്ങനെ ബഹുമതികളും അംഗീകാരങ്ങളും പ്രവഹിച്ചുകൊണ്ടേയിരുന്നു.
സാക്കിർ ഹുസൈന്റെ ആദ്യ സോളോ ആൽബം ‘മേക്കിങ് മ്യൂസിക്’ താളത്തിനും സംഗീതത്തിനും മഹത്തായ ശ്രദ്ധാഞ്ജലിയായി മാറി, ലോകമെമ്പാടും വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചു.
എളിമയും സമർപ്പണവുമാണ് അദ്ദേഹത്തിൽനിന്ന് ലോകത്തിനു പഠിക്കാനുള്ള പാഠങ്ങൾ. മറ്റു സംഗീത ശാഖകളിൽ പരീക്ഷണങ്ങൾ നടത്തുമ്പോഴും അദ്ദേഹത്തിന്റെ ആദ്യ പ്രണയം എല്ലായ്പ്പോഴും ഇന്ത്യൻ സംഗീതത്തോടായിരുന്നു. ഇന്ത്യൻ സംഗീതത്തിന്റെ മറ്റ് ശാഖകളോടും അതിലെ ഗുരുക്കന്മാരോടും അദ്ദേഹത്തിന് അങ്ങേയറ്റം ബഹുമാനമുണ്ടായിരുന്നു.
ലോകത്തെമ്പാടുമായി അദ്ദേഹം ഓരോ വർഷവും ശരാശരി 200-ലധികം പരിപാടികൾഅവതരിപ്പിച്ചു വന്നിരുന്നു.
1999- ൽ നടന്ന താളോത്സവത്തിലാണ് ശ്രോതാവായി സാക്കിർ ഹുസൈൻ മുംബൈയിൽ കേളിയുടെ കലാസ്വാദക സമൂഹത്തിലേയ്ക്ക് ആദ്യമായി എത്തുന്നത്. പിന്നീട് കേരളത്തിന്റെ ഓരോ താളവൃന്ദവും, പഞ്ചവാദ്യവും, മേളവും താളവും സ്വന്തം ഹൃദയത്തുടിപ്പായി അദ്ദേഹം ഏറ്റുവാങ്ങി. കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകാലവും അദ്ദേഹം ആ ഉന്മാദം അതേ തീവ്രതയോടെ ഹൃദയത്തിൽ കൊണ്ടു നടന്നിരുന്നു.
ഒരിക്കൽ പല്ലാവൂർ അപ്പു മാരാരുടെ തായമ്പക കേൾക്കാൻ അദ്ദേഹം വൈ. ബി. ചവാൻ സെന്ററിൽ എത്തി. തായമ്പക കഴിഞ്ഞ് അദ്ദേഹത്തിന്റെ പാദങ്ങളിൽ സാഷ്ടാംഗം വീണ് നമസ്കരിച്ചു. പല്ലാവൂർ അപ്പുമാരാർ ആത്മകഥയിൽ ഈ ഒരനുഭവത്തിനായി ഒരു മുഴുവൻ പേജും മാറ്റി വെച്ചിട്ടുണ്ട്. മട്ടന്നൂരിന്റെ ചെണ്ടയുമായി അദ്ദേഹത്തിന്റെ തബല സംവദിച്ചതിന് 2017- ൽ പെരുവനം ഗ്രാമത്തിൽ തടിച്ചു കൂടിയ പതിനായിരങ്ങൾ സാക്ഷി.
അള്ളാ രാഖയുടെ നൂറാം പിറന്നാളിന്റെ ഭാഗമായി മട്ടന്നൂരിനെയും സംഘത്തെയും ചെണ്ടയെയും അദ്ദേഹം അമേരിക്കയിലേക്ക് കൊണ്ടുപോയി. ഒരു മാസം മുഴുവൻ ചെണ്ടയും തബലയും ചേർന്ന് താള വൃന്ദം അവതരിപ്പിച്ചു.
അള്ളാ രാഖയുടെ നൂറാം പിറന്നാളിന്റെ ഭാഗമായി മട്ടന്നൂരിനെയും സംഘത്തെയും ചെണ്ടയെയും അദ്ദേഹം അമേരിക്കയിലേക്ക് കൊണ്ടുപോയി. ഒരു മാസം മുഴുവൻ ചെണ്ടയും തബലയും ചേർന്ന് താള വൃന്ദം അവതരിപ്പിച്ചു. അവസാനം അദ്ദേഹം പരിപാടി അവതരിപ്പിച്ചത് കഴിഞ്ഞ വർഷം ഡിസംബർ 13 ന് വാഷിയിലെ സിഡ്കോ എക്സിബിഷൻ സെന്ററിലായിരുന്നു. അദ്ദേഹത്തിന് പുരസ്കാരം നൽകാനെത്തിയ കുട്ടൻ മാരാരുടെ 70-ാം പിറന്നാൾ കൂടിയായിരുന്നു അന്ന്. ആ സദസ്സിൽ തനിക്കു ലഭിച്ച ആജീവനാന്ത പുരസ്കാരത്തെക്കാൾ സാക്കിർ ഹുസൈൻ ആഘോഷമാക്കിയത് കുട്ടൻ മാരാരരുടെ പിറന്നാളായിരുന്നു. സഹ കലാകാരൻമാരോട് അതേത് വാദ്യമാവട്ടെ, ദേശമാകട്ടെ, അവരോട് അദ്ദേഹത്തിനുള്ള ആദരവും വിനയവും അണ പൊട്ടിയൊഴുകുന്ന സ്നേഹവും ലോകത്തിന് മാതൃകയാവുന്നു.
ഒരു സംഘാടകൻ എന്ന നിലയിൽ എനിക്കദ്ദേഹം അപര സാമ്യങ്ങളില്ലാത്ത ധ്രുവനക്ഷത്രമാണ്. 15 വർഷം മുമ്പ് സാഹചര്യത്തിന്റെ പ്രാതികൂല്യങ്ങളാൽ ഞാൻ നേതൃത്വം നൽകുന്ന സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകാനാവാതെ വന്നു. അന്നത് ഈ സംഘടനയുടെ അവസാനത്തെ പരിപാടിയാകും എന്നെനിക്ക് തോന്നി. മുംബയിലെ ഹോർണമാൻ സർക്കിളിൽ പരിപാടി നടക്കുന്നതിനിടയിൽ, അദ്ദേഹം ഒറ്റയ്ക്ക് മാറിയിരുന്ന എന്റെ അടുത്തെത്തി. സഞ്ജന കപൂർ എന്റെ പ്രതിസന്ധി അദ്ദേഹത്തെ അറിയിച്ചു.
എന്നെ ചേർത്തുനിർത്തി അദ്ദേഹം പറഞ്ഞു; ‘പണം ഒരു പരിമിതിയാവരുത്, ഒന്നിനും ഒരു സ്വപ്നങ്ങൾക്കും.... ഞാനുണ്ട് കൂടെ’.
അതൊരു വെറും വാക്കായിരുന്നില്ല. അദ്ദേഹം അത് പാലിച്ചു. അവസാന ശ്വാസം വരെ. ഇപ്പോൾ വാക്കുകൾ നിലച്ചുപോകുന്നത് എനിക്കാണ്.