കല എപ്പോഴും സമൂഹത്തെ ചലനാത്മകമാക്കാറുണ്ട്, ശാസ്ത്രം സദാ സമൂഹത്തെ കൂടുതൽ ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കാറുമുണ്ട്. കലയും ശാസ്ത്രവും പ്രവർത്തനം കൊണ്ട് വ്യത്യസ്തമാണെങ്കിലും ഇതു രണ്ടും സമൂഹത്തിൽ സൃഷ്ടിക്കുന്ന സ്വാധീനം വളരെ വലുതാണെന്ന് പറയാം. ഇത് രണ്ടും സംഗമിച്ച ഒരു വ്യക്തിയായിരുന്നു സൂര്യ കൃഷ്ണമൂർത്തി. ഇന്ത്യയിലെ ഔദ്യോഗിക ശാസ്ത്രഏജൻസിയായ ISRO-യിൽ നിന്ന് സ്വതന്ത്ര കലാപ്രവർത്തനങ്ങളിലേക്ക് തന്റെ ജീവിതം മാറ്റിവെച്ച് അദ്ദേഹം അനേകം കലാകാരർക്ക് ആശ്രയിക്കാവുന്ന പ്രപഞ്ചമായി മാറുകയായിരുന്നു.
ശാസ്ത്രലോകത്തുനിന്ന് കലാരംഗത്ത് എത്തുകയും അവിടെ സജീവമായി നിലനിൽക്കുകയും നിരവധി ആളുകളെ നിലനിർത്തുകയും ചെയ്ത സംഘാടകൻ എന്ന നിലയ്ക്ക് സൂര്യ കൃഷ്ണമൂർത്തി എക്കാലവും ഓർക്കപ്പെടും.
1948-ൽ കോട്ടയം ജില്ലയിൽ ജനിച്ച നടരാജകൃഷ്ണ മൂർത്തി എന്ന സൂര്യ കൃഷ്ണമൂർത്തി എൻജിനീയറിങ് ബിരുദത്തിനുശേഷം ISRO-യിൽ ശാസ്ത്രജ്ഞനായി ചേരുകയായിരുന്നു. ഇന്ത്യയുടെ മിസൈൽമാനായ ഡോ. എ.പി.ജെ. അബ്ദുൽ കലാമിനോടൊപ്പം പ്രവർത്തിച്ചു. 27 വർഷത്തിലധികം ISRO-യിൽ പ്രവർത്തിച്ചശേഷമാണ് അദ്ദേഹം കലയുടെ സാധ്യതകൾ മലയാളികൾക്കും രാജ്യത്തിനും ഒരുപക്ഷേ ലോകത്താകമാനവും പരീക്ഷിക്കാനിറങ്ങിയത്.

രാജ്യത്ത് അടിയന്തരാവസ്ഥയുടെ അലയൊലി അവസാനിക്കുന്നതിന്റെ സമയത്ത് തന്നെയാണ് സൂര്യകൃഷ്ണ മൂർത്തി സ്വതന്ത്ര കലാപ്രവർത്തനങ്ങളിലേക്ക് പ്രവേശിക്കുന്നത്. 1977-ൽ സൂര്യ ഫിലിം ആന്റ് സ്റ്റേജ് സൊസൈറ്റി സ്ഥാപിച്ച് കലാ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു തുടങ്ങി. തിരുവനന്തപുരത്ത് ടാഗോർ അടക്കമുള്ള ഹാളുകളിൽ 100 ദിവസത്തിലധികം നീണ്ടുനിൽക്കുന്ന കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ച ‘സൂര്യ ഫെസ്റ്റിവൽ’ മലയാളികൾക്ക് വ്യത്യസ്തമായ അനുഭവമായി മാറുകയായിരുന്നു. വിശ്വപ്രസിദ്ധ കലാകാരരെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന മനോഹരമായ ആശയം തൻറെ കലാ ജീവിതത്തിൻറെ പ്രവർത്തന മൂല്യം കൊണ്ട് നേടിയെടുത്ത ആളായിരുന്നു സൂര്യ കൃഷ്ണമൂർത്തി. അതുകൊണ്ടുതന്നെ വിശ്വപ്രതിഭകൾ സൂര്യ കൃഷ്ണമൂർത്തിയുടെ ഒരു വിളിക്കപ്പുറത്ത് സൂര്യയുടെ വേദികളിൽ സജീവമായി നിന്നു.
യേശുദാസ് അടക്കമുള്ള കലാകാരർ വർഷങ്ങളോളം മുടങ്ങാതെ സൂര്യയുടെ വേദികളിൽ എത്തിയിരുന്നതും ഇത്തരം ബന്ധം കൊണ്ടാണ്. സംഗീതം, നൃത്തം, നാടകം തുടങ്ങി കലയുടെ സമഗ്ര മേഖലകളും സൂര്യ വേദിയിൽ ഒന്നുപോലെ തിളങ്ങി. ലോകം ആദരിക്കുന്ന എം.എസ് സുബ്ബലക്ഷ്മി, പത്മ സുബ്രഹ്മണ്യം, ഉസ്താദ് ബിസ്മില്ലാ ഖാൻ, പണ്ഡിറ്റ് ജസ് രാജ്, ബാലമുരളീകൃഷ്ണ, ശോഭന തുടങ്ങി നിരവധി കലാകാരർക്ക് അരങ്ങാവാൻ സൂര്യയ്ക്ക് കഴിഞ്ഞു. അതിലും എത്രയോ അധികമാണ് പുതിയ കലാകാരർക്ക് നൽകിയ അവസരം. ഒറ്റയ്ക്കും ചെറിയ സംഘമായുമൊക്കെ കലാരംഗത്ത് നിന്നവരെ സൂര്യയുടെ വേദിയിലേക്ക് വളരെ സ്നേഹത്തോടെ കൈപിടിച്ച് കയറ്റാൻ കൃഷ്ണമൂർത്തിക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് കലയുടെ ആകാശത്ത് അനേകം നക്ഷത്രങ്ങളെ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്.
ഒരേസമയം അരങ്ങായി മാറാനും അവതരണത്തിന്റെ അടയാളമാകാനും ‘സൂര്യ’യ്ക്കും കൃഷ്ണമൂർത്തിക്കും കഴിഞ്ഞു.
സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി ആദ്യം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് ലൈറ്റ് ആൻഡ് സൗണ്ട് ഷോകളിലൂടെ ആയിരുന്നു. അതുവരെ അത്ര പരിചിതമല്ലാതിരുന്ന ഈ മേഖലയിൽ വ്യത്യസ്തങ്ങളായ പരീക്ഷണങ്ങൾ നടത്തി ഇതിനെ ജനകീയമാക്കുന്നതിൽ കൃഷ്ണമൂർത്തിയുടെ പങ്ക് എടുത്തു പറയേണ്ടതാണ്. അതുകൊണ്ടുതന്നെ ഇതിന്റെ തുടക്കക്കാരൻ എന്ന നിലയ്ക്കു കൂടി അദ്ദേഹത്തെ അടയാളപ്പെടുത്താം.
അതോടൊപ്പം, സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളും ഒപ്പം ഇതിഹാസങ്ങളും മിത്തുകളും ഉൾച്ചേർത്തുകൊണ്ടുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾ, നാടകങ്ങളായും ഇതര കലാപ്രകടനങ്ങളായും നിരവധി വേദികളിൽ ലോകത്താകമാനം അവതരിപ്പിക്കപ്പെട്ടു. ഇന്ന് സൂര്യയ്ക്ക് ലോകത്താകമാനം 40-ലധികം രാജ്യങ്ങളിൽ സങ്കേതങ്ങളുണ്ട്.

കലാപ്രവർത്തനത്തെ ഏതെങ്കിലും ഉയർന്ന വിഭാഗത്തിന്റെ മാത്രം പ്രവർത്തനമാണെന്ന് കൃഷ്ണമൂർത്തി കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെ അതിനെ പരമാവധി ജനകീയമാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് അദ്ദേഹം ഉടനീളം നടത്തിയത്. കലാകാരർക്ക് സമൂഹത്തിൽ അർഹമായ ഇടം ലഭിക്കുന്നതിനൊപ്പം, അവർക്ക് അനുയോജ്യമായ വേദികൾ ലഭിക്കേണ്ടതും സമൂഹത്തിൻറെ ആവശ്യമാണ് എന്ന യാഥാർത്ഥ്യം പൂർണ്ണമായും ഉൾക്കൊണ്ടാണ് സൂര്യയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു പോയിട്ടുള്ളത്. അതുകൊണ്ടുതന്നെ കൃഷ്ണമൂർത്തി സ്വന്തം വീടിന്റെ ഒരു ഭാഗം തന്നെ ‘ഗണേശം’ എന്ന പേരിൽ ഒരു സ്ഥിരം വേദിയായി മാറ്റിയെന്നത് അദ്ദേഹത്തിന്റെ ഇത്തരം താൽപര്യങ്ങളെ എടുത്ത് കാണിക്കുന്ന ഉദാഹരണമാണ്. അവിടെ നടക്കുന്ന യാതൊരു കലാപ്രവർത്തനത്തിനും ഒരുതരത്തിലുള്ള പ്രതിഫലവും അദ്ദേഹം വാങ്ങിയില്ല എന്നത് ശ്രദ്ധിക്കപ്പെടേണ്ട വസ്തുതയാണ്. ഒപ്പം അദ്ദേഹത്തിന്റെ നാടകങ്ങൾ അവതരിപ്പിക്കപ്പെട്ട പല വേദികളിലും സൗജന്യമായാണ് ഷോകൾ സംഘടിപ്പിച്ചത്.
ഒറ്റയ്ക്കും ചെറിയ സംഘമായുമൊക്കെ കലാരംഗത്ത് നിന്നവരെ സൂര്യയുടെ വേദിയിലേക്ക് വളരെ സ്നേഹത്തോടെ കൈപിടിച്ച് കയറ്റാൻ കൃഷ്ണമൂർത്തിക്ക് കഴിഞ്ഞിരുന്നു.
ഒരു പ്രത്യേക കലാരൂപം എല്ലാ വിഭാഗം ആളുകളെയും ആസ്വദിപ്പിക്കാറില്ല. എന്നാൽ കലയുടെ വൈവിധ്യം എല്ലാ വിഭാഗം ആളുകളെയും ആസ്വാദനത്തിന്റെ ലഹരിയിലേക്ക് തള്ളിവിടുകയും ചെയ്യും. ഈ യാഥാർത്ഥ്യബോധം തന്നെയാണ് കലകളിലെ വൈവിധ്യങ്ങളെ ഏവർക്കും ആകർഷകമാകുന്ന രീതിയിലുള്ള ശബ്ദ- വെളിച്ച വിന്യാസത്തോടു കൂടിയുള്ള സ്റ്റേജ് ഷോകളാക്കി അവതരിപ്പിക്കാൻ സൂര്യ കൃഷ്ണമൂർത്തിയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. അതിൽ സംഗീതം, നാടകം നൃത്തം മറ്റ് സൗണ്ട് ഷോകൾ എന്നിവയെല്ലാം ഉൾച്ചേർത്തിരുന്നു. ഒരേസമയം അരങ്ങായി മാറാനും അവതരണത്തിന്റെ അടയാളം ആകാനും സൂര്യയ്ക്കും കൃഷ്ണമൂർത്തിക്കും കഴിഞ്ഞു.
കലയുടെ വിശാലമായ ക്യാൻവാസിലേക്ക് ആസ്വാദകനായും സംഘാടകനായും പുതിയ പരീക്ഷണങ്ങളുടെ സൃഷ്ടാവായും എല്ലാം പ്രവർത്തിച്ച കൃഷ്ണമൂർത്തി അനേകം നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും അവതരിപ്പിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. ‘നീല വെളിച്ചം’, ‘സ്ത്രീപർവ്വം’, ‘പുലരി’, ‘സൂര്യകാന്തി’, ‘സമവാക്യം’, ‘തുടർച്ച’ എന്നിങ്ങനെ നിരവധിയായ, കാതലായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നാടകങ്ങൾ അനേകം വേദികളിൽ അവതരിപ്പിക്കപ്പെട്ടു. കല എന്ന ക്യാൻവാസിലൂടെ കൃഷ്ണമൂർത്തി നടത്തിയ സാമൂഹിക ഇടപെടൽ അനേകം മനുഷ്യരിൽ ആസ്വാദനത്തിലൂടെ ആശയങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്ന രീതിയിലേക്ക് മാറി എന്നതും കലയുടെ ശക്തിയും അതിനായി ഒരു വ്യക്തി നടത്തിയ ഇടപെടലുകളുടെയും അടയാളങ്ങൾ കാണാം. ‘മേൽവിലാസം’ എന്ന ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയ്ക്ക് തിരക്കഥ എഴുതാനും കൃഷ്ണമൂർത്തിക്ക് കഴിഞ്ഞത് അതുകൊണ്ടു തന്നെയാണ്.

കലാകാരർക്ക് സ്വന്തമായി അരങ്ങ് ഒരുക്കുന്ന പ്രവർത്തനങ്ങൾക്ക് അപ്പുറത്ത് കുറച്ചുകൂടി ഔദ്യോഗിക സംഘാടക പ്രവർത്തനങ്ങളിലേക്കും കൃഷ്ണമൂർത്തിയുടെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷനായും ചലച്ചിത്ര അക്കാദമി വൈസ് പ്രസിഡണ്ടായും നിരവധി സമിതികളിൽ ജൂറി അംഗമായുമെല്ലാം കൃഷ്ണമൂർത്തി പ്രവർത്തിച്ചിരുന്നു. തനിക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളും സ്വതന്ത്രമായ കലാപ്രവർത്തനമായി കണ്ടിരുന്ന കൃഷ്ണമൂർത്തിയെ തേടി ധാരാളം പുരസ്കാരങ്ങൾ എത്തി. മികച്ച സ്റ്റേജ് ആൻഡ് ക്രാഫ്റ്റിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരവും സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ഉൾപ്പെടെ 70-ലധികം പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അതിൽ പല പുരസ്കാരങ്ങളും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി കൃഷ്ണമൂർത്തി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
കേരളത്തിന് ‘തിയറ്റർ ഓഫ് ഫ്രീഡം’ എന്ന ഒരു പുതിയ ആശയം പരിചയപ്പെടുത്തുകയും ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ ഉപജ്ഞാതാവായി മാറുകയും ചെയ്ത സൂര്യ കൃഷ്ണമൂർത്തി തന്റെ ജീവിതത്തിലും ഏറെ പിന്തുടരാവുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചതായി കാണാൻ കഴിയും. കലാകാരർക്ക് സാമ്പത്തിക സഹായം ചെയ്യുന്നതിലും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടൽ നടത്തുന്നതിലും അദ്ദേഹം ശ്രദ്ധ പുലർത്തി.
ശാസ്ത്രത്തിന്റെ ചുരുളഴിയാത്ത രഹസ്യങ്ങളിലേക്ക് തലച്ചോറുകൊണ്ടുപായുന്ന കാലത്തും സമൂഹത്തിന്റെ പുരോഗതിക്ക് കലയെ യുക്തിപൂർവ്വം ഉപയോഗിക്കാൻ കഴിയും എന്ന ചിന്തയിലൂടെ ശാസ്ത്രലോകത്തുനിന്ന് കലാരംഗത്ത് എത്തുകയും അവിടെ സജീവമായി നിലനിൽക്കുകയും നിരവധി ആളുകളെ നിലനിർത്തുകയും ചെയ്ത സംഘാടകൻ എന്ന നിലയ്ക്ക് സൂര്യ കൃഷ്ണമൂർത്തി എക്കാലവും ഓർക്കപ്പെടും. അത് നിരവധിപേർക്ക് അരങ്ങായതുകൊണ്ടും ഇടം നഷ്ടപ്പെട്ടവർക്ക് വേദിയായതുകൊണ്ടും മാത്രമല്ല, മറിച്ച് കലയുടെ സാധ്യതകളെ മുൻനിർത്തിയുള്ള പരീക്ഷണങ്ങളുടെയും നിരന്തര പരിശ്രമങ്ങളുടെയും പേരിലായിരിക്കും ഭാവി തലമുറ സൂര്യ കൃഷ്ണമൂർത്തിയെ ഓർക്കുക.

