ഇരകൾ, ഇന്ദിര, ഖലിസ്ഥാൻ, മരണം; കെ.ജി. ജോർജിന്റേത്

1994 മൈയ് 14 ന് മലയാള മനോരമയിൽ 'കാഴ്ചയുടെ ഞെട്ടലായി മരണം' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ഫീച്ചർ പുനപ്രസിദ്ധീകരിക്കുന്നു.

ഇന്ന് പകൽ മുഴുവൻ ജോർജ് പറഞ്ഞതു മരണത്തെക്കുറിച്ചായിരുന്നു. ഉറങ്ങാൻ കിടന്നപ്പോഴും മനസ്സിൽ ഒരു മരണം കറങ്ങുന്നുണ്ട്. ഇപ്പോൾ പുറത്തു മഴ കനക്കുന്നു. തുലാവർഷം പോലൊരു മഴ കുംഭമാസത്തിൽ! ആദ്യമാദ്യം കിടക്കുന്ന കട്ടിലിന്റെ കാൽ വായുവിൽ കടഞ്ഞുവരുകയും അതിനു കോമ്പല്ലുകൾ വളരുകയും ചെയ്യുന്നതായി തോന്നി. പിന്നെ അത് മുയലിന്റെ ചെവികളും പട്ടിയുടെ പല്ലും പൂച്ചയുടെ ശബ്ദവുമുള്ള ഭീകരതയായി മാറി. ഉറക്കത്തിൽ കടലോളം വലിയൊരു സ്ക്രീൻ ജോർജിന്റെ മനസ്സിൽ തെളിഞ്ഞു.

കുരിശുയുദ്ധം കഴിഞ്ഞു തിരിക്കുകയാണ് ജോർജ്. പ്രതീക്ഷകൾ കരിഞ്ഞ മനസ്സ്, വിശ്വാസത്തിനും ബലം പോരാ. മഴ ഓങ്ങിനിൽക്കുന്ന ആകാശത്തിനു കീഴിലെ ഒരു കടൽത്തീരത്താണ് താനിപ്പോൾ. തിരമാലകൾ.

ദ സെവൻത് സീൽ

മരണം ഇവിടെ ചുറ്റിപ്പറ്റി നിൽക്കുകയാണ്. ഈ പ്രദേശത്ത് ഒരു മാറാവ്യാധി പടർന്നിരിക്കുന്നു. കറുത്ത് അയഞ്ഞ വസ്ത്രത്തിനുള്ളിൽ വെളുത്ത മുഖം പേറുന്ന മരണത്തെ ജോർജ് നേരിൽ കാണുന്നു. കടലിരമ്പത്തോടു ചേർന്ന് അയാൾ മരണവുമായി ചതുരംഗം കളിക്കുന്നു. പിശാചുമായി ഇണചേർന്നവളെയാണ് പിന്നീട് ജോർജ് ദർശിക്കുന്നത്. വിശ്വാസികൾ അവളെ വധിക്കാനടുക്കുമ്പോൾ ജോർജ് അവൾക്കു വേദന കുറയ്ക്കാനുള്ള സംഹാരി നൽകുന്നു. പിന്നീട് നന്മനിറഞ്ഞ ഒരു കുടുംബത്തിന്റെ സൽക്കാരവും കഴിഞ്ഞു ഭാര്യയുടെ അടുത്തെത്തുമ്പോൾ വഴിയിലൊരിടത്തും ദൈവമില്ലെന്നു തിരിച്ചറിയുന്നു.

ഈ ബ്ലാക്ക് ആൻഡ് വൈറ്റ് സ്വപ്നം മങ്ങിയവസാനിച്ചപ്പോൾ ജോർജ് ഞെട്ടിയുണർന്നു. അന്നേരം അയാൾ കണ്ടത് കുന്നിൻ ചരിവിലൂടെ മരണനൃത്തം ചവിട്ടി കടന്നുപോകുന്ന മനുഷ്യരൂപങ്ങളെയാണ്. നേരത്തേ താൻ ‘സെവൻത് സീലി’ലെ അന്റോണിയസ് ബ്ലോക്ക് ആയിരുന്നെന്ന് ജോർജ് തിരിച്ചറിഞ്ഞു. പണ്ടെപ്പോഴോ കണ്ടുമറന്ന ഈ ബർഗ്മാൻ ചിത്രം അനാവശ്യമായി അനവസരത്തിൽ മനസ്സിൽ കിടന്നു പിടയുന്നു.

അന്നേരം അയാൾ കണ്ടത് കുന്നിൻ ചരിവിലൂടെ മരണനൃത്തം ചവിട്ടി കടന്നുപോകുന്ന മനുഷ്യരൂപങ്ങളെയാണ്. നേരത്തേ താൻ ‘സെവൻത് സീലി’ലെ അന്റോണിയസ് ബ്ലോക്ക് ആയിരുന്നെന്ന് ജോർജ് തിരിച്ചറിഞ്ഞു.

ഇങ്മർ ബർഗ്മാൻ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. “എന്റെ മരണഭീതിയാണ് ആ ചിത്രം. ചിത്രമെടുത്തു കഴിഞ്ഞ ഉടനെ എന്റെ മരണഭീതി എന്നെ വിട്ടുപോവുകയും ചെയ്തു.”

പാതിരാത്രിയിൽ ജോർജ് ഉറക്കമെഴുന്നേറ്റു പുറത്തെ മുറിയിൽ വന്നിരുന്നു. അവിടെ ചാരുകസേരയിൽ കണ്ണുകൾ തുറന്നുവച്ചുകൊണ്ടിരുന്നു.

ബീറ്റിൽസ്,

ഫ്ളവർ ചിൽഡൺ,

വിയറ്റ്നാം.

ഇങ്ങനെയോരോന്നു മനസ്സിൽ ചലിച്ചു. കടന്നുപോന്ന വഴികളാണതൊക്കെ. ദൂരെയെവിടെനിന്നോ ഒരു അൾസേഷ്യൻ കുരയ്ക്കുന്നു. ചാരുകസേരയിൽ ഇരുന്ന് ഉറക്കം പിടിച്ചപ്പോൾ അതിസുന്ദരിയായ പെൺകുട്ടി ഒരു തെരുവിലൂടെ റോഡിറക്കം സൈക്കിളിൽ അതിവേഗം ഇറങ്ങുകയാണ്.

അപ്രതീക്ഷിതമായി റോഡിൽ ഉയർന്നുവന്ന തടസ്സത്തിൽ തട്ടി, കുട്ടി മുകളിലേക്കു തെറിച്ചുപോകുന്നു. പിന്നീട് കുട്ടിയുടെ ശരീരം സ്ലോമോഷനിൽ ചിതറി താഴേക്കു പതിക്കുന്നു. അതുകണ്ട് അടുത്ത മുറികളിൽനിന്ന് ജോർജിന്റെ, അടുത്തു മരിച്ച സുഹൃത്തുക്കളും പിതാ മഹന്മാരും ഓടിക്കൂടുന്നു. ഈ മരണം കനത്ത ഒരു പേടിസ്വപ്നമായി ജോർജിൽ ഉറഞ്ഞുകിടക്കുന്നു.

ഇങ്മർ ബർഗ്മാൻ

റോഡിലൂടെ അന്നാദ്യം കടന്നുപോയത് ഒരു മിലിറ്ററി വാഹനമാണ്. അന്നേരം നേരം പുലർന്നു. മുറ്റത്തിറങ്ങി പ്രഭാതനക്ഷത്രങ്ങളെ നോക്കി ഉലാത്തുമ്പോഴും ജോർജിന്റെ മനസ്സിൽ മരണം തളംകെട്ടി നിന്നു.

തിരുവല്ലയിലെ ബാല്യം, കുഞ്ഞായിരിക്കുമ്പോൽ ആഘാതമേൽപ്പിച്ച രണ്ടു മരണങ്ങൾ, മുച്ചിറികൊണ്ടു മുഖം വികലമായ ഒരു കസിൻ ഉണ്ടായിരുന്നു. സംസാരിക്കുമ്പോൾ കിണുങ്ങുന്ന ഈ മുഖത്തിൽ അവന് ഒട്ടും സങ്കടമോ ലജ്ജയോ ഉണ്ടായിരുന്നില്ല. തിരുവല്ലയിലെ നടപ്പാതകളിൽ ജോർജിനെ നടത്തം പഠിപ്പിച്ചത് ഇവനാണ്.

ഒരു ദിവസം എന്തോ അസുഖത്തിന് അവനെ ആശുപത്രിയിൽ കൊണ്ടുപോയതായി ജോർജിന് ഓർക്കാൻ കഴിയുന്നു. പത്തു പന്ത്രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവന്റെ മൃതദേഹം കൊണ്ടുവന്നു. വീടിന്റെ പിറകിൽ മറപ്പുരയിലിട്ടു കഴുകിക്കൊണ്ടിരുന്ന ഒരു മൃതശരീരം, അകത്തുനിന്ന് അവന്റെ അമ്മച്ചിയുടെ നിലവിളി ഉച്ചസ്ഥായിയിൽ. അസ്ഥിയുടെ മേൽ തൊലി ഒട്ടിച്ചതുപോലുള്ള അവന്റെ രൂപം മറപ്പുരയിലെ പലകമേൽ കിടക്കുന്നു. ഇതാണ് ആദ്യം കണ്ട മരണം. ഏറെത്താമസിയാതെ കുഞ്ഞനിയൻ മരിച്ചു. അങ്ങനെ സ്വന്തം രക്തത്തിൽപ്പെട്ട ഒരാൾ മരിക്കുമ്പോഴുണ്ടാകുന്ന വേദനയും ചെറുപ്പത്തിലേ മനസ്സിലായി. ആദ്യത്തേതു ജോർജിനു കാഴ്ചയുടെ ഞെട്ടലും രണ്ടാമത്തേത് ഒരു നഷ്ടബോധവുമായിരുന്നു. ഇതുരണ്ടും ചേർന്നാണല്ലോ മരണം ഉണ്ടാകുന്നതുതന്നെ.

പഥേർ പാഞ്ചാലി

നക്ഷത്രങ്ങൾ മറയാൻ തുടങ്ങുകയായി. പാൽക്കാരൻ പയ്യൻ വന്നുപോയി. റേയുടെ ‘പഥേർ പാഞ്ചാലി’യിലെ അപ്പുവിന്റെ മുഖമാണവന്. പ്രായം കൂടിവന്നപ്പോൾ സൃഷ്ടി എന്ന രീതിയിൽ മരണത്തെ വിലയിരുത്താൻ തുടങ്ങിയതു ജോർജ് ഓർത്തു. മരണത്തോടും അക്രമത്തോടും ഇത്രകണ്ടു പ്രണയം വിരിഞ്ഞതെങ്ങനെയെന്ന് ഓർമ വരുന്നില്ല. പഥേർ പാഞ്ചലിയിലെ ദുർഗയുടെ മരണമാണെന്നു തോന്നുന്നു ഇന്ത്യൻ സിനിമയിലെ ഏറ്റവും ശക്തമായ വിഷ്വൽ ഡെത്ത്. അതിനു കാരണമുണ്ട്. പ്രതീക്ഷയുടെയും സ്ത്രീത്വത്തിന്റെയും ജീവിതത്തിന്റെയും യൗവനത്തിന്റെയും പ്രതിബിംബം ആയിരുന്നു അവൾ. പ്രകൃതിയുടെ മാറ്റത്തിൽ ആഹ്ലാദം പൂണ്ട് മഴ നനഞ്ഞാണ് ആ പെൺകുട്ടി മരിച്ചുപോകുന്നത്. ദുഃഖഭരിതമായ ഈ വേർപാടിലേക്കു റേ വീണ്ടും ചെന്നെത്തുന്നു. വീടൊഴിഞ്ഞു പോകുന്ന നേരത്ത് അപു ഉത്തരത്തിൽനിന്നു കണ്ടെടുക്കുന്ന ചിരട്ടയിൽ മറ്റൊരു പെൺകുട്ടിയിൽ നിന്നു ദുർഗ മോഷ്ടിച്ച മാല. ഇതാണ് ഇന്ത്യൻ സാഹചര്യത്തിലെ ഏറ്റവും ശക്തമായ വിഷ്വൽ ഡെത്ത് എന്നു തോന്നിയിട്ടുണ്ട്.

പിന്നെയുള്ളതു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നാളുകളിൽ കണ്ട പടിഞ്ഞാറൻ സിനിമയിലെ മരണമാണ്. രക്തപങ്കിലവും ആക്രമണോൽസുകത നിറഞ്ഞതുമായ ഒരു സമൂഹത്തിലെ മരണം ദുർഗയുടെ മരണംപോലെ ഹൃദയഭേദകമാവുകയില്ല. ‘ഒന്നോർത്താൽ ജീവിക്കാനുള്ള ത്വരകൊണ്ടു മരണത്തെ കൂടെ കൊണ്ടുനടക്കുന്ന മനുഷ്യരെ’യാണ് ജോർജ് ബഹുമാനിക്കുന്നത്. വെയ്ജസ് ഓഫ് ഫിയർ എന്ന ഫ്രഞ്ച് ചിത്രത്തിന്റെ സംവിധായകനായ ജോർജ് ക്രൗസോ ഇത്തരമൊരു കഥ പറ ഞ്ഞപ്പോൾ അതു മനസ്സിൽ നൊമ്പരമുണ്ടാക്കിയതു കെ. ജി. ജോർജ് ഓർക്കുന്നു. വെയ്ജസ് ഓഫ് ഫിയർ ഫാസ്റ്റ് മോഷനിൽ മനസ്സിലോടി.

വെയ്ജസ് ഓഫ് ഫിയർ

രണ്ടാം ലോകയുദ്ധത്തിനുശേഷം തൊഴിൽരഹിതരെക്കൊണ്ടു പൊറുതിമുട്ടിയ ഒരു തെക്കേ അമേരിക്കൻ ഗ്രാമം. ഇവിടെ ആർക്കും ജോലിയില്ല. ഇരുനൂറ്റമ്പതു മൈൽ അകലെ ഒരു ഓയിൽ കമ്പനിയിൽ വളരെ ഭയാനകമായ തീപ്പിടിത്തം നടക്കുകയാണ്. ഈ തീപ്പിടിത്തം തടയണമെങ്കിൽ നൈട്രോഗ്ലിസറിൻ എന്ന രാസവസ്തു വേണം. പൊട്ടിത്തെറിക്കാൻ ഏറെ സാധ്യതയുള്ള ഈ രാസവസ്തു ദുർഘടമായ വഴികളിലൂടെ നാലു ഡ്രൈവർമാർ ലോറികളിൽ ഓയിൽ കമ്പനിയിൽ എത്തിക്കാൻ തയ്യാറാവുന്നു. നൈട്രോഗ്ലിസറിൻ നിറച്ച ട്രക്കുകളുമാ യുള്ള യാത്രയാണ് വെയ്ജസ് ഓഫ് ഫിയർ മുഖ്യദൃശ്യം. മരണം എപ്പോഴും ആ ഡ്രൈവർമാരുടെ കൂടെയുണ്ട്. ആദ്യം പോയ ട്രക്ക് ഒരു പ്രത്യേക സ്ഥലത്തുവച്ചു പൊട്ടിത്തെറിക്കുന്നു. അങ്ങനെ പൊട്ടിത്തകർന്ന റോഡിലൂടെ വേണം പിന്നിൽ വരുന്ന ലോറികൾക്കു പോകാൻ. മുൻപിൽ പോയ മൂന്നു ലോറികളും തകർന്നുകഴിഞ്ഞിട്ടും നാലാമത്തെ ഡ്രൈവർ മനസ്സാന്നിധ്യം വിടുന്നില്ല. മരണം കൂടെയുണ്ടെങ്കിലും അവസാനംവരെ ജീവിക്കാനുള്ള ആർത്തിയാണ് അയാൾക്ക്. അയാൾ വിജയകരമായി നൈട്രോഗ്ലിസറിൻ ഓയിൽ കമ്പനിയിൽ എത്തിക്കുന്നു. പക്ഷേ, തിരിച്ചുവരുന്ന വഴിക്ക് വിധി അയാളെ പിടികൂടുന്നു. അശ്രദ്ധയോടെ ലോറിയോടിച്ച് അയാളും മരണപ്പെടുന്നു.

ജോർജ് ചാരുകസേരയിലിരുന്ന് നിശ്വസിച്ചു. “ഇതാണ് നമ്മു ടെയൊക്കെ അവസ്ഥ. മറ്റൊരാൾ മരിക്കുമ്പോൾ മാത്രമാണ് നാം അറിയുന്നത്, നമുക്ക് മുന്നിലും മരണം കാത്തുകെട്ടി കിടക്കു ന്നുണ്ടെന്ന്. പക്ഷേ, അതുകൊണ്ട് നാം വെറുതെയിരിക്കില്ല. മരണം പലപ്പോഴും നമ്മെ അറിയാതെ പിടികൂടിക്കളയുന്നു.”

ജോർജ് ക്രൗസോ

ആലപ്പുഴയിൽനിന്ന് ഒരോർമ ഓടിയെത്തുന്നു. ഉസ്മാൻ എന്ന പേരിൽ ജോർജിന്റെ പരിചയക്കാരനായ ഒരു തബലിസ്റ്റ് ഉണ്ടായിരുന്നു. ഒരു പ്രഭാതത്തിൽ അയാൾ എവിടേക്കെന്നില്ലാതെ പോയ്മറഞ്ഞു. സ്വഭാവം വച്ചുനോക്കുമ്പോൾ അയാൾക്കെന്തും സംഭവിക്കാം, സ്വാഭാവികമരണം, ആത്മഹത്യ, കൊലപാതകം. ഇതുമല്ലെങ്കിൽ നാടുവിടൽ. ഉസ്മാൻ അയ്യപ്പനായ കഥയാണു യവനിക; ഒരു കൊലപാതകത്തിന്റെ തീക്ഷ്ണത.

കഥയുടെ മൊത്തം വികാസം മരണത്തെ അടിസ്ഥാനപ്പെട്ടു കിടക്കുന്നു. അയ്യപ്പനുമായി ബന്ധപ്പെട്ട രണ്ടുമൂന്നുപേർക്കൊഴികെ എല്ലാവർക്കും മരണം ഒരു സമസ്യയാണ്. സിനിമയിൽ അതു നിറയുന്നുണ്ട്. ജീവിതവും മരണവും പുല്ലുപോലെ കരുതുന്ന അയ്യപ്പനാണ് യവനികയിലെ കേന്ദ്രം. അന്നേരമന്നേരമുള്ള വികാരങ്ങൾക്കു ശമനം നൽകുക, പിന്നത്തേക്കു കൂട്ടിവയ്പ്പുകൾ ഇല്ലാതിരിക്കുക എന്നതാണ് അയ്യപ്പന്റെ ദർശനം. സ്വന്തം പ്രവൃത്തിയുടെ ഫലംകൊണ്ടാണ് അയാൾ കൊല്ലപ്പെടുന്നതു തന്നെ. ‘അയ്യപ്പന്റെ കാമുകിയാണിവിടെ പ്രവൃത്തി. അവളെ അതാക്കിത്തീർത്തതും അയാൾ തന്നെ.’ ഇങ്ങനെ മരണം യവനികയിൽ ഒരു നിഗൂഢതയാണ്; മറ്റുള്ളവരിൽ ആഘാതമേൽപ്പി ക്കുന്ന ഒരു സംഭവം.

യവനിക

ആദാമിന്റെ വാരിയെല്ലിലേക്കു വരുമ്പോൾ മരണം ആത്മഹത്യയുടെ നിറമണിയുന്നു. ഭീരുവായ ഒരാളുടെ ആത്മഹത്യയല്ല ഇവിടെയും. ‘വാസ്തവത്തിൽ ശ്രീവിദ്യ അവതരിപ്പിക്കുന്ന കഥാപാത്രം വിജയിയല്ല, ഇരയാണ്. വേറൊരാൾക്കുവേണ്ടി സ്വജീവിതം ത്യജിച്ച ഒരാൾ. വളരെ കരുത്തുള്ള ഒരു സ്ത്രീയാണ് ആത്മഹത്യ ചെയ്യുന്നത്.’ ജോർജിന്റെ വിലയിരുത്തൽ. ആദ്യ സീനുകളിൽത്തന്നെ മദ്യപാനത്തിന്റെ ഒരു ദുർബല പ്രലോഭനം അവൾക്കുണ്ടെന്നു പ്രേക്ഷകനു ബോധ്യമാവുന്നുണ്ട്. പിന്നെ രാത്രിയിൽ ഉറങ്ങണമെങ്കിൽ ഉറക്കഗുളികകൾ വേണമെന്നു പറയുന്നു. പരപുരുഷബന്ധങ്ങളും തന്നെ നശിപ്പിച്ച പുരുഷനോടുള്ള പകയും ആത്മഹത്യക്ക് നിമിത്തമാവുകയാണിവിടെ. അതും വ്യക്തിത്വമുള്ള ഒരു സ്ത്രീ.

കാമുകനോടോ മറ്റു പുരുഷന്മാരോടോ പറയാൻ തയാറാവാതെ മരിക്കാൻ തയാറാവുന്ന അതിനുവേണ്ടിത്തന്നെയുണ്ടാവുന്ന ഒരു കഥാപാത്രമാണിവിടെ ആത്മഹത്യ തെരഞ്ഞെടുക്കുന്നത്

ആദാമിന്റെ വാരിയെല്ല്

മരണവും അക്രമവും തുല്യമിശ്രിതമായി പാകപ്പെട്ട ഇരകൾ സമൂഹത്തിൽ കഴിഞ്ഞ പത്തുപതിനഞ്ചു വർഷംകൊണ്ടുണ്ടായ അക്രമാസക്തിയെ ദൃശ്യപഥത്തിലാക്കാനുള്ള പരീക്ഷണമായിരുന്നു. കഥാബീജം മുളച്ചതെങ്ങനെയെന്നു ജോർജിനു ഓർമയുണ്ട്: ‘ഇന്ദിരാഗാന്ധി വെടിയേറ്റു മരിക്കുമ്പോൾ ഞാൻ മദ്രാസിലായിരുന്നു. അവിടെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ടി. വി.ക്കു മുന്നിലിരുന്ന് ശവസംസ്കാരം ലൈവായി കാണുകയും ചെയ്തു. ഒരു പ്രധാനമന്ത്രിയുടെ ദാരുണമരണം. രാഷ്ട്രത്തിന്റെ അക്രമാസക്തി എന്റെ മനസ്സിലുടക്കി. ഈ അക്രമാസക്തിയെ ഒരു കുടുംബം എന്ന ബിംബത്തിലേക്കു കൊണ്ടുവരുകയായിരുന്നു. ഞാൻ, ഇരകളിൽ.’

അധികാരവും പണവുമാണ് അവസാനവാക്കെന്നു വിശ്വസിക്കുന്ന ഒരപ്പനും കുടുംബവുമാണ് ഇരകളിലെ കഥാപാത്രങ്ങൾ. ‘അനുരഞ്ജനം ഇല്ലാതെ ജീവിക്കണം എന്നാഗ്രഹിക്കുന്നവരെപ്പോലും ഒത്തുതീർപ്പിലെത്തിക്കുക, അല്ലെങ്കിൽ ബലാൽക്കാരമായി എത്തിക്കുകയെയാണ് സമൂഹത്തിന്റെ ഇന്നത്തെ രീതി. അക്രമാസക്തിക്കും മരണത്തിനും രക്തച്ചൊരിച്ചിൽ വേണമെന്നില്ല. ഈ അന്തരീക്ഷ സൃഷ്ടിയാണ് ആ സിനിമയിൽ.’

ഇരകൾ

‘ഒരു വിഷ്വൽ എന്ന രീതിയിൽ മരണം കൂടുതൽ അനുഭവപ്പെടണമെങ്കിൽ അതിന് സ്ഥലകാലബന്ധം വേണം. വയലന്റ് ആയ മരണം രാത്രിയിൽ ആയിരിക്കണം. ഉദാഹരണം: അയ്യപ്പനു രാത്രിയിലേ മരിക്കാൻ പറ്റൂ. ആദാമിന്റെ വാരിയെല്ലിൽ മരണം ഒരു നീണ്ട പ്രക്രിയയാണ്. അസ്തമയത്തിന്റെ തോന്നലാണ് ആത്മഹത്യക്ക്.’

മരണത്തെക്കുറിച്ചുള്ള ജോർജിന്റെ ഫ്രെയിം സങ്കൽപ് ങ്ങൾക്കു തീവ്രമായ ഉദാഹരണമാണു മറ്റൊരാൾ, ബർഗ്മാന്റെ സെവൻത് സീലിന്റെയും ഫെല്ലിനിയുടെ ലാഡയുടെയും മനോഹാരിത കെ. ജി. ജോർജിന്റെ മറ്റൊരാൾ അവസാനിക്കുന്നേടത്തു നാം കാണുന്നു. ഇരുണ്ടുകൂടിയ കടൽത്തീരത്താണ് ഈ മൂന്നു സിനിമകളിലും മരണം കൂടുകെട്ടുന്നത്.

മറ്റൊരാൾ

സൂര്യകിരണങ്ങൾ മുഖത്താഞ്ഞു പതിക്കുമ്പോൾ ജോർജ് സ്വപ്നാടനത്തിൽ നിന്നുണരുന്നു. മരണത്തെക്കുറിച്ചു തീരാത്ത സങ്കൽപ്പങ്ങളാണു ജോർജിന്റെ മനസ്സിൽ, ഫാന്റസിയും ഹൊററും കലർന്ന സ്വപ്നങ്ങൾ. ‘മരിച്ചുകഴിഞ്ഞശേഷമുള്ള ജീവിതത്തെക്കുറിച്ച് ഒരു സിനിമ ചെയ്യണമെന്നുണ്ട് എനിക്ക്. ജീവിതത്തിൽ വളരെയധികം പ്രതീക്ഷകളുണ്ടായിരുന്ന ഒരു മനുഷ്യൻ മരണാനന്തരം തിരിച്ചുവരുന്നു. സംതൃപ്തിയില്ലാത്ത ഒരാത്മാവിന്റെ മരണാനന്തരരോദനം എപ്പോഴും എന്റെ മനസ്സിനകത്തുണ്ട്; മുഴുവൻ ജീവിക്കാതെ കടന്നുപോയ ഒരാത്മാവിന്റെ ദുഃഖം, ഒരുപക്ഷേ, അത് എല്ലാവരുടെയും ദുഃഖമാണ്.’

Comments