സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലുള്ള പ്രവർത്തനം കെ ജി ജോർജ്ജ് അവസാനിപ്പിച്ചിട്ട് ഇരുപതിലധികം വർഷങ്ങളായി. എന്നാൽ ഈ കാലയളവിൽ ഒരു ചലച്ചിത്രകാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്ഥാനം കൂടുതൽ ഭദ്രമാകുകയും സ്വാധീനം വർദ്ധിക്കുകയുമാണുണ്ടായിട്ടുള്ളത്. വലിയ സ്‌ക്രീനിൽ നിന്ന് അപ്രത്യക്ഷമായതിനു ശേഷവും ജോർജ്ജിന്റെ പ്രധാനചിത്രങ്ങൾക്ക് നിരവധി പുതിയ പ്രേക്ഷകരുണ്ടായി. ഗൗരവമായി സിനിമ കാണുന്നവർക്കിടയിൽ അവ പല തവണ ചർച്ചചെയ്യപ്പെടുകയും പഠിക്കപ്പെടുകയും ചെയ്തു. മലയാളത്തിൽ പിന്നീടുവന്ന തലമുറകളിലെ തിരക്കഥാകൃത്തുകളിലും സംവിധായകരിലും ജോർജ്ജിന്റെ ചിത്രങ്ങൾ ദൃശ്യവും അദൃശ്യവുമായ രീതികളിൽ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്.
രണ്ടു വർഷം മുൻപ് ജോജി പുറത്തിറങ്ങിയപ്പോൾ അതിന്റെ പോസ്റ്ററിൽ എടുത്തുപറഞ്ഞിരുന്ന മക്‌ബെഥിനെക്കാളുപരിയായി ഇരകൾ എന്ന ജോർജ്ജ് ചിത്രത്തിന്റെ സാന്നിദ്ധ്യമാണ് പല പ്രേക്ഷകരും ശ്രദ്ധിച്ചത് എന്നത് ഈ സ്വാധീനത്തിന്റെ സൂചകങ്ങളിലൊന്നാണ്.
മലയാളസിനിമയുടെ ആഖ്യാനഭാഷ നവീകരിക്കപ്പെടുന്നത് 1970-കളിലാണ്. ഗ്രിഫിത്തിനെപ്പോലെയുള്ള സംവിധായകർ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ ചലച്ചിത്രഭാഷയെപറ്റി മനസ്സിലാക്കിയ കാര്യങ്ങൾ പോലും കേരളത്തിലെ സംവിധായകരും അഭിനേതാക്കളും വളരെ വൈകിയാണ് പഠിക്കുന്നത്. രംഗാവതരണത്തിലും അഭിനയരീതികളിലും നാടകത്തിന്റെയും ഇൻഡ്യൻ പ്രാദേശികസിനിമകളുടെയും (പ്രധാനമായും തമിഴ്, ഹിന്ദി) സ്വാധീനം അറുപതുകൾ വരെ മലയാളത്തിൽ തുടർന്നു. എ. വിൻസെന്റ്, കെ.എസ്. സേതുമാധവൻ, രാമു കാര്യാട്ട്, പി എൻ മേനോൻ എന്നീ പ്രധാന സംവിധായകർ വരെ ഈ സ്വാധീനങ്ങളിൽ നിന്ന് പൂർണ്ണമായും മുക്തരായിരുന്നില്ല. ഭാർഗ്ഗവീനിലയം, ചെമ്മീൻ, ഓളവും തീരവും, യക്ഷി തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഇതുമായി ബന്ധപ്പെട്ട പരിമിതികൾ കാണാം. അറുപതുകളിൽ മലയാളചിത്രങ്ങൾ കാണുമ്പോൾ ഈ ദൗർബല്യം തന്റെ ശ്രദ്ധയിൽ വന്നിരുന്നുവെന്ന് ജോർജ്ജ് ഒരു സംഭാഷണത്തിൽ എടുത്തുപറയുന്നുണ്ട്.
പരമ്പരാഗതമായ ശീലങ്ങളിൽ നിന്ന് മലയാളസിനിമ പുറത്തുവരുന്നത് 1970-കളിൽ അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, കെ ജി ജോർജ്ജ്, കെ പി കുമാരൻ എന്നിവർ സംവിധാനം ചെയ്ത ചിത്രങ്ങളിലൂടെയാണ്. ഇവരിൽതന്നെ, ആർട്ഹൗസ് ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കാത്തതുകൊണ്ടാവാം, കൂടുതൽ പ്രേക്ഷകരെ കണ്ടെത്തിയത് ജോർജ്ജിന്റെ ചിത്രങ്ങളാണ്. ഈ നാലു സാംവിധായകരിൽ ഹോളിവുഡ് ആഖ്യാനരീതിയുമായി കൂടുതൽ അടുപ്പമുള്ളതും ജോർജ്ജിനായിരുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ പതിവായി കാണാൻ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ സ്വാധീനം ഇതിൽ ഒരു പ്രധാനഘടകമാണെന്നു പറയാം. ഹോളിവുഡ് സിനിമയുടെ നിർമ്മാണവൈദഗ്ദ്ധ്യം അക്കാലത്തുതന്നെ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ വന്നിരുന്നു. ചാപ്ലിൻ, ജോൺ ഫോർഡ്, വില്യം വൈലെർ, ഹിഛ്‌കോക് എന്നീ സംവിധായകരുടെ ക്രാഫ്റ്റ് ശ്രദ്ധയോടെ പഠിക്കേണ്ടതാണെന്ന ബോദ്ധ്യം ഇതോടൊപ്പമുണ്ടായി.
എന്നാൽ ജോർജ്ജിന്റെ ആദ്യകാല സിനിമാവിദ്യഭ്യാസം ഹോളിവുഡിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. കേരളത്തിൽ റിലീസുണ്ടായിരുന്നതുകൊണ്ട് ഡി സീക്കയും ഫെലീനിയും ഉൾപെടുന്ന യൂറോപ്യൻ സംവിധായകരുടെ ചിത്രങ്ങളും അക്കാലത്ത് അദ്ദേഹത്തിനു പരിചിതമായി. പൂന ഫിലിം ഇൻസ്റ്റിറ്റിയൂട്ട് വിദ്യാർത്ഥിയാകുന്നതിനു മുന്പു തന്നെ തുടങ്ങിയ ലോകസിനിമയുമായുള്ള പരിചയം, ഹോളിവുഡ് എന്നല്ല, ഒരു പ്രത്യേക സിനിമാശൈലിയിലും ഒതുങ്ങിനിൽക്കാതിരിക്കാനുള്ള പരിശീലനം കൂടിയായി മാറി. ഇൻസ്റ്റിറ്റിയൂട്ട് കാലത്തും അതിനുശേഷമുള്ള വർഷങ്ങളിലും ലോകസിനിനിമയിലെ പല പ്രമുഖസംവിധായകരുടെയും ചിത്രങ്ങൾ ജോർജ്ജ് പഠനവിധേയമാക്കി. ബെർഗ്മാൻ, ഫെലീനി, അന്റോണിയോണി, കുറോസാവ, സത്യജിത് റേ തുടങ്ങി നിരവധി പേർ ഇതിലുൾപെടുന്നു.
തുടർന്ന്, എഴുപതുകളുടെ മധ്യത്തിൽ സംവിധാനം ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ ഇൻഡ്യയിലെ ചലച്ചിത്രവ്യവസായത്തിന്റെ പല ചിട്ടകളിൽനിന്നും അകലം പാലിക്കാൻ ജോർജ്ജിനു കഴിഞ്ഞു. സിനിമയുടെ ഭാഷ, രൂപകല്പന എന്നിവയെപ്പറ്റി തനിക്കുണ്ടായിരുന്ന വ്യക്തമായ ധാരണകളിൽ ഒത്തുതീർപ്പുകൾക്ക് അദ്ദേഹം തയ്യാറായിരുന്നില്ല. സാമ്പത്തിക വിജയം നേടിയ യവനിക, ലേഖയുടെ മരണം, ആദാമിന്റെ വാരിയെല്ല് എന്നീ ചിത്രങ്ങൾ പ്രേക്ഷകരെ ആകർഷിച്ചത് അവയുടെ ഫോർമുലായിക് ഘടകങ്ങൾ കൊണ്ടായിരുന്നില്ല, സംവിധായകൻ അവയിൽ കൊണ്ടുവന്ന വ്യതിരിക്തമായ ചലച്ചിത്രദർശനവും ഭാഷ്യവും നിമിത്തമായിരുന്നു. ആഖ്യാനത്തിലെ ചടുലത, മിതത്വം, കൃത്യത എന്നിവ ജോർജ്ജിന്റെ ജീവിതദർശനത്തിലെ മുഖ്യപ്രമേയങ്ങളുമായി ചേർന്ന് ചിത്രങ്ങളെ മിഴിവുറ്റതാക്കി. ആഖ്യാനത്തിൽ മാത്രമല്ല, അഭിനയത്തിലും മിതത്വവും കൃത്യതയും പ്രധാനമാണെന്ന് ജോർജ്ജ് ഗ്രഹിച്ചിരുന്നു. ആദ്യചിത്രമായ സ്വപ്നാടനത്തിൽ തന്നെ അതീവ ശ്രദ്ധയോടെയാണ് അഭിനേതാക്കളെ സംവിധാനം ചെയ്തിട്ടുള്ളത്. ചലച്ചിത്രഭാഷയുടെ സാദ്ധ്യതകൾ കൃത്യതയോടെ മനസ്സിലാക്കിയിട്ടുള്ളതുകൊണ്ട് അഭിനേതാക്കൾക്കുപുറമെ, സിനിമറ്റോഗ്രഫർ, എഡിറ്റർ തുടങ്ങിയവരോടും ക്രിയാത്മകമായി ചേർന്നു പ്രവർത്തിക്കാൻ ജോർജ്ജിനു കഴിഞ്ഞിട്ടുണ്ട്.
ചെറുപ്പത്തിൽ ചിത്രരചനയിലും കൊമേർഷ്യൽ ആർട്ടിലും അദ്ദേഹത്തിനുണ്ടായ പരിചയം പിന്നീട് ദൃശ്യവൽകരണത്തിലെ കൃത്യതയെ നിർവചിക്കുന്ന ഘടകമായി മാറി. അതുപോലെതന്നെ, വിദ്യാർത്ഥിയായിരിക്കുമ്പോൾ തുടങ്ങിയ വായന, തന്റെയും മറ്റുള്ളവരുടെയും ജീവിതത്തെക്കുറിച്ച് ആഴമുള്ള നിരീക്ഷണങ്ങൾ നടത്താനും വിമർശനബുദ്ധി അടിസ്ഥാനമാക്കിയ ഒരു ജീവിതദർശനം വികസിപ്പിക്കുവാനും സഹായിച്ചു. FTII വിദ്യാർത്ഥിയാകുന്നതിനു മുൻപുതന്നെ ജോർജ് സിനിമയെക്കുറിച്ച് ഗൗരവമായി വായിക്കാനും എഴുതുവാനും ആരംഭിച്ചിരുന്നു.
ഫ്യൂഡൽ നൊസ്റ്റാൾജിയയിൽ നിന്നും അതുളവാക്കുന്ന വൈകാരിക ജീർണ്ണതകളിൽ നിന്നുമുള്ള വ്യക്തമായ അകലം ജീവിതത്തെക്കുറിച്ചുള്ള കെ ജി ജോർജ്ജിന്റെ കാഴ്ചപ്പാടിന്റെ പ്രധാന സ്വഭാവങ്ങളിലൊന്നാണെന്നു പറയാം. അതുപോലെതന്നെ, സ്വന്തം തലമുറയിലെ പല എഴുത്തുകാരും കലാപ്രവർത്തകരും മുഴുകിയിരുന്ന മദ്ധ്യവർഗ്ഗമിഥ്യകളിൽനിന്നും അദ്ദേഹം അകലം പാലിച്ചു. ഭൂതകാലസംസ്‌കാരത്തിന്റെ ഭാരമില്ലാതെ, ചുറ്റുമുള്ള ജീവിതം നിഷ്‌കരുണം നിരീക്ഷിക്കുന്നതിനും ആശയത്തിലും അവതരണത്തിലും അവ്യക്തതയില്ലാത്ത ചലച്ചിത്രഭാഷയിൽ താൻ കണ്ട ജീവിതം ആവിഷ്‌കരിക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു. സമൂഹത്തിന്റെ പൊതുബോധത്തിലുള്ള മിഥ്യാധാരണകൾ ചോദ്യം ചെയ്യുന്നതും തുറന്നുകാണിക്കുന്നതും ഈ ആവിഷ്‌കാരത്തിന്റെ ഭാഗങ്ങളായിരുന്നു.
ജോർജ്ജിന്റെ ചിത്രങ്ങളിൽ ഏറ്റവുമധികം ചോദ്യം ചെയ്യലും തുറന്നുകാണിക്കലും നേരിട്ടിട്ടുള്ളത് മദ്ധ്യവർഗ്ഗകുടുംബം എന്ന സാമൂഹ്യസ്ഥാപനമാണ്. കുടുംബത്തിനുള്ളിലെ അധികാരബന്ധങ്ങളും അവയിൽ അന്തർലീനമായ വയലൻസും അദ്ദേഹം പല രീതിയിലും ചിത്രീകരിച്ചിട്ടുണ്ട്. സ്വപ്നാടനത്തിൽ കാഴ്ചയിൽ നേരിട്ടുവരാത്ത രൂപത്തിൽ അവതരിപ്പിക്കുമ്പോൾ ഇരകളിൽ പ്രധാനകഥാപാത്രം ആവർത്തിക്കുന്ന കൊലപാതകങ്ങളിലും വെടിയേറ്റുള്ള അയാളുടെ മരണത്തിലും അത് കാണികളെ അസ്വസ്ഥമാക്കുന്ന തരത്തിൽ പ്രത്യക്ഷമാണ്. ഗാർഹികാതിക്രമത്തിന്റെ ഈ രണ്ടു മാതൃകകൾക്കിടയിലാണ് യവനിക, ആദാമിന്റെ വാരിയെല്ല്, ഈ കണ്ണി കൂടി എന്നീ ചിത്രങ്ങളിലെ കുടുംബകഥകൾ സങ്കല്പിക്കപ്പെടുന്നത്. ദൃശ്യമായ അക്രമത്തിന്റെ ലാഞ്ഛന പോലുമില്ലാത്തതും എന്നാൽ തികച്ചും അസന്തുഷ്ടവുമായ കുടുംബജീവിതത്തിന്റെ കഥയാണ് മറ്റൊരാൾ അവതരിപ്പിക്കുന്നത്. നിയമസാധുതയുള്ള വിവാഹബന്ധം, മദ്യപാനമോ സ്വഭാവദൂഷ്യങ്ങളോ ഇല്ലാത്ത ഭർത്താവ്, അനുസരണയുള്ള കുട്ടികൾ ഇതെല്ലാമുണ്ടെങ്കിലും സ്‌നേഹവും സന്തോഷവുമില്ലാത്ത ജീവിതം ഒരു തടവറയായനുഭപ്പെടുന്ന സുശീല എന്ന വീട്ടമ്മ കുടുംബം ഉപേക്ഷിച്ചുപോകുന്നതാണ് ഇവിടെ പ്രമേയമായി വരുന്നത്. മറ്റൊരാൾ ചിത്രീകരിക്കുന്ന സ്‌നേഹശൂന്യമായ വിവാഹജീവിതത്തിന്റെ സാധാരണത്വം ഇരകളിലെ അക്രമരംഗങ്ങളെക്കാൾ ഭീകരമായി കാണികൾക്കു തോന്നുന്നത് സുശീല വീടു വിട്ടതിനു ശേഷമാണ്. ഈ ചിത്രങ്ങളിലെല്ലാം മലയാളിഭാവനയിലെ വാർപ്പുമാതൃകളിൽനിന്ന് ഭിന്നമായാണ് സ്ത്രീകഥാപാത്രങ്ങൾ സങ്കല്പിക്കപ്പെടുന്നത്; സ്വന്തം ജീവിതം പുനഃപരിശോധിക്കാൻ കാണികളോട് ആവശ്യപ്പെടുന്നതിനുള്ള കരുത്തും തന്മയത്വവും അവർക്കുണ്ട്. എഴുത്തുകാരൻ, സംവിധായകൻഎന്നീ നിലകളിൽ കെ ജി ജോർജ്ജിന്റെ സംഭാവനകളുടെ ഒരു പ്രധാനഘടകം ഇതാണെന്നതിൽ സംശയമില്ല.
യവനിക, ആദാമിന്റെ വാരിയെല്ല്, ഇരകൾ എന്നിവയായിരിക്കും കെ ജി ജോർജ്ജിന്റെ ഏറ്റവും ശക്തമായ ചിത്രങ്ങൾ. അവയ്ക്കു പുറമെ നിരവധി പ്രേക്ഷകർ മലയാളസിനിമയിലെ ഏറ്റവും നല്ല political satire ആയി ഈപ്പോഴും കരുതുന്നത് പഞ്ചവടിപ്പാലമാണ്. സിനിമാവ്യവസായത്തിന്റെ വെളിച്ചം കുറഞ്ഞ ലോകം അനാവരണം ചെയ്യുന്ന ലേഖയുടെ മരണം: ഒരു ഫ്‌ലാഷ്ബാക് അതുല്യമായ ഒരാവിഷ്‌കാരമായി ഇന്നും തുടരുന്നു. അതുപോലെതന്നെ, മലയാളത്തിലെ ഏറ്റവും നല്ല കുറ്റാന്വേഷണചിത്രങ്ങളിലൊന്നാണ് ഈ കണ്ണി കൂടി. 'പരിശുദ്ധമായ ഗ്രാമം' എന്ന വ്യാജസങ്കല്പം കൃതഹസ്തതയോടെ അപനിർമ്മിക്കുന്ന കോലങ്ങൾ വർഷങ്ങൾക്കുശേഷവും അതിന്റെ പുതുമ നിലനിർത്തുന്നുണ്ട്. പിന്നീട് കേരളത്തിലെ കാമ്പസ് ചിത്രങ്ങൾക്ക് ഒരു മാതൃകയായി മാറിയ ഉൾക്കടൽ, അസാധാരണമായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന മേള എന്നീ ചിത്രങ്ങളും തുടർന്നും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്.
ഒരു വലിയ ചലച്ചിത്രകാരൻ എന്ന നിലയിൽ ഓർമ്മിക്കപ്പെടുന്നതിന് ഇത് ധാരാളമാണ്.
(1946-2023)