ഗദ്ദികക്കാരന്റെ തിരോധാനം

തലമുറകളായി പരിഷ്‌കൃത സമൂഹത്തിന്റെ പലതരം ചൂഷണങ്ങൾക്കിരയാവുകയും അപരിഷ്‌കൃതരായി മുദ്രകുത്തപ്പെടുകയും ചെയ്ത ആദിവാസികളെ അവരുടെതന്നെ ഒരു അനുഷ്ഠാനപ്രകടനത്തിന്റെ പ്രമേയവും സങ്കേതവും ഉപയോഗിച്ചുകൊണ്ട് അരങ്ങിലെത്തിക്കുകയായിരുന്നു കെ.ജെ. ബേബി എന്ന കലാകാരൻ

രണത്തിലേക്ക് സ്വയം തീരുമാനിച്ചുറച്ച് നടന്നുപോയ ഒരു ചിരകാലമിത്രത്തെക്കുറിച്ച് ആ ജഡം ചിതയിലെടുത്തുവെക്കുന്നതിനുമുമ്പേ ഒരു ചരമോപചാരക്കുറിപ്പ് എഴുതുക സങ്കടകരമായ സംഗതിയാണ്. നാല് പതിറ്റാണ്ടിലേറെക്കാലത്തെ സൗഹൃദമുള്ള കെ.ജെ. ബേബിയുടെ തിരോധനം എന്നെപ്പോലുള്ളവർക്ക് അപ്രതീക്ഷിതമായിരുന്നു. സദാ പ്രസാദവാനും സൗമ്യസ്വഭാവിയുമായിരുന്ന ഒരു തനി നാട്ടിൻപുറത്തുകാരനായിരുന്നു ബേബി. ചില സന്നദ്ധ സംഘടനകളുടെ ബോധവൽക്കരണ-സാക്ഷരതാ പരിപാടികളുടെ ഭാഗമായി നാടകങ്ങളും നാടൻപാട്ടുകളുമായി വയനാടൻ ഗ്രാമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ബേബി അക്കാലത്തുതന്നെ വയനാട്ടിൽ പ്രശസ്തനായിരുന്നു. എന്നാൽ, നാടുഗദ്ദിക എന്ന നാടകത്തിന്റെ രചനയും അവതരണവും ആ തെരുവുനാടകം സൃഷ്ടിച്ച വിവാദങ്ങളുമെല്ലാമാണ് ബേബിയെ മലയാളികൾക്കിടയിൽ ശ്രദ്ധേയനാക്കിയത്. അടിയന്തരാവസ്ഥക്ക് ശേഷം കേരളത്തിന്റെ സാംസ്‌കാരികമണ്ഡലത്തിൽ സജീവമായ രാഷ്ട്രീയ ജാഗ്രതയുടെ ഒരു പ്രതിഫലനമായിക്കരുതാവുന്ന നാടുഗദ്ദിക എന്ന നാടകം വാസ്തവത്തിൽ കണിശമായ അർത്ഥത്തിൽ ഒരു രാഷ്ട്രീയ നാടകമായിരുന്നില്ല. എന്നിട്ടും സംസ്ഥാന സർക്കാർ തീവ്രവാദം പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ആ നാടകം നിരോധിക്കുകയും ബേബി ഉൾപ്പടെയുള്ള നാടകപ്രവർത്തകരെ കോഴിക്കോടുവെച്ച് അറസ്റ്റുചെയ്യുകയുമുണ്ടായി.

കലാകാരന്മാരായിരുന്ന സിവിക് ചന്ദ്രന്റെയും മുരളീധരൻ ഇലക്കാടിന്റെയും മറ്റും നേതൃത്വത്തിൽ രൂപംകൊണ്ട വയനാട് സാംസ്‌കാരികവേദിയുടെ മുൻകൈയിൽ സജീവമായ തെരുവുനാടകപ്രസ്ഥാനത്തിന്റെ തുടർച്ചയായിട്ടാണ് ബേബിയുടെ നാടുഗദ്ദികയും കേരളത്തിൽ അരങ്ങേറിയതും അറിയപ്പെട്ടതും. ആദിവാസികൾ സ്വത്വബോധത്തിലേക്കുണരുകയും ചൂഷകർക്കെതിരെ പോരാടുകയും ചെയ്യുന്നതിന്റെ സാഹചര്യങ്ങൾ ആവിഷ്‌കരിക്കുന്ന ആ നാടകം അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ ബേബിക്കും സഹപ്രവർത്തകർക്കും നക്‌സലൈറ്റ് മുദ്ര ചാർത്തിക്കൊടുക്കുകയായിരുന്നു. കേരളത്തിന്റെ ചരിത്രത്തിലാദ്യാമായി കലാവിഷ്‌കാരത്തിന്റെ പേരിൽ ആദിവാസി കലാകാരന്മാരും കലാകാരികളും അറസ്റ്റ് ചെയ്യപ്പെടുന്നതും ഈ നാടകത്തിന്റെ പേരിലായിരുന്നു.

Photos: A.J. JOJI
Photos: A.J. JOJI

തലമുറകളായി പരിഷ്‌കൃത സമൂഹത്തിന്റെ പലതരം ചൂഷണങ്ങൾക്കിരയാവുകയും അപരിഷ്‌കൃതരായി മുദ്രകുത്തപ്പെടുകയും ചെയ്ത ആദിവാസികളെ അവരുടെതന്നെ ഒരു അനുഷ്ഠാനപ്രകടനത്തിന്റെ പ്രമേയവും സങ്കേതവും ഉപയോഗിച്ചുകൊണ്ട് അരങ്ങിലെത്തിക്കുകയായിരുന്നു ഈ നാടകകലാകാരൻ. ആദിവാസികൾ അവരുടെ സ്വന്തം ജീവിതത്തിലെ തീക്ഷ്ണസന്ദർഭങ്ങളെ പ്രതീകാത്മകമായി ആവിഷ്‌കരിക്കുന്ന ഗദ്ദികയെന്ന ഗോത്രാനുഷ്ഠാനത്തെ അവരുടെ വർത്തമാനകാല യാഥാർത്ഥ്യങ്ങൾ പ്രത്യക്ഷപ്പെടുത്തുവാനുതകുന്ന ഒരു കലാപ്രകടനമായി പുന:സൃഷ്ടിക്കുവാനുള്ള ബേബിയുടെ പരിശ്രമം എൺപതുകളിലെ മലയാള നാടകവേദിയിൽ സൃഷ്ടിച്ച ചലനം നമ്മുടെ നാടകചരിത്രത്തിലെ ഒരു വഴിത്തിരിവായായിരുന്നു. ഒരുപക്ഷെ തെരുവുനാടകം എന്ന ജനകീയ മാധ്യമത്തിന്റെ ശക്തിയും സൗന്ദര്യവും വെളിപ്പെടുത്തിയ ആ നാടകം ആദിവാസികളുടെ ആത്മസംഘർഷങ്ങളെയും സ്വാതന്ത്ര്യാഭിവാഞ്ചയെയും സ്വത്വബോധത്തെയും സമഗ്രതയിൽ പ്രകാശിപ്പിച്ച മലയാളത്തിലെ ഏക രചനയാണെന്നും പറയാതെവയ്യ. ഗോത്രജനതയുടെതന്നെ സർഗ്ഗാത്മകതയെ അവരുടെ സമരായുധമായി പുതുക്കിയെടുത്ത മലയാളത്തിലെ ആദ്യ കലാനിർമ്മിതിയെന്ന ബഹുമതികൂടി നാടുഗദ്ദികയ്ക്കുണ്ട്.

കെ.ജെ. ബേബി എന്ന നഗ്നപാദ നാടകകലാകാരന്റെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കലാസപര്യക്കിടയിൽ ആദിവാസികളെത്തന്നെ അഭിനേതാക്കളാക്കി അവതരിപ്പിച്ച തെരുവുനാടകങ്ങളും ഒറ്റയാൾ നാടകങ്ങളും നോവലുകളുമെല്ലാം വേറെയുമുണ്ടെങ്കിലും നാടുഗദ്ദികയുടെ കലാപരമായ മികവും സാമൂഹികമായ പ്രസക്തിയും അവയ്ക്ക് നേടാനായില്ലെന്നാണ് അദ്ദേഹത്തിന്റെ ചിരകാല സ്‌നേഹിതനായ എന്റെയും വിലയിരുത്തൽ. വയനാടിനെയും ആദിവാസികളെയും മുൻനിർത്തി പിൽക്കാലത്തെഴുതിയ നോവലുകളിൽ നാടുഗദ്ദികയുടെ രചയിതാവിന്റെ ജീവിത-കലാദർശനമല്ല കാണുന്നത്. ആദിവാസികൾ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്ന മുഖ്യധാരാ ജനപ്രിയ സാഹിത്യത്തിന്റെയും സിനിമകളുടെയും ഗണത്തിൽപ്പെടുത്താവുന്നയാണ് ബേബിയുടെ മാവേലി മന്റം ഒഴികെയുള്ള കഥാഖ്യാനങ്ങൾ.

ഇടതുപക്ഷ സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ കേരളത്തിലും പുറത്തും വ്യാപകമായി അരങ്ങേറിയ നാടുഗദ്ദികയുടെ കലാദർശനം വിപ്ലവകരമായിരുന്നുവെങ്കിൽ നോവലുകളിൽ എഴുത്തുകാരന്റെ, അരാഷ്ട്രീയമെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന സാമൂഹികവീക്ഷണം വിളിച്ചുപറയാനുള്ള ഉപകരണങ്ങളായി ആദിവാസി കഥാപാത്രങ്ങളെ ഇകഴ്ത്തുന്നുവെന്ന ആവലാതി മാവേലി മന്റത്തെ മുൻനിർത്തി ഒരു ലേഖനത്തിൽ ഇതെഴുതുന്നയാൾ ഉന്നയിച്ചപ്പോൾ താൻ അതേക്കുറിച്ച്

ബോധവാനായിരുന്നില്ലെന്നായിരുന്നു ബേബിയുടെ നിഷ്‌കളങ്കമായ മറുപടി. ഈ നിഷ്‌കളങ്കതയായിരുന്നു ബേബിയുടെ കലാപ്രവർത്തനങ്ങളിലും ആദിവാസി മേഖലയിലെ സാമൂഹികപ്രവർത്തനങ്ങളിലുമെല്ലാം പ്രതിഫലിച്ചിരുന്നത്. ആദിവാസി മേഖലയിലെ സങ്കീർണ്ണമായ സാമൂഹിക സമസ്യകളെ തീർത്തും അരാഷ്ട്രീയമായി സമീപിക്കുന്ന ഒരു റൊമാന്റിക്കായിരുന്നു ബേബി. ബാല്യംകാലം മുതൽ കുടുംബപരമായി കൈവന്ന ക്രൈസ്തവബോധത്തിന്റെയും സഭയുടെ പ്രത്യയശാസ്ത്ര പ്രബോധനങ്ങളുടെയും സ്വാധീനത്താൽ ജീവകാരുണ്യതലത്തിൽ സാമൂഹികപ്രശ്‌നങ്ങളെ സമീപിക്കുവാൻ അബോധമായെങ്കിലും പ്രേരിതനായതിനാലാവണം ആദിവാസികളോടുള്ള സഹാനുഭൂതിയെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പുറത്തേക്ക് സങ്കൽപ്പിക്കുവാൻ ബേബിക്ക് കഴിയാതെപോയത്. ആദിവാസിക്കുട്ടികൾക്കായി മൂന്ന് പതിറ്റാണ്ടിനുമുമ്പ് ബേബി ആരംഭിച്ച കനവ് എന്ന ഗുരുകുലംതന്നെയാണ് അതിന്റെ മികച്ച ഉദാഹരണം.

ഔപചാരികവിദ്യാഭ്യാസത്തിലൂടെ ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കും പദവികളിലേക്കും കൊണ്ടുവരാനുള്ള പരിശ്രമങ്ങൾക്ക് പിന്തുണ നൽകുകയും ദാരിദ്ര്യത്തിലും അജ്ഞതയിലുമായതിനാൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ആദിവാസി കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം നൽകുകയും ചെയ്യുന്നതിനുപകരം, ആ കുട്ടികളെ ഗുരുകലത്തിൽ വളർത്തി പാട്ടുകാരും അഭിനേതാക്കളുമാക്കുകയെന്ന ആശയത്തിന്റെ പിന്നിലെ ആത്മാർത്ഥത അഭിനന്ദാർഹമാണെങ്കിലും ആ കുട്ടികളുടെ ഭാവിജീവിതം അരക്ഷിതമായിരിക്കുമെന്ന ഞങ്ങൾ സ്‌നേഹിതന്മാരിൽ പലരുടെയും ആശങ്ക വളരെ വർഷങ്ങൾക്കുശേഷം മാത്രമാണ് ബേബി തിരിച്ചറിയുന്നത്. വർഷങ്ങളോളം കനവിൽ താമസിച്ച കുട്ടികൾക്ക് അനൗപചാരികമായ വിദ്യാഭ്യാസം ലഭിച്ചുവെങ്കിലും അവർ സാമൂഹികമായി ഒറ്റപ്പെടുകയായിരുന്നുവെന്ന ബോധ്യം അവസാനകാലത്ത് ബേബിയെ നിരാശനാക്കിയിരുന്നു. ഒരുപക്ഷെ, കനവിന്റെ ഉത്തരവാദിത്തം അതിലെ അന്തേവാസികളെ ഏൽപ്പിച്ച് ഉപേക്ഷിച്ച് തിരുവണ്ണാമലയിൽ താൽക്കാലികാഭയം തേടാൻപോലും ബേബിയെ നിർബ്ബന്ധിതനാക്കിയതും ഈ നൈരാശ്യമായിരിക്കാം.

Photos: A.J. JOJI
Photos: A.J. JOJI

നാടുഗദ്ദിക പോലൊരു മികച്ച നാടകത്തിന്റെ രചയിതാവായ ബേബി ആത്യന്തികമായി ഒരു കലാകാരനായിരുന്നു. സാമൂഹികപരിഷ്‌കർത്താവാകാൻ മുതിർന്ന ഒരു കാൽപ്പനിക കലാകാരന്റെ പലായനവാഞ്ചയെ അക്ഷരാർത്ഥത്തിൽ സാക്ഷാത്കരിക്കുകയായിരുന്നു ആ ജീവത്യാഗത്തിലൂടെ ബേബി ചെയ്തതെന്നാണ് എന്റെ തോന്നൽ. അതെന്തായാലും, പാവപ്പെട്ടവരോടുള്ള സഹാനുഭൂതിയാൽ ജീവിതകാലമത്രയും അവർക്കുവേണ്ടി പ്രവർത്തിച്ച ആർദ്രമനസ്‌കനായ ആ ജനകീയ കലാകാരന്റെയും പ്രിയ മിത്രത്തിന്റെയും വിയോഗം സങ്കടകരമാണ്. കനവ് എന്നപേരിൽ വിളിക്കപ്പെട്ട, ആദിവാസിക്കുട്ടികൾക്കായുള്ള സമാനതകളില്ലാത്ത ഗുരുകുലത്തിൽപ്പഠിച്ച് ചലച്ചിത്ര സംവിധായികയാകുവാൻ തയ്യാറെടുക്കുന്ന ലീലയെപ്പോലുള്ള സമർത്ഥരായ വിദ്യാർത്ഥിനികളിലൂടെ ബേബിയുടെ കനവുകൾ സാക്ഷാത്കൃതമാവാതിരിക്കില്ലെന്ന് വിശ്വസിക്കുവാനാണ് എനിക്കിഷ്ടം.


Summary: About KJ Baby's social life and also about his play gaddhikakarante thiodhanam by o k johny


ഒ.കെ. ജോണി

ജേണലിസ്റ്റ്, ഫിലിം ക്രിട്ടിക്, ഡോക്യുമെൻററി സംവിധായകൻ, എഴുത്തുകാരൻ. മാതൃഭൂമി ബുക്‌സിന്റെ ആധുനികവൽക്കരണകാലത്ത് എഡിറ്റോറിയൽ ചുമതലകൾ വഹിച്ചു.

Comments