സീതാറാം യെച്ചൂരി / Photo: X

പാർട്ടി പരിമിതികൾക്കപ്പുറത്തേക്ക് വളർന്ന സഖാവ്

ബഹുസ്വരതയിലൂന്നിയ ലോകക്രമം പുലരണമെന്നും അതിന് ഇന്ത്യ ആഗോളതലത്തിൽ തന്നെ നേതൃത്വം നൽകണമെന്നും ആഗ്രഹിച്ചിരുന്ന ഇടതുപക്ഷ നേതാവായിരുന്നു സീതാറാം യെച്ചൂരി - കെ.എം. സീതി എഴുതുന്നു

ന്ത്യയുടെ മതേതര രാഷ്ട്രീയചേരിയിൽ (Secular Politics) വലിയ വിടവ് ഉണ്ടാക്കിക്കൊണ്ടാണ് മുതിർന്ന ഇടതുപക്ഷ നേതാവും സി പി ഐ-എം (CPIM) ജനറൽ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി (Sitaram Yechury) വിടപറഞ്ഞത്. അർപ്പണബോധവും തികഞ്ഞ ആത്മാർഥതയും ദേശീയ അന്തർദ്ദേശീയ വിഷയങ്ങളിൽ സമഗ്രമായ അറിവുമുള്ള നേതാക്കൾ രാജ്യത്തിന് അത്യന്താപേക്ഷിതമായ കാലത്താണ് അദ്ദേഹത്തിൻെറ വിടവാങ്ങൽ വലിയ നഷ്ടമായി മാറുന്നത്.

72ാം വയസ്സിൽ യെച്ചൂരി വിടപറയുമ്പോൾ അത് ഇടതുപക്ഷത്ത് മാത്രമല്ല, രാജ്യത്താകെ ഒരു രാഷ്ട്രീയ അസ്ഥിരതയ്ക്കാണ് വഴിതെളിക്കുന്നത്. യെച്ചൂരിയുടെ അടിയുറച്ച നിലപാടുകളും ഉറച്ച തീരുമാനങ്ങളും പ്രതിസന്ധിഘട്ടങ്ങളിൽ വഴിവിളക്കായതിനൊപ്പം, അദ്ദേഹത്തിൻെറ സ്വാധീനം പാർട്ടിയുടെ പരിമിതികൾക്ക് അപ്പുറത്തേക്ക് വളർന്നതായിരുന്നു. പ്രത്യയശാസ്ത്രപരമായ ഭിന്നതകളില്ലാതെ ഇടപെടാൻ സാധിച്ചിരുന്ന, അരികുവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായിരുന്ന, വർഗീയതക്കെതിരെയും സാമ്പത്തിക അസമത്വത്തിനെതിരെയും ശക്തമായ നിലപാടെടുത്തിരുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. മനക്കരുത്തും ധൈര്യവുമുള്ള തികഞ്ഞ പ്രത്യയശാസ്ത്രബോധമുള്ള യെച്ചൂരിയെപ്പോലെ ഒരാൾ വിടപറയുമ്പോൾ ഒരു യുഗം അവസാനിക്കുന്നു എന്നുപറഞ്ഞ് നമുക്ക് ചുരുക്കാനാവില്ല. നീതിക്കും സമത്വത്തിനും മതേതരത്വത്തിനും വേണ്ടി നിരന്തരമായി ശബ്ദിച്ചിരുന്ന ഒരു വ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തെപ്പോലെ തത്വാധിഷ്ഠിത നിലപാടുകളെടുക്കുന്ന ധിഷണാശാലിയായ ഒരു നേതൃത്വത്തെ ഇനി കണ്ടെത്തുകയെന്നത് എളുപ്പമാവില്ല.

72ാം വയസ്സിൽ യെച്ചൂരി വിടപറയുമ്പോൾ അത് ഇടതുപക്ഷത്ത് മാത്രമല്ല, രാജ്യത്താകെ ഒരു രാഷ്ട്രീയ അസ്ഥിരതയ്ക്കാണ് വഴിതെളിക്കുന്നത്.
72ാം വയസ്സിൽ യെച്ചൂരി വിടപറയുമ്പോൾ അത് ഇടതുപക്ഷത്ത് മാത്രമല്ല, രാജ്യത്താകെ ഒരു രാഷ്ട്രീയ അസ്ഥിരതയ്ക്കാണ് വഴിതെളിക്കുന്നത്.

പ്രായോഗികതയും കാഴ്ച്ചപ്പാടുമുണ്ടായിരുന്ന നേതാവ്

ഇടതുപക്ഷം രാജ്യത്ത് ദുർബലമായിത്തുടങ്ങിയ ഘട്ടത്തിലാണ് സി പി ഐ-എമ്മിൻെറ അഞ്ചാമത്തെ ജനറൽ സെക്രട്ടറിയായി യെച്ചൂരി നേതൃസ്ഥാനത്ത് വരുന്നത്. പാർലമെൻറിൽ 43 സീറ്റുകളുണ്ടായിരുന്ന പാർട്ടി 2015-ൽ വെറും 9 സീറ്റുകളിലേക്ക് ചുരുങ്ങിപ്പോയിരുന്നു. എന്നാൽ, മുന്നണിരാഷ്ട്രീയത്തിന് അടിത്തറയുണ്ടാക്കിയ പ്രായോഗിക നേതാവായിരുന്ന യെച്ചൂരി, രാജ്യത്ത് ഭിന്നിപ്പിക്കലിൻെറ ധ്രുവീകരണ രാഷ്ട്രീയം ശക്തമായ കാലത്ത് ഇടതുപക്ഷത്തിൻെറ പ്രസക്തി വർധിപ്പിച്ചുവെന്നത് എടുത്തുപറയേണ്ട കാര്യമാണ്. അദ്ദേഹത്തിൻെറ മുൻഗാമികളിൽ നിന്ന് വ്യത്യസ്തനായി, മുന്നണി രാഷ്ട്രീയത്തിൽ തന്ത്രജ്ഞനായിരുന്നു യെച്ചൂരി. നാഷണൽ ഫ്രണ്ട്, യുണൈറ്റഡ് ഫ്രണ്ട് സർക്കാരുകളുടെ കാലത്ത് ഹർകിഷൻ സിങ് സുർജിത്താണ് ഈ പ്രായോഗിക സമീപനത്തിന് തുടക്കമിട്ടിരുന്നത്. സുർജിത്ത് തെളിച്ച വഴിയിലൂടെ പാർട്ടിയെ നയിച്ച യെച്ചൂരി ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോയി. 2004 മുതൽ 2014 വരെയുള്ള യു പി എ ഭരണകാലത്ത് സഖ്യ ചർച്ചകളിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം, പ്രധാനപ്പെട്ട നയരൂപീകരണ വിഷയങ്ങളിലെല്ലാം ഇടതുപക്ഷത്തിൻെറ ശബ്ദമായി നിലകൊള്ളുകയും ചെയ്തിരുന്നു.

2004 മുതൽ 2014 വരെയുള്ള യു പി എ ഭരണകാലത്ത് സഖ്യ ചർച്ചകളിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം, പ്രധാനപ്പെട്ട നയരൂപീകരണ വിഷയങ്ങളിലെല്ലാം ഇടതുപക്ഷത്തിൻെറ ശബ്ദമായി നിലകൊള്ളുകയും ചെയ്തിരുന്നു.
2004 മുതൽ 2014 വരെയുള്ള യു പി എ ഭരണകാലത്ത് സഖ്യ ചർച്ചകളിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം, പ്രധാനപ്പെട്ട നയരൂപീകരണ വിഷയങ്ങളിലെല്ലാം ഇടതുപക്ഷത്തിൻെറ ശബ്ദമായി നിലകൊള്ളുകയും ചെയ്തിരുന്നു.

വിശ്വസ്തനായ ഉപദേശകൻ

പ്രായോഗികബുദ്ധിയും ധിഷണാബോധവും കാരണം പാർട്ടിഭേദമന്യേ ആദരവ് ലഭിച്ചിരുന്ന ചുരുക്കം ചില രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു യെച്ചൂരി. 2004-ൽ സോണിയാഗാന്ധി പ്രധാനമന്ത്രി പദം ഏറ്റെടുക്കുന്നില്ലെന്ന് തീരുമാനിക്കുന്നതിനുമുമ്പ് ഉപദേശം തേടിയ ആദ്യത്തെ രാഷ്ട്രീയ നേതാക്കളിൽ ഒരാൾ യെച്ചൂരിയായിരുന്നു.

2008-ൽ ഇന്തോ - അമേരിക്കൻ ആണവക്കരാറുമായി ബന്ധപ്പെട്ട് വിയോജിപ്പ് വന്നതോടെ ഇടതുപക്ഷം യു പി എ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമ്പോഴും യെച്ചൂരി അനുരഞ്ജന ചർച്ചകൾക്ക് ശ്രമം നടത്തിയിരുന്നു.

പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറാക്കുന്നതിൽ പി. ചിദംബരത്തിനെപ്പോലുള്ള നേതാക്കൾക്ക് ഒപ്പമിരിക്കാൻ യെച്ചൂരി വലിയ താൽപര്യം കാണിച്ചതിന് കാരണം, മതനിരപേക്ഷ ജനാധിപത്യ ഇന്ത്യക്ക് വേണ്ടിയുള്ള അദ്ദേഹത്തിൻെറ ആത്മാർഥമായ അർപ്പണബോധമായിരുന്നു. 2008-ൽ ഇന്തോ - അമേരിക്കൻ ആണവക്കരാറുമായി ബന്ധപ്പെട്ട് വിയോജിപ്പ് വന്നതോടെ ഇടതുപക്ഷം യു പി എ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമ്പോഴും യെച്ചൂരി അനുരഞ്ജന ചർച്ചകൾക്ക് ശ്രമം നടത്തിയിരുന്നു. പ്രശ്നഭരിതമായ ഘട്ടങ്ങളിലും ഭിന്നതകളില്ലാതെ പ്രവർത്തിക്കാനുള്ള അദ്ദേഹത്തിൻെറ താൽപര്യം ഇന്ത്യൻ ജനാധിപത്യമെന്ന വലിയ ആശയത്തെ ആഴത്തിൽ മനസ്സിലാക്കിയത് കൊണ്ട് കൂടിയായിരുന്നു.

സോണിയാഗാന്ധിയും യെച്ചൂരിയും
സോണിയാഗാന്ധിയും യെച്ചൂരിയും

പാർലമെൻറിലെ ഉറച്ച ശബ്ദം

ശക്തമായ നിലപാടുകൾ ഉന്നയിച്ച് വാചാലമായി പാർലമെൻറിൽ (പ്രത്യേകിച്ച് രാജ്യസഭയിൽ) സംസാരിക്കാറുള്ള വ്യക്തിയാണ് യെച്ചൂരി. രാജ്യത്തെ സാധാരണ മനുഷ്യരുടെ ചെലവിൽ ബഹുരാഷ്ട്ര കമ്പനികൾക്കുവേണ്ടി സാമ്പത്തിക നയം രൂപീകരിക്കുന്നതിനെ അദ്ദേഹം എക്കാലത്തും ചോദ്യം ചെയ്തു. പാർലമെൻറിൽ നിരന്തരം കർഷകർക്ക് വേണ്ടിയും തൊഴിലാളികൾക്ക് വേണ്ടിയും ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയും സംസാരിച്ചു.

യെച്ചൂരിയുടെ പ്രസംഗങ്ങൾ വെറും വിമർശനങ്ങൾ മാത്രമായിരുന്നില്ല, അത് നയങ്ങൾ മാറ്റുന്നതിനുവേണ്ടിയുള്ള വ്യക്തമായ കാഴ്ചപ്പാട് കൂടി അടങ്ങിയവയായിരുന്നു.

നരേന്ദ്ര മോദി സർക്കാരിൻെറ നവ-ഉദാരീകരണ നയങ്ങളുടെ നിതാന്ത വിമർശകനായിരുന്നു യെച്ചൂരി. സമൂഹത്തിലെ സാമ്പത്തിക അസമത്വം കൂട്ടുന്നതാണ് ഈ നയങ്ങളെന്നായിരുന്നു അദ്ദേഹം വാദിച്ചത്. നോട്ട് നിരോധനത്തെയും ജി.എസ്.ടിയെയും എതിർത്ത യെച്ചൂരി, അത് തൊഴിലാളി വർഗ്ഗത്തിന് കൂടുതൽ ഭാരമേൽപ്പിക്കുന്നതും വൻ വ്യവസായികളെ സഹായിക്കുന്നതുമാണെന്ന് വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിൻെറ പ്രസംഗങ്ങൾ വെറും വിമർശനങ്ങൾ മാത്രമായിരുന്നില്ല, അത് നയങ്ങൾ മാറ്റുന്നതിന് വേണ്ടിയുള്ള വ്യക്തമായ കാഴ്ചപ്പാട് കൂടി അടങ്ങിയവയായിരുന്നു.

പാർലമെൻറിൽ നിരന്തരം കർഷകർക്ക്  വേണ്ടിയും തൊഴിലാളികൾക്ക് വേണ്ടിയും ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയും സംസാരിച്ചു. നരേന്ദ്ര മോദി സർക്കാരിൻെറ നവ-ഉദാരീകരണ നയങ്ങളുടെ നിതാന്ത വിമർശകനായിരുന്നു യെച്ചൂരി.
പാർലമെൻറിൽ നിരന്തരം കർഷകർക്ക് വേണ്ടിയും തൊഴിലാളികൾക്ക് വേണ്ടിയും ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയും സംസാരിച്ചു. നരേന്ദ്ര മോദി സർക്കാരിൻെറ നവ-ഉദാരീകരണ നയങ്ങളുടെ നിതാന്ത വിമർശകനായിരുന്നു യെച്ചൂരി.

പ്രതിപക്ഷ രാഷ്ട്രീയത്തിലെ പ്രധാനി

മുന്നണി രാഷ്ട്രീയത്തിൻെറ നയരൂപീകരണത്തിൽ യെച്ചൂരിയുടെ കഴിവ് ഒരിക്കൽ കൂടി പുറത്തുവന്ന സമയമാണ് 2024-ലെ പൊതുതെരഞ്ഞെടുപ്പ്. കോൺഗ്രസുമായി ഒന്നിച്ച് മത്സരിക്കുന്നതിൽ വൈമുഖ്യമുണ്ടായിരുന്ന സി പി ഐ-എം നിലപാടിൽ അയവുണ്ടായി. രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം എങ്ങനെ മാറിയെന്നത് യെച്ചൂരിക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. ബി.ജെ.പിയുടെ വളർച്ചയ്ക്ക് തടയിടാൻ ‘ഇന്ത്യ’ മുന്നണി ഉണ്ടാക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചവരിൽ പ്രധാനി യെച്ചൂരിയായിരുന്നു. കേരളത്തിൽ സി പി ഐ-എമ്മും കോൺഗ്രസും പരസ്പരം എതിരാളികളായിട്ടാണ് മത്സരിച്ചതെങ്കിലും, രാജ്യത്തെ വിശാല താൽപര്യം മുൻനിർത്തി മറ്റിടങ്ങളിൽ ഒന്നിച്ച് നിന്നത് കാരണം രാജസ്ഥാനിലും തമിഴ്നാട്ടിലുമെല്ലാം ഇടതുപക്ഷത്തിന് സീറ്റുകൾ നേടാൻ സാധിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെ നയിക്കാനുള്ള യെച്ചൂരിയുടെ പ്രായോഗിക രാഷ്ട്രീയബോധമാണ് ഇവിടെയും വിജയം കണ്ടത്.

കോൺഗ്രസുമായി ഒന്നിച്ച് മത്സരിക്കുന്നതിൽ വൈമുഖ്യമുണ്ടായിരുന്ന സി പി ഐ-എം നിലപാടിൽ അയവുണ്ടായി. രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം എങ്ങനെ മാറിയെന്നത് യെച്ചൂരിക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു.
കോൺഗ്രസുമായി ഒന്നിച്ച് മത്സരിക്കുന്നതിൽ വൈമുഖ്യമുണ്ടായിരുന്ന സി പി ഐ-എം നിലപാടിൽ അയവുണ്ടായി. രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം എങ്ങനെ മാറിയെന്നത് യെച്ചൂരിക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു.

അവകാശങ്ങൾക്കുവേണ്ടി
പോരടിച്ച വിപ്ലവകാരി

ഇടതു വിദ്യാർഥി പ്രസ്ഥാനമായ എസ്.എഫ്.ഐയിലൂടെ 1974-ലാണ് യെച്ചൂരി രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. ഡൽഹി സെൻറ് സ്റ്റീഫൻസ് കോളേജിലെയും ജവഹർലാൽ നെഹ്റു സർവകലാശാലയിലെയും വിദ്യാഭ്യാസ കാലം അദ്ദേഹത്തിന് ദേശീയ അന്തർദ്ദേശീയ വിഷയങ്ങളിൽ വ്യക്തമായ കാഴ്ച്ചപ്പാടുണ്ടാവാനും കാരണമായി. അക്കാദമിക രംഗത്തും അദ്ദേഹം ഒരുപോലെ തിളങ്ങിയിരുന്നു. പാർട്ടിയിൽ അദ്ദേഹത്തിന് വളർച്ചയുണ്ടാവുന്നത് 1985-ൽ സി പി ഐ-എം കേന്ദ്ര കമ്മിറ്റി അംഗമായി മാറുന്ന ഘട്ടത്തിലാണ്. പിന്നീട് 40ാം വയസ്സിൽ 1992-ൽ സി പി ഐ- എം പോളിറ്റ് ബ്യൂറോ അംഗവുമായി. അടിയന്തരാവസ്ഥ കാലത്തെ അറസ്റ്റിന് ശേഷം, അക്കാദമിക താൽപര്യങ്ങളെ ഒഴിവാക്കി പൂർണമായും രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യെച്ചൂരി തയ്യാറാവുകയായിരുന്നു.

വർഗ്ഗ ബഹുജന സമരങ്ങളുടെ ഭാഗമായി മാറിയ താൻ എങ്ങനെയാണ് പ്രതീകാത്മകമായി പൂണൂൽ ഉപേക്ഷിച്ച് ബ്രാഹ്മണസ്വത്വത്തിൽ നിന്ന് പുറത്തുകടന്നതെന്ന് യെച്ചൂരി തന്നെ വിശദീകരിച്ചിട്ടുണ്ട്.

പ്രത്യയശാസ്ത്രപരമായ ധാരണയുണ്ടാവുന്നതിൽ യെച്ചൂരിയുടെ ജീവിതസാഹചര്യങ്ങളും വലിയ പങ്ക് വഹിച്ചിരുന്നു. പരമ്പരാഗത ബ്രാഹ്മണ കുടുംബത്തിൽ വളർന്ന അദ്ദേഹം, കടുത്ത സാമൂഹിക അസമത്വങ്ങൾ കണ്ടറിഞ്ഞാണ് ബാല്യകാലം ചെലവഴിച്ചത്. വർഗ്ഗ ബഹുജന സമരങ്ങളുടെ ഭാഗമായി മാറിയ താൻ എങ്ങനെയാണ് പ്രതീകാത്മകമായി പൂണൂൽ ഉപേക്ഷിച്ച് ബ്രാഹ്മണസ്വത്വത്തിൽ നിന്ന് പുറത്തുകടന്നതെന്ന് യെച്ചൂരി തന്നെ വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ സാമൂഹ്യ - രാഷ്ട്രീയ അവസ്ഥയെക്കുറിച്ചുള്ള ആഴത്തിലുള്ള അവബോധം സാമ്പത്തിക ചൂഷണത്തിനെതിരെയും ജാതി വ്യവസ്ഥക്കെതിരെയും എന്ത് നിലപാടെടുക്കണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് കൂടുതൽ സഹായകമായി.

വർഗ്ഗ ബഹുജന സമരങ്ങളുടെ ഭാഗമായി മാറിയ  യെച്ചൂരി എങ്ങനെയാണ് പ്രതീകാത്മകമായി പൂണൂൽ ഉപേക്ഷിച്ച് ബ്രാഹ്മണസ്വത്വത്തിൽ നിന്ന് പുറത്തുകടന്നതെന്ന് യെച്ചൂരി തന്നെ വിശദീകരിച്ചിട്ടുണ്ട്.
വർഗ്ഗ ബഹുജന സമരങ്ങളുടെ ഭാഗമായി മാറിയ യെച്ചൂരി എങ്ങനെയാണ് പ്രതീകാത്മകമായി പൂണൂൽ ഉപേക്ഷിച്ച് ബ്രാഹ്മണസ്വത്വത്തിൽ നിന്ന് പുറത്തുകടന്നതെന്ന് യെച്ചൂരി തന്നെ വിശദീകരിച്ചിട്ടുണ്ട്.

അന്തർദ്ദേശീയ വിഷയങ്ങളിലെ ധാരണ

സി പി ഐ-എമ്മിൻെറ അന്താരാഷ്ട്ര വിഭാഗത്തിൻെറ തലവനെന്ന നിലയിലും പീപ്പിൾസ് ഡെമോക്രസിയുടെ എഡിറ്ററെന്ന നിലയിലും പ്രവർത്തിച്ച യെച്ചൂരി ആഭ്യന്തര വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന വ്യക്തിയല്ല. അന്തർദ്ദേശീയ തലത്തിൽ നീതിക്കും സമാധാനത്തിനും സമത്വത്തിനും വേണ്ടിയുള്ള എല്ലാ പോരാട്ടങ്ങളെയും അദ്ദേഹം പിന്തുണച്ചു. ചേരിചേരാനയത്തിൽ നിന്ന് മാറി അമേരിക്കയുമായി കൂടുതൽ അടുത്ത ഇന്ത്യയുടെ വിദേശനയത്തെ പ്രസംഗങ്ങളിലും എഴുത്തിലും അദ്ദേഹം വിമർശിച്ച് കൊണ്ടേയിരുന്നു. ശീതയുദ്ധ കാലത്ത് ഇന്ത്യയുടെ വിദേശനയത്തിൻെറ ആണിക്കല്ലായിരുന്ന ചേരിചേരാനയത്തിലേക്ക് തിരിച്ചുപോവണ്ടതിൻെറ ആവശ്യകത അദ്ദേഹം ഓർമ്മിപ്പിച്ചു. അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തണമെന്ന് വാദിച്ച അദ്ദേഹം നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ, ചൈന തുടങ്ങിയ രാജ്യങ്ങളോടുള്ള ഇന്ത്യയുടെ നിലവിലുള്ള കാഴ്ചപ്പാടിനെയും വിമർശിച്ചിരുന്നു. യുഎസ് - ഇസ്രായേൽ - ഇന്ത്യ അച്ചുതണ്ടെന്ന നയം നമുക്ക് ഗുണം ചെയ്യില്ലെന്നും ബഹുസ്വരതയിലും സ്വാതന്ത്ര്യത്തിലുമൂന്നുന്ന ഇന്ത്യൻ വിദേശനയം തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹിയിലെ ജന്തർമന്ദറിൽ വെച്ച് നടന്ന ഒരു പ്രതിഷേധ സംഗമത്തിൽ, പലസ്തീനിൽ നടക്കുന്നത് യുദ്ധമല്ലെന്നും ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലയാണെന്നും ജനറൽ സെക്രട്ടറിയായ സീതാറാം യെച്ചൂരി പറഞ്ഞിരുന്നു.

പലസ്തീനിലെ ഇസ്രായേൽ നിലപാടുകളെ പിന്തുണയ്ക്കുന്ന ഇന്ത്യൻ നയം തിരുത്തണമെന്നും യെച്ചൂരി മോദി സർക്കാരിനോട് ആവശ്യപ്പെട്ടു. ചരിത്രപരമായി തന്നെ പാലസ്തീന്റെ സ്വാതന്ത്ര്യത്തിന് നിലകൊണ്ട ഇന്ത്യൻ വിദേശനയത്തിൽ മാറ്റം വരുത്തിയതിനെയും അദ്ദേഹം വിമർശിച്ചു. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹിയിലെ ജന്തർമന്ദറിൽ വെച്ച് നടന്ന ഒരു പ്രതിഷേധ സംഗമത്തിൽ, പലസ്തീനിൽ നടക്കുന്നത് യുദ്ധമല്ലെന്നും ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലയാണെന്നും ജനറൽ സെക്രട്ടറിയായ സീതാറാം യെച്ചൂരി പറഞ്ഞിരുന്നു: “രണ്ട് സൈന്യങ്ങൾ തമ്മിലാണ് യുദ്ധം നടക്കുക. രണ്ട് പേരുടെയും കയ്യിൽ ആയുധങ്ങളുണ്ടാവും. ഇവിടെ ആയുധമില്ലാത്ത ജനങ്ങൾക്ക് നേരെയാണ് അക്രമം നടക്കുന്നത്. ഇതൊരിക്കലും അംഗീകരിക്കാൻ സാധിക്കില്ല” - യെച്ചൂരി പറഞ്ഞു.

തൻെറ വിദ്യാഭ്യാസകാലത്തെ അനുഭവങ്ങൾ ഓർമ്മിച്ചുകൊണ്ട്, ഇസ്രായേലിലേക്കും വർണവിവേവചനം നടമാടിയിരുന്ന ദക്ഷിണാഫ്രിക്കയിലേക്കുമുള്ള യാത്രയ്ക്ക് ഇന്ത്യൻ പാസ്പോർട്ടുകൾ നിരോധിക്കപ്പെട്ട കാലമുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ആ സമയത്ത് ഈ രാജ്യങ്ങൾക്ക് ഇന്ത്യയോടുള്ള നിലപാട് എന്താണെന്ന് ഇതിലൂടെ ബോധ്യമാവേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനുള്ള നരേന്ദ്ര മോദി സർക്കാരിൻെറ പിന്തുണയേയും യെച്ചൂരി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു: “മുട്ടിലിഴഞ്ഞ് കൊണ്ടാണ് മോദി സർക്കാർ നെതന്യാഹുവിന് പിന്തുണ നൽകുന്നത്” - അദ്ദേഹം പറഞ്ഞു. ഗാസയിൽ അക്രമം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ ഇസ്രായേലിന് മുകളിൽ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബഹുസ്വരതയിലൂന്നിയ ഒരു ലോകക്രമം പുലരണമെന്നും അതിന് ഇന്ത്യ ആഗോളതലത്തിൽ തന്നെ നേതൃത്വം നൽകണമെന്നും ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു സീതാറാം യെച്ചൂരി.

ഗാസയിൽ അക്രമം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ ഇസ്രായേലിന് മുകളിൽ സമ്മർദ്ദം ചെലുത്തണമെന്നും,ബഹുസ്വരതയിലൂന്നിയ ഒരു ലോകക്രമം പുലരണമെന്നും അതിന് ഇന്ത്യ ആഗോളതലത്തിൽ തന്നെ നേതൃത്വം നൽകണമെന്നും ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു സീതാറാം യെച്ചൂരി.
ഗാസയിൽ അക്രമം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ ഇസ്രായേലിന് മുകളിൽ സമ്മർദ്ദം ചെലുത്തണമെന്നും,ബഹുസ്വരതയിലൂന്നിയ ഒരു ലോകക്രമം പുലരണമെന്നും അതിന് ഇന്ത്യ ആഗോളതലത്തിൽ തന്നെ നേതൃത്വം നൽകണമെന്നും ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു സീതാറാം യെച്ചൂരി.

ഇന്ത്യയുടെ ഭാവിയ്ക്കുവേണ്ടിയുള്ള കാഴ്ചപ്പാട്

ആധുനിക ഇന്ത്യൻ രാഷ്ട്രീയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഹിന്ദു മതമൗലികവാദത്തിൻെറ വളർച്ചയാണെന്ന് യെച്ചൂരിക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. 1992-ൽ ബാബറി മസ്ജിദ് തകർത്തത്, മഹാത്മാഗാന്ധിയുടെ കൊലപാതകത്തോടെ കുഴിച്ചുമൂടപ്പെട്ടുവെന്ന് പലരും വിശ്വസിച്ചിരുന്ന വർഗീയ സംഘർഷങ്ങൾ ഇന്ത്യയിൽ വീണ്ടും ആളിക്കത്തിച്ച സമയമാണെന്ന് അദ്ദേഹം വാദിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് രൂപം കൊണ്ട ആദർശ പോരാട്ടങ്ങളുടെ തുടർച്ചയാണ് മതേതരത്വവും വർഗീയതയും തമ്മിൽ ഇപ്പോൾ നടക്കുന്നതെന്നും യെച്ചൂരി വിശ്വസിച്ചിരുന്നു. ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കിനെക്കുറിച്ചുള്ള കോൺഗ്രസിൻെറ കാഴ്ചപ്പാട്, സാമ്പത്തിക സ്വാതന്ത്ര്യത്തിനായുള്ള ഇടതുപക്ഷത്തിൻ്റെ പ്രതിബദ്ധത, മതത്തിൽ അധിഷ്ഠിതമായ ഒരു സമൂഹത്തിന് വേണ്ടിയുള്ള വലതുപക്ഷത്തിൻെറ നിരന്തരമായ ശ്രമം എന്നിവയായിരുന്നു യെച്ചൂരിയെ സംബന്ധിച്ച് ഇന്ത്യൻ രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്ന പരസ്പരം മത്സരിക്കുന്ന, മൂന്ന് വ്യത്യസ്തമായ ധാരകൾ. വർഗീയതയെ എതിർക്കുകയും മതേതരത്വത്തിന് വേണ്ടി സംസാരിക്കുകയും ഇടപെടുകയും ചെയ്യുക എന്നതായിരുന്നു യെച്ചൂരിയുടെ എക്കാലത്തെയും രാഷ്രീയവഴി.

ആഗോള സംഘർഷങ്ങളോടുള്ള സമീപനം

അന്തർദ്ദേശീയ വിഷയങ്ങളിലുള്ള യെച്ചൂരിയുടെ ധാരണ വ്യക്തമാവുന്നത് ആഗോള സംഘർഷങ്ങളിൽ അദ്ദേഹമെടുത്ത നിലപാടുകൾ കൂടി വിലയിരുത്തുമ്പോഴാണ്. ഉക്രൈയ്നിലെ റഷ്യൻ അധിനിവേശം വിശകലനം ചെയ്ത അദ്ദേഹം, എന്ത് തരത്തിലുള്ള പ്രകോപനം ഉണ്ടായാലും സൈനിക ആക്രമണമല്ല, ഭൗമരാഷ്ട്രീയ തർക്കങ്ങൾക്ക് പരിഹാരമെന്നാണ് വാദിച്ചത്. യൂറോപ്പിൻെറയും ലോകത്തിൻെറയും ഭാവി പരിഗണിച്ച്, എത്രയും പെട്ടെന്ന് വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണമെന്നുമാണ് യെച്ചൂരി നിലപാടെടുത്തത്. സൈനിക ശക്തി ഉപയോഗിച്ച് കൂടുതൽ പ്രദേശങ്ങളെ വരുതിയിലാക്കാനുള്ള വ്ലാദിമിർ പുടിൻെറ താൽപര്യങ്ങളോടുള്ള വിമർശനവും, നാറ്റോ വിപുലീകരണത്തിൻെറ അപകടം മുന്നിൽക്കണ്ടതും ആഗോള വിഷയങ്ങളിൽ യെച്ചൂരിയുടെ സവിശേഷമായ ധിഷണാബോധമാണ് വ്യക്തമാക്കുന്നത്.

ഇന്ത്യ വലിയ വെല്ലുവിളികൾ നേരിടുന്ന ഒരു കാലത്ത് അദ്ദേഹത്തിൻെറ അഭാവം വലിയ നഷ്ടമായി തന്നെ നിലനിൽക്കും. ഉറച്ച ബോധ്യവും വ്യക്തതയുമുള്ള അദ്ദേഹത്തിൻെറ ശബ്ദത്തിന് പകരമാവാൻ ആർക്കും സാധിക്കില്ല.

മതേതരത്വം, നീതിബോധം, സമത്വം എന്നിവയിൽ അധിഷ്ഠിതമായിരുന്നു സീതാറാം യെച്ചൂരിയുടെ ജീവിതം. നിക്ഷിപ്ത താൽപര്യങ്ങൾക്കനുസരിച്ച് നിലപാടുകൾ മാറിക്കൊണ്ടേയിരിക്കുന്ന ഒരു രാഷ്ട്രീയ മണ്ഡലത്തിൽ തൻെറ ആദർശങ്ങളിൽ എക്കാലത്തും അദ്ദേഹം ഉറച്ചുനിന്നു. നീതിയുക്തമായ, എല്ലാവർക്കും ഒരുപോലെ പങ്കാളിത്തമുള്ള ഒരു സമൂഹത്തിന് വേണ്ടിയാണ് അദ്ദേഹം നിലകൊണ്ടത്. യെച്ചൂരി വെറും ഇടതുപക്ഷ നേതാവ് മാത്രമായിരുന്നില്ല, രാജ്യത്തിൻ്റെ മനസ്സാക്ഷിയുടെ ശബ്ദമായിരുന്നു. ഇന്ത്യ വലിയ വെല്ലുവിളികൾ നേരിടുന്ന ഒരു കാലത്ത് അദ്ദേഹത്തിൻെറ അഭാവം വലിയ നഷ്ടമായി തന്നെ നിലനിൽക്കും. ഉറച്ച ബോധ്യവും വ്യക്തതയുമുള്ള അദ്ദേഹത്തിൻെറ ശബ്ദത്തിന് പകരമാവാൻ ആർക്കും സാധിക്കില്ല. നീതിക്കും സമത്വത്തിനും വേണ്ടി പോരാടുന്നവർക്ക് സീതാറാം യെച്ചൂരി എന്നും ഒരു പ്രചോദനമായിരിക്കും. ഏത് കഠിനമായ പ്രതിസന്ധിഘട്ടത്തിലും ശരിയ്ക്ക് വേണ്ടി ധീരതയോടെ ആത്മാർഥതയോടെ നിലനിൽക്കുക എന്നതാണ് യഥാർഥ രാഷ്ട്രീയ നേതൃത്വമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.


Summary: CPIM National General Secretary and Veteran Communist leader Sitaram Yechury’s life was a dedication to justice, secularism, and equality, writes KM Seethi.


കെ.എം. സീതി

മഹാത്മഗാന്ധി സർവകലാശാലയിലെ അന്തർ സർവകലാശാല സോഷ്യൽ സയൻസ് റിസർച്ച് ആൻറ്​ എക്സ്റ്റൻഷൻ (IUCSSRE) ഡയറക്ടർ. ഇവിടെ സോഷ്യൽ സയൻസസ് ഡീനായും ഇന്റർ നാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്ക്സ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. Global South Colloquy യിൽ എഴുതുന്നു. ​​​​​​​

Comments