ഏതൊരു സമൂഹത്തിലും അപൂർവമായി മാത്രം ഉണ്ടാകുന്ന, ഉദ്യോഗസ്ഥവൃന്ദത്തിന്റെ സ്വാഭാവികമായ ചട്ടക്കൂടുകളിൽ ഒതുങ്ങിനിൽക്കാൻ വിസമ്മതിക്കുന്ന ചില മനുഷ്യരുണ്ട്. അവരുടെ ഔദ്യോഗിക ഇടങ്ങൾ സാംസ്‌കാരിക ചിന്തകളുടെ കേന്ദ്രങ്ങളായി മാറുന്നു. അവരുടെ ഫയലുകളിൽ സർഗ്ഗാത്മകതയുടെ കയ്യൊപ്പ് പതിഞ്ഞിരിക്കും. ഭരണം സാംസ്കാരിക ജീവിതത്തിന്റെ ഒരു തുടർച്ചയായി രൂപാന്തരപ്പെടുകയും ചെയ്യും. അവർ ആഴത്തിൽ വായിക്കുകയും ഭയരഹിതമായി എഴുതുകയും സ്ഥാപനങ്ങളെ വളർത്തിയെടുക്കുകയും വളർന്നു വരുന്ന തലമുറകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. സർവീസിൽ നിന്ന് വിരമിച്ച ശേഷവും സമൂഹവുമായി അടുത്ത ബന്ധം പുലർത്താൻ അവർ ശ്രമിക്കും.
ഇത്തരത്തിലുള്ള അപൂർവ്വം വ്യക്തിത്വങ്ങൾ കണ്ട നാടാണ് കേരളം. അക്കൂട്ടത്തിൽ നിശ്ചയമായും പെടുത്താവുന്ന ഒരു വ്യക്തിയായിരുന്നു തോട്ടം രാജശേഖരൻ. സാഹിത്യം, മാധ്യമപ്രവർത്തനം, സിനിമ, പൊതുസാംസ്കാരിക രംഗം, ഭരണം എന്നീ മേഖലകളെ അസാധാരണമായ മികവോടെ കൂട്ടിനിർത്തിയ പ്രഗത്ഭരായ ഉദ്യോഗസ്ഥ തലമുറയിലെ കണ്ണിയായിരുന്നു അദ്ദേഹം. സ്വതന്ത്രമായി നിലകൊള്ളാനുള്ള ആർജ്ജവമുണ്ടെങ്കിൽ ബൗദ്ധിക ജീവിതത്തിനും പൊതുസേവനത്തിനും പരസ്പരം ഊർജ്ജം പകരാൻ കഴിയുമെന്ന് അദ്ദേഹത്തിന്റെ ജീവിതവും ഔദ്യോഗിക ജീവിതവും തെളിയിച്ചു.
തോട്ടം രാജശേഖരനെക്കുറിച്ചുള്ള എന്റെ ഓർമ്മകൾ ഒരുപക്ഷേ അദ്ദേഹത്തിന്റെ പൊതുജീവിതത്തിന്റെ പ്രാധാന്യം ഞാൻ തിരിച്ചറിയുന്നതിനും എത്രയോ മുൻപേ ആരംഭിക്കുന്നതാണ്. 1970-കളുടെ തുടക്കത്തിൽ കമലേശ്വരത്തിന് അടുത്തുള്ള തോട്ടം റോഡ് എന്ന ചെറിയ ഇടവഴിയിലാണ് ഞങ്ങളുടെ കുടുംബങ്ങൾ താമസിച്ചിരുന്നത്. കേരള സർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പിൽ എന്റെ വാപ്പി അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്നു. ആ വകുപ്പിലെ പല ഉദ്യോഗസ്ഥരും അറിയപ്പെടുന്ന എഴുത്തുകാരും അധ്യാപകരുമായി. ജി.എൻ. പണിക്കർ, ഇ. വാസു, ഓമനക്കുട്ടൻ, ജി. വിവേകാന്ദൻ, ടി.കെ.സി. വടുതല തുടങ്ങിയവർ ഇതിൽപ്പെടും. ഇക്കൂട്ടത്തിൽ ഞങ്ങളുടെ അടുത്ത് താമസിച്ചിരുന്ന ഒരാളായിരുന്നു തോട്ടം രാജശേഖരൻ. ഞങ്ങൾ തോട്ടത്തിൽ താമസം തുടങ്ങി അധികം കഴിയുന്നതിനു മുമ്പുതന്നെ വാപ്പി ഞങ്ങളെ വിട്ടുപോയി. ആ വേർപാട് നന്നായി അറിയാവുന്ന ഒരാളായിരുന്നു രാജശേഖരൻ.
ഞങ്ങളിൽ പലർക്കും അദ്ദേഹം പ്രസിഡന്റായി സേവനമനുഷ്ഠിച്ച എസ്.എൻ.എസ്.എസ് ലൈബ്രറിയിലൂടെയാണ് ഒരു വഴികാട്ടിയായി മാറിയത്. ആ ഗ്രന്ഥശാല പുസ്തകങ്ങൾ കരുതിവെച്ച ഒരു ഇടം മാത്രമായിരുന്നില്ല. കുട്ടികളും മുതിർന്നവരും വായനയുടെയും പ്രസംഗത്തിന്റെയും സംവാദത്തിന്റെയും എഴുത്തിന്റെയും ആനന്ദം തിരിച്ചറിഞ്ഞ സജീവമായ ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു അത്. അക്കാലത്ത് ഞങ്ങൾ തോട്ടം രാജശേഖരന്റെ കർതൃത്വത്തിൽ ആകാശവാണിയുടെ 'ബാലലോകം' പരിപാടിയുമായി ബന്ധപ്പെട്ട് സജീവമായിരുന്നു. എൻ്റെ സ്കൂൾ കാലഘട്ടത്തിൽ എന്നെ ആഴത്തിൽ സ്വാധീനിച്ച അനുഭവം ലൈബ്രറിയിൽ ചെലവഴിച്ച ആ സായാഹ്നങ്ങളായിരുന്നു.
തിരിഞ്ഞുനോക്കുമ്പോൾ കുട്ടികളുടെയും ചെറുപ്പക്കാരുടെയും മനസ്സിൽ അദ്ദേഹം എത്രത്തോളം ക്ഷമയോടെയാണ് ആത്മവിശ്വാസം വളർത്തിയെടുത്തതെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. പാഠപുസ്തകങ്ങൾക്കപ്പുറം വായിക്കാനും സ്വതന്ത്രമായി ചിന്തിക്കാനും ചർച്ചകളിൽ പങ്കെടുക്കാനും അതിനുമുപരി യാതൊരു മടിയുമില്ലാതെ സ്വന്തം ആശയങ്ങൾ പ്രകടിപ്പിക്കാനും അദ്ദേഹം ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. തോട്ടം ഒരിക്കലും തന്റെ ആശയങ്ങൾ ഞങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചില്ല. ആശയങ്ങൾ സ്വാഭാവികമായി നിറഞ്ഞു നിൽക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്തത്. ആ അനുഭവങ്ങൾ ഞങ്ങളുടെ ബൗദ്ധിക യാത്രയെ എത്രത്തോളം ആഴത്തിൽ സ്വാധീനിക്കുമെന്ന് അന്ന് ഊഹിക്കാൻ പോലും കഴിയില്ലായിരുന്നു.
ആ കാലഘട്ടം ഞങ്ങളുടെ തലമുറയുടെ മനസ്സിൽ മായാത്ത വേദന ബാക്കിവെച്ച ഒരു അനുഭവത്തിലൂടെ ജീവിതത്തിന്റെ മറ്റൊരു തലത്തെക്കൂടി ഞങ്ങൾക്ക് കാട്ടിത്തന്നു. തോട്ടം രാജശേഖരന് തന്റെ മകനായ നന്ദുവിനെ ചെറുപ്പത്തിലേ നഷ്ടപ്പെടുകയെന്ന അചിന്തനീയമായ വലിയൊരു ദുരന്തം നേരിടേണ്ടിവന്നു. ഏതൊരു മാതാപിതാക്കളെയും പോലെ അദ്ദേഹത്തിനും മകനെക്കുറിച്ച് സ്വപ്നങ്ങളുണ്ടായിരുന്നു. എന്നാൽ, വിധി ദയയില്ലാത്ത ക്രൂരതയോടെ ആ സ്വപ്നങ്ങളെ കെടുത്തിക്കളഞ്ഞു. ആ ദുരന്തത്തോട് അദ്ദേഹം പ്രതികരിച്ച രീതി അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ആഴം വെളിവാക്കുന്നതായിരുന്നു. മൗനത്തിലേക്ക് ഉൾവലിയുന്നതിന് പകരം അദ്ദേഹം തന്റെ ദുഃഖത്തെ സാഹിത്യമാക്കി മാറ്റി.
നന്ദുവിനെക്കുറിച്ച് അദ്ദേഹം എഴുതിയ ആ ഹൃദയസ്പർശിയായ പുസ്തകമായിരുന്നു ഒരുപക്ഷേ വിദ്യാലയ പഠനകാലത്ത് ഇത്രയും വൈകാരിക തീവ്രതയോടെ ഞാൻ വായിച്ച ആദ്യത്തെ കൃതി. എൻ്റെ പ്രായത്തിലുള്ള വായനക്കാരിൽ അത് സൃഷ്ടിച്ച ആഴത്തിലുള്ള സങ്കടം ഞാൻ ഇന്നും ഓർക്കുന്നു. സാഹിത്യം എന്നത് വിലാപത്തിന്റെയും ഓർമ്മകളുടെയും അതിജീവനത്തിന്റെയും ഒരു ഭാഷയായി മാറാമെന്ന് ഞങ്ങളിൽ പലരും ആദ്യമായി മനസ്സിലാക്കിയത് അന്നാണ്. ആ പുസ്തകം ഒരു കുട്ടിയുടെ വേർപാടിനെക്കുറിച്ച് മാത്രമുള്ളതായിരുന്നില്ല; അത് ഒരു പിതാവിന്റെ സ്നേഹത്തെക്കുറിച്ചും, താങ്ങാനാവാത്ത ദുഃഖത്തെ അതിജീവിക്കാനുള്ള മനുഷ്യന്റെ അസാധാരണമായ ശേഷിയെക്കുറിച്ചുമുള്ളതായിരുന്നു.
അടിയന്തരാവസ്ഥയുടെ കാലഘട്ടം കൂടിയായിരുന്നു അത്. ഇന്ത്യയിലുടനീളം ഭയം പ്രത്യക്ഷമായും അല്ലാതെയും പൊതുജീവിതത്തിലേക്ക് കടന്നുവന്ന സമയം. യാദൃച്ഛികതയെന്നോണം ഒരു പിതാവിന്റെ താങ്ങാനാവാത്ത ദുഃഖം ഉള്ളിലൊതുക്കുമ്പോഴാണ് തോട്ടം രാജശേഖരന് തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടങ്ങളിലൊന്നിനെ അഭിമുഖീകരിക്കേണ്ടി വന്നത്. പബ്ലിക് റിലേഷൻസ് ഡയറക്ടർ എന്ന നിലയിൽ, അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിന്റെ ചീഫ് സെൻസറായി അദ്ദേഹം നിയമിതനായി. അധികം വൈകാതെ തന്നെ രാഷ്ട്രീയ ശത്രുതകൾ അദ്ദേഹത്തെ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി പ്രവർത്തിക്കുന്ന ആളായി ചിത്രീകരിക്കാൻ ശ്രമിച്ചു.

കേന്ദ്ര വാർത്താപ്രക്ഷേപണ മന്ത്രി വിളിച്ചുചേർത്ത കൊച്ചിയിലെ യോഗത്തിൽ യഥാസമയം എത്തിച്ചേരാൻ കഴിയാതിരുന്നതിനെ തുടർന്ന് അദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കിക്കൊണ്ടുള്ള ഉത്തരവ് അർദ്ധരാത്രിയിൽ ഡൽഹിയിൽ നിന്നുമെത്തുകയും പൊലീസ് അത് ഉടൻതന്നെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിക്കുകയുമുണ്ടായി. പലരും ഇതിനെ ഒരു അപമാനമായി കരുതിയേക്കാമായിരുന്നു. എന്നാൽ, തന്റെ തനതായ ശൈലിയിൽ ആ പദവിയിൽ നിന്നുള്ള മാറ്റത്തെ ഒരു വലിയ ആശ്വാസമായാണ് അദ്ദേഹം പിന്നീട് വിശേഷിപ്പിച്ചത്. വ്യാപകമായ ആരോപണങ്ങൾ ഉയർന്നിരുന്നിട്ടും ചീഫ് സെൻസർ എന്ന നിലയിലുള്ള തന്റെ തീരുമാനങ്ങളിൽ കെ. കരുണാകരൻ ഒരിക്കലും ഇടപെട്ടിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. അധികാരത്തെ മഹത്വവൽക്കരിക്കുകയോ അത് നഷ്ടപ്പെട്ടതിൽ വേവലാതിപ്പെടുകയോ ചെയ്യാത്ത ഒരു മനുഷ്യനെയാണ് ഇത്തരം നിലപാടുകളിൽ നാം കാണുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ആർജ്ജവത്തിന് താഴെ മാത്രമേ ഔദ്യോഗിക പദവികൾക്ക് സ്ഥാനമുണ്ടായിരുന്നുള്ളൂ. ആ ആർജ്ജവം തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തെയും നിർണയിച്ചത്.
മാർ ഇവാനിയോസ് കോളേജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, പിന്നീട് കുറച്ചുകാലം 'ദിനമണി'യിൽ മാധ്യമപ്രവർത്തനം നടത്തുകയും ചെയ്തു. ശേഷമാണ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിലൂടെ അദ്ദേഹം പൊതുസേവന രംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റിൽ കേരളത്തിലെ ആദ്യകാല ഇൻഫർമേഷൻ ഓഫീസർമാരിൽ ഒരാളായി ചേർന്നു. തുടർന്നുള്ള ഇരുപത്തിയേഴ് വർഷക്കാലം അതിൽ അവസാനത്തെ ഒരു പതിറ്റാണ്ട് പബ്ലിക് റിലേഷൻസ് ഡയറക്ടറായി കേരളത്തിന്റെ സാംസ്കാരിക ഭരണനിർവ്വഹണത്തിന്റെ പ്രധാന ശില്പികളിൽ ഒരാളായി അദ്ദേഹം മാറി. അദ്ദേഹത്തിന്റെ ഭരണനിർവ്വഹണ കാഴ്ചപ്പാട് കേവലം സർക്കാരിന്റെ വാർത്താപ്രചാരണത്തിനും പരസ്യങ്ങൾക്കും അപ്പുറത്തേക്ക് വ്യാപിച്ച ഒന്നായിരുന്നു. സിനിമയെ ഒരു വിനോദോപാധിയായി മാത്രം ഭരണകൂടങ്ങൾ കണ്ടിരുന്ന ഒരു കാലത്ത്, അതിനെ ഗൗരവമുള്ളൊരു സാംസ്കാരിക ശക്തിയായി അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനെ ശക്തിപ്പെടുത്തുന്നതും ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥാപിക്കുന്നതും ചലച്ചിത്ര നിർമ്മാണത്തിനുള്ള സർക്കാർ സഹായങ്ങൾ വ്യാപിപ്പിക്കുന്നതും നടന്നത്. കൂടാതെ, ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് ജീവൻ പകരുകയും സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഔദ്യോഗികമായി സ്ഥാപിക്കുകയും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ചലച്ചിത്ര കലാകാരന്മാർക്ക് പെൻഷൻ പദ്ധതി നടപ്പിലാക്കുകയും ചെയ്തു. ടാഗോർ തിയേറ്ററിനെ സിനിമയുടെ സജീവ വേദിയാക്കി മാറ്റിയതിന് പിന്നിലും ആ കാഴ്ചപ്പാടായിരുന്നു. കേരളത്തിന്റെ ചലച്ചിത്ര സംസ്‌കാരത്തിന് ഇത്രയധികം സംഭാവന നൽകിയ ഭരണാധികാരികൾ അപൂർവ്വമാണ്.
മാധ്യമപ്രവർത്തന രംഗത്തെ അദ്ദേഹത്തിന്റെ ഇടപെടലുകളും ദീർഘവീക്ഷണം നിറഞ്ഞതായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റുകളുമായി (KUWJ) ചേർന്ന് സംസ്ഥാനത്തുടനീളമുള്ള മാധ്യമപ്രവർത്തകർക്കായി പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ അദ്ദേഹം മുൻകൈ എടുത്തു. ആ സംരംഭങ്ങളാണ് പിന്നീട് 'കേരള പ്രസ് അക്കാദമി'യായി രൂപപ്പെട്ടത്. അദ്ദേഹത്തിന്റെ ബൗദ്ധിക ചിന്തകളിൽ നിന്ന് പിറവിയെടുത്ത ഒരു സ്ഥാപനമായിരുന്നു അത്. 1985-ൽ സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം പ്രസ് അക്കാദമിയുടെ ആദ്യ കോഴ്‌സ് ഡയറക്ടറായി ചുമതലയേൽക്കുകയും കേരളത്തിലെ പ്രൊഫഷണൽ ജേണലിസം വിദ്യാഭ്യാസത്തിന് ശക്തമായ അക്കാദമിക് അടിത്തറയിടുകയും ചെയ്തു. അന്നുതൊട്ട് തലമുറകളോളം വരുന്ന മാധ്യമപ്രവർത്തകർക്ക് പ്രസ് അക്കാദമി പരിശീലനം നൽകി. മാധ്യമപ്രവർത്തനത്തിന് ഔദ്യോഗിക പ്രതിബദ്ധതയ്ക്കൊപ്പം കൃത്യമായ വിദ്യാഭ്യാസവും ആവശ്യമാണെന്ന അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസത്തിൽ നിന്നാണ് ആ പാരമ്പര്യം തുടരുന്നത്. മാധ്യമപ്രവർത്തകർക്കായി പെൻഷൻ പദ്ധതി ആരംഭിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കും തൊഴിലിന്റെ അന്തസ്സിനോടും ക്ഷേമത്തിനോടുമുള്ള അദ്ദേഹത്തിന്റെ കരുതൽ വെളിവാക്കുന്നതായിരുന്നു.
അദ്ദേഹത്തിന്റെ ഭരണനിർവ്വഹണ ജീവിതത്തിന് സമാന്തരമായി അത്രതന്നെ പ്രശംസനീയമായ ഒരു സാഹിത്യ ജീവിതവും നിലനിന്നിരുന്നു. പൊതുവിഷയങ്ങൾ, ഓർമ്മക്കുറിപ്പുകൾ, സാമൂഹിക നിരീക്ഷണങ്ങൾ, സിനിമ എന്നിവ ആസ്പദമാക്കി ഇരുപതോളം പുസ്തകങ്ങൾ അദ്ദേഹം രചിച്ചു. അദ്ദേഹത്തിന്റെ 'സിനിമ: സത്യവും മിഥ്യയും' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. അതേസമയം 'സിനിമ: കലയും ജീവിതവും' എന്ന അദ്ദേഹത്തിന്റെ ബൃഹത്തായ കൃതി ലോകസിനിമയെക്കുറിച്ച് മലയാളത്തിൽ രചിക്കപ്പെട്ട ഏറ്റവും സമഗ്രമായ ഗ്രന്ഥങ്ങളിലൊന്നായി ഇന്നും നിലകൊള്ളുന്നു. ദശാബ്ദങ്ങളുടെ പഠനത്തിൽ നിന്ന് പിറവിയെടുത്ത ആ അസാധാരണ കൃതി, ലോക സിനിമയുടെ പരിണാമത്തെക്കുറിച്ച് വ്യക്തതയോടെയും ചരിത്രപരമായ ഉൾക്കാഴ്ചയോടെയും പ്രതിപാദിക്കുകയും നൂറുകണക്കിന് ചലച്ചിത്ര പ്രവർത്തകരെയും ആയിരക്കണക്കിന് സിനിമകളെയും വായനക്കാർക്ക് പരിചയപ്പെടുത്തുകയും ചെയ്തു. സാഹിത്യത്തിനോ തത്വചിന്തയ്ക്കോ നൽകുന്ന അതേ ബൗദ്ധിക ഗൗരവം സിനിമയും അർഹിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവ് തെളിയിച്ചു.

തോട്ടം രാജശേഖരൻ ഒരിക്കലും എഴുത്തിലോ ഭരണനിർവ്വഹണത്തിലോ മാത്രം ഒതുങ്ങിനിന്നില്ല. നൂറനാട് കുഷ്ഠരോഗ സാനിറ്റോറിയത്തിലെ രോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമ്പോഴും ചലച്ചിത്ര സംഘടനകളിൽ സേവനമനുഷ്ഠിക്കുമ്പോഴും പൊതുചർച്ചകളിൽ പങ്കാളിയാകുമ്പോഴും ശിവഗിരി മഠം അതിന്റെ യഥാർത്ഥ അവകാശികൾക്ക് തിരികെ ലഭിക്കാനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമ്പോഴും ആശയങ്ങൾ പൊതുപ്രവർത്തനത്തിലേക്ക് തർജ്ജമ ചെയ്യപ്പെടുമ്പോൾ മാത്രമേ അവയ്ക്ക് അർത്ഥമുണ്ടാകൂ എന്ന് അദ്ദേഹം വിശ്വസിച്ചു.
വർഷങ്ങൾക്ക് ശേഷം ഞങ്ങൾ യാത്രകളിൽ വീണ്ടും കണ്ടുമുട്ടി. അക്കാലത്ത് ഞാൻ മഹാത്മാഗാന്ധി സർവ്വകലാശാലയിലായിരുന്നു. അദ്ദേഹം കേരള പ്രസ് അക്കാദമിയുടെ പ്രവർത്തനങ്ങളിലും. ഓരോ കൂടിക്കാഴ്ചയും പുസ്തകങ്ങൾ, രാഷ്ട്രീയം, മാധ്യമപ്രവർത്തനം, സിനിമ, സർവ്വകലാശാലകൾ, പൊതുജീവിതം എന്നിവയെക്കുറിച്ചുള്ള സംവാദങ്ങളായി മാറി. അദ്ദേഹത്തിന്റെ ഓർമ്മശക്തി അത്ഭുതപ്പെടുത്തുന്ന വിധം കൂർമ്മതയുള്ളതായിരുന്നു. ബൗദ്ധികമായ ജിജ്ഞാസയ്ക്ക് ഒട്ടും മങ്ങലേറ്റിരുന്നില്ല. അദ്ദേഹം കാര്യങ്ങൾ ആഴത്തിൽ വായിക്കുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയും നിരന്തരം ചോദ്യം ചെയ്യുകയും ചെയ്തു. മറ്റുള്ളവരുടെ അനുകൂലമായ അഭിപ്രായം നേടിയെടുക്കുകയായിരുന്നില്ല അദ്ദേഹത്തിന്റെ ലക്ഷ്യം. സത്യസന്ധമായ അന്വേഷണമായിരുന്നു അദ്ദേഹത്തിന്റെ വഴി.
ഇന്ന് അപൂർവ്വമായി മാത്രം കാണുന്ന മറ്റൊരു പ്രത്യേകതകൂടി അദ്ദേഹത്തിനുണ്ടായിരുന്നു. ന്യായങ്ങളുടെയും നീതിയുടെയും കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമ്പോൾ ആളുകളെ വിമർശിക്കാൻ അദ്ദേഹം മടിച്ചില്ല. ചിലർ ഇതിനെ പ്രശംസിച്ചു. മറ്റുള്ളവർക്ക് അത് അസ്വസ്ഥതയുണ്ടാക്കി. രണ്ടു പ്രതികരണങ്ങളെയും തനതായ ശാന്തതയോടെ അദ്ദേഹം സ്വീകരിച്ചു. മറ്റുള്ളവരുടെ അംഗീകാരം ഒരിക്കലും അദ്ദേഹത്തിന്റെ തീരുമാനങ്ങളെ സ്വാധീനിച്ചില്ല.
ഞങ്ങൾക്കും അത്തരമൊരു അനുഭവം ഉണ്ടയിട്ടുണ്ട്. അദ്ദേഹത്തിന്റെ സർവീസ് ഓർമ്മക്കുറിപ്പുകളിൽ, എന്റെ വാപ്പിയെക്കുറിച്ചു ഞങ്ങൾക്ക് കുറച്ച് വിഷമമുണ്ടാക്കുന്ന രീതിയിൽ അദ്ദേഹം പരാമർശിക്കുകയുണ്ടായി. എന്നാൽ പിന്നീട് ആ പരാമർശം വ്യക്തിപരമായ വിദ്വേഷത്തിൽ നിന്നല്ല, മറിച്ച് ഒരു തെറ്റിദ്ധാരണയിൽ നിന്നാണ് ഉടലെടുത്തതെന്ന് വ്യക്തമായി. ആ സംഭവം അദ്ദേഹത്തോടുള്ള ഞങ്ങളുടെ ബഹുമാനത്തിൽ ഒട്ടും കുറവുവരുത്തിയില്ല. സത്യസന്ധമായി എഴുതുന്ന വ്യക്തികൾ അഭിപ്രായവ്യത്യാസങ്ങൾക്കും വിധേയരാകാം എന്ന് അത് എന്നെ ഓർമ്മിപ്പിച്ചു. ഓർമ്മക്കുറിപ്പുകൾ അനിവാര്യമായും ഓർമ്മയുടെ പരിമിതികളെയും ഓർത്തെടുക്കലിന്റെ സത്യസന്ധതയെയും ഒരുപോലെ പ്രതിഫലിപ്പിക്കുന്നുണ്ടല്ലോ.
രണ്ടു വർഷം മുമ്പ് തോട്ടത്തുള്ള അദ്ദേഹത്തിന്റെ വീട്ടിൽവെച്ചാണ് ഞാൻ അദ്ദേഹത്തെ അവസാനമായി കണ്ടത്. വാർദ്ധക്യം അദ്ദേഹത്തിന്റെ ചലനങ്ങളെ മന്ദഗതിയിലാക്കിയിരുന്നെങ്കിലും ഓർമ്മശക്തിയെയോ ആവേശത്തെയോ സ്പർശിച്ചിരുന്നില്ല. സാഹിത്യം, സമകാലിക രാഷ്ട്രീയം, മാധ്യമപ്രവർത്തനം, സിനിമ, കേരളത്തിലെ പൊതുമണ്ഡലത്തിന്റെ മാറുന്ന സ്വഭാവം എന്നിവയിലൂടെ സംഭാഷണം അനായാസം ഒഴുകി. തൊണ്ണൂറ് വയസ്സ് പിന്നിട്ട ഒരാളിൽ ഇത്തരമൊരു ബൗദ്ധിക ഊർജ്ജം ദർശിക്കുന്നത് അത്ഭുതകരമായിരുന്നു.
യാത്രപറഞ്ഞിറങ്ങാൻ ഞാൻ എഴുന്നേറ്റപ്പോൾ, അദ്ദേഹം എനിക്ക് ഒരു അവസാന ഉപദേശം നൽകി:
"എഴുത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്." ആ വാചകത്തിൽ ഒരു ആയുസ്സിന്റെ മുഴുവൻ തൂക്കമുണ്ടായിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, ആ വാക്കുകൾ ഒരു ഇളമുറക്കാരനായ സഹപ്രവർത്തകനുള്ള കേവലമൊരു ഉപദേശം മാത്രമായിരുന്നില്ലെന്ന് തിരിച്ചറിയുന്നു. അത് അദ്ദേഹത്തിന്റെ ധാർമ്മിക സത്യവാങ്മൂലമായിരുന്നു.

തോട്ടം രാജശേഖരൻ എങ്ങനെ എഴുതിയോ, അതുപോലെ തന്നെ ജീവിച്ചു സ്വതന്ത്രമായി, വിമർശനാത്മകമായി, ഭയമില്ലാതെ. തലമുറകൾ കടന്നുപോകുമ്പോൾ ഓർമ്മകൾ പതുക്കെ മാഞ്ഞുപോകുമ്പോഴും ചില വ്യക്തികൾ നമ്മുടെ ബൗദ്ധിക ജീവിതത്തിൽ വീണ്ടും ജീവിക്കുന്നു.
തോട്ടം രാജശേഖരനെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ മുൻ പബ്ലിക് റിലേഷൻസ് ഡയറക്ടറെയോ കേരള പ്രസ് അക്കാദമിയുടെ സാരഥിയെയോ പ്രശസ്തനായ ചലച്ചിത്ര നിരൂപകനെയോ മറക്കാൻ കഴിയില്ല. എന്നാൽ, ഞങ്ങളുടെ നാട്ടിലെ ലൈബ്രറിയിലെ കൊച്ചുകൂട്ടുകാരെ ഗൗരവത്തോടെ വായിക്കാനും ആത്മവിശ്വാസത്തോടെ സംസാരിക്കാനും പഠിപ്പിച്ച ആ മുതിർന്ന വ്യക്തിയെയാണ്, വ്യക്തിപരമായ നഷ്ടത്തെ അവിസ്മരണീയമായ സാഹിത്യമാക്കി മാറ്റിയ ആ ദുഃഖിതനായ പിതാവിനെയാണ്, തന്റെ സ്വാതന്ത്ര്യം അടിയറവ് വെക്കാൻ വിസമ്മതിച്ച ആ സത്യസന്ധനായ ഉദ്യോഗസ്ഥനെയാണ്, സത്യത്തിന് ധൈര്യം ആവശ്യമാണെന്ന് വിശ്വസിച്ച ആ എഴുത്തുകാരനെയാണ് കൂടുതൽ ഓർക്കുന്നത്.
