20-ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ അപകടകരമായ ഒരു രാഷ്ട്രീയാഖ്യാനം അതിവേഗം ശക്തിപ്രാപിക്കുന്നത് ലോകം കണ്ടു. പാശ്ചാത്യ രാഷ്ട്രീയചർച്ചകളിൽ കമ്മ്യൂണിസത്തിനുശേഷമുള്ള അടുത്ത ആഗോളഭീഷണിയായി ഇസ്ലാം കൂടുതലായി ചിത്രീകരിക്കപ്പെടാൻ തുടങ്ങി. ഇറാനിയൻ വിപ്ലവം, പശ്ചിമേഷ്യയിലുടനീളമുണ്ടായ രാഷ്ട്രീയ അട്ടിമറികൾ, ഭീകരവാദ പ്രവർത്തനങ്ങൾ, പിന്നീട് സെപ്റ്റംബർ 11-ലെ ആക്രമണങ്ങൾ എന്നിവ ഭയവും വെറുപ്പും കൂടുതൽ വ്യാപകമാകുന്ന അന്തരീക്ഷം സൃഷ്ടിച്ചു.
പത്രങ്ങളും ടെലിവിഷൻ സ്റ്റുഡിയോകളും രാഷ്ട്രീയവേദികളും തീവ്രവാദം, അക്രമം, നാഗരികതകളുടെ സംഘട്ടനം എന്നിവയുടെ ഭാഷയിലൂടെയാണ് ഇസ്ലാമിനെ കൂടുതലായി അവതരിപ്പിച്ചത്. 1990-കളിൽ സാമുവൽ ഹണ്ടിംഗ്ടണിന്റെ “നാഗരികതകളുടെ സംഘട്ടനം” (Clash of Civilizations) എന്ന സിദ്ധാന്തം ആഗോളശ്രദ്ധ നേടിയപ്പോൾ, ഭാവിയിലെ ആഗോള രാഷ്ട്രീയത്തിന്റെ വിശദീകരണമായി പലരും അതിനെ അംഗീകരിച്ചു.
ഈയൊരു ചരിത്രസന്ധിയിലാണ് ഒരു അമേരിക്കൻ പണ്ഡിതൻ തികച്ചും വ്യത്യസ്തമായ പാത തിരഞ്ഞെടുത്തത്. ലോകത്തെ 200 കോടിയോളം വരുന്ന മുസ്ലീങ്ങളെ കേവലം രാഷ്ട്രീയ മുദ്രാവാക്യങ്ങളിലേക്കോ സുരക്ഷാ ആശങ്കകളിലേക്കോ ചുരുക്കിക്കാണാൻ ജോൺ എൽ. എസ്പോസിറ്റോ (1940-2026) തയ്യാറായില്ല. പകരം കൂടുതൽ ഗൗരവതരമായ ചില ചോദ്യങ്ങൾ ഉന്നയിക്കുന്നതിനായി അദ്ദേഹം അഞ്ച് പതിറ്റാണ്ടിലേറെ സമയം മാറ്റിവെച്ചു. ഇസ്ലാം യഥാർത്ഥത്തിൽ എന്താണ് പറയുന്നത്? മുസ്ലീങ്ങൾ അവരുടെ സ്വന്തം വിശ്വാസത്തെ എങ്ങനെയാണ് മനസ്സിലാക്കുന്നത്? എന്തുകൊണ്ടാണ് ആധുനിക ലോകം ഇവ രണ്ടിനെയും ഇത്രയധികം തെറ്റിദ്ധരിച്ചത്? ഇതെല്ലാമായിരുന്നു എസ്പോസിറ്റോയുടെ ബൗദ്ധികാന്വേഷണം.
2026 ജൂലൈ 15-ന്, 86-ാമത്തെ വയസ്സിൽ അന്തരിച്ച പ്രൊഫ. ജോൺ എൽ. എസ്പോസിറ്റോ ബാക്കിവെച്ചുപോകുന്നത് ആധുനിക കാലഘട്ടത്തിൽ ഇസ്ലാമിനെക്കുറിച്ച് രൂപപ്പെട്ട ഏറ്റവും സ്വാധീനമുള്ള വൈജ്ഞാനിക സംഭാവനകളിലൊന്നാണ്. ഇസ്ലാമികപഠനങ്ങളെ ഭൗമരാഷ്ട്രീയ ആശങ്കകൾ ആധിപത്യം പുലർത്തിയിരുന്ന ഒരു മേഖലയിൽ നിന്ന് ചരിത്രം, ജീവിതാനുഭവങ്ങൾ, ബൗദ്ധിക വൈവിധ്യം, സംവാദം എന്നിവയിൽ വേരൂന്നിയ ഒന്നാക്കി മാറ്റാൻ അദ്ദേഹത്തിന്റെ രചനകൾക്ക് കഴിഞ്ഞു. മുസ്ലീങ്ങളോടുള്ള സംശയം സ്വാഭാവിക കാര്യമായി അതിവേഗം മാറിക്കൊണ്ടിരുന്ന കാലഘട്ടത്തിൽ ഗൗരവമേറിയ അക്കാദമിക പഠനങ്ങൾ നയിക്കപ്പെടേണ്ടത് പ്രത്യയശാസ്ത്രങ്ങൾക്കു പകരം തെളിവുകളുടെ അടിസ്ഥാനത്തിലും ഭയത്തിനു പകരം പരസ്പര ധാരണയുടെ അടിസ്ഥാനത്തിലുമാകണം എന്ന് അദ്ദേഹം നിരന്തരം വാദിച്ചു.
എഡ്വേർഡ് സൈദിന്റെ വിഖ്യാതമായ ‘ഓറിയന്റലിസം’ (Orientalism) എന്ന വിമർശന ഗ്രന്ഥത്തിനൊപ്പമാണ് പലപ്പോഴും എസ്പോസിറ്റോയുടെ ബൗദ്ധിക സംഭാവനകളും ചർച്ച ചെയ്യപ്പെടാറുള്ളത്. എങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തികച്ചും സവിശേഷമായ പാതയാണ് പിന്തുടർന്നത്. പാശ്ചാത്യ അക്കാദമിക പഠനങ്ങൾ ചരിത്രപരമായി എങ്ങനെയാണ് ‘പൗരസ്ത്യ ദേശത്തെ’ (Orient) നിർമ്മിച്ചെടുത്തതെന്നും വികലമായി ചിത്രീകരിച്ചതെന്നും എഡ്വേർഡ് സൈദ് തുറന്നുകാട്ടി. എന്നാൽ എസ്പോസിറ്റോ ഇതിൽനിന്ന് ഒരടി കൂടി മുന്നോട്ട് പോയി.

ഇസ്ലാമിനെക്കുറിച്ചുള്ള പാശ്ചാത്യവിവരണങ്ങളെ വെറുതെ വിമർശിക്കുന്നതിനുപകരം മുസ്ലീങ്ങൾക്ക് അവരുടെ സ്വന്തം വിശ്വാസങ്ങളും പാരമ്പര്യങ്ങളും ആഗ്രഹങ്ങളും സ്വയം വിശദീകരിക്കാൻ സാധിക്കുന്ന ബൗദ്ധിക ഇടങ്ങൾ അദ്ദേഹം സൃഷ്ടിച്ചു. ‘വോയ്‌സസ് ഓഫ് റീസർജന്റ് ഇസ്ലാം’ (Voices of Resurgent Islam) പോലുള്ള കൃതികളിലൂടെയും, ‘ഓക്സ്ഫെഡ് എൻസൈക്ലോപീഡിയ ഓഫ് ദി മോഡേൺ ഇസ്ലാമിക് വേൾഡ്' (Oxford Encyclopedia of the Modern Islamic World) എന്ന ഗ്രന്ഥത്തിന്റെ എഡിറ്റർ പദവിയിലൂടെയും മുസ്ലീംപണ്ഡിതന്മാരും പൊതുബുദ്ധിജീവികളും കേവലം അക്കാദമിക പഠനങ്ങൾക്കുള്ള വിഷയങ്ങൾ മാത്രമല്ലാതായി മാറി. തുടർന്ന് ഇസ്ലാമിനെക്കുറിച്ചുള്ള ആഗോളചർച്ചകൾക്ക് രൂപം നൽകുന്നതിൽ അവർ പങ്കാളികളാവുകയും ചെയ്തു. ആ അർത്ഥത്തിൽ ഇസ്ലാമികപഠനങ്ങളെ ജനാധിപത്യവൽക്കരിക്കാൻ എസ്പോസിറ്റോ വലിയ പങ്കുവഹിച്ചു.
ഇത്തരം വിഷയങ്ങൾ സജീവ സംവാദങ്ങളായി മാറുന്നതിനും എത്രയോ മുൻപുതന്നെ നിലവിലുണ്ടായിരുന്ന പൊതുധാരണകളെ അദ്ദേഹത്തിന്റെ അക്കാദമിക പഠനങ്ങൾ ചോദ്യം ചെയ്തിരുന്നു. ഹണ്ടിംഗ്ടൺ “നാഗരികതകളുടെ സംഘട്ടനം” എന്ന സിദ്ധാന്തത്തിന് ജനപ്രീതി നൽകുന്നതിനും വർഷങ്ങൾക്കുമുൻപ് എസ്പോസിറ്റോ ആ വാദത്തിന്റെ അടിസ്ഥാനശിലകളെത്തന്നെ ചോദ്യം ചെയ്തു. ‘ഇസ്ലാമിക ഭീഷണി: മിത്തോ യാഥാർഥ്യമോ’ (The Islamic Threat: Myth or Reality?) എന്ന കൃതിയിലൂടെ പാശ്ചാത്യരാജ്യങ്ങളെ നേരിടുന്ന ഒരൊറ്റ ഏകീകൃത രാഷ്ട്രീയശക്തിയാണ് ഇസ്ലാം എന്ന സങ്കൽപ്പത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. ഇസ്ലാമിക നവോത്ഥാനം എന്നത് സഹജമായി പാശ്ചാത്യവിരുദ്ധമോ ജനാധിപത്യവിരുദ്ധമോ അല്ലെന്ന് അദ്ദേഹം വാദിച്ചു. മതപരമായ ഉണർവുകളെ കേവലം രാഷ്ട്രീയ തീവ്രവാദവുമായി സമീകരിക്കാൻ കഴിയില്ല. അതിലുപരിയായി വിപുലമായ ഇസ്ലാമിക ഉണർവുകൾ, പരിഷ്കരണ പ്രസ്ഥാനങ്ങൾ, തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്ന ഇസ്ലാമിക പാർട്ടികൾ, യാഥാസ്ഥിതിക ഗ്രൂപ്പുകൾ, അക്രമത്തിൽ വിശ്വസിക്കുന്ന തീവ്രവാദ സംഘടനകൾ എന്നിവ തമ്മിലുള്ള വ്യത്യാസങ്ങളെ അദ്ദേഹം വളരെ ശ്രദ്ധയോടെ വേർതിരിച്ചു കാണിച്ചു. ഇവയെയെല്ലാം “ഇസ്ലാമിക മൗലികവാദം” (Islamic fundamentalism) എന്ന ഒരൊറ്റ മുദ്ര കുത്തി ഒന്നിച്ച് ചേർക്കുന്നത് അപക്വമായ അക്കാദമിക പഠനങ്ങൾക്കും അതിലും മോശമായ പൊതുനയ രൂപീകരണങ്ങൾക്കും മാത്രമേ കാരണമാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
‘പൊളിറ്റിക്കൽ ഇസ്ലാം’ (രാഷ്ട്രീയ ഇസ്ലാം) എന്നത് ഒരൊറ്റ പ്രത്യയശാസ്ത്രമല്ലെന്നും അത് വ്യത്യസ്തമായ ചരിത്രങ്ങളും സംസ്കാരങ്ങളും രാഷ്ട്രീയ യാഥാർത്ഥ്യങ്ങളും രൂപപ്പെടുത്തിയ വിപുലമായ ഒരു കൂട്ടം പ്രസ്ഥാനങ്ങളാണെന്നും എസ്പോസിറ്റോ ഭരണകർത്താക്കളെയും നയരൂപകർത്താക്കളെയും ആവർത്തിച്ച് ഓർമ്മിപ്പിച്ചു. പല ഇസ്ലാമിക പ്രസ്ഥാനങ്ങളും സ്കൂളുകൾ, ആശുപത്രികൾ, ചാരിറ്റികൾ, ക്ഷേമസ്ഥാപനങ്ങൾ എന്നിവ നിർമ്മിക്കുകയും തിരഞ്ഞെടുപ്പുകളിൽ സമാധാനപരമായി പങ്കെടുക്കുകയും ജനാധിപത്യപരമായ മത്സരങ്ങളെ അംഗീകരിക്കുകയും ചെയ്തതായി അദ്ദേഹം നിരീക്ഷിച്ചു. വളരെ ചെറിയൊരു ന്യൂനപക്ഷം മാത്രമാണ് അക്രമപാത സ്വീകരിച്ചത്. ഈ വ്യത്യാസങ്ങളെ അവഗണിക്കുന്നത് യഥാർത്ഥ ജനാധിപത്യ പ്രസ്ഥാനങ്ങളെ അടിച്ചമർത്തുന്നതോടൊപ്പം ഏകാധിപത്യ ഭരണകൂടങ്ങളെ പിന്തുണയ്ക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുമെന്നും തോൽപ്പിക്കാൻ ശ്രമിക്കുന്നു എന്നവകാശപ്പെടുന്ന തീവ്രവാദത്തെത്തന്നെ കൂടുതൽ ശക്തിപ്പെടുത്താനേ ഈ തന്ത്രം ഉപകരിക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇസ്ലാം ജനാധിപത്യത്തിന് വിരുദ്ധമാണെന്ന പരക്കെ നിലവിലിരുന്ന മറ്റൊരു തെറ്റായ ധാരണയെക്കൂടി അദ്ദേഹത്തിന്റെ വിശകലനങ്ങൾ ചോദ്യം ചെയ്തു. ശൂറ (ആലോചന / കൂടിയാലോചന), ഇജ്മാഅ് (ഐക്യകണ്ഠ്യം / പൊതുസമ്മതി), ഇജ്തിഹാദ് (സ്വതന്ത്രമായ ബൗദ്ധിക ഗവേഷണം) തുടങ്ങിയ ഇസ്ലാമിക ആശയങ്ങളെ മുൻനിർത്തി ജനാധിപത്യപരമായ പങ്കാളിത്തം ഇസ്ലാമിന്റെ ബൗദ്ധിക പാരമ്പര്യങ്ങളിൽനിന്ന് സ്വാഭാവികമായിത്തന്നെ ഉയർന്നുവരാൻ കഴിയുന്ന ഒന്നാണെന്ന് എസ്പോസിറ്റോ വാദിച്ചു.
പല മുസ്ലീം സമൂഹങ്ങളിലും ജനാധിപത്യത്തിന് മുന്നിലുള്ള പ്രധാന തടസ്സങ്ങൾ ഇസ്ലാം മതമല്ലെന്നും, ഏകാധിപത്യ രാഷ്ട്രീയ സംവിധാനങ്ങൾ, കൊളോണിയൽ പൈതൃകങ്ങൾ, അഴിമതി, ദുർബലമായ സ്ഥാപനങ്ങൾ എന്നിവയാണെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. അടിസ്ഥാനപരമായി രാഷ്ട്രീയപരമായ കാരണങ്ങളാൽ ഉണ്ടായ പരാജയങ്ങളെ മൂടിവെക്കാൻ മതം എളുപ്പമുള്ള ഒരു ബലിമൃഗമായി മാറ്റപ്പെടുകയായിരുന്നു.
2001 സെപ്റ്റംബർ 11-ലെ ആക്രമണങ്ങൾ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്കെതിരെയുള്ള സംശയങ്ങളെ നാടകീയമായ രീതിയിൽ തീവ്രമാക്കി. ഇവിടെയും എളുപ്പമുള്ള വിശദീകരണങ്ങളിലേക്ക് വഴിമാറാൻ എസ്പോസിറ്റോ തയ്യാറായില്ല. ‘അൺഹോളി വാർ: ടെറർ ഇൻ ദി നെയിം ഓഫ് ഇസ്ലാം’ (Unholy War: Terror in the Name of Islam) എന്ന കൃതിയിലൂടെ ഇസ്ലാമിന്റെ അധ്യാപനങ്ങളെ ഭീകരവാദ സംഘടനകളുടെ പ്രത്യയശാസ്ത്രങ്ങളിൽ നിന്ന് അദ്ദേഹം വളരെ ശ്രദ്ധയോടെ വേർതിരിച്ചു കാണിച്ചു. അൽ-ഖാഇദ പോലുള്ള ഗ്രൂപ്പുകൾ ഇസ്ലാമികപാരമ്പര്യത്തിന്റെ വിപുലമായ ധാർമ്മിക അടിത്തറകളെ പൂർണ്ണമായും അവഗണിച്ച് ചില പ്രത്യേക മതപരമായ ആശയങ്ങളെ തങ്ങളുടെ താല്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം തെളിയിച്ചു. ഭീകരവാദം എന്നത് ഇസ്ലാം മതത്തിൽനിന്ന് ഉത്ഭവിച്ചതല്ലെന്നും, രാഷ്ട്രീയമായ പ്രതിഷേധം, വിദേശ ഇടപെടലുകൾ, ഏകാധിപത്യഭരണം, പ്രത്യയശാസ്ത്രപരമായ ചൂഷണങ്ങൾ എന്നിവയുടെ സങ്കീർണ്ണമായ പരസ്പരപ്രവർത്തനങ്ങളിലൂടെയാണ് രൂപപ്പെട്ടതെന്നും അദ്ദേഹം വാദിച്ചു. മതത്തിന്റെ പേരിൽ ചെയ്യപ്പെടുന്ന അക്രമങ്ങളെ ഒരിക്കലും ആ മതത്തിന്റെ ആകെത്തുകയായി തെറ്റിദ്ധരിക്കരുത്. ഈ വേർതിരിക്കൽ അദ്ദേഹത്തിന്റെ അക്കാദമിക പഠനങ്ങളുടെ ഏറ്റവും നിർണ്ണായകമായ പ്രമേയങ്ങളിലൊന്നായി മാറി.
അദ്ദേഹത്തിന്റെ ആശങ്കകൾ അക്കാദമിക സംവാദങ്ങളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ഇസ്ലാമിനെ അക്രമവുമായി കൂടുതലായി ബന്ധപ്പെടുത്തിക്കൊണ്ടിരുന്ന പൊതുജന സംസ്കാരത്തിലേക്കും അത് വ്യാപിച്ചിരുന്നു. 2016-ൽ നൽകിയ ഒരു അഭിമുഖത്തിൽ, മാധ്യമലോകത്ത് നിലനിൽക്കുന്ന അസാധാരണമായ ചാർത്തലുകളെക്കുറിച്ചു എസ്പോസിറ്റോ ചൂണ്ടിക്കാണിച്ചു.

ഇസ്ലാമിനെക്കുറിച്ചുള്ള വാർത്തകളിൽ 80 ശതമാനത്തിലധികവും നിഷേധാത്മകമായിരുന്നു. കൂടാതെ പത്തിൽ ഒൻപത് വാർത്തകളും അക്രമത്തെക്കുറിച്ചോ ഭീകരവാദത്തെക്കുറിച്ചോ ഉള്ളതായിരുന്നു. സാധാരണക്കാരായ മുസ്ലീങ്ങൾ-അതായത് ഭൂരിപക്ഷവും- പൊതു ചർച്ചകളിൽ പൂർണ്ണമായും അദൃശ്യരാക്കപ്പെട്ടു. “ഖുർആനിലെ ബഹുഭൂരിപക്ഷം വചനങ്ങളും സാമൂഹിക നീതി, കാരുണ്യം, സമത്വം എന്നിവയെക്കുറിച്ചുള്ളതാണ്” എന്ന് അദ്ദേഹം ജനങ്ങളെ ഓർമ്മിപ്പിച്ചു. യുദ്ധത്തെ പരാമർശിക്കുന്ന വചനങ്ങൾ പ്രത്യേക ചരിത്ര പശ്ചാത്തലങ്ങളിലുള്ളതാണെന്നും വിശുദ്ധ ഗ്രന്ഥത്തിന്റെ വിപുലമായ ധാർമ്മിക അധ്യാപനങ്ങളിൽനിന്ന് അവയെ മാറ്റിനിർത്തി ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള (ഇസ്‌ലാം ഭീതി) അദ്ദേഹത്തിന്റെ വിമർശനങ്ങളിലെന്നപോലെ മറ്റൊരിടത്തും എസ്പോസിറ്റോയുടെ നൈതികമായ വ്യക്തത ഇത്രത്തോളം പ്രകടമായിരുന്നിരിക്കില്ല. 2011-ൽ നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ മുന്നറിയിപ്പ് നൽകി: “ജൂതമതത്തോട് കാണിക്കുന്ന സെമിറ്റിക് വിരുദ്ധത (anti-Semitism) എന്താണോ, അതുതന്നെയാണ് ഇസ്‌ലാം മതത്തോട് കാണിക്കുന്ന ഇസ്‌ലാമോഫോബിയയും.”
തുടക്കത്തിൽത്തന്നെ പ്രതിരോധിച്ചില്ലെങ്കിൽ മുസ്ലീങ്ങൾക്കെതിരെയുള്ള മുൻവിധികൾ “ഒരു സാമൂഹിക അർബുദം (cancer) പോലെ” പടർന്നുപന്തലിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ആ വാക്കുകൾ ഇന്ന് അസാധാരണമാംവിധം പ്രവാചകതുല്യമായി അനുഭവപ്പെടുന്നു. ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റിയുടെ ‘ബ്രിഡ്ജ് ഇനിഷ്യേറ്റീവ്’ (Bridge Initiative) വഴി മുസ്ലീം വിരുദ്ധ മുൻവിധികളും തെറ്റായ വിവരങ്ങളും വെറുപ്പുളവാക്കുന്ന പ്രസംഗങ്ങളും അദ്ദേഹം വ്യവസ്ഥാപിതമായി രേഖപ്പെടുത്തി. ഇതിലൂടെ ഇസ്‌ലാമോഫോബിയ എന്നത് മാധ്യമങ്ങളിലെ ചില വിഭാഗങ്ങളും സന്നദ്ധസംഘടനകളും പൊതുസ്ഥാപനങ്ങളും ചേർന്ന് നിലനിർത്തുന്ന സംഘടിതമായ ഒരു രാഷ്ട്രീയ പ്രതിഭാസമായി മാറിയിട്ടുണ്ടെന്നു അദ്ദേഹം തെളിയിച്ചു.
അദ്ദേഹത്തിന്റെ നിരവധി പുസ്തകങ്ങളിൽ ഡാലിയ മൊഗാഹെഡുമായി ചേർന്ന് എഴുതിയ “ഹൂ സ്പീക്സ് ഫോർ ഇസ്‌ലാം?” (Who Speaks for Islam?) എന്ന കൃതി പ്രത്യയശാസ്ത്രപരമായ വാദങ്ങൾക്ക് പകരമായി അനുഭവസിദ്ധമായ തെളിവുകൾ ഉപയോഗിച്ച് പാശ്ചാത്യവാർപ്പ് മാതൃകകളെ ഏറ്റവും ഫലപ്രദമായി തകർത്ത ഒന്നായിരിക്കും. 35-ലധികം മുസ്ലീം ഭൂരിപക്ഷ സമൂഹങ്ങളിൽ നടത്തിയ വിപുലമായ ഗാലപ്പ് സർവേകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ പുസ്തകം, മറ്റെവിടെയും കാണുന്നതുപോലെയുള്ള അതേ ആഗ്രഹങ്ങൾ തന്നെയാണ് മുസ്ലീങ്ങളും പൊതുവായി പങ്കുവെക്കുന്നതെന്ന് തെളിയിച്ചു. ഉത്തരവാദിത്തമുള്ള ഭരണം, സാമ്പത്തിക അവസരങ്ങൾ, വിദ്യാഭ്യാസം, അന്തസ്സ്, സുരക്ഷിതത്വം എന്നിവയാണവ.
പാശ്ചാത്യ സർക്കാരുകളോടുള്ള രാഷ്ട്രീയമായ നീരസം നിലനിൽക്കുന്നിടങ്ങളിൽ അത് കൂടുതലും ഉയർന്നുവന്നത് വിദേശനയങ്ങളോടുള്ള പ്രതിഷേധങ്ങളിൽ നിന്നായിരുന്നു. അല്ലാതെ ജനാധിപത്യത്തോടോ ആധുനികതയോടോ ഉള്ള വിരോധം കൊണ്ടായിരുന്നില്ല. ഇതെല്ലാം ഊഹാപോഹങ്ങൾക്ക് പകരം സ്ഥിതിവിവരക്കണക്കുകൾ നിരത്തുകയും പരമ്പരാഗതമായ അനുമാനങ്ങളിലൂടെയല്ലാതെ സാധാരണക്കാരായ മുസ്ലീങ്ങൾക്ക് അവരുടെ സ്വന്തം ശബ്ദത്തിലൂടെ സംസാരിക്കാൻ അവസരമൊരുക്കുകയും ചെയ്തു.
ഇതേ രീതിയിൽ “ദ ഫ്യൂച്ചർ ഓഫ് ഇസ്ലാം” (The Future of Islam) എന്ന അദ്ദേഹത്തിന്റെ കൃതിയും ശ്രദ്ധ തിരിച്ചുവിട്ടത് ഇസ്ലാമും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുണ്ടെന്ന് സങ്കൽപ്പിച്ചിരുന്ന ഒരു ഏറ്റുമുട്ടലിൽ നിന്നായിരുന്നില്ല. മുസ്ലീം സമൂഹങ്ങൾക്കുള്ളിൽത്തന്നെ നടക്കുന്ന ആഭ്യന്തര ചർച്ചകളിലേക്കായിരുന്നു അത് പോയത്. സമകാലിക ഇസ്ലാമിക ചിന്തകൾക്ക് പുതിയ മാനങ്ങൾ നൽകിക്കൊണ്ടിരുന്ന പരിഷ്കർത്താക്കളെയും വനിതാ പണ്ഡിതരെയും യുവജന പ്രസ്ഥാനങ്ങളെയും ജനാധിപത്യ പ്രവർത്തകരെയും എസ്പോസിറ്റോ ഇതിലൂടെ ഉയർത്തിക്കാട്ടി. ഇസ്ലാമിന്റെ ഭാവി നിർണ്ണയിക്കപ്പെടുക ബാഹ്യമായ ഏറ്റുമുട്ടലുകളിലൂടെയായിരിക്കില്ല; നീതി, ബഹുസ്വരത, ഭരണഘടനാവാദം, മനുഷ്യാവകാശങ്ങൾ എന്നിവയെക്കുറിച്ച് മുസ്ലീംസമൂഹങ്ങൾക്കുള്ളിൽ നടക്കുന്ന ആഭ്യന്തരസംവാദങ്ങളിലൂടെയായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ പ്രാദേശികമായ സ്ഥിരതയുടെ പേരിൽ ഏകാധിപത്യ സഖ്യകക്ഷികളെ പിന്തുണയ്ക്കുന്നതിലൂടെ പാശ്ചാത്യസർക്കാരുകൾ പലപ്പോഴും ഇത്തരം പരിഷ്കരണ ചിന്താഗതികളുടെ അടിത്തറ ഇളക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വാദിച്ചു.

മുസ്ലീം സമൂഹങ്ങളോട് അനുഭാവം പുലർത്തുമ്പോഴും പൊളിറ്റിക്കൽ ഇസ്ലാമിനെ എസ്പോസിറ്റോ ഒരിക്കലും അതിഭാവുകത്വത്തോടെ ചിത്രീകരിച്ചിരുന്നില്ല. ജമാഅത്തെഇസ്‌ലാമി പോലുള്ള പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ രചനകൾ പരസ്പരധാരണയും വിമർശനവും തമ്മിലുള്ള സൂക്ഷ്മമായ ഒരു വേർതിരിക്കാൽ വെളിപ്പെടുത്തുന്നവയാണ്. അത്തരം സംഘടനകളെ സഹജമായിത്തന്നെ ഭീകരവാദികളായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ തള്ളിക്കളയുമ്പോൾത്തന്നെ പരമാധികാരം പൂർണ്ണമായും മതനേതൃത്വത്തിൽ മാത്രം കേന്ദ്രീകരിക്കുന്ന രാഷ്ട്രീയമാതൃകകളെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു. കൂടാതെ പ്രത്യയശാസ്ത്രപരമായ ശാഠ്യത്തിനും മറ്റുള്ളവരെ മാറ്റിനിർത്തുന്ന നിലപാടുകൾക്കും ഏകാധിപത്യപ്രവണതകൾക്കുമെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ വൈജ്ഞാനികപഠനങ്ങൾ എക്കാലത്തും കേവലമായ ന്യായീകരണങ്ങൾക്ക് മുതിരാതെ കൃത്യമായ വിശകലനങ്ങളിൽ അധിഷ്ഠിതമായിരുന്നു.
എസ്പോസിറ്റോയുടെ സ്വാധീനം സർവ്വകലാശാലാ ക്ലാസ് മുറികൾക്കുള്ളിൽ മാത്രമായി ഒതുങ്ങിയില്ല. ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റിയിൽ അദ്ദേഹം സ്ഥാപിച്ച “സെന്റർ ഫോർ മുസ്ലിം- ക്രിസ്ത്യൻ അണ്ടർസ്റ്റാൻഡിംഗ്” (Center for Muslim-Christian Understanding) ഇസ്ലാമിക പഠനങ്ങൾക്കും വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ലോകത്തിലെ മുൻനിര കേന്ദ്രങ്ങളിലൊന്നായി മാറി. അദ്ദേഹം വിവിധ സർക്കാരുകൾക്കും അന്താരാഷ്ട്ര സംഘടനകൾക്കും മാധ്യമ സ്ഥാപനങ്ങൾക്കും സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങൾക്കും നിരവധി വിശകലനങ്ങൾ നൽകി. ഓക്സ്ഫെഡിന്റെ പ്രധാന റഫറൻസ് ഗ്രന്ഥങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ച അദ്ദേഹം, ഡസൻ കണക്കിന് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട അമ്പതിലധികം പുസ്തകങ്ങൾ രചിക്കുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഇന്ന് ലോകമെമ്പാടും വിശിഷ്ട പദവികൾ അലങ്കരിക്കുന്ന നിരവധി തലമുറകളിലെ വിദ്യാർത്ഥികളെ അദ്ദേഹം വാർത്തെടുത്തു. അസാധാരണമായ വൈജ്ഞാനിക സംഭാവനകൾക്കൊപ്പം ഉദാരമനസ്കത, വിനയം, തുറന്ന മനസ്സ് എന്നിവയുടെ പേരിലാണ് സഹപ്രവർത്തകരും വിദ്യാർത്ഥികളും അദ്ദേഹത്തെ ഓർമ്മിക്കുന്നത്.
ഇസ്ലാമിനെ മനസ്സിലാക്കുന്നതിനുള്ള പ്രധാന മാധ്യമമായി 'ഭയം' മാറാൻ തുടങ്ങിയ ഒരു ഘട്ടത്തിലാണ് എസ്പോസിറ്റോ പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത്. ഇതിനോട് അദ്ദേഹം പ്രതികരിച്ചത് പൊള്ളയായ മുദ്രാവാക്യങ്ങൾ മാറ്റിവെച്ച് അക്കാദമിക പഠനങ്ങൾ കൊണ്ടായിരുന്നു, പ്രത്യയശാസ്ത്രശാഠ്യങ്ങൾ മാറ്റിവെച്ച് ചരിത്രപരമായ അന്വേഷണങ്ങൾ കൊണ്ടായിരുന്നു. നാഗരികതകളെക്കുറിച്ചുള്ള നിരാശ കൊണ്ടായിരുന്നില്ല, എന്നാൽ സംവാദങ്ങൾ ഇനിയും സാധ്യമാണെന്ന ശുഭാപ്തിവിശ്വാസം കൊണ്ടായിരുന്നു.

ധ്രുവീകരണവും മതദേശീയതയും വർദ്ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയയും വീണ്ടും ശക്തമാകുന്ന ഇന്നത്തെ കാലഘട്ടത്തിലും മുൻവിധികൾ കൊണ്ടാടുന്നതിനുമുൻപ് ക്ഷമയോടെ കേൾക്കാനാണ് യഥാർത്ഥ ജ്ഞാനം ആദ്യം പഠിപ്പിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ രചനകൾ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ലോകത്തിലെ ഏറ്റവും ആഴമേറിയതെന്ന് കരുതപ്പെടുന്ന മുറിവുകൾക്കും വിഭജനങ്ങൾക്കും മേലെ ബൗദ്ധികമായ പാലങ്ങൾ പണിയുന്നതിനായി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച ഒരു പണ്ഡിതൻ നമുക്ക് നൽകിപ്പോകുന്ന ഏറ്റവും വലിയ പാഠവും ഇതുതന്നെയായിരിക്കും.
