എം പി പരമേശ്വരൻ.

എം.പി:
കലാപഭരിതമായ
ബൗദ്ധിക ജീവിതം

“നമ്മുടെ കാലത്തെ സോഷ്യലിസത്തിനു വേണ്ടി നിലകൊള്ളുന്നവർ വിസ്മരിച്ചു കളയാൻ പാടില്ലാത്ത പാരിസ്ഥിതിക പ്രശ്നങ്ങളെയും ഉപഭോഗാക്തമായ ജീവിതത്തെയുമെല്ലാം സംബന്ധിച്ച പരിഗണനകളും വിമർശനാത്മക സമീപനങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചിരുന്നു” - അന്തരിച്ച കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ എം.പി. പരമേശ്വരനെ ഓർക്കുന്നു കെ.ടി. കുഞ്ഞിക്കണ്ണൻ.

ലയാളിയുടെ ശാസ്ത്രബോധത്തെയും മാർക്സിസ്റ്റ് ജ്ഞാനത്തെയും രൂപപ്പെടുത്തുന്നതിൽ അനിഷേധ്യമായ ഇടപെടലുകൾ നടത്തിയ പണ്ഡിതനാണ് എം പി പരമേശ്വരൻ. അറിവിന്റെ സാമൂഹ്യശാസ്ത്രപരമായ എല്ലാ തലങ്ങളെയും സംബന്ധിച്ച അന്വേഷണമായിരുന്നു എം.പിയുടെ ജീവിതമെന്ന് പറയാം. മാർക്സിസ്റ്റ് ജ്ഞാനസിദ്ധാന്തത്തെയും അറിവിനെയും സംബന്ധിച്ച പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും അടിസ്ഥാന മാർക്സിസ്റ്റ് പാഠങ്ങളിലേക്ക് മലയാളികളെ കൊണ്ട് പോയ സൈദ്ധാന്തികനും അധ്യാപകനുമായിരുന്നു.

ഭാഭാ അറ്റോമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലി ഉപേക്ഷിച്ച് സാമൂഹ്യ വിപ്ലവത്തിന് വേണ്ടിയുള്ള മനുഷ്യപ്രവർത്തനങ്ങൾക്ക് ദിശാബോധവും നേതൃത്വവും നൽകുന്ന സാമൂഹ്യ പ്രവർത്തനത്തിന്റെ വഴികളിലേക്ക് ഇറങ്ങി വന്ന ധിഷണാശാലി. സോവിയറ്റ് യൂണിയനിൽ ചെന്ന് മാർക്സിസവും അതിന്റെ ദർശനപദ്ധതിയായ ചരിത്രപരവും വൈരുധ്യാത്മകവുമായ ഭൗതികവാദത്തിൽ പ്രാവീണ്യം നേടുകയും ചെയ്തു. മലയാളി മാർക്സിസ്റ്റുകൾക്ക് മാർക്സിസ്റ്റ് ദർശനം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും എത്രയോ കാലം എം.പി.യുടെ ചരിത്രപരവും വൈരുധ്യാത്മകവുമായ ഭൗതികവാദം എന്ന കൃതി കൈപുസ്തകമായിരുന്നു.

മനുഷ്യരുടെ വിമോചനാത്മകതയോട് ചേർന്ന് നിന്ന തത്വശാസ്ത്രം എന്ന നിലയിൽ മാർക്സിസത്തെയും അതിന്റെ പ്രയോഗങ്ങളിലുണ്ടായ പ്രശ്നങ്ങളെയും സംബന്ധിച്ച ആലോചനകളും വിമർശനങ്ങളും ചേർന്ന കലാപഭരിതമായൊരു ബൗദ്ധികജീവിതമായിരന്നു എം.പിയെന്ന മഹാമനീഷിയുടേതെന്ന് പറയാമെന്ന് തോന്നുന്നു. മുതലാളിത്ത വികസനവും അതു സൃഷ്ടിക്കുന്ന ഉപഭോഗാർത്തിയും പ്രകൃതി ചൂഷണത്തിന്റെ മുൻപിൻ ആലോചനയില്ലാതെയുള്ള ഇടപെടലുകളും സംബന്ധിച്ച ഗൗരവാവഹമായ അന്വേഷണ പഠനങ്ങൾ എം.പി തന്റെതായ നിലയിൽ നടത്തിയിട്ടുണ്ട്. നമ്മുടെ കാലത്തെ സോഷ്യലിസത്തിനു വേണ്ടി നിലകൊള്ളുന്നവർ വിസ്മരിച്ചു കളയാൻ പാടില്ലാത്ത പാരിസ്ഥിതിക പ്രശ്നങ്ങളെയും ഉപഭോഗാക്തമായ ജീവിതത്തെയുമെല്ലാം സംബന്ധിച്ച പരിഗണനകളും വിമർശനാത്മക സമീപനങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചിരുന്നു.

Comments