നാനാ പടേക്കർ

നാനാ പടേക്കർ, അഭിനയത്തിന്റെ അഗ്നിപർവ്വതം...

സമാന്തരസിനിമയിലും മുഖ്യധാരാസിനിമയിലും ഒരുപോലെ നിറസാന്നിധ്യമായിരുന്നു നാനാ പടേക്കർ. അതിശക്തമായ കഥാപാത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയുടെ അഭിയനഭാവുകത്വത്തെ അദ്ദേഹം നവീകരിച്ച് കൊണ്ടേയിരുന്നു…

News Desk

തീക്ഷ്ണമായ കണ്ണുകൾ… മൂർച്ചയുള്ള നോട്ടം… ഉറച്ച ശബ്ദം… ആകാരം കൊണ്ടും ഭാവാഭിനയം കൊണ്ടും അതിശക്തമായ കഥാപാത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയുടെ അഭിയനഭാവുകത്വത്തെ സ്വാധീനിച്ച നാനാ പടേക്കർ വരും തലമുറയ്ക്ക് ഒരു പാഠപുസ്തകമാണ്. മറാത്തി നാടകങ്ങളിൽ നിന്നാണ് അദ്ദേഹം സിനിമയിലെത്തുന്നത്. 1978-ൽ പുറത്തിറങ്ങിയ ‘ഗമൻ’ ആയിരുന്നു ആദ്യത്തെ സിനിമ. മീരാ നായർ സംവിധാനം ചെയ്ത സലാം ബോംബെയിലെ അഭിനയപ്രകടനം അദ്ദേഹത്തെ ദേശീയശ്രദ്ധയിലേക്ക് ഉയർത്തി. ‘പരിന്ദ’ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രം അദ്ദേഹത്തിലെ അഭിനയപ്രതിഭയെ മറ്റൊരു തലത്തിൽ എത്തിക്കുന്നതായിരുന്നു. പ്രഹാർ, ക്രാന്തിവീർ സിനിമകളിലെ ക്ഷുഭിതയൗവന കഥാപാത്രങ്ങളും സഞ്ജയ് ലീലാ ബൻസാലിയുടെ ഖാമോഷി എന്ന ചിത്രത്തിലെ അച്ഛൻ കഥാപാത്രവുമെല്ലാം എക്കാലത്തും ഓർമിക്കപ്പെടുന്ന നാനാ പടേക്കർ വേഷങ്ങളാണ്.

സമാന്തര സിനിമകളിലെന്ന പോലെ തന്നെ മുഖ്യധാരാ സിനിമകളിലും അദ്ദേഹം സജീവമായിരുന്നു. ഓരോ കഥാപാത്രത്തെയും തൻെറ അഭിനയമികവ് കൊണ്ട് അദ്ദേഹം വേറിട്ടതാക്കി. അതിനാൽ തന്നെ ഓരോ നാനാ പടേക്കർ കഥാപാത്രവും ഭാവുകത്വം കൊണ്ട് വ്യത്യസ്തമായി തന്നെ നിന്നു. ഇന്ത്യൻ സിനിമയിൽ തന്നെ ഇത്ര മനേഹരമായി മെത്തേഡ് ആക്ടിങ് രീതി പരീക്ഷിച്ചിട്ടുള്ളവർ വിരളമാണ്. നസറുദ്ദീൻ ഷായ്ക്കും ഇർഫാൻ ഖാനുമെല്ലാം ഒപ്പം നാനാ പടേക്കർ ഇക്കാര്യത്തിൽ മുന്നിൽ തന്നെയുണ്ട്. ഗൗരവമുള്ള കഥാപാത്രങ്ങളോടൊപ്പം തന്നെ ഹാസ്യകഥാപാത്രങ്ങളും മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട് നാനാ പടേക്കർ. പുതിയ കാലത്തെ സോഷ്യൽ മീഡിയ മീമുകളിലും അദ്ദേഹത്തിൻെറ പല തമാശ കഥാപാത്രങ്ങളും നിറഞ്ഞുനിൽക്കുന്നുണ്ട്.

1951 ജനുവരി 1-ന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലായിരുന്നു നാനാ പടേക്കറിൻെറ ജനനം. വിശ്വനാഥ് പടേക്കർ എന്നാണ് യഥാർഥ പേര്. ‘പ്രഹാർ: ദി ഫൈനൽ അറ്റാക്ക്’ എന്ന സിനിമ സംവിധാനം ചെയ്തത് നാനാ പടേക്കർ തന്നെയാണ്. 2015-ൽ മഹാരാഷ്ട്രയിലുണ്ടായ വരൾച്ചയിൽ കർഷകർ ആത്മഹത്യ ചെയ്തപ്പോൾ, ‘നാം ഫൗണ്ടേഷൻ’ സ്ഥാപിച്ച് കർഷകരെ സഹായിക്കാൻ അദ്ദേഹം രംഗത്തെത്തിയിരുന്നു. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2013-ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചു.

Comments