ടി.ജെ.എസ്, മാധ്യമലോകം അനശ്വരമാക്കിയ മൂന്നക്ഷരം

“പതിനാലു വർഷമാണ് ടി.ജെ.എസ് ഫ്രീപ്രസ്സിൽ ജോലി ചെയ്തത്. അതിനിടയ്ക്കായിരുന്നു മൂന്നാം ക്ലാസ് റെയിൽവെ ടിക്കറ്റുമായി ഇന്ത്യ കാണാനിറങ്ങിയത്. തോൾസഞ്ചിയുമായി നഗരങ്ങളിൽനിന്ന് നഗരങ്ങളിലേക്കുള്ള ദേശാടനം. ഉറക്കം പ്ലാറ്റ്ഫോമിലും ഫുട്പാത്തുകളിലും. ഇതിനിടെ കാശിയിലെ ചേരിപ്രദേശത്ത് പനി പിടിച്ച് ബോധമറ്റ് ഒരാഴ്ച കിടപ്പിൽ.” കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ മാധ്യമപ്രവർത്തകൻ ടി.ജെ.എസ് ജോർജ്ജിനെ ഓർക്കുകയാണ് മുസാഫിർ.

ബാംഗ്ലൂർ രാജ്മഹൽ വിലാസ്. ഗുൽമോഹറുകളുടെ നിഴൽ വീണ തണുത്ത അന്തരീക്ഷത്തിൽ ചൈനീസ് ഗൃഹാലങ്കാരങ്ങൾ നിറഞ്ഞ 'അക്ഷര' എന്ന മനോഹരമായ വീട്ടിൽ വെച്ചാണ് ടി.ജെ.എസ് ജോർജുമായി അവിസ്മരണീയമായ ആ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങിയത്. സ്വീകരണമുറിയിലെ ചുമരിൽ അശ്വരഥമേറിയ രാജാക്കൻമാരുടേയും രാജ്ഞിമാരുടേയും പിന്നെ അവർക്ക് കാവൽ നിൽക്കുന്ന പൈൻമരങ്ങളുടേയും മ്യൂറലുകൾ. പൈതൃകത്തിന്റെ ചോരയോടിയ ലഖ്നോയിൽ നിന്ന് ഭ്രഷ്ടനാക്കപ്പെട്ട ചക്രവർത്തി വാജിദ് അലി ഷായുടെ വിരഹതപ്തമായ ഈണങ്ങൾ സൈഗാളിന്റെ മാന്ത്രിക സ്വരത്തിൽ അവിടെ നിറഞ്ഞു നിന്നു: ബാബുൽ മുരാ…

ജോർജ് സാറും പത്നി അമ്മുവേടത്തിയും നല്ല അതിഥി സൽക്കാരപ്രിയർ (പിറവം മാമലശ്ശേരി സ്വദേശി അമ്മു ജോർജ്, ഇക്കഴിഞ്ഞ ജനുവരി മൂന്നിന് അന്തരിച്ചു). ആകാരവടിവും ഫ്രഞ്ച് താടിയും കണ്ടാൽ ടി.ജെ.എസ് സാർ സായിപ്പാണെന്നേ തോന്നൂ. ആ സൗഹൃദത്തിന്റെ കിളിവാതിലൊന്ന് തുറന്ന് കിട്ടിയാൽ നിഷ്‌ക്കളങ്കവും വിനയാന്വിതവുമായ പെരുമാറ്റം. അതാരെയും അദ്ഭുതപ്പെടുത്തും.

ടി.ജെ.എസ് ജോർജ്
ടി.ജെ.എസ് ജോർജ്

കോട്ടയം എം.ഡി സെമിനാരിയിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും പഠിച്ച ശേഷം മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇംഗ്ലീഷ് എം.എ. ബിരുദമെടുത്തു. 1949-ൽ മുംബൈയിലേക്ക് വണ്ടി കയറി. പ്രഗൽഭനായ എസ്. സദാനന്ദിന്റെ നേതൃത്വത്തിൽ ഫ്രീ പ്രസ്സ് പത്രം ജ്വലിച്ചു നിൽക്കുന്ന കാലം. ജോർജ് സാർ പത്രപ്രവർത്തനത്തിന്റെ ഹരിശ്രീ കുറിച്ച ഫ്രീ പ്രസ് ജേണൽ. സമർഥനായ ഒരു ലേഖകന്റെ വൈഭവം നിരീക്ഷിച്ചറിയാൻ എഡിറ്റർ സദാനന്ദിന് ഒറ്റദിവസം മതി. തുടർന്നുള്ള ദിവസങ്ങളിൽ റിപ്പോർട്ടിംഗിലും എഡിറ്റിംഗിലുമുള്ള ജോർജിന്റെ മിടുക്ക് സദാനന്ദിനെ ഏറെ ആകർഷിച്ചു.

മുംബൈയിൽ ഫ്രാങ്ക് മൊറേയ്സും ഡൽഹിയിൽ ചലപതിറാവുവും ബാംഗ്ലൂരിൽ പോത്തൻ ജോസഫും ഇന്ത്യൻ പത്രലോകത്തെ മുടിചൂടാമന്നൻമാരായി വാഴുന്ന കാലം. ഈ മൂന്നു പേരും ജോർജിന്റെ മനസ്സിൽ ആവേശം പടർത്തി. അതിപ്രഗൽഭരായ ശിവറാം, എസ്. നടരാജൻ, എം.വി കാമത്ത്, എ.എഫ്.എസ് തല്യാർഖാൻ, അശോക് മേത്ത എന്നിവരൊക്കെ ഫ്രീപ്രസ്സിന്റെ ന്യൂസ് റൂമിൽ ജ്വലിച്ച് നിൽക്കുന്നു. ഒരു മൂലയിലെ കസേരയിലിരുന്ന് കാർട്ടൂൺ വരച്ചിരുന്നത്, പിൽക്കാലത്ത് ഇന്ത്യയെ വിറപ്പിച്ച മുംബൈയുടെ കടുവ ബാൽ താക്കറെ.

125 രൂപയിൽനിന്ന് ശമ്പളം 200 രൂപയിലേക്കുയർന്നു. മുംബൈ ജേണലിസ്റ്റുകളുടേയും കലാകാരരുടേയും നടീനടൻമാരുടേയും സായാഹ്നസങ്കേതമായിരുന്ന ഇന്ത്യൻ കോഫി ഹൗസ് ടി.ജെ.എസിന്റേയും കേന്ദ്രമായി. രാജ്കപൂറും നർഗീസും ഇന്ത്യൻ കലാജീവിതത്തെ ഏറെ സ്വാധീനിച്ച കാലം. ബോളിവുഡിലെ ശോകപുത്രി മീനാകുമാരി. ഇവരുമായൊക്കെ സൗഹൃദം സ്ഥാപിച്ച ജോർജ് പിന്നീട് നർഗീസിനെക്കുറിച്ച് ആധികാരികമായൊരു ഗ്രന്ഥം രചിച്ചു.

ടി.ജെ.എസ് ജോർജും അമ്മു ജോർജും അറുപതാം വിവാഹവാർഷിക വേളയിൽ ബംഗളൂരുവിൽ
ടി.ജെ.എസ് ജോർജും അമ്മു ജോർജും അറുപതാം വിവാഹവാർഷിക വേളയിൽ ബംഗളൂരുവിൽ

നെഹ്റു, വി.കെ. കൃഷ്ണമേനോൻ, എ.കെ.ജി, വി.പി. മേനോൻ എന്നിവരുമായൊക്കെ നല്ല അടുപ്പമായിരുന്നു. കൃഷ്ണമേനോനെക്കുറിച്ചും ടി.ജെ.എസ് പുസ്തകമെഴുതി. പതിനാലു വർഷമാണ് ഫ്രീപ്രസ്സിൽ ജോലി ചെയ്തത്. അതിനിടയ്ക്കായിരുന്നു മൂന്നാം ക്ലാസ് റെയിൽവെ ടിക്കറ്റുമായി ഇന്ത്യ കാണാനിറങ്ങിയത്. തോൾസഞ്ചിയുമായി നഗരങ്ങളിൽനിന്ന് നഗരങ്ങളിലേക്കുള്ള ദേശാടനം. ഉറക്കം പ്ലാറ്റ്ഫോമിലും ഫുട്പാത്തുകളിലും. ഇതിനിടെ കാശിയിലെ ചേരിപ്രദേശത്ത് പനി പിടിച്ച് ബോധമറ്റ് ഒരാഴ്ച കിടപ്പിൽ.

1952-ൽ ഒരു ചരക്ക് കപ്പലിൽ ലോകസഞ്ചാരം. കലജന്ന എന്ന കപ്പലിലെ മെസ്സിംഗ് സൂപ്പർവൈസിംഗ് ജോലിയും രണ്ടാം ക്ലാസ് ആഹാരവും 50 രൂപ മാസശമ്പളവും. കടൽയാത്രയുടെ ഹരത്തിനു വേണ്ടിയായിരുന്നു കപ്പലിലെ കുശിനിക്കാരന്റെ ജോലിയെടുത്ത് സഞ്ചാരം തുടർന്നത്. ദിവസങ്ങൾക്ക് ശേഷം കലജന്ന കറാച്ചി തുറമുഖത്തണഞ്ഞു. പാക്കിസ്ഥാനിൽ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ആദ്യമായി മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായിരുന്നു അത്. പോളിംഗ്ബൂത്തുകൾക്ക് മുമ്പിൽ സ്ഥാനാർഥികളും ശിങ്കിടികളും വോട്ടർമാർക്ക് ബിരിയാണി വിളമ്പുന്ന കാഴ്ച.

ഏഴു ദിവസം കൂടി കഴിഞ്ഞപ്പോൾ യെമനിലെ ഏഡനിൽ. തുടർന്ന് ലണ്ടനിൽ. അനുഭവധന്യമായ ഈ യാത്രയ്ക്ക് ശേഷം വീണ്ടും ഫ്രീപ്രസ്സിൽ തിരിച്ചെത്തി. ടി.ജെ.എസിന്റെ സ്ഥിരം കോളമായ - അസൈഡ് - വായനക്കാർക്ക് ഹരമായിരുന്നു. ഗോഗ് എന്ന തൂലികാ നാമത്തിലായിരുന്നു ഈ കോളമെഴുതിയിരുന്നത്. മലയാറ്റൂർ രാമകൃഷ്ണൻ ഇക്കാലത്താണ് ഫ്രീപ്രസ്സിൽ ചേർന്നത്. മലയാറ്റൂരും ടി.ജെ.എസും നല്ല സുഹൃത്തുക്കളായി. ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ ആചാര്യൻ, പോത്തൻ ജോസഫുമായി (ഓവർ എ കപ്പ് ഓഫ് ടീ എന്ന പ്രസിദ്ധമായ കോളമെഴുതിയിരുന്ന പോത്തൻ ജോസഫ്) ഹൃദയൈക്യം സ്ഥാപിക്കാനും ടി.ജെ.എസിനായത് ഇക്കാലത്താണ്. ഗാന്ധിജി, നെഹ്റു, രാജാജി, ജിന്ന തുടങ്ങിയവരെയൊക്കെ ആത്മാർഥ സുഹൃത്തുക്കളാക്കിയ പോത്തൻ ജോസഫ് പിന്നീട് പാക് പത്രമായ 'ഡോണി'ന്റെ ചീഫ് എഡിറ്ററായി. പോത്തൻ ജോസഫിനെക്കുറിച്ച് ടി.ജെ.എസ് എഴുതിയ പുസ്തകമാണ് 'പോത്തൻ ജോസഫിന്റെ ഇന്ത്യ'. ടി.ജെ.എസിനെ ഏറെ സ്വാധീനിച്ച മറ്റൊരു നേതാവായിരുന്നു വി.കെ. കൃഷ്ണമേനോൻ. മേനോന്റെ ബലദൗർബല്യങ്ങളെക്കുറിച്ച് നല്ല അറിവുള്ള ജോർജ് എഴുതിയ 272 പേജുള്ള വി.കെ.കൃഷ്ണമേനോൻ എന്ന പുസ്തകം വൈവിധ്യമാർന്ന ആ ജീവിതത്തിന്റെ സത്യസന്ധമായ പരിഛേദമാണ്.

വിദ്യാർത്ഥി പ്രക്ഷോഭത്തെ അനുകൂലിച്ച് എഡിറ്റോറിയലുകൾ എഴുതിയതിന് ബീഹാറിലെ കെ.ബി സഹായ് സർക്കാർ ടി.ജെ.എസ് ജോർജിനെ ജയിലിലടച്ചു. 21 ദിവസത്തിന് ശേഷം ജയിൽ മോചിതനായപ്പോൾ ഹസാരിബാഗ് സെൻട്രൽ ജയിലിന് മുന്നിൽ നിന്നെടുത്ത ചിത്രം. അമ്മു ജോർജ് സമീപം
വിദ്യാർത്ഥി പ്രക്ഷോഭത്തെ അനുകൂലിച്ച് എഡിറ്റോറിയലുകൾ എഴുതിയതിന് ബീഹാറിലെ കെ.ബി സഹായ് സർക്കാർ ടി.ജെ.എസ് ജോർജിനെ ജയിലിലടച്ചു. 21 ദിവസത്തിന് ശേഷം ജയിൽ മോചിതനായപ്പോൾ ഹസാരിബാഗ് സെൻട്രൽ ജയിലിന് മുന്നിൽ നിന്നെടുത്ത ചിത്രം. അമ്മു ജോർജ് സമീപം

മുംബൈയിലെ ദീർഘമായ പത്രപ്രവർത്തന ജീവിതത്തിനു ശേഷം ജോർജ് പാറ്റ്നയിലേക്ക് വണ്ടി കയറുന്നു. കുറച്ച് കൂടി സ്വാതന്ത്ര്യം എന്ന ആഗ്രഹമല്ലാതെ ഫ്രീപ്രസ്സ് വിടാൻ വേറെ പ്രത്യേകിച്ച് കാരണമൊന്നുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. പക്ഷേ ബിഹാറിലെ സാഹചര്യങ്ങൾ നിർഭയവും നിഷ്പക്ഷവുമായ പത്രപ്രവർത്തനത്തിന് അനുകൂലമായിരുന്നില്ല. ബിഹാറിന്റെ ആത്മാവിന് കൂച്ചുവിലങ്ങിട്ട കോൺഗ്രസ് നേതാക്കൾ, പാവങ്ങളുടെ ചോര മണത്ത് നടക്കുന്ന പട്ടാളവും പോലീസും… നീതിയും നിയമവുമൊക്കെ കടലാസിൽ. കുറച്ചെങ്കിലും സത്യം വിളിച്ചുപറയാൻ ധൈര്യം കാട്ടിയ പത്രമായിരുന്നു കെ.കെ. ബിർളയുടെ സർച്ച്ലൈറ്റ്. 1918 ൽ സച്ചിദാനന്ദ സിൻഹ ആരംഭിച്ച ഈ പത്രം പിന്നീട് ബിർള വിലയ്ക്ക് വാങ്ങുകയായിരുന്നു. ജോർജ് ഈ പത്രത്തിൽ ചേർന്നു. പത്രമുടമകൾ അദ്ദേഹത്തിന് പൂർണ സ്വാതന്ത്ര്യം നൽകി. 1965-66 ൽ ബിഹാറിനെ പിടിച്ചുകുലുക്കിയ വിദ്യാർഥി പ്രക്ഷോഭം. കെ.ബി സഹായ് മുഖ്യമന്ത്രി. വിദ്യാർഥികളെ കാണാനോ അവരുടെ പ്രശ്നങ്ങൾ കേൾക്കാനോ അദ്ദേഹം തയാറായില്ല. കുട്ടികളെ സെക്രട്ടേറിയറ്റിനു മുമ്പിലിട്ട് പോലീസ് ക്രൂരമായി തല്ലിച്ചതച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ടി.ജെ.എസ് പിറ്റേന്ന് ഒന്നാം പേജിൽ ഈ വാർത്ത ചിത്രസഹിതം അച്ചടിച്ചു.

പത്രാധിപരും ലേഖകരും മുഖ്യമന്ത്രിയെ കണ്ട് തൊഴുത് നിൽക്കണമെന്ന ബിഹാർ പാരമ്പര്യം ടി.ജെ.എസ് ചവറ്റുകുട്ടയിലെറിഞ്ഞു. തനിക്കെതിരായ വാർത്തയിൽ പ്രകോപിതനായ മുഖ്യമന്ത്രി, ജോർജിനെ ജയിലിലടച്ചു. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു പത്രാധിപരെ തടങ്കലിലാക്കിയ ഈ സംഭവം കോളിളക്കം സൃഷ്ടിച്ചു. വിവരമറിഞ്ഞ് വി.കെ. കൃഷ്ണമേനോൻ, ആർ.എസ്.പി നേതാവ് എൻ. ശ്രീകണ്ഠൻ നായർ എന്നിവർ രോഷാകുലരായി പാറ്റ്നയിലെത്തി. കൃഷ്ണമേനോൻ ആവശ്യപ്പെട്ടതനുസരിച്ച് കെ.ബി സഹായിക്കെതിരെ കേസെടുത്തു. 21 ദിവസത്തിനു ശേഷമാണ് ടി.ജെ.എസ് ജയിൽമോചിതനായത്.

എഡിറ്റോറിയൽ പ്രൊഡക്ഷൻ ടെക്നിക്സ് വിദഗ്ധൻ എന്ന നിലയിൽ ഇതിനിടെ ജോർജ്ജിന് ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിട്യൂട്ടിന്റെ ക്ഷണമനുസരിച്ച് അമേരിക്കയിലും സ്വിറ്റ്സർലാന്റിലും ഒരു വർഷം ചെലവിടാൻ സാധിച്ചു. ഇക്കാലത്താണ് ‘ഹോചിമിന്റെ നാട്ടിൽ’ എന്ന പുസ്തകമെഴുതിയത്. ദക്ഷിണപൂർവേഷ്യൻ രാഷ്ട്രീയത്തിന്റെ സ്പന്ദനങ്ങൾക്ക് കാതോർക്കാനുള്ള അവസരം ലഭിച്ച ടി.ജെ.എസ്, വിയറ്റ്നാം, മനില, സിംഗപ്പൂർ എന്നിവിടങ്ങളിൽ വിവിധ പത്രങ്ങളിൽ ജോലി ചെയ്തു. തുടർന്ന് പ്രസിദ്ധമായ ഫാർ ഈസ്റ്റേൺ എക്കണോമിക് റിവ്യൂവിന്റെ പൊളിറ്റിക്കൽ എഡിറ്ററായി ഹോങ്കോംഗിൽ നിയമിതനായി. ഫിലിപ്പൈൻസ് ഭരണാധികാരികളായ ഫെർഡിനന്റ് മർക്കോസ്, ഇമൽഡാ മർക്കോസ്, കോറിസോൺ അക്വിനോ, മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്, ഇന്തോനേഷ്യൻ പ്രസിഡന്റ് സുഹാർതോ എന്നിവരുമായൊക്കെ അടുത്ത ബന്ധമായിരുന്നു ടി.ജെ.എസിന്. സിംഗപ്പൂർ പ്രധാനമന്ത്രി ലിക്വാൻയുവിന്റെ സ്വേച്ഛാപ്രമത്തതയും അഴിമതിയും തുറന്നു കാട്ടിയ ധീരമായ റിപ്പോർട്ടുകളെഴുതിയത് ഇക്കാലത്താണ്. ‘ലിക്വാൻയുവിന്റെ സിംഗപ്പൂർ’ എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകം ടി.ജെ.എസിനെ സിംഗപ്പൂർ ഭരണാധികാരികളുടെ നോട്ടപ്പുള്ളിയാക്കി. ദക്ഷിണ ഫിലിപ്പൈൻസിലെ മുസ്ലിം ജീവിതം നേരിൽ കണ്ട അദ്ദേഹത്തിന്റെ റിവോൾട്ട് ഇൻ മിൻഡനാവോ എന്ന പുസ്തകവും ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

പത്രാധിപരും ലേഖകരും മുഖ്യമന്ത്രിയെ കണ്ട് തൊഴുത് നിൽക്കണമെന്ന ബിഹാർ പാരമ്പര്യം ടി.ജെ.എസ് ചവറ്റുകുട്ടയിലെറിഞ്ഞു.
പത്രാധിപരും ലേഖകരും മുഖ്യമന്ത്രിയെ കണ്ട് തൊഴുത് നിൽക്കണമെന്ന ബിഹാർ പാരമ്പര്യം ടി.ജെ.എസ് ചവറ്റുകുട്ടയിലെറിഞ്ഞു.

ന്യൂസിലാന്റിലെ പ്രമുഖ പത്രപ്രവർത്തകൻ മൈക്കിൾ ഓനീലുമായി സഹകരിച്ച് ജോർജ്, ഹോങ്കോംഗിൽ നിന്ന് ഏഷ്യാവീക്ക് എന്ന ശ്രദ്ധേയമായ വാരിക ആരംഭിച്ചു. ഇത് പിൽക്കാലത്ത് ടൈം വാരികയുടെ ഉടമകൾക്ക് കൈമാറി. വിദൂര പൂർവദേശത്തെ നിരവധി അനുഭവങ്ങളുമായാണ് ജോർജും കുടുംബവും 1981-ൽ ഇന്ത്യയിലേക്ക് മടങ്ങിയതും ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയതും. 1983-ൽ ഇന്ത്യൻ എക്സ്പ്രസിന്റെ ബാംഗ്ലൂർ റസിഡന്റ് എഡിറ്ററായി (അടുത്ത കാലം വരെ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സിൽ, ‘പോയിന്റ് ഓഫ് വ്യൂ’ എന്ന പ്രതിവാര കോളം എഴുതിയിരുന്നു ജോർജ് സാർ ). ബി.ഡി ഗോയങ്കയുടെ പേരിലുള്ള ഇന്ത്യൻ എക്സ്പ്രസ് ഫൗണ്ടേഷന്റെ മേധാവിയുമായിരുന്നു ഏറെനാൾ. ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സ് ഉടമസ്ഥതയിൽ സമകാലിക മലയാളം വാരിക ആരംഭിക്കാൻ കാരണക്കാരൻ ടി. ജെ. എസാണ്. മലയാളം വാരികയുടെ ഉപദേഷ്ടാവായ അദ്ദേഹം മലയാളത്തിലും ഉജ്ജ്വലമായ ലേഖനങ്ങൾ എഴുതാറുണ്ട്.

എം.എസ് സുബ്ബലക്ഷ്മിയെക്കുറിച്ചും നർഗീസ് ദത്തിനെക്കുറിച്ചുമെഴുതിയ ടി.ജെ.എസിന്റെ പുസ്തകങ്ങൾ ഏറെ പ്രാമാണികമാണ്. ജയലളിതയെക്കുറിച്ചാണ് പുതുതായി ഇറങ്ങിയ പുസ്തകം. ജീവിതാനുഭവങ്ങൾ, ചരിത്രാനുഭവങ്ങൾ എന്നിവ അതീവലളിതമായി പ്രതിപാദിക്കുന്ന, എം. പി. നാരായണപിള്ളയുടെ മുൻ കുറിപ്പോടെ രചിച്ച, ‘ഘോഷയാത്ര’ എന്ന പുസ്തകവും ഏറെ പ്രസിദ്ധമാണ്. മകൻ ജീത് തയ്യിൽ, ഇംഗ്ലീഷിൽ അറിയപ്പെടുന്ന എഴുത്തുകാരനാണ്. ( നാർകോപൊളിസ്, ദ ബുക്ക് ഓഫ് ചോക്ലേറ്റ് സെയിന്റ്‌സ് എന്നിവ പ്രധാന കൃതികൾ ). മകൾ: ഷേബ. പത്രപ്രവർത്തന രംഗത്തെ മികച്ച സംഭാവനകൾക്ക് ടി.ജെ.എസിനെ രാജ്യം പദ്മഭൂഷൺ പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്. തയ്യിൽ ജേക്കബ് സണ്ണി ജോർജ് എന്ന ടി.ജെ.എസ് ജോർജ്, 1972 മുതൽ 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസി'ൽ 'പോയന്റ് ഓഫ് വ്യൂ' എന്ന കോളം സ്ഥിരമായി എഴുതിയിരുന്നത് ജേണലിസം വിദ്യാർഥികൾക്ക് പലപ്പോഴും ഒരു റഫറൻസ് രേഖയായിരുന്നു. പ്രസിദ്ധമായ ഈ പംക്തിയിലൂടെ അഴിമതിയ്ക്കും സാമൂഹിക അനീതിയ്ക്കുമെതിരെ അദ്ദേഹം ആഞ്ഞടിച്ചു. "നൗ ഈസ് ദ ടൈം ടു സെ ഗുഡ്ബൈ' എന്ന തലക്കെട്ടിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ടി. ജെ. എസ് തന്റെ പോയിന്റ് ഓഫ് വ്യൂ എന്ന വീക് ലി കോളം അവസാനിപ്പിച്ചു.

 ജീവിതാനുഭവങ്ങൾ, ചരിത്രാനുഭവങ്ങൾ എന്നിവ അതീവലളിതമായി പ്രതിപാദിക്കുന്ന, എം. പി. നാരായണപിള്ളയുടെ മുൻ കുറിപ്പോടെ രചിച്ച,  ‘ഘോഷയാത്ര’ എന്ന പുസ്തകവും ഏറെ പ്രസിദ്ധമാണ്.
ജീവിതാനുഭവങ്ങൾ, ചരിത്രാനുഭവങ്ങൾ എന്നിവ അതീവലളിതമായി പ്രതിപാദിക്കുന്ന, എം. പി. നാരായണപിള്ളയുടെ മുൻ കുറിപ്പോടെ രചിച്ച, ‘ഘോഷയാത്ര’ എന്ന പുസ്തകവും ഏറെ പ്രസിദ്ധമാണ്.

വി.കെ. കൃഷ്ണമേനോൻ (1964), ലീ ക്വാൻ യൂവിന്റെ സിങ്കപ്പൂർ (1973), ദി ലൈഫ് ആന്റ് ടൈംസ് ഓഫ് നർഗീസ്, ദി എൻ‌ക്വയർ ഡിക്ഷ്ണറി: ഐഡിയാസ്, ഇഷ്യൂസ്, ഇന്നൊവേഷൻസ് (1998), ദി ലെസ്സൻസ് ഇൻ ജേണലിസം-ദി സ്റ്റോറി ഓഫ് പോത്തൻ ജോസഫ് (2007), റിവോൾട്ട് ഇൻ മിൻഡനാവോ: ദി റൈസ് ഓഫ് ഇസ്‌ലാം ഇൻ ഫിലിപ്പൈൻസ് പൊളിറ്റിക്സ് (1980), എം.എസ്. സുബ്ബലക്ഷ്മി: ലൈഫ് ഇൻ മ്യൂസിക് (2004), ഘോഷയാത്ര (ആത്മകഥ), ഒറ്റയാൻ (ലേഖന സമാഹാരം) "ഫസ്റ്റ് റിസൊർട്ട് ഓഫ് സ്കൗണ്ട്രൽസ്" തുടങ്ങി ഇരുപതോളം പുസ്തകങ്ങൾ ടി. ജെ. സിന്റെ ക്രെഡിറ്റിലുണ്ട്.

ടി. ജെ. എസ് ജോർജും മുസാഫിറും
ടി. ജെ. എസ് ജോർജും മുസാഫിറും
ടി.ജെ.എസ് ജോർജും അമ്മു ജോർജും
ടി.ജെ.എസ് ജോർജും അമ്മു ജോർജും

Comments