വിജയ്കാന്ത് എന്ന
അഡ്രിനാലിൻ റഷ്

ഒരു നടൻ എന്ന നിലയിൽ കോളിവുഡിന് പുറത്തേക്ക് വളരാൻ സാധിച്ചിരുന്നില്ല എന്നതാണ് വിജയ്കാന്ത് എന്ന നടന്റെയും താരത്തിന്റെയും കരിയറിലെ പ്രധാന പാളിച്ച.

തൊണ്ണൂറുകളിൽ തമിഴകത്തിന്റെ ആക്ഷൻ ഐക്കണായി മാറിയ താരം. തമിഴ് ദേശീയ വികാരത്തെ അത്രതന്നെ തീവ്രതയോടെ ബിഗ് സ്‌ക്രീനിലെത്തിച്ച തമിഴകത്തിന്റെ ക്യാപ്റ്റൻ വിജയ്കാന്ത് എന്നന്നേക്കുമായി വിടവാങ്ങുമ്പോൾ, തമിഴ് രാഷ്ട്രീയത്തിനും സിനിമക്കും അയാൾ എന്തായിരുന്നു എന്നുകൂടി ഓർത്തെടുക്കേണ്ടതുണ്ട്.

ആർ.കെ. സെൽവമണിയുടെ സംവിധാനത്തിൽ 1991-ൽ പുറത്തിറങ്ങിയ ക്യാപ്റ്റൻ പ്രഭാകരൻ എന്ന ചിത്രത്തിലൂടെയാണ് വിജയ്കാന്ത് എന്ന ആക്ഷൻ ഹീറോയുടെ ഉദയം. മൻസൂർ അലി ഖാൻ, രൂപിണി, ലിവിംഗ്സ്റ്റൺ, രമ്യ കൃഷ്ണൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ഈ സിനിമയിലൂടെയാണ് വിജയ്കാന്ത് എന്ന നടൻ തമിഴ് മക്കളുടെ ക്യാപ്റ്റനാകുന്നത്. തുടർന്നങ്ങോട്ട് എണ്ണം പറഞ്ഞ ആക്ഷൻ ചിത്രങ്ങളിലൂടെ അയാൾ തന്നെ തമിഴ് സിനിമയിൽ അടയാളപ്പെടത്തുകയായിരുന്നു.

വിജയ്കാന്ത്

1952 ആഗസ്റ്റ് 25ന് തമിഴ്‌നാട്ടിലെ മധുര ജില്ലയിൽ കെ. എൻ. അല്അഗർസ്വാമിയുടെയും ആണ്ടാളിന്റെയും മകനായിട്ടാണ് പിൻകാലത്ത് തമിഴ് സിനിമയിൽ തന്റേതായ ഇടങ്ങൾ കണ്ടെത്തിയ, തമിഴ് മക്കൾ ക്യാപ്റ്റനെന്നും പുരട്ച്ചി കലൈജ്ഞറെന്നും വിളിച്ച വിജയ്കാന്തിന്റെ ജനനം. കമൽഹാസൻ, രജനികാന്ത് എന്നീ താരരാജാക്കന്മാർക്കുശേഷം 1980-കളിൽ തമിഴ് സിനിമയുടെ മൂന്നാമനായി അക്കാലത്ത് സിനിമാപ്രേമികൾ വിശേഷിപ്പിച്ചിരുന്നത് ഇദ്ദേഹത്തെയായിരുന്നു. എന്നാൽ നിർമാതാവും സംവിധായകനും കൂടിയായ വിജയ്കാന്തിന് തന്റെ താരമൂല്യത്തെ പരിപാലിക്കാനോ നിലനിർത്താനോ സാധിച്ചില്ല. അതിന്റെ പ്രധാന കാരണം പിൽകാലത്തുണ്ടായ രാഷ്ട്രീയ പ്രവേശനമാണ്. അമ്മൻ കോവിൽ കിഴക്കാലേ, വൈദേഹി കാത്തിരുന്താൽ, ചിന്ന ഗൌണ്ടർ, വല്ലരസു, ക്യാപ്റ്റൻ പ്രഭാകരൻ തുടങ്ങിയ വിജയ ചിത്രങ്ങളായിരുന്നു വിജയ്കാന്തെന്ന നടന്റെയും താരത്തിന്റെയും ഗ്രാഫുയർത്തുന്നതിൽ വലിയ പങ്കുവഹിച്ചവ.

തമിഴ് സിനിമയുടെ സ്ഥിരം ചേരുവയായ അമാനുഷികനായ നായകൻ തന്നെയായിരുന്നു ബിഗ്‌സ്‌ക്രീനിൽ വിജയ്കാന്ത്. അമാനുഷികതയും അതിഭാകുത്വവും തിയേറ്ററുകളിൽ അയാൾക്ക് കൈയ്യടി വാങ്ങികൊടുത്തു. പാക്കിസ്ഥാൻ അതിർത്തി ഒറ്റക്ക് തുഴഞ്ഞുകയറുന്ന വിജയ്കാന്തിലെ നായകൻ അസ്വഭാവികതയൊന്നുമില്ലാതെ തെന്നിന്ത്യൻ സിനിമാപ്രേമികളുടെ മനസ് കീഴടക്കി. സ്വാഭാവികനടന വൈഭവമായിരുന്നില്ല അദ്ദേഹം പിന്തുടർന്നത്. വളരെ ലൗഡായ സ്വാഭാവികതയ്ക്ക് പുറത്ത് നിൽക്കുന്ന നായകന്മാരെയായിരുന്നു വിജയ്കാന്ത് അഭിനയിച്ച് ഫലിപ്പിച്ചത്. രജനികാന്തിന്റെ സ്റ്റൈലോ കമൽഹാസന്റെ അഭിനയവഴക്കമോ ഇല്ലാത്ത വിജയ്കാന്തിന് കൈയ്യടിക്ക് പഞ്ഞമുണ്ടായിരുന്നില്ല.

1979-ൽ പുറത്തിറങ്ങിയ ഇനിക്കും ഇല്ലമൈ എന്ന ചിത്രത്തിലൂടെയാണ് വിജയ്കാന്ത് തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് അതേവർഷം തന്നെ പുറത്തിറങ്ങിയ അഗൾ വിളക്ക് അടക്കം തുടർച്ചയായ സിനിമകൾ സംഭവിച്ചു. 1970-കളിൽ തുടങ്ങിയ സിനിമാ ജീവിത്തിൽ 154 സിനിമകളിൽ അഭിനയിച്ച ക്യാപ്റ്റന്റെ അവസാന ചിത്രമായിരുന്നു സുരേന്ദ്രൻ സംവിധാനം ചെയ്ത് ഷന്മുഖ പാണ്ഡ്യൻ നായകനായ സകപതം. ചിത്രത്തിൽ കോമിയോ റോളിലായിരുന്നു വിജയ്കാന്ത് എത്തിയത്. നീണ്ട സിനിമാ ജീവിത്തിൽ വല്ലരസു, നരസിംഹ, തെന്നവൻ, എങ്കൾ അണ്ണ, സ്വദേശി, അരസാങ്കം, വിരുധഗിരി, സകപതം അടക്കമുള്ള സിനിമകളുടെ നിർമാതാവായും വിരുധഗിരിയിലൂടെ സംവിധായകനായും സിനിമാ ജീവിതത്തിലെ മറ്റ് ചില റോളുകളും അദ്ദേഹം കൈകാര്യം ചെയ്തു.

ഒരു നടൻ എന്ന നിലയിൽ കോളിവുഡിന് പുറത്തേക്ക് വളരാൻ സാധിച്ചിരുന്നില്ല എന്നതാണ് വിജയ്കാന്തെന്ന നടന്റെയും താരത്തിന്റെയും കരിയറിലെ പ്രധാന പാളിച്ച. തെലുങ്ക്, കന്നട അടക്കമുള്ള ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ സിനിമകൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും തമിഴ് സിനിമക്ക് പുറത്തേക്ക് തന്നെ വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല. ഏത് ഭാഷാ ചിത്രങ്ങളെയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന മലയാള സിനിമാപ്രേമികൾക്കിടയിൽ പോലും വിജയ്കാന്ത് ചർച്ചയ്ക്ക് വരാറില്ല എന്നുമാത്രമല്ല കമൽഹാസൻ, രജനി, വിജയ് ഒടുവിൽ ശിവകാർത്തികയന് വരെ ആരാധകവൃന്ദമുള്ള മലയാളക്കരയിൽ ആരാധകകൂട്ടത്തെ സൃഷ്ടിച്ചെടുക്കാനും തൊണ്ണൂറുകളിലെ ആക്ഷൻ ഹീറോയ്ക്ക് സാധിച്ചില്ല.

തമിഴ് സിനിമയും രാഷ്ട്രീയവും ഏതാണ്ട് എല്ലാകാലത്തും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നവയാണ്. താരാരധന വോട്ടായി മാറുന്ന ചരിത്രമുള്ള നാട്ടിൽ പലമുൻനിര താരങ്ങളെ പോലെയും ഇദ്ദേഹവും രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പങ്കാളിയാവുകയും ചെയ്തിരുന്നു. 2005 സെപ്റ്റംബർ 14നാണ് ചെന്നൈയിലെ കോയമ്പാട്ടം കേന്ദ്രമാക്കി ദേശിയ മുർക്കോക്ക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) എന്ന രാഷ്ട്രീയ പാർട്ടിക്ക് വിജയ്കാന്ത് തുടക്കം കുറിക്കുന്നത്.

രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യഘട്ടം ഒരുപരിധി വരെ വിജയകരമായി കൊണ്ടുപോകാൻ സാധിച്ചിരുന്നു എങ്കിലും ബി.ജെ.പിയുമായി സഖ്യം രൂപീകരിക്കുന്നതോടെ പരാജയം ആരംഭിക്കുകയായിരുന്നു.

തമിഴകത്ത് അത്രയധികം ആരാധകവൃന്ദമുള്ള കമൽഹാസന് പോലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സംപൂജ്യനാകേണ്ടി വന്നപ്പോഴും തന്നെയും പ്രസ്ഥാനത്തെയും അടയാളപ്പെടുത്താൻ വിജയ്കാന്ത് എന്ന രാഷ്ട്രീയ നേതാവിന് കഴിഞ്ഞിരുന്നു. 2006ൽ 234 നിയമസഭ സീറ്റുകളിലേക്ക് മത്സരിച്ചുകൊണ്ടായിരുന്നു ഡി.എം.ഡി.കെയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റം. 234-ൽ വിജയ്കാന്ത് മത്സരിച്ച ഒരേയൊരു സീറ്റിൽ മാത്രമായിരുന്നു പാർട്ടിക്ക് അന്ന് വിജയിക്കാൻ കഴിഞ്ഞത്. 2011ൽ എ.ഐ.ഡി.എം.കെയുമായി ചേർന്ന് 29 എം.എൽ.എമാരെ അദ്ദേഹം നിയമസഭയിലെത്തിച്ചു. രാഷ്ട്രീയ പ്രവേശനത്തിന്റെ ആദ്യഘട്ടം ഒരുപരിധി വരെ വിജയകരമായി കൊണ്ടുപോകാൻ സാധിച്ചിരുന്നു എങ്കിലും ബി.ജെ.പിയുമായി സഖ്യം രൂപീകരിക്കുന്നതോടെ പരാജയം ആരംഭിക്കുകയായിരുന്നു.

കമൽ ഹാസൻ, വിജയ്കാന്ത്

തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ, ഒരു തലമുറയെ കോരിത്തരിപ്പിച്ച വിജയ്കാന്ത് എന്ന താരം വിടവാങ്ങുന്നത് തമിഴ് സിനിമയിലെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ ശേഷമാണ്. സാധാരണക്കാരന്റെ അസാധാരണ വിജയം കാ​​ഴ്ചക്കാർക്ക് എന്നും അഡ്രിനാലിൻ റഷ് നൽകും എന്നത് തീർച്ചയാണ്. ഇതായിരുന്നു വിജയ്കാന്ത് സിനിമകളുടെ ഫോർമുല. ആ ആവേശമാണ് തമിഴ് ജനതക്ക് വിജയ്കാന്ത്.

Comments