കേരളത്തിലെ ജനകീയ ശാസ്ത്രസാഹിത്യ പ്രസ്ഥാനത്തിന്റെ സർവ്വസ്വവുമായിരുന്നു ഡോ. എം. പി. പരമേശ്വരൻ. ഏതാനും അധ്യാപകരിലും ശാസ്ത്രകുതുകികളിലും ബുദ്ധിജീവികളിലും ഒതുങ്ങി നിൽക്കുകയായിരുന്ന സംഘടനയെ ഒരു മഹത്തായ ബഹുജനപ്രസ്ഥാനമാക്കി പരിവർത്തിപ്പിച്ചതിൽ എം.പിയുടെ കയ്യൊപ്പ് പതിഞ്ഞുകിടക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ മഹാത്മാഗാന്ധി എപ്രകാരം മാറ്റിമറിച്ചുവോ അതുതന്നെയാണ് ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെ കാര്യത്തിൽ എം.പിയുടെ ഇടപെടലിന്റെ ഫലം.
സമ്പൂർണ്ണ സാക്ഷരത, ജനകീയാസൂത്രണം, പുകയില്ലാത്ത അടുപ്പ്, സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ശാസ്ത്രപഠനപദ്ധതി, ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സമ്മേളന പ്രതിനിധികൾ വികേന്ദ്രീകൃത താമസസൗകര്യമൊരുക്കി വിവിധ വീടുകളിൽ താമസിക്കുന്ന പദ്ധതി തുടങ്ങി എം.പിയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച് നടപ്പാക്കപ്പെട്ട ഭാവനാപൂർണമായ മിഷനുകൾ അനവധിയാണ്.
ചിന്ത പബ്ലിഷേഴ്സിൻ്റെ വളർച്ചയിൽ എം.പിയുടെ സംഭാവന അമൂല്യമാണ്. ‘വൈരുദ്ധ്യാത്മക ഭൗതികവാദം’ എന്ന കടുകട്ടി വിഷയം ഏറ്റവും സരളമായി പ്രതിപാദിക്കുന്ന പാഠപുസ്തകം സഖാവിന്റേതാണ്. എൻജിനീയറിങ്ങിലും ആണവശാസ്ത്രത്തിലും അത്യുന്നത പഠനഗവേഷണങ്ങൾക്കുശേഷം സി പി ഐ-എം- ന്റെ സാധാരണ അംഗമായി പ്രവർത്തിക്കാനും ജീവിക്കാനും അദ്ദേഹം തയ്യാറായി. പദവികളോടും സ്ഥാനമാനങ്ങളോടും നിർമ്മമമായ അകൽച്ച അദ്ദേഹം പാലിച്ചു. പത്മ പുരസ്കാരം നൽകുന്നതിന് യൂണിയൻ സർക്കാർ സമ്മതം ചോദിച്ചപ്പോൾ അതിന്റെ ആവശ്യമില്ല എന്ന് സവിനയം അറിയിച്ചു.
പണ്ഡിറ്റ് രാഹുൽ സംകൃത്യായൻ്റെ ബൃഹദ് രചനകൾ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുന്നതിലും മാർക്സിൻ്റെയും എംഗൽസിൻ്റെയും രചനകൾ മലയാളത്തിലാക്കുന്നതിലും നേതൃത്വപരമായ പങ്കുവഹിച്ചു. ശാസ്ത്രപുസ്തകവില്പനയിലൂടെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്ന മഹത്തായ മാതൃകയ്ക്കു പിന്നിലും എം.പി ഉണ്ടായിരുന്നു. സർവരോടും സമഭാവനയോടെ പെരുമാറുന്നതിലും എംപിയുടെ സവിശേഷശൈലി പ്രസിദ്ധമാണ്. എസ്.എഫ്.ഐയുടെ എണ്ണമറ്റ പഠനക്ലാസുകളിൽ പി. ഗോവിന്ദപിള്ളയെ പോലെ എം.പി. പരമേശ്വരനും നിത്യ സാന്നിധ്യമായിരുന്നു; അദ്ദേഹത്തിന്റെ കൃതികളും.
ശാസ്ത്രോന്മുഖതയ്ക്കുവേണ്ടിയുള്ള സാംസ്കാരിക ഇടപെടലുകളുടെ പ്രസക്തി വളരെയേറെ വർദ്ധിച്ചിരിക്കുന്ന വർത്തമാനകാലത്ത് ഡോ. എം.പി. പരമേശ്വരൻ നമ്മെ വിട്ടുപിരിയുന്നത് അത്യന്തം ദുഃഖകരമാണ്. അദ്ദേഹത്തിന്റെ മികച്ച പ്രവർത്തന മാതൃകകൾ അന്ധകാരത്തിനെതിരെ പൊരുതി മുന്നോട്ടുപോകാൻ നമുക്ക് പ്രചോദനമാകുമെന്നുറപ്പാണ്.
