വേരറ്റ ഒരു മനുഷ്യനെക്കുറിച്ച്

ദേശവുമായുള്ള വേരറ്റുപോയത് അദ്ദേഹത്തിൽ വലിയ സംഘർഷങ്ങളുണ്ടാക്കിയിരുന്നു. കാരണം, പിറന്ന മണ്ണും ദേശവും നൽകിയ അനുഭവങ്ങളും വിചാരലോകവും അദ്ദേഹത്തി​ന്റെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. എന്നാൽ, കുഞ്ഞാമന് സ്വന്തം ദേശത്തോട് അത്തൊരു മമതാബന്ധം നിലനിർത്താൻ കഴിയാതെ പോയി.

ഴുത്തുകാരുടെയും ചരിത്രകാരരുടെയും ദേശങ്ങൾ അടയാളപ്പെടുത്തുന്നതുപോലെ കേരളത്തിൽ അടയാളപ്പെടുത്തേണ്ട സ്ഥലമാണ് പട്ടാമ്പിയിലെ വാടാനംകുറിശ്ശി. എം. കുഞ്ഞാമന്റെ ദേശം എന്ന നിലയിലാണ് ചരിത്രത്തിൽ ഈ സ്ഥലം അടയാളപ്പെടുത്തേണ്ടത്. എന്നാൽ, തിരിഞ്ഞു നോക്കുമ്പോൾ ജീവിതത്തിൽ തായ് വേരറ്റ വൻമരമായിരുന്നു അദ്ദേഹം എന്നു കാണാം.

ബന്ധുക്കൾക്കും ബാല്യകാലസുഹൃത്തുക്കൾക്കും അദ്ദേഹത്തെക്കുറിച്ച് ധാരാളം ഓർമകൾ പങ്കുവെക്കാനുണ്ട്. അതിലെല്ലാം സ്നേഹ ബന്ധങ്ങളുടെ നിഴലിളക്കം കാണാം. കുഞ്ഞാമൻ അവർക്കെല്ലാമൊരു മിത്താണ്. എത്രയോ ഉയരങ്ങളിൽ നിൽക്കുന്നൊരു നക്ഷത്രം. ഏറ്റവും ശോചനീയമായ ഒരു ഗാർഹികാന്തരീക്ഷത്തിൽനിന്ന് അവർക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ഉയരങ്ങളിലെത്തിയ ഒരാൾ.

വാടാനംകുറിശ്ശിയിലെ എം. കുഞ്ഞാമന്റെ തറവാട്ടുവീട്

ദേശവുമായുള്ള വേരറ്റുപോയത് അദ്ദേഹത്തിൽ വലിയ സംഘർഷങ്ങളുണ്ടാക്കിയിരുന്നു. കാരണം, പിറന്ന മണ്ണും ദേശവും നൽകിയ അനുഭവങ്ങളും വിചാരലോകവും അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. എന്നാൽ, കുഞ്ഞാമന് സ്വന്തം ദേശത്തോട് അത്തരമൊരു മമതാബന്ധം നിലനിർത്താൻ കഴിയാതെ പോയി. സാമൂഹിക വിഷയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തിയപ്പോഴും ഈ ലോകത്തിലെ സ്നേഹമില്ലായ്മയെ കുറിച്ചാണ് ഏകാന്തമായി അദ്ദേഹം ഖേദിച്ചിരുന്നത്. ആൾക്കൂട്ടത്തിൽ താൻ ഒറ്റയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ആത്മസംഘർഷങ്ങളെ ചവിട്ടിയൊതുക്കി നിർത്തി, ബൗദ്ധികമായി അതിനെ അംഗീകരിച്ചിരുന്നില്ല. ചവിട്ടുമെത്തക്കടിയിൽ ചപ്പുചവറുകൾ ഒളിപ്പിക്കുന്നതുപോലെ.

ദാർശനികം എന്നതിനേക്കൾ സാമൂഹികമായിരുന്നു അദ്ദേഹത്തിന്റെ ഒറ്റപ്പെടലും വേദനയും. ദാർശനികന്റെ മേലങ്കി അഴിച്ചുമാറ്റുമ്പോൾ ജീവിത യാഥാർഥ്യങ്ങൾ പുറത്തേക്കുവന്നിരുന്നു. അത് ഏകാന്തമായ സംഘർഷങ്ങളുടെയും അതികഠിനമായ ആത്മപീഡകളുടെയും ഒരു ലോകം കൂടിയായിരുന്നു. ഈ ലോകത്തിൽ നിന്ന് വിട്ടു പോകണം എന്ന് അദ്ദേഹം ആഗ്രഹിക്കുന്നത് സ്നേഹശൂന്യതയിൽ നിന്നാണ്. തന്നെ സ്നേഹിക്കാൻ ഈ ലോകത്ത് ആരുമില്ലെന്ന ബോധം അദ്ദേഹത്തെ വേട്ടയാടിയിരുന്നുവെന്ന് സ്വകാര്യമായി പങ്കുവച്ച സംസാരങ്ങളിൽ വ്യക്തമാണ്. എല്ലാവരിൽ നിന്നും ഒരൊറ്റപ്പെടൽ അദ്ദേഹം അനുഭവിച്ചു. അങ്ങനെ തനിക്കുമുന്നിൽ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയില്ലെന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങി. സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുമ്പോഴും സ്വകാര്യ ലോകത്ത് നിരവധി പ്രശ്നങ്ങൾ അപരിഹാര്യമായി നിലകൊണ്ടു. അത് സാമാന്യയുക്തിക്കും അപ്പുറമായിരുന്നു.

എം. കുഞ്ഞാമന്റെ ജ്യേഷ്ഠന്റെ ഭാര്യ പാറുക്കുട്ടി

ജാതിയെ മുൻനിർത്തിയുള്ള പലതരം ആക്രമണങ്ങൾ അദ്ദേഹത്തിനു നേരെയുണ്ടായിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തിലെ മാറ്റിനിർത്തലുകളെ സാമൂഹിക ദർശനങ്ങളുടെ പിൻബലത്തിൽ അദ്ദേഹം നേരിട്ടിരുന്നു. എന്നാൽ സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മദ്യപിക്കരുതെന്ന് ജ്യേഷ്ഠനോട് താക്കീത് ചെയ്തിരുന്ന അനുജനായിരുന്നു കുഞ്ഞാമനെന്ന് അദ്ദേഹത്തിൻെറ കുടുംബം ഓർക്കുന്നു. അച്ഛനെയും അമ്മയെയും സംസ്കരിച്ചിരുന്ന സ്ഥലത്ത് കൊണ്ടുപോയി, ‘മദ്യപിക്കില്ല’ എന്ന് ജ്യേഷ്ഠനെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചിരുന്നു. എന്നാൽ, അതേ കുഞ്ഞാമൻ, ആത്മസംഘർഷം ശക്തമായപ്പോൾ മദ്യത്തെ ആശ്രയിച്ചു.

പാറുക്കുട്ടിയുടെ മകന്‍ സോമന്‍

വാടാനാംകുറിശ്ശിലെ കുഞ്ഞാമൻെറ തറവാട്ടുവീട് ഇപ്പോഴും അവിടെയുണ്ട്. ‘ചാള’യായിരുന്ന പഴയ ഓലപ്പുര മാറ്റി. ചെറിയൊരു വീടു വച്ചു. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ ഭാര്യ പാറുക്കുട്ടിയും കുടുംബവുമാണ് അവിടെ താമസം. 14ാം വയസിലാണ് പാറുക്കുട്ടിയെ അവിടേക്ക് വിവാഹം കഴിച്ചുകൊണ്ടുവന്നത്. അന്ന് കുഞ്ഞാമൻ സ്കൂൾ വിദ്യാർഥിയായിരുന്നു. പഠനം നിർത്തിയതിനാൽ ഏഴാം ക്ലാസിലെ തന്റെ പാഠപുസ്തകങ്ങൾ കുഞ്ഞാമന് കൊടുക്കുന്നതാണ് പാറുക്കുട്ടിയുടെ ഓർമയിൽ തെളിയുന്ന ആദ്യ ചിത്രം. രണ്ടുപേരും തമ്മിലുള്ള വ്യത്യാസം രണ്ടു വയസ്. സ്കൂൾ ക്ലാസുകളിൽ പഠിക്കാൻ മിടുക്കനായിരുന്നു കുഞ്ഞാമനെന്ന് പാറുക്കുട്ടി ഓർക്കുന്നു. സ്കൂളിലെ മത്സരങ്ങളിൽ പാട്ടു പാടും. കുട്ടിയായിരുന്ന കുഞ്ഞാമൻ പാടിയ പാട്ടുകൾ ഇന്നും അവർക്ക് ഓർമയുണ്ട്. അവർ താളത്തിൽ അത് പാടി. കുഞ്ഞാമൻ എഴുതിയിട്ടുള്ള ജന്മി വീടിന്റെ ചിത്രവും അവരുടെ ഓർമയിൽ തെളിയുന്നു.

വേണു മാഷാണ് കുഞ്ഞാമനെ കോളേജിൽ കൊണ്ടാക്കിയത് എന്നാണ് അവരുടെ ഓർമ. പിന്നീട് കോഴിക്കോടും തിരുവനന്തപുരത്തുമൊക്കെ പഠിക്കാൻ പോയി. അക്കാലത്ത് അമ്മ മരിച്ചു. മൂന്നു ദിവസം കഴിഞ്ഞാണ് വീട്ടിലെത്തിയത്. അമ്മയുടെ മൃതദേഹം കാണാൻ കഴിഞ്ഞില്ല. രണ്ടുവർഷം കഴിഞ്ഞ് അച്ഛനും മരിച്ചു. പിന്നീട് വിവാഹിതനായി. ജോലിസ്ഥലത്തുള്ള ആരെയോ വിവാഹം കഴിച്ചു എന്നാണറിഞ്ഞത്. ഭാര്യയായ ഡോ. രോഹിണിയുമായി പലപ്പോഴും കുഞ്ഞാമൻ ആ ചെറ്റക്കുടിലിൽ വന്ന് താമസിച്ചിരുന്നു. ചിലപ്പോൾ രണ്ടുമൂന്നു ദിവസം നിൽക്കും.

ചേട്ടന്‍ മരിച്ചശേഷം, മൂന്നര പതിറ്റാണ്ടായി അദ്ദേഹം ഇവിടേക്ക് വന്നിട്ടില്ല. ഒരിക്കൽ നാട്ടിൽ ആദരിക്കൽ ചടങ്ങ് നടന്നു. അന്ന് അണിയിച്ച പൊന്നാട ബന്ധുക്കൾക്ക് കൊടുത്തിട്ട് പോയി. പിന്നെ ബന്ധുക്കളുമായുള്ള ബന്ധം പൂർണമായും അറ്റു.

ഒരിക്കൽ പാറുക്കുട്ടി ഷൊർണൂർ ടൗണിലൂടെ നടന്നുപോകുമ്പോൾ കടയിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് തൂക്കിയിട്ടിരുന്നു. അതിന്റെ മുഖചിത്രം കൂഞ്ഞാമന്റേതായിരുന്നു. അത് വാങ്ങി പെട്ടിയിൽ സൂക്ഷിച്ചുവെച്ചു. കുഞ്ഞാമനെ കുറിച്ച് ചോദിക്കുന്നവർക്ക് മാതൃഭൂമിയുടെ കവർ ചിത്രം എടുത്തുകാണിക്കും. അല്ലാതെ ഒരു ഫോട്ടോ പോലും ബന്ധുക്കളുടെ കയ്യിലില്ല.

മരണസംബന്ധമായി പത്രങ്ങളിൽ വന്ന വാർത്തകളെല്ലാം ശേഖരിച്ചുവച്ചിട്ടുണ്ട്. ഓർമകളിൽ നിന്ന് വിട്ടുപോകാൻ അവർക്കാകുന്നില്ല. കുഞ്ഞാമൻ പഠിച്ച എൽ.പി സ്കൂൾ ഇന്ന് ഹയർസെക്കൻഡറി സ്കൂളാണ്. അവിടെ ഡിസംബർ ഒമ്പതിന് അനുസ്മരണയോഗമുണ്ട്. ഷൊർണൂരിലെ തനിമ എന്ന സാംസ്കാരിക സംഘടനയും അനുസ്മരണം നടത്തുന്നുണ്ട്.

അന്തിയോളം ഞാറ് നടലും കൊയ്ത്തും കഴിഞ്ഞ് കിട്ടുന്ന നെല്ല് കൊണ്ടുവന്ന് കുത്തി കഞ്ഞി കുടിക്കുന്ന കുഞ്ഞാമന്റെ ചിത്രം കുടുംബം മറന്നിട്ടില്ല. അവർക്ക് അദ്ദേഹം പച്ച മനുഷ്യനാണ്. ജ്യേഷ്ഠന്റെ മക്കൾക്ക് പ്രിയപ്പെട്ട ചെറിയച്ഛനാണ്. നാട്ടിലേക്ക് വരാൻ തയാറായിരുന്നുവെങ്കിൽ ചെറിയച്ഛനെ ആത്മഹത്യയിൽ നിന്ന് രക്ഷിക്കാമായിരുന്നു എന്നാണ് അവർ വിശ്വസിക്കുന്നത്. തങ്ങളുടെ കുട്ടിയച്ഛൻ നാട്ടിലേക്ക് വരണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. വാടാനംകുറിശിയിലെത്തിയിരുന്നുവെങ്കിൽ അവിടെ, അദ്ദേഹത്തെ സ്നേഹത്തോടെ ഓർക്കുന്ന സമൂഹം അദ്ദേഹത്തെ സ്വീകരിക്കുമായിരുന്നു. ഈ ഗ്രാമത്തിലാകെ പടർന്നിരുന്ന അദ്ദേഹത്തിന്റെ വേരുകൾ ആ ജീവിതത്തിന് വലിയൊരു തണലേകുമായിരുന്നുവെന്ന് ഈ സമൂഹം വിശ്വസിക്കുന്നു.
നഗരകേന്ദ്രിതമായ അക്കാദമിക് ജീവിതം അദ്ദേഹത്തിന് നൽകിയ പാഠം എന്തായിരിക്കാം. നാടിനോടും സമൂഹത്തോടും അടുക്കാൻ കഴിയാതെ പോയത് എന്തുകൊണ്ട്? അത് വലിയൊരു ചോദ്യമായി അവശേഷിക്കുകയാണ്. ഏകാന്തതയുടെ ലോകത്ത്, കടുത്ത വേദനകളെ ഭേദിക്കാൻ തന്റെ വേരുകളിലേക്ക് മടങ്ങുക എന്ന ഒരൊറ്റ വഴിയേ അദ്ദേഹത്തിനുമുന്നിലുണ്ടായിരുന്നുളളൂ എന്ന് ബന്ധുക്കൾ ഇപ്പോഴും കരുതുന്നു. എന്നാൽ, വലിയ സംഘർഷങ്ങളിലൂടെയായിരിക്കും അദ്ദേഹം കടന്നുപോയിട്ടുണ്ടാകുക. മറ്റുള്ളവരുമായി പങ്കുവയ്ക്കാനാവാത്ത അത്ര കഠിനമായ ആത്മപീഡനം അനുഭവിച്ചിട്ടുണ്ടാവും.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

Comments