എം. കുഞ്ഞാമൻ
ബുദ്ധിജീവിയല്ല

കേരളത്തിലെ ബുദ്ധിജീവികുലമഹിമയോ പ്രീണനമഹിമയോ അവകാശപ്പെടാനില്ലാത്ത എം. കുഞ്ഞാമൻ ബുദ്ധിജീവിയാണെന്നത് തിരുത്തപ്പെടേണ്ട തെറ്റാണ്. പിന്നെ എന്താണ് എം. കുഞ്ഞാമൻ? അധ്യാപകനും ഗവേഷകനുമായിരുന്നു. അതിനുമപ്പുറം ചിന്താജീവിയായിരുന്നു. കാഴ്ചയിൽ, നോട്ടത്തിൽ കലർപ്പില്ലാത്ത, സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചിരുന്ന അടിമയല്ലാത്ത എതിരൻ.

എം. കുഞ്ഞാമൻ ആരാണെന്നതിനെ കുറിച്ച് പൊതുവായ ധാരണ മലയാളികൾക്കിടയിൽ പരന്നിട്ടുണ്ട്. അതുകൊണ്ട് ആവർത്തനം ഒഴിവാക്കാം. എം. കുഞ്ഞാമൻ എന്തിനുവേണ്ടി നിലകൊണ്ടുവെന്നതാണ് ചർച്ചാവിഷയമാകേണ്ടത്. തുടക്കത്തിൽത്തന്നെ, ബുദ്ധിജീവി, ദലിത്‌ബുദ്ധിജീവി എന്നിങ്ങനെയുള്ള പതിവ് പ്രയോഗങ്ങൾ കുഞ്ഞാമന്റെ കാര്യത്തിൽ ഒഴിവാക്കേണ്ടതിനെ കുറിച്ചുള്ള ചർച്ചയാകാം. കേരളത്തിന്റെ പൊതുസന്ദർഭത്തിൽ കുഞ്ഞാമനും ബുദ്ധിജീവിയാണെന്നു പറയുന്നത് അദ്ദേഹത്തോടുള്ള നീതികേടാണെന്നറിയണം. ഘടനാബദ്ധരായി നിലകൊള്ളുന്ന ബുദ്ധിജീവികളുടെ നാടാണ് കേരളം. മലയാളികളിൽ വലിയൊരു ശതമാനം പേരും സ്വയം ബുദ്ധിജീവിയാണെന്നും തന്നെ മറ്റുള്ളവർ ബുദ്ധിജീവിയായി കരുതണമെന്നാഗ്രഹിക്കുകയും ചെയ്യുന്നവരാണ്. മാത്രമല്ല, തങ്ങളെ മറ്റുള്ളവർ അങ്ങനെ കരുതുന്നുണ്ടെന്നു സമാധാനിക്കുകയും ചെയ്യുന്ന മിഥ്യാധാരണക്കാരുടെ ആവാസയിടമാണ് കേരളം. ന്യായീകരണം ഉപജീവനമായിട്ടുള്ള ഇക്കൂട്ടർക്കൊപ്പമേ ആയിരുന്നില്ല ഒരിക്കലും കുഞ്ഞാമൻ. നവോത്ഥാനാനന്തര സാമൂഹികരോഗമായി മാറിയിരിക്കുന്ന ബുദ്ധജീവിതല്പരരോഗാവസ്ഥയിൽ കുഞ്ഞാമനെ കൂട്ടിയിണക്കുമ്പോൾ രോഗികൾക്കാശ്വാസമാണെങ്കിലും കുഞ്ഞാമന് അത്, തന്നെ വീണ്ടും വീണ്ടും പാർശ്വവൽക്കരിക്കുന്നതായി തോന്നും. തന്റെ നേരിനെ അഥവാ എതിരിനെ നിരസിക്കാനുള്ള സാംസ്കാരികതന്ത്രമായും മനസ്സിലാകും.

ഇക്കൂട്ടത്തിൽ കുഞ്ഞാമനെ കൂട്ടിക്കെട്ടുമ്പോൾ രണ്ടു കുറ്റങ്ങളാണ് നാം ചെയ്തുകൂട്ടുന്നത്. സ്വയം ചിന്തിക്കാത്തവരും നിലപാടില്ലാത്തവരും എന്നൊരു വിശേഷാർഥം കേരളത്തിലെ ബുദ്ധിജീവികൾക്കുണ്ട്. സ്വതാല്പര്യത്തിനായി അഭിപ്രായം മൂടിവയ്ക്കുന്നവരും പൊതുവാക്കി മാറ്റപ്പെടുന്ന അഭിപ്രായങ്ങളെ ഉളുപ്പില്ലാതെ പിന്തുണക്കുന്നവരുമടങ്ങുന്ന ‘ബുജി’ കൂട്ടായ്മയിൽ കുഞ്ഞാമനെ ഉൾപ്പെടുന്നതിൽ തെറ്റുണ്ടെന്നു ഇപ്പോൾ മനസിലായില്ലേ. ഇക്കൂട്ടരിൽനിന്ന് വ്യത്യസ്തമായി, തന്റെ ചിന്തയെയും അഭിപ്രായങ്ങളെയും ആർക്കും ഒന്നിനും വേണ്ടി അടിയറ പറയാതെ, സ്വതന്ത്രമായി മരണം വരെ നിലനിറുത്തുകയും സ്വാഭിപ്രായം ഭയരഹിതനായി എന്നും പറയുകയും ചെയ്തിരുന്ന സ്വതന്ത്ര വ്യക്തിയാണ് എം. കുഞ്ഞാമൻ. അദ്ദേഹത്തിന്റെ അഭിപ്രായം എല്ലായ്പ്പോഴും ശരിയായിരുന്നോ എന്നോ വിയോജിക്കേണ്ട അഭിപ്രായങ്ങളും ഇല്ലേ തുടങ്ങിയ കണക്കെടുപ്പിനല്ല ഇവിടെ ശ്രമിക്കുന്നത്. ജീവിച്ച കാലത്തോളം ചിന്താജീവിയായിരുന്നുവെന്ന പരസ്യശീലത്തെയാണ് ഇവിടെ ഉൾക്കൊള്ളുന്നത്.

എതിർവായ് ചിന്താദാരിദ്ര്യം കൊണ്ടില്ലതാകുന്ന പ്രതികരണ സാമൂഹികാവസ്ഥയാണ് എം. കുഞ്ഞാമന് ചുറ്റും നിലനിന്നത്. ചിന്തിക്കാതിരുന്നാൽ, അഭിപ്രായം പറയാതിരുന്നാൽ, അനുശീലനത്തിനു വിധേയമായാൽ വ്യക്തിക്ക് ലഭ്യമാകുന്ന സഥാനമാനങ്ങൾ കാലാകാലങ്ങളിലായി കേരളത്തിലെ വൻ ഓഫറാണ്.

മുമ്പ് സംഭവിച്ചു കഴിഞ്ഞവയുടെ സാമൂഹികാഘാതം എന്തായിരുന്നുവെന്നു പഠിക്കാതെ എല്ലാം ശരിയായിരുന്നു, നല്ലതാണ് സംഭവിച്ചത്, അതൊക്കെ പുരോഗമനം ഉറപ്പുവരുത്തി എന്ന വ്യാഖ്യാനം ഓർമയുടെ ഭാഗമായി മാറുന്ന നവോത്ഥാനാനന്തര കാലഘട്ടത്തിൽ, എതിർവായ് ചിന്താദാരിദ്ര്യം കൊണ്ടില്ലതാകുന്ന പ്രതികരണ സാമൂഹികാവസ്ഥയാണ് എം. കുഞ്ഞാമന് ചുറ്റും നിലനിന്നത്. ചിന്തിക്കാതിരുന്നാൽ, അഭിപ്രായം പറയാതിരുന്നാൽ, അനുശീലനത്തിനു വിധേയമായാൽ വ്യക്തിക്ക് ലഭ്യമാകുന്ന സഥാനമാനങ്ങൾ കാലാകാലങ്ങളിലായി കേരളത്തിലെ വൻ ഓഫറാണ്. അനർഹമായ അധികാരസ്ഥാനങ്ങളും അവാർഡുകളും ഫെലലോഷിപ്പും ഒക്കെയായി വലിയൊരു കമ്പോളം വളർന്നിട്ടുണ്ട്. കമ്പോളത്തോടൊപ്പം മാഫിയയും. വലിയ പുരോഗമനമൊന്നുമില്ലാത്ത ചങ്ങാതിക്കൂട്ടമാണിത്. വീതംവയ്ക്കലിന്റെ പൊരുളും ക്രമവും പുതിയ കാലത്തും ഫ്യൂഡൽ പിന്തുടർച്ച നിലനിറുത്തുന്നതാണ്. അതുകൊണ്ടുതന്നെ ഒഴിവാക്കലിന്റെ നൂതന സാംസ്കാരിക തന്ത്രങ്ങളും ദൃഢീകൃത യുക്തികളും സദാ പുരോഗമന പ്രവർത്തനമാണെന്ന്, അതല്ലാത്തതുകൊണ്ടുതന്നെ വിളിച്ചറിയിക്കുന്നു. അപഹാസ്യമെങ്കിലും പുരോഗമനത്തെ പറ്റിക്കുന്നതിന്റെ ലഹരി കൊണ്ട് കേരളമാകെ തിമിർത്തുലയുന്ന ഈ വിസ്മയ കൂട്ടായ്മയുടെ മാസ്മരികപ്രചോദനങ്ങളിൽ നിന്ന് ഒഴിവാകുക എളുപ്പമല്ല. ചിലർക്കെങ്കിലും ഈ കപട കൂട്ടായ്മയിൽ നിന്ന് ഒഴിവാകണമെന്നു തോന്നിയിട്ടുണ്ടാകാം. എങ്കിലും സ്വയം മൂല്യവർധിത മുതലാണെന്ന തോന്നൽ കാരണം ഒഴിയാനും വയ്യ. ഈ സന്ദർഭത്തിലാണ് സ്വന്തം ഇച്ഛയെ മാനിക്കുന്ന സ്വതന്ത്രചിന്ത നിലനിറുത്തുന്ന നിലപാടിലെത്തേണ്ടത്. പലരും മിണ്ടാപ്രാണികളാകുന്നു. എം. കുഞ്ഞാമൻ ശബ്ദപ്രാണിയായി തന്റെ നില തിരഞ്ഞെടുത്തുവെന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

സ്വതന്ത്രചിന്തയില്ലാത്തവരായിരുന്നാലേ മനുഷ്യർക്ക് ജീവിക്കാനാകൂ എന്നില്ലെങ്കിലും നവോത്ഥാനാനന്തര കേരളത്തിൽ ബുദ്ധിമാന്ദ്യം കാരണം ചിന്ത പണയം വെച്ചവരെയാണധികവും കാണാനുള്ളത്. ഇത്തരം ധൈഷണിക- സാംസ്കാരിക പരിസ്ഥിതിയിലാണ് കുഞ്ഞാമൻ എന്ന എതിരിനെ മനസിലാക്കേണ്ടത്. ജനാധിപത്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യം നിലനിറുത്തേണ്ടതാണ് എന്ന ജാഗ്രതയാണ് അദ്ദേഹത്തിന്റെ ഉണർവ്. എന്നാൽ ദലിത് ബുദ്ധിജീവിയാക്കുന്നതോടെ, അദ്ദേഹത്തിന്റെ എതിരുകൾ ദലിതഭിപ്രായങ്ങളാക്കി ചുരുക്കാനും ഒഴിവാക്കാനുമുള്ള രാഷ്ട്രീയതന്ത്രമല്ലേ എന്നും സംശയിക്കേണ്ടതുണ്ട്. സാംസ്കാരികവും ധൈഷണികവുമായി കേരളം പിന്നിട്ട 19-ാം നൂറ്റാണ്ടിലെ സവർണമേധാവിത്വം രൂപം മാറി ലീനബോധമായി നിലനിൽക്കുന്ന ഇടമല്ലെന്നു പുരോഗമനവാദികൾക്കുപോലും സമ്മതിക്കാ തിരിക്കാനാവില്ല. പുരോഗമനം പോലും ധൈഷണിക പങ്കാളിത്തം കൊണ്ട് സവർണ സാംസ്കാരിക അജണ്ടയാണെന്ന് ഇന്നു തിരിച്ചറിയപ്പെടുന്നുണ്ട്. സാമൂഹിക ജാഗ്രത നഷ്ടപ്പെട്ട ജനതക്കിടയിൽ സാമൂഹികജാഗ്രത പാലിക്കുകയെന്നത് ഒറ്റപ്പെടലും സ്ഥാനനഷ്ടവുമാണെങ്കിലും, സ്വതന്ത്രേച്ഛയിലുറച്ചുനിന്ന് അഭിപ്രായം പറയുകതന്നെ വേണം എന്ന രാഷ്ട്രീയ നിലപാടാണ് കുഞ്ഞാമൻ ഏറ്റെടുത്തത്. തനിക്ക് ലഭിക്കാവുന്ന സ്ഥാനമാനങ്ങളൊക്കെ തന്റെ എതിരിനെ തകർത്ത്, പിന്തുണാടിമയായി, രാഷ്ട്രീയമായി പരിവർത്തനപ്പെടുത്തുന്നതാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.

എം. കുഞ്ഞാമന്റെ നിരീക്ഷണങ്ങൾ സംവാദങ്ങൾക്കനുയോജ്യമായിരുന്നെങ്കിലും അവയെ സംവാദബാഹ്യമാക്കി ഒറ്റപ്പെടുത്താൻ കേരളത്തിലെ ബുദ്ധിജീവിപക്ഷത്തിനു കഴിഞ്ഞു.

ചരിത്രത്തിലുടനീളം ദൃഢീകരിക്കപ്പെടുന്ന പ്രത്യയശാസ്ത്രയുക്തികളെ ചോദ്യം ചെയ്യുകയും അവ നിർമിതമായിരിക്കുന്നത് ആർക്കുവേണ്ടിയാണെന്ന് നിരന്തരം പുനഃപരിശോധിക്കുകയും ചെയ്യുമ്പോൾ മൂടിവയ്ക്കലിന്റെ പാർശ്വവത്കൃത സ്വരൂപം പുതിയൊരു അന്വേഷണത്തിന് ചാലു കീറുന്നു. കൊണ്ടാടുന്ന പല പ്രത്യയശാസ്ത്ര വ്യവഹാരങ്ങളും പാർശ്വവത്കൃത സമൂഹത്തിന്റെ പ്രതിച്ഛായാ ശൂന്യത നിലനിർത്തുന്നവയാണ് എന്ന അസാന്നിധ്യങ്ങളുടെ രാഷ്ട്രീയം കണ്ടെത്താൻ കുഞ്ഞാമൻ ശ്രമിച്ചിരുന്നു. പാർശ്വവത്കൃതരുടെ മാനസിക വിഭ്രാന്തിയായി ഒഴിവാക്കാനാവാത്തത്ര സത്യസന്ധമായ, പൊള്ളുന്ന നിരീക്ഷണങ്ങളായിരുന്നു ഭൂപരിഷ്കരണത്തെക്കുറിച്ച് കുഞ്ഞാമൻ ആവർത്തിച്ചിരുന്നത്. നവോത്ഥാനാനന്തര കേരള സമൂഹം സമത്വപൂർണമാണെന്ന അവകാശവാദത്തിനുള്ളിൽ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്ന സൂക്ഷ്മ അരികുവൽക്കരണത്തിന്റെ അടരുകൾ കുഞ്ഞാമൻ അടയാളപ്പെടുത്തി. കേരളത്തിൽ പ്രബലപക്ഷം നിർമിച്ചെടുത്തിരിക്കുന്ന നവോത്ഥാനാനന്തര വ്യവഹാരങ്ങൾ ആർക്കുവേണ്ടി, എന്തിനുവേണ്ടി നിർമിക്കപ്പെട്ടിരിക്കുന്നുവെന്നു വ്യക്തമാക്കാനുള്ള ശ്രമങ്ങൾ കത്തുന്ന നിരീക്ഷണങ്ങളായി. അവഗണിക്കപ്പെടുമ്പോഴും തിളയ്ക്കുന്ന തിരിച്ചറിവുകൾ തന്റേതായി ഉണ്ടാകണമെന്ന നിഷ്കർഷത പാലിച്ചിരുന്നു. നിരീക്ഷണങ്ങൾ സംവാദങ്ങൾക്കനുയോജ്യമായിരുന്നെങ്കിലും അവയെ സംവാദബാഹ്യമാക്കി ഒറ്റപ്പെടുത്താൻ കേരളത്തിലെ ബുദ്ധിജീവിപക്ഷത്തിനു കഴിഞ്ഞു. സംവാദഹത്യ ഒരു പ്രത്യയശാസ്ത്ര അനുശീലനമായി മാറിയിട്ടുള്ള കേരളത്തിലെ രോഗാവസ്ഥയെ വീണ്ടും വീണ്ടും കുഞ്ഞാമൻ തന്റെ എതിരുകൾ കൊണ്ട് ഓർമിപ്പിക്കുന്നു.

സാമൂഹിക ജഡത്വത്തിലകപ്പെടാതെ എതിരുകൾ നിർമിക്കുക എന്ന ജാഗ്രതാവൃത്തിയായിരുന്നു തന്റെ ചിന്താപ്രകാശനം. അതിലൂടെ മുടിവയ്ക്കപ്പെടുന്നതും അസ്പഷ്ടമായതുമായ അസാന്നിധ്യങ്ങളെ തുറന്നിടുക. എല്ലാം ശരിയാണ് എന്നതിൽ ചില ശരിക്കുറവുകളുണ്ടെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുക. അതിലൂടെ പറഞ്ഞുറപ്പിക്കലിന്റെയും അസാന്നിധ്യങ്ങളുടെയും വൈരുധ്യം വെളിപ്പെടുത്തുന്നു. പൊതുവാക്കപ്പെടുന്ന അഭിപ്രായങ്ങളിൽ പതിരില്ല എന്നു വിശ്വസിക്കുന്നവരോട്, അഭിപ്രായം എന്തായാലും ആരുടേതായാലും വിചാരണ വേണമെന്നും സാഹചര്യനിഷ്ഠമായി പരിശോധിക്കപ്പെടണമെന്നും പുതിയ വ്യാഖ്യാനങ്ങൾ നിർമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെന്നതാണ് കുഞ്ഞാമൻ പുതുതലമുറയ്ക്ക് കൈമാറിയ ധൈഷണിക സമരപാത.

കുഞ്ഞാമൻ കാത്തുപോന്ന ജനാധിപത്യ ജാഗ്രതയ്ക്കാണ് പ്രാധാന്യം. അതല്ലാതെ കുഞ്ഞാമൻ ബുദ്ധിജീവിയോ ദളിത് ബുദ്ധിജീവിയോ എന്നതിനൊന്നുമല്ല.

കേരളത്തിലെ ബുദ്ധിജീവികുലമഹിമയോ പ്രീണനമഹിമയോ അവകാശപ്പെടാനില്ലാത്ത എം. കുഞ്ഞാമൻ ബുദ്ധിജീവിയാണെന്നത് തിരുത്തപ്പെടേണ്ട തെറ്റാണ്. പിന്നെ എന്താണ് എം. കുഞ്ഞാമൻ? അധ്യാപകനും ഗവേഷകനുമായിരുന്നു. അതിനുമപ്പുറം ചിന്താജീവിയായിരുന്നു. കാഴ്ചയിൽ, നോട്ടത്തിൽ കലർപ്പില്ലാത്ത, സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചിരുന്ന അടിമയല്ലാത്ത എതിരൻ. തിരിച്ചോടാതെ ഭയക്കാതെ, മയങ്ങാതെ അവഗണിക്കപ്പെട്ട കാഴ്ചകൾ കണ്ടെത്തി സ്വാഭിപ്രായം പറഞ്ഞുപറഞ്ഞ് സാർത്ഥകമായ ജനാധിപത്യ ജാഗ്രതക്കായി ജീവിതം മാറ്റിവെച്ചൊരാൾ നമുക്കിടയിലുണ്ടായിരുന്നു. ഈ ജാഗ്രത കാത്തുസൂക്ഷിക്കാൻ കുഞ്ഞാമന് പ്രേരണയായി തീർന്നത് തന്റെ മുന്നനുഭവങ്ങളാണ്. എതിരനായി മാറാൻ ഉർജമായതും അതുതന്നെ. അതുകൊണ്ട്, കുഞ്ഞാമൻ കാത്തുപോന്ന ജനാധിപത്യ ജാഗ്രതയ്ക്കാണ് പ്രാധാന്യം. അതല്ലാതെ കുഞ്ഞാമൻ ബുദ്ധിജീവിയോ ദളിത് ബുദ്ധിജീവിയോ എന്നതിനൊന്നുമല്ല. കുഞ്ഞാമൻ നടത്തിയ സാമൂഹിക പ്രതികരണങ്ങൾ ന്യായികരണമല്ല അവയെല്ലാം സ്വതന്ത്രമായ ആത്മ പ്രേരിത ഭാഷണങ്ങളായിരുന്നുവെന്നതുകൊണ്ട്, അദ്ദേഹം പ്രത്യയശാസ്ത്രാടിമയായിരുന്നില്ല; മറിച്ച്, എന്നും പറയാനുള്ളത് ഉറക്കെ പറഞ്ഞ സ്വതന്ത്ര ചിന്താജീവിയായിരുന്നു.

ഞാനും കുഞ്ഞാമൻ മാഷുമായുള്ള വ്യക്തിബന്ധത്തെയും സൗഹൃദത്തേയും കുറിച്ച് എഴുതേണ്ടതില്ല എന്ന് പ്രത്യേകം തീരുമാനിച്ചതും ഇതുപോലുള്ള ഒരു ലേഖനമാക്കി മാറ്റിയതും കുഞ്ഞാമൻ എന്ന എതിരിനോടുള്ള ആദരമാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)


എം. ശ്രീനാഥൻ

ഭാഷാശാസ്ത്രജ്ഞൻ, പ്രഭാഷകൻ, എഴുത്തുകാരൻ. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പ്രൊഫസർ. തിയററ്റിക്കൽ ലിംഗ്വിസ്റ്റിക്‌സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, ലിംഗ്വിസ്റ്റിക്‌സ് ആന്ത്രപ്പോളജി, ലാംഗ്വേജ് ആൻറ്​ ജനറ്റിക്‌സ് തുടങ്ങിയവ മേഖലകളിൽ സ്‌പെഷലൈസേഷൻ. മലയാള ഭാഷാചരിത്രം: പുതുവഴികൾ, എ.ആർ. നിഘണ്ടു, Dravidian Tribes & Language, മലയാള ഭാഷാശാസ്ത്രം, കേരള പാണിനീയ വിജ്ഞാനം (ഡോ. സി. സെയ്തലവിക്കൊപ്പം എഡിറ്റർ), ചട്ടമ്പിസ്വാമികളുടെ ജ്ഞാന നവോത്ഥാനം തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments