സാംസ്കാരിക സംഘാടകനും നാടകപ്രവർത്തകനും സംവിധായകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായിരുന്ന സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗം (2026 സെപ്റ്റംബർ 23) കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ ശ്രദ്ധേയമായ ഒരധ്യായത്തിനാണ് വിരാമമിട്ടത്. കലാസാംസ്കാരിക സാക്ഷരതക്കായി ലാഭേച്ഛയില്ലാതെ ദീർഘകാലമായി നടത്തിവന്ന പരിശ്രമങ്ങളുടെ കൂടി വിരാമമാണിത്.
നടരാജ കൃഷ്ണമൂർത്തി എന്ന സൂര്യ കൃഷ്ണമൂർത്തി, തുടക്കത്തിൽ ശാസ്ത്ര-സാങ്കേതിക മേഖലയിലാണ് പ്രവർത്തിച്ചിരുന്നത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒ.യിലായിരുന്നു (ISRO) തുടക്കം. പിന്നീട്, തന്റെ സംഘാടനമികവും സാങ്കേതികവിദ്യയിലുള്ള ഭാവനാത്മകമായ കാഴ്ചപ്പാടും കലാവിഷ്കാരത്തോടുള്ള അഗാധമായ പ്രതിബദ്ധതയും സമന്വയിപ്പിച്ച് അദ്ദേഹം കലയ്ക്കും സംസ്കാരത്തിനുമായി സ്വയം സമർപ്പിച്ചു. ശാസ്ത്രലോകത്തുനിന്ന് സാംസ്കാരിക മേഖലയിലേക്കുള്ള ചുവടുമാറ്റം കേവലം ഒരു തൊഴിൽ മാറ്റമായിരുന്നില്ല; മറിച്ച്, കലയെ ആസ്വാദകരിലേക്ക് എത്തിക്കാനുള്ള അസാധാരണ ദൗത്യത്തിന്റെ തുടക്കം കൂടിയായിരുന്നു.
'സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി'യുടെ ദൃശ്യ- ശ്രാവ്യ കലാസാന്നിധ്യമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. സംഗീതം, നൃത്തം, നാടകം, സിനിമ, മറ്റ് അവതരണകലകൾ എന്നിവയെല്ലാം ഒത്തുചേരുന്ന സവിശേഷ സാംസ്കാരിക വേദി തിരുവനന്തപുരത്ത് ഒരുക്കാൻ 'സൂര്യ'യിലൂടെ കൃഷ്ണമൂർത്തിക്ക് സാധിച്ചു. ഈ സംരംഭത്തിൽനിന്ന് രൂപംകൊണ്ട 'സൂര്യ ഫെസ്റ്റിവൽ', പ്രശസ്തരായ കലാകാരർക്കും പുതുതലമുറയിലെ പ്രതിഭകൾക്കും ഒരേപോലെ അവസരം നൽകുന്ന പ്രധാനപ്പെട്ട ഒരു വാർഷിക സാംസ്കാരിക മേളയായി വളർന്നു.
കേരളത്തിൽ നൂതനമായ ലൈറ്റ് ആൻഡ് സൗണ്ട് (പ്രകാശ- ശബ്ദ) അവതരണരീതികൾ വികസിപ്പിക്കുന്നതിൽ കൃഷ്ണമൂർത്തി നിർണായക പങ്ക് വഹിച്ചു. പരമ്പരാഗത അവതരണ കലകളുമായി സാങ്കേതികവിദ്യയെ ഭാവനാത്മകമായി സംയോജിപ്പിച്ച് എങ്ങനെ പുതിയൊരു നാടകാനുഭവം സൃഷ്ടിക്കാമെന്ന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തെളിയിച്ചു.

നാടകപ്രവർത്തകൻ എന്ന നിലയിൽ, അദ്ദേഹം ശ്രദ്ധേയമായ നിരവധി നാടകങ്ങളുടെ ഭാഗമായിട്ടുണ്ട്. താൻ തന്നെ രചനയും സംവിധാനവും നിർവ്വഹിച്ച് പിന്നീട് ചലച്ചിത്രമായ 'മേൽവിലാസം' അതിലൊന്നാണ്. വ്യക്തിഗതമായ നാടക നിർമ്മിതികൾക്കപ്പുറം നാടകം, സംഗീതം, നൃത്തം, സിനിമ എന്നിവയുടെ പരസ്പര സംവാദങ്ങളിലൂടെ വൈവിധ്യമാർന്ന പ്രേക്ഷകരെ അഭിസംബോധന ചെയ്യുന്ന കലാ അന്തരീക്ഷം വളർത്തിയെടുക്കുന്നതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചു.
കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, സ്റ്റേജ് ക്രാഫ്റ്റ് ആൻഡ് ഡയറക്ഷൻ (നാടകാവതരണ- സംവിധാന) വിഭാഗത്തിലെ ദേശീയ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. കേരള സംഗീത നാടക അക്കാദമി ചെയർമാനായും സേവനമനുഷ്ഠിച്ചു. തന്റെ സാംസ്കാരിക സംരംഭങ്ങളിൽ പ്രകടമാക്കിയിരുന്ന അതേ സംഘാടനമികവും പ്രതിബദ്ധതയും ആ പദവിയിലും അദ്ദേഹം കാഴ്ചവെച്ചു.
സൂര്യ കൃഷ്ണമൂർത്തിയെ വേറിട്ടുനിർത്തിയത് അദ്ദേഹം സംഘടിപ്പിച്ച പരിപാടികളുടെയോ കെട്ടിപ്പടുക്കാൻ സഹായിച്ച സ്ഥാപനങ്ങളുടെയോ എണ്ണത്തിൽ മാത്രമല്ല. സംസ്കാരം എന്നത് സജീവവും പങ്കുവെക്കപ്പെടുന്നതുമായ അനുഭവമായിരിക്കണം എന്ന കാഴ്ചപ്പാടിലായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ സംഭാവന അടങ്ങിയിരുന്നത്. പ്രശസ്തരായ കലാകാരർക്കൊപ്പം വളർന്നുവരുന്ന കലാകാരർക്കും വേദി പങ്കിടാനും, വ്യത്യസ്തങ്ങളായ ഇന്ത്യൻ കലാരൂപങ്ങളെ അടുത്തറിയാൻ കാണികൾക്ക് അവസരമൊരുക്കാനും അദ്ദേഹം വേദികൾ സൃഷ്ടിച്ചു. ഇതിലൂടെ, തിരുവനന്തപുരം സാംസ്കാരിക പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായി മാറി.
പതിറ്റാണ്ടുകളായി, ‘സൂര്യ’ എന്ന പേര് തിരുവനന്തപുരത്തിന്റെ സാംസ്കാരിക വ്യക്തിത്വവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. അതൊരു ഉത്സവമോ സംഘടനയോ മാത്രമല്ല, മറിച്ച് നിരന്തര സാംസ്കാരിക മുന്നേറ്റത്തെയാണ് പ്രതിനിധീകരിച്ചത്. അചഞ്ചലമായ പരിശ്രമത്തിലൂടെയും വ്യക്തിപരമായ ഇടപെടലിലൂടെയും, കൃഷ്ണമൂർത്തി കലാപരമായ ഈ സംരംഭത്തെ നിലനിൽക്കുന്ന സ്ഥാപനമാക്കി മാറ്റി.
അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ സംഭാവനകൾ നാടകത്തിലോ ഉത്സവനടത്തിപ്പിലോ മാത്രമായി പരിമിതപ്പെടുന്നില്ല; അത് കേരളത്തിന്റെ ആധുനിക സാംസ്കാരിക ജീവിതത്തിന്റെ വിശാലമായ ചരിത്രത്തിന്റെ ഭാഗമാണ്. ദീർഘവീക്ഷണം, സംഘാടനമികവ്, സാങ്കേതികവിദ്യയിലുള്ള സർഗ്ഗാത്മകത, കലയോടുള്ള സമർപ്പണം എന്നിവയുള്ള ഒരാൾക്ക്, തനിക്കുശേഷവും നിലനിൽക്കുന്ന സ്ഥാപനങ്ങൾ എങ്ങനെ കെട്ടിപ്പടുക്കാം എന്ന് അദ്ദേഹം തെളിയിച്ചു.
സൂര്യ കൃഷ്ണമൂർത്തിയുടെ ജീവിതം കലയിൽ മുഴുകിയുള്ള നിരന്തര ആഘോഷമായിരുന്നു. അദ്ദേഹത്തിന്റെ ഭൗതിക സാന്നിധ്യം അവസാനിച്ചെങ്കിലും, 'സൂര്യ'യിലൂടെ അദ്ദേഹം തെളിച്ച സാംസ്കാരിക ദീപം കേരളത്തിന്റെ കലാമണ്ഡലത്തിൽ തുടർന്നും പ്രകാശം പരത്തും. അദ്ദേഹത്തിന്റെ ഓർമ്മകൾ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ ശാശ്വതമായ ഭാഗമായി നിലനിൽക്കട്ടെ.

കല ഇങ്ങനെയും കൂടിയുള്ളതാണ്…
സൂര്യാ കൃഷ്ണമൂർത്തിയുടെ മരണവാർത്ത അറിഞ്ഞതുമുതൽ മനസ്സിലുണ്ടായ ഓർമകളുടെ വേലിയേറ്റത്തെ പകർത്താതിരിക്കാനാവില്ല. അതിലാകട്ടെ, ഇന്ന് നമ്മോടൊപ്പമില്ലാത്ത ചിലരും കഥാപാത്രങ്ങളാണ്. വിദ്യാർത്ഥിയായിരുന്ന കാലം മുതൽ എനിക്ക് അദ്ദേഹത്തെ പരിചയമുണ്ടായിരുന്നു. ‘സൂര്യ’ അംഗത്വമില്ലാതിരുന്നിട്ടും ടാഗോർ തിയറ്ററിലും സെനറ്റ് ഹാളിലും സൂര്യ നടത്തുന്ന പരിപാടികൾ കാണാനുള്ള അവസരം തന്നുവെന്നതാണ് ഓർമയിലെ ആദ്യത്തെ അടര്.
കലാകൗമുദിയിൽ ജോലി ചെയ്തിരുന്ന കെ. വേലപ്പനും അദ്ദേഹത്തിന്റെ സുഹൃത്തായ എനിക്കും പാസ്സില്ലാതെ പരിപാടികൾ കാണാനുള്ള അനുമതി അദ്ദേഹം തന്നിരുന്നു. ഈ പരിചയം കൊണ്ട് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന കലാസ്വാദന കോഴ്‌സിലും എനിക്ക് അവസരം തന്നു. സൂര്യയുടെ പരിപാടികളിലൂടെയാണ് അന്നുവരെ പത്രത്തിൽ വായിച്ചുമാത്രം അറിവുള്ള പ്രതിഭകളെ നേരിട്ടു കാണാനും അവരുടെ അവതരണം നേരിട്ട് ആസ്വദിക്കാനും കഴിഞ്ഞത്. ഇന്ത്യയിലെ സംഗീതജ്ഞരെയും നർത്തകരെയും കുറിച്ചുള്ള അറിവ് മാത്രമല്ല, ഈ കലകൾ ആസ്വദിക്കുന്നത് എങ്ങനെയെന്ന പ്രാഥമിക സാക്ഷരത ഉണ്ടാക്കി തരാൻ അദ്ദേഹം കാരണമായി എന്നത് വിനയത്തോടെ ഓർക്കാതിരിക്കാനാവില്ല.
ഇക്കാലയളവിൽ അദ്ദേഹം ചെയ്തുതന്ന മറ്റൊരു സഹായവും ഓർത്തുപോകുന്നു. അധ്യാപകനും എഴുത്തുകാരനുമായ വി.ജി. തമ്പി ഒരിക്കൽ അദ്ദേഹത്തിന്റെ സുഹൃത്തായ തൃശൂരുകാരനായ ശില്പി രാജനെ പരിചയപ്പെടുത്തി. രാജന്റെ ശില്പങ്ങൾ കണ്ട ഞാൻ ഇയാൾക്ക് തിരുവനന്തപുരത്ത് ഒരു പ്രദർശനം നടത്താനുള്ള ഏർപ്പാട് എങ്ങനെ ചെയ്യാമെന്ന് ആലോചിച്ചു. രാജന്റെ ശിൽപങ്ങളെക്കുറിച്ച് ഞാൻ കെ. വേലപ്പനോട് സംസാരിച്ചിരിക്കുമ്പോൾ സൂര്യ കൃഷ്ണമൂർത്തിയും സുഹൃത്തുക്കളും തൊട്ടുമുന്നിലുടെ നടന്നുപോകുന്നു. ആ വർഷത്തെ സൂര്യ ഫെസ്റ്റിവലിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് സെനറ്റ് ഹാളിൽ വന്നതാണ്. പെട്ടെന്ന് രാജന്റെ കാര്യം ഇദ്ദേഹത്തോട് പറഞ്ഞാലോ എന്ന് തോന്നി. ഉടൻ അദ്ദേഹത്തോട് വിവരം പറഞ്ഞു. കേട്ടയുടൻ, ഫെസ്റ്റിവൽ തുടങ്ങാൻ മൂന്ന് ദിവസമേയുള്ളൂ, ഇതിനിടയിൽ രാജന് ശില്പവുമായി ഇവിടെ വരാനാകുമോ എന്ന് സംശയമുന്നയിച്ചു. അത് സാധ്യമാക്കാമെന്ന് ഞാൻ ഉറപ്പുനൽകി. ഉടൻ കരാർ ഉറപ്പിച്ചു. ട്രെയിനിലെ യാത്രാബത്തയും പ്രദർശനയിടവും തിരുവനന്തപുരത്തെ താമസവും ഭക്ഷണവും ‘സൂര്യ’യുടെ ചെലവിൽ. മറ്റു പ്രതിഫലമൊന്നും പ്രതീക്ഷിക്കണ്ട. എല്ലാത്തിനും സുതാര്യത. തൽക്ഷണം തീരുമാനം.

സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി രാജന്റെ ശില്പപ്രദർശനം അരങ്ങേറി. കവി ഡി. വിനയചന്ദ്രൻ പ്രദർശനം ഉത്‌ഘാടനം ചെയ്തു. സത്യത്തിൽ സൂര്യയുടെ സ്ഥിരമായുള്ള കോമളകലാസ്വാദർക്ക് ശില്പപ്രദർശനം വലിയ ആകർഷണമായില്ല. എന്നാൽ അവരെയെല്ലാം തൃപ്‌തിപ്പെടുത്താനായി തന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് പറയാമായിരുന്നെങ്കിലും അദ്ദേഹം പറഞ്ഞത് മറ്റൊന്നാണ്; കല ഇങ്ങനെയും കൂടിയുള്ളതാണ്. വൈവിധ്യമാണ് കലയെന്ന് പറഞ്ഞുറപ്പിക്കുകയായിരുന്നു അദ്ദേഹം.
തീരുമാനമെടുക്കാനുള്ള കഴിവ്, പറഞ്ഞ വാക്ക് കൃത്യമായി പാലിക്കാനുള്ള ആർജവം, ആരെയും വ്യക്തിഹത്യ നടത്താതെയും കേമത്തം നടിക്കാതെയും കലയുടെ പരീക്ഷണാത്മകതയിൽ വിശ്വസിക്കുകയും കലാസാക്ഷരതയ്ക്കുവേണ്ടി പ്രവർത്തിക്കുകയും തലമുറവ്യത്യാസമില്ലാതെ വേദിയൊരുക്കി കലാവിനിമയം സുസാധ്യമാക്കുകയും ചെയ്ത ജ്യേഷ്ഠസുഹൃത്തേ, കലാസ്വാദനത്തിന്റെ വക്കിലേക്കെങ്കിലും നടന്നടുക്കാൻ അവസരമൊരുക്കിയ താങ്കളെ ഞങ്ങൾ എന്നും ഓർക്കും.
അദ്ദേഹത്തിന്റെ വിയോഗത്തോടെ, അക്ഷീണനായ ഒരു സാംസ്കാരിക സംഘാടകനെയും സർഗ്ഗാത്മകതയുള്ള ഒരു നാടകപ്രവർത്തകനെയുമാണ് കേരളത്തിന് നഷ്ടമായത്. എങ്കിലും, അദ്ദേഹം ഒരുക്കിയ വേദികൾ, പിന്തുണച്ച കലാകാരർ, ഒന്നിപ്പിച്ച കാണികൾ, വളർത്തിയെടുത്ത സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവയിലൂടെ അദ്ദേഹത്തിന്റെ വ്യക്തിമുദ്ര മരണമില്ലാതെ നിലനിൽക്കും.
