എം. സുധാകരൻ

നിശ്ശബ്​ദനായി പൊഴിഞ്ഞുപോയ എം സുധാകരൻ

‘സുധാകരനെ ഏകാന്തത വല്ലാതെ ഉലച്ചിരുന്നതായി തോന്നിയിട്ടുണ്ട്. ഒരുതരം ഉള്‍വലിയല്‍. വിരളമായി ഉണ്ടായിരുന്ന ഗാഢസൗഹൃദങ്ങളില്‍ നിന്നുപോലൂം അകന്നുപോയി. അത് ഒരുതരം പരിണാമമായിരുന്നു. അതിന്റെ സ്വഭാവിക ഉല്‍പ്പന്നമായ നിസ്സംഗതയിലേക്കും വിഷാദത്തിലേക്കുമായി ആ യാത്ര.’- ചൊവ്വാഴ്​ച അന്തരിച്ച കഥാകൃത്തും നോവലിസ്​റ്റുമായ എം. സുധാകരനെ ഓ​ർക്കുന്നു, എം.എസ്​. സജി.

ടുത്തറിഞ്ഞ എഴുത്തുകാരില്‍നിന്ന് ഏറെ വ്യത്യസ്തനായിരുന്നു എം. സുധാകരന്‍. പ്രശസ്തി, അവാര്‍ഡുകള്‍, പദവി എന്നിവയൊന്നും അദ്ദേഹത്തെ ഒരിക്കലും സ്വാധീനിച്ചില്ല. ഇവയ്ക്കായി ശ്രമിച്ചിട്ടുമില്ല. പത്രാധിപന്മാരെ വരിനിന്ന് വണങ്ങി അവരുടെ പട്ടികയിലെ 'ആദാമിന്റെ മകന്‍ അബു' ആയി മാറാന്‍ സുധാകരനെ കിട്ടില്ലായിരുന്നു.

സുധാകരനെ പരിചയപ്പെടുന്നത് മൂന്നു പതിറ്റാണ്ടു മുമ്പാണ്. ചിത്രകാരന്മാരായ കെ.എ. സെബാസ്​റ്റ്യൻ, വിജയരാഘവന്‍ പനങ്ങാട് എന്നിവരോടൊത്തുള്ള ഒരു ചഷകസന്ധ്യയില്‍. 1980- കള്‍ മുതല്‍ക്കേ കഥാകൃത്ത് എന്ന നിലയില്‍ പ്രശസ്തനായിരുന്നുവല്ലോ അദ്ദേഹം.

അവാര്‍ഡുകള്‍ വിലമതിക്കപ്പെട്ടിരുന്ന ഒരു കാലത്ത്, 30 വര്‍ഷങ്ങള്‍ക്കുമപ്പുറം 'ബനഡിക്റ്റ് സ്വസ്ഥമായുറങ്ങുന്നു' എന്ന ആദ്യ കഥാസമാഹാരത്തിന് അങ്കണം അവാര്‍ഡ് നേടിയതും ഏതാനും മാസങ്ങള്‍ക്കുമുമ്പ് 'അവിരാമം' എന്ന അവസാന കൃതിക്ക് ജ്ഞാനപ്പാന പുരസ്‌കാരം ലഭിച്ചതുമൊഴിച്ചാല്‍, വളരെ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ അക്കാദമി അവാര്‍ഡുകള്‍ക്ക് അര്‍ഹതയുണ്ടായിട്ടും സുധാകരന്‍ ആ വഴി ഒരിക്കലും ശ്രമിച്ചിരുന്നില്ല.

പ്രഥമ ജ്ഞാനപ്പാന പുരസ്കാരം എം. സുധാകരന് പോൾ കല്ലാനോട് കൈമാറുന്നു.
പ്രഥമ ജ്ഞാനപ്പാന പുരസ്കാരം എം. സുധാകരന് പോൾ കല്ലാനോട് കൈമാറുന്നു.

'പുരസ്‌കാര സംഘടനം' എന്ന്​ പരക്കെ അംഗീകരിക്കപ്പെടുകയും നടപ്പാക്കപ്പെടുകയും ചെയ്യുന്ന സമ്പ്രദായത്തിനെതിരെ സുധാകരന്‍ എന്നും പുറംതിരിഞ്ഞുനിന്നു. അഭ്യാസികളായ എഴുത്തുകാര്‍ തങ്ങളുടെ രാഷ്ട്രീയ ബന്ധങ്ങളും സൗഹൃദബലങ്ങളും ഉപയോഗിച്ച് പുരസ്‌കാരങ്ങള്‍ തരപ്പെടുത്തുന്ന ഇക്കാലത്ത്, അങ്ങനെയല്ലാത്ത അവാര്‍ഡുകള്‍ വളരെ കുറവാകുകയും ചെയ്യുമ്പോള്‍, ഔദ്യോഗികമായ ആദരിക്കലുകള്‍ തേടിയെത്തിയില്ല എന്നത് അകാലത്തില്‍ അവസാനിച്ച സുധാകരന്റെ ജീവിതത്തെ കൂടുതല്‍ അന്തസ്സുറ്റതാക്കുന്നു. പ്രായത്തില്‍ അദ്ദേഹത്തിന്റെ സമകാലികരായ പല എഴുത്തുകാരും പിന്നീട് വളരെ വര്‍ഷങ്ങള്‍ക്കുശേഷമാണ് ശ്രദ്ധേയരാകുന്നതും പുരസ്‌കൃതരാകുന്നതുമെല്ലാം.

എണ്‍പതുകളുടെ ആരംഭം മുതല്‍ 2000 വരെയുള്ള വര്‍ഷങ്ങളിലാണ് സുധാകരന്‍ തന്റെ മികച്ച കഥകള്‍എഴുതിയത്. ആദ്യകാല കഥയായ രണ്ട് കുന്നുകള്‍ മുതല്‍ 90- കളുടെ അവസാനം എഴുതിയ അത്താഴവിരുന്ന് വരെ. അക്കാലത്ത് അദ്ദേഹത്തിന്റെ കൂടുതല്‍ കഥകളും പ്രസിദ്ധീകരിക്കപ്പെട്ടത് മാതൃഭൂമി ആഴ്ചപ്പതിപ്പിലും കലാകൗമുദിയിലുമായിരുന്നു. പല കഥകളും നിരൂപകരാല്‍ ഏറെ പ്രശംസിക്കപ്പെട്ടു. അത്താഴവിരുന്നിനെ എം. കൃഷ്ണന്‍നായര്‍ ‘സാഹിത്യവാരഫല’ത്തില്‍ ദീര്‍ഘമായി പ്രകീര്‍ത്തിച്ചത്, ലോകനിലവാരത്തിലേക്ക് ഉയര്‍ന്ന മലയാള ചെറുകഥ എന്നായിരുന്നു. (പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ക്ഷേത്രവിളക്കുകള്‍ എന്ന കഥയാണ്​ കൃഷ്ണന്‍ നായര്‍ അപ്രകാരം ലോഭമില്ലാതെ പ്രശംസിച്ച മറ്റൊന്ന്​). മാജിക്കല്‍ റിയലിസത്തിന്റെ സങ്കേതമുപയോഗിച്ച് എഴുതി വിജയിച്ച ചുരുക്കം മലയാള കഥകളില്‍ ഏറ്റവും മികച്ചതായിരുന്നു ക്ഷേത്രവിളക്കുകള്‍.

ചെറുകഥകള്‍ക്കു പുറമേ, പ്യൂപ്പ, പുനരാഖ്യാനങ്ങള്‍, അവിരാമം എന്നീ നോവലുകളും സുധാകരന്റെ ശ്രദ്ധേയ രചനകളാണ്. സമകാലിക മലയാളം വാരികയില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച പുനരാഖ്യാനങ്ങള്‍, ഭൂമിവാതുക്കല്‍ എന്ന പ്രദേശത്തിന്റെ ചരിത്രം ഫാന്റസിയും നൊസ്റ്റാല്‍ജിയയും കലര്‍ത്തി ആവിഷ്‌കരിക്കുന്നതാണ്. നിഷ്പക്ഷ വിശകലനത്തില്‍ പുനത്തിലിന്റെ സ്മാരകശിലയോളം ഉയരുന്ന രചനയാണിത്. എഴുത്തില്‍ ചിത്രകലയുടെ സങ്കേതമ കൂടി ഉപയോഗിക്കുന്ന തികച്ചും വ്യത്യസ്തമായ രീതിയായിരുന്നു അവസാന രചനകളില്‍ വിശേഷിച്ചും സുധാകരന്‍ ഉപയോഗിച്ചത്. ഒരു പെയ്ന്റിംഗ് കാണുന്നതുപോലെ ഒരു രചന വായിക്കാനാകുക എന്നത് തികച്ചും വ്യത്യസ്ത അനുഭവമാണ്.

വ്യക്തിജീവിതത്തില്‍ സുധാകരനെ ഏകാന്തത വല്ലാതെ ഉലച്ചിരുന്നതായി തോന്നിയിട്ടുണ്ട്. ഒരുതരം ഉള്‍വലിയല്‍. സര്‍ക്കാര്‍ ഉദ്യോഗത്തില്‍നിന്ന് വിരമിച്ചശേഷം കൂടുതലായി അത് പ്രകടവുമായിരുന്നു. വിരളമായി ഉണ്ടായിരുന്ന ഗാഢസൗഹൃദങ്ങളില്‍ നിന്നുപോലൂം അകന്നുപോയി. അത് ബോധപൂര്‍വമായിരുന്നില്ല. ഒരുതരം പരിണാമമായിരുന്നു. 'Silence is my only language and solitude is the companion' എന്ന പോലത്തെ ഒരു ജീവിതാവസ്ഥ. അപ്രകാരും ഒരു തുരുത്തിലേക്ക് ചെന്നെത്തപ്പെട്ടു. അതിന്റെ സ്വഭാവിക ഉല്‍പ്പന്നമായ നിസ്സംഗതയിലേക്കും വിഷാദത്തിലേക്കുമായി ആ യാത്ര. ആഗ്രഹങ്ങളോടുള്ള അകാലത്തിലെ വിടപറയല്‍.

മലയാളത്തിലെ മികച്ച ചെറുകഥാകൃത്തുക്കളില്‍ ഒരാളായ ആവള ടി കുഞ്ഞിരാമക്കുറുപ്പിന്റെ മകന്‍ സര്‍ഗാത്മകതയില്‍ ഇനിയും ഒരുപാടുദൂരം സഞ്ചരിക്കേണ്ടതായിരുന്നു. ഗാഢമായ സ്‌നേഹം അന്വേഷിച്ചിറങ്ങി തനിച്ചാക്കപ്പെട്ട കുറെയേറെ കഥാപാത്രങ്ങളെ കാലത്തില്‍ സഞ്ചരിക്കാന്‍ വിട്ട് അദ്ദേഹം യാത്രയായി. പുനരാഖ്യാനങ്ങളില്‍ എഴുതിയതുപോലെ, 'താന്‍ പറക്കാനുണ്ടാക്കിയ കൂറ്റന്‍ ചിറക് അവിടെത്തന്നെ ഓര്‍മത്തെറ്റുപോലെ ശേഷിപ്പിച്ചാണ്' ഒരു ചെറുചിറകില്‍ സുധാകരന്‍ ആകാശങ്ങളിലേക്ക് പറന്നകന്നത്.

നറുനിലാവില്‍ ഒരു വന്‍മരത്തില്‍നിന്ന് നിശ്ശബ്ദമായി ഭൂമിയില്‍ പതിച്ച ഒരിലയായിരുന്നു ആ ജീവിതം..


ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 'ദിശ' ഹെല്‍പ് ലൈനിന്റെ സഹായം തേടാം. Toll free helpline number: 1056, 0471-2552056

Comments