ഒരെഴുത്തുകാരൻ എങ്ങിനെയാണ് അയാളുടെ ജീവിതത്തെ അടയാളപ്പെടുത്തുന്നത്? ചിലപ്പോൾ ജീവിച്ച ജീവിതത്തിൽ, പരിചയപ്പെട്ടവരുടെ മനസിലാവും അയാൾ ജീവിക്കുന്നത്. ചിലപ്പോൾ എഴുതിയ വാക്കുകൾ, പറഞ്ഞ സത്യങ്ങൾ, കണ്ടെടുത്ത സ്മാരകങ്ങൾ, അവയിലൊക്കെ അയാൾ തന്റെ പേര് കൊത്തിവച്ചിട്ടുണ്ടാവും. മരിച്ച് കഴിഞ്ഞാലും അവയെല്ലാം നിത്യവിസ്മയമായി നിറഞ്ഞു തെളിയുന്നുണ്ടാവും. ഒന്നും അറിയാതെ പോവുന്നതല്ല ജീവിതം. ഓർമപ്പെടുത്തലിന്റെ പ്രകാശം പ്രപഞ്ചമായി വെളിപ്പെടുന്ന നിമിഷമുണ്ടാവും. ജനിതകമായി ഓർമ നിലനിൽക്കുമ്പോൾ മാത്രമാണ് അത് പകർത്തപ്പെടുന്നത്. ജീവിച്ച പരശതം മനുഷ്യരുടെ പാരമ്പര്യത്തിലേക്ക് ഒരാൾകൂടി വന്നിരുന്ന് എഴുതിവയ്ക്കുന്നത് ചിലപ്പോൾ ചരിത്രം തന്നെയാവും. പറയാൻ വാക്കുകളുണ്ടാവുക എന്നതാണ് സത്യം. അത് ആരൊക്കെയോ ജീവിച്ച ജീവിതത്തിന്റെ ഏടുകളിൽ നിന്നും കണ്ടെടുത്തതാവും. എഴുതിതീർന്ന വാക്കുകളും അവ വായിച്ച അനേകം മനുഷ്യരും ഉണ്ടാവും. അവരെല്ലാം ആ എഴുത്തുകാരനെ മനസിലാക്കുന്നതും സൂക്ഷിക്കുന്നതും അയാൾ സമാഹരിച്ച അക്ഷരങ്ങളുടെ ശക്തിയിലാവും. എഴുത്തുകാരൻ പ്രപഞ്ചമാണ്. അനേകം സൗരയൂഥങ്ങൾ. അറിഞ്ഞതും അറിയാതെയും പോയ ഒരുപാട് ഗർത്തങ്ങൾ, കണ്ടെത്തിയതും കാണാനാവാത്തതുമായ ഭ്രമണപഥങ്ങൾ. നിരന്തരം സഞ്ചരിച്ച് ഒടുവിൽ അയാൾ ശാന്തനായി സർവതും ത്യജിച്ച് സകലതിൽ നിന്നും വേർപിരിഞ്ഞ് സ്വസ്ഥമായി ഉറങ്ങുന്നു. ആ ഉറക്കത്തിൽ അയാൾ കാണുന്ന സ്വപ്നങ്ങൾ ഇനിയും ജീവിച്ചേക്കുമെന്നും ആ ജീവിതം കൊണ്ട് ഇനിയും പലതും എഴുതിയേക്കുമെന്നും വിശ്വസിക്കുന്നു. മരണം അയാൾ സ്വയം തീരുമാനിക്കുന്നതാണ്. അയാൾക്ക് മാത്രമേ അതിന് കഴിയൂ. സ്വച്ഛന്ദമൃത്യു എന്നത് തെളിയിക്കുന്ന ഒരു മനസ്സ് അയാൾക്ക് മാത്രമേയുള്ളൂ. അത് മനസ്സും ശരീരവും അയാൾ തീരുമാനിക്കുന്ന വഴിയിലൂടെ സഞ്ചരിക്കുന്നതുകൊണ്ടാണ്. ഞാൻ കണ്ട എഴുത്തുകാരൻ അങ്ങനെയായിരുന്നു.
കുട്ടിക്കാലത്ത് ഞാൻ ഒരു രോഗിയായിരുന്നു. എണീറ്റ് നടക്കാൻ കഴിയാത്ത ഒരു രോഗി. എന്റെ കാലിന്റെ കഴലയിൽ ഒരു കുരു വരും. അതിഭീകരമായ കുത്തിക്കുത്തിയുള്ള ഒരുവേദനയാണാദ്യം ഉണ്ടാവുക. പിന്നെ അതൊരു തിണർപ്പായി മാറും. തൊലി മുഴുവനും ചുമന്നു തുടുക്കും. പിന്നെപ്പിന്നെ കുരു വലുതാവും. നോക്കിനിൽക്കെ അതിന്റെ ചുവന്ന തൊലി പാലുപോലെ വെളുക്കും. അധികം വൈകാതെ കുരു ഒരു തക്കാളി വലുപ്പത്തിലേക്കാവും. ഞാൻ വേദനകൊണ്ട് കാറും. എന്റെ കാല് ഒരറക്കവാളുകൊണ്ട് ഈർന്നു കീറുന്നതുപോലെ പൊളിയും. പിന്നെയെനിക്കൊന്നും കാണാനും കേൾക്കാനും കഴിയില്ല. കിടക്കയിൽ കിടന്നു ഞാൻ തലയിട്ടടിക്കും. കട്ടിലിന്റെ ക്രാസിയിൽ തട്ടി ചിലപ്പോഴൊക്കെ എന്റെ തലപൊട്ടും. കാലിന്റെ കഴലവേദനയിൽ തലപൊട്ടിയത് ഞാനറിയില്ല. ചിലപ്പോഴൊക്കെ തലയിൽ നിന്നും കട്ടയായി ചോര ചീറ്റും. വേദന താങ്ങാനാവാത്തത് കാണാൻ കഴിയാതെ എന്റെ അമ്മ എന്റെ തല തുണികൂട്ടിപ്പിടിക്കും. അമ്മയുടെ കൈ തട്ടിത്തെറുപ്പിച്ച് ഞാൻ തലയിട്ടടിച്ച് നിലവിളിക്കും. കാലനക്കാതെയിരുത്താനായി വീട്ടിൽ ജോലി ചെയ്തിരുന്ന കമലം എന്റെ കാലുകൾ ചേർത്ത് പിടിക്കും. ഊണും ഉറക്കവുമില്ലാതെ നാലഞ്ച്ദിവസം തീരും. തക്കാളി കുരു പാൽ നിറം മാറ്റി പതുക്കെ ചായനിറമാകും. കുരുവിനുമീതെ വാട്ടിയ കാഞ്ഞിരത്തിന്റെ തളിരില ചാർത്തും. ഇലയുടെ ചൂടു തീരുമ്പോൾ വീണ്ടും മാറ്റും. അതടർത്തിയെടുക്കുമ്പോൾ എന്റെ കരച്ചിൽ കൂടും. പതുക്കെ പതുക്കെ കുരു ചുങ്ങിച്ചുങ്ങി ഉണങ്ങിയ പാവ്ട്ടകായപോലാവും. എന്റെ വേദന കുറയും. എന്നാലും എനിക്ക് കാലുമടക്കാനാവില്ല. എന്റെ കട്ടിലിലെ കിടപ്പ് പിന്നെയും കുറേനാൾ തുടരും.

അതെന്റെ സ്കൂളിലെ അഞ്ചാംക്ലാസ് കാലമായിരുന്നു. വീട്ടിലെ മുറിയിൽ കട്ടിലിനെതിർവശത്തെ ജനലായിരുന്നു എന്റെ പുറം ലോകം. സ്കൂൾ ഒരു വിദൂര ലോകമായിട്ടുണ്ടാവും അപ്പോഴേക്കും. മാസത്തിലെ പതിനഞ്ച് ദിവസത്തോളം സ്കൂൾ എന്നെ കാണില്ല. പിന്നെ പതുക്കെ എഴുന്നേറ്റിരിക്കാറാവുമ്പോൾ കമലം എന്നെ തോളത്തിട്ട് ക്ലാസുമുറിയിലെ ബെഞ്ചിൽ കൊണ്ടിരുത്തും. ആ ബെഞ്ചിൽ ഞാനൊറ്റയ്ക്കാവും. ആരും എന്നെ തൊടുന്നത് പോലും എനിക്ക് സഹിക്കാനാവില്ല. ക്ലാസ്സെടുക്കുന്ന മാഷമ്മാരും ടീച്ചർമാരും എന്റെ മുഖത്ത് നോക്കി പാഠങ്ങൾ പറയും. ഇടയ്ക്ക് എഴുതാനുള്ളത് പറഞ്ഞുതരുമ്പോൾ എന്റെയടുത്തുവന്നു എഴുതാൻ പറ്റുമോ എന്നു പതുക്കെ ചോദിക്കും. ഒരുപാട് കരുതൽ കണ്ടും കേട്ടും ഞാനിരിക്കും.
മറ്റുകുട്ടികളൊക്കെ ഇടവേള സമയത്ത് സ്കൂൾ പറമ്പിലേക്ക് ഓടുമ്പോഴും എന്റെ കാഴ്ചയൊരു ജനലൊരുക്കും. ആ ചതുരമായിരുന്നു എന്റെ ഭൂപടം. വീട്ടിലും ക്ലാസ്മുറിയിലും എന്റെ കാഴ്ചകൾക്കായി ഒരു ഫ്രെയിമുണ്ടായി. ക്ലാസ് മുറിയിൽ ഞാൻ തനിച്ചാവുമ്പോൾ ചിലപ്പോഴൊക്കെ ടീച്ചർമാരാരെങ്കിലും വരും. എനിക്ക് കുഴപ്പമൊന്നുമില്ലല്ലോയെന്നന്വേഷിക്കും. കഥകളിപ്പാട്ടു പാടുന്ന വാസുദേവൻ മാഷ് വരുമ്പോഴൊക്കെ ഞാൻ ആശ്വാസത്തോടെയിരിക്കും. മാഷെന്റെയടുത്ത് വന്ന് നന്നായി ചിരിക്കും. ആ ചിരി കാണുമ്പോൾ ഞാനെന്റെ എല്ലാ വേദനയും മറക്കും. കസേര എന്റെ അടുത്തേക്ക് വലിച്ചിട്ടിരുന്ന് മാഷ് ചിലപ്പോൾ കഥകളിപ്പാട്ട് പാടും. ചിലപ്പോൾ മഹാഭാരതത്തിലെയും രാമയാണത്തിലെയും കഥ പറയും. മാഷായിരുന്നു, പാഠപ്പുസ്തകമല്ലാത്ത അക്ഷരങ്ങളുടെ മറ്റൊരു വായനാലോകത്തിലേക്കെന്നെ കൂട്ടികൊണ്ടുപോയത്.
ചിലദിവസങ്ങളിലൊക്കെ മാഷുവരുമ്പോൾ മാലിരാമായണവും മാലിഭാഗവതവും കൊണ്ട് തരും. പുസ്തകം കിട്ടി ഒന്നോ രണ്ടോ ദിവസം കഴിയുമ്പോൾ എന്റെ കാലിന്റെ കഴലയിൽ കുത്തിക്കുത്തിയുള്ള വേദനയുണ്ടാവും. അതെന്റെ വേദനയുടെ കാലത്തിന്റെ തുടക്കമാവും. കുരുപൊട്ടി തളർന്നുകിടക്കുമ്പോൾ എന്നെ ജീവിതത്തിലേക്കും സ്വാസ്ഥ്യത്തിലേക്കും തിരിച്ചു കൊണ്ടുവന്നത് അക്ഷരങ്ങളാണ്. ഓരോ കഥയും ഓരോ ജീവിതമായി എന്നെ സമാധാനപ്പെടുത്തി. സ്വപ്നം കാണാനൊരു വഴി എനിക്കായി തുറന്നു. കട്ടിലിൽ കിടന്ന് ആകാശക്കീറ് കണ്ടു. ഇടയ്ക്ക് പറക്കുന്ന പക്ഷികളും പൊട്ടുപോലെ നീങ്ങുന്ന വിമാനവും അതിന്റെ വാലുപോലെ പുകയും കണ്ടു. ആകാശം എനിക്ക് മുന്നിൽ ഒരു തിരശ്ശീലപോലെ ചതുരത്തിൽ നിറഞ്ഞു. മാലിരാമയാണത്തിലെ രാമന്റെ വനവാസവും ഹനുമാന്റെ ലങ്കയിലേക്കുള്ള വായു മാർഗ്ഗേണ സഞ്ചാരവും പുഷ്പകവിമാനത്തിൽ സീതാപഹരണവും ലങ്കാതീരത്തെ രാമരാവണയുദ്ധവും എനിക്ക് കാണാനായി. അക്ഷരങ്ങൾ അതിമനോഹരമായെന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചു.

കഥ സ്വപ്നം കാണുമ്പോൾ പിന്നെപ്പിന്നെ അതെഴുതിയ ആളെ കൂടി കാണണമെന്ന മോഹമുണ്ടാക്കും. ഒരു കഥ മനസ്സിൽ രൂപപ്പെടുന്നതും അത് കടലാസ്സിലേക്ക് പകർത്തുന്നതും അത് പലയാവർത്തി വായിച്ചുനോക്കിയിട്ട് വീണ്ടുമെഴുതുന്നതുമായ കാര്യങ്ങൾ ഓരോ വായനയിലും ഞാൻ കണ്ടുകൊണ്ടിരുന്നു. മാലി മാധവൻ നായരും വിഷ്ണുശർമ്മയുടെ പഞ്ചതന്ത്രം കഥകൾ കുട്ടികൾക്കായി പകർത്തിയ സുമംഗലയും എന്നെ വളർത്തി വലുതാക്കി.
സ്വപ്നങ്ങൾ യഥാർത്ഥമാകുന്ന ഒരു മനസ്സുണ്ടായപ്പോൾ ഞാൻ വായിച്ചതും അറിഞ്ഞതും അനുഭവിച്ചതുമായ ഒരെഴുത്തുകാരൻ എം.ടി വാസുദേവൻ നായരായിരുന്നു. കാലമായിരുന്നു ആദ്യം വായിച്ചത്. കാലത്തിലെ അന്തരീക്ഷം എനിക്ക് തീർത്തും പരിചതമായത്. പാടവും പത്തായപ്പുരയും അമ്പലവും വഴികളും മനുഷ്യരുടെ വേഷവും അവരുടെ വാക്കുകളും പറച്ചിലും ഞങ്ങൾ വീട്ടിൽ പറയുന്നത് പോലെ. സേതുവും സുമിത്രയും തങ്കമണിയുമൊക്കെ എന്റെ വീട്ടിൽ വന്നുപോകുന്നവരായിരുന്നു. കാരണം കാലം വായിക്കുമ്പോൾ ഞങ്ങൾ ജീവിച്ചത് പാലക്കാടായിരുന്നു. കോഴിക്കാട്ടേക്കും പാലക്കാട്ടേക്കുമായുള്ള തീവണ്ടി യാത്രകളിൽ എം.ടി മുഴുവനായിട്ടെനിക്ക് മനസ്സിലായി. നാലുകെട്ടും മഞ്ഞും പാതിരാവും പകൽ വെളിച്ചവും അസുരവിത്തും എന്റെ സഞ്ചാരപഥങ്ങളായി. സേതുവും ഗോവിന്ദൻ കുട്ടിയുമൊക്കെ പാർക്കുന്ന വീടുകൾ എനിക്കറിയാം. എന്റെ കൂട്ടുകാരുടെ അതുപോലെയുള്ള വീടുകളിൽ ഞാനാ ജീവിതത്തെ സ്വപ്നത്തിൽ നിന്നടർത്തി യഥാർത്ഥമാക്കി. എം.ടി ക്കഥകളിലെ ഓരോ വാക്കും എന്റെ ചുറ്റുമുള്ളവർ പറയുന്നത് പോലെ എനിക്ക് കേൾക്കാനായി.

ഈകാലത്ത് തന്നെയാണ് എം.ടിയെഴുതിയ കഥകൾ സിനിമകളായി തിരശ്ശീലയിൽ തെളിച്ചം കൊണ്ടത്. സിനിമവരുന്നതിനുമുന്നെ ആ കഥകളൊക്കെ വായിച്ച് മനസ്സിൽ ഞാനൊരു തിരരൂപമുണ്ടാക്കിയിരുന്നു. ഇങ്ങിനെയാവും ബന്ധനത്തിലെ നായകൻ തീവണ്ടിഗെയ്റ്റിൽ വണ്ടി കടന്നുപോകാനായി കാത്തുനിന്നത്. ഇങ്ങനെയാവും ഡോക്ടർ രാജ ഇടവഴിയിലെ പൂച്ചയിൽ രോഹിണിയെയും വിശ്വനാഥനെയും കണ്ട് മകളെ ചേർത്തുപിടിച്ച് വീട്ടിൽ നിന്നിറങ്ങിയത് എന്നൊക്കെ മനസ്സിൽ കണ്ടാണ് വായിച്ചത്. പിന്നെ സിനിമ റിലീസുചെയ്യുമ്പോൾ തിയ്യേറ്ററിലക്കുള്ള ഓട്ടമായി. ഓരോ കഥയും ഞാൻ വായിച്ചു കണ്ടതിൽ നിന്നും ചിലപ്പോൾ അതുപോലെയും മറ്റുചിലപ്പോൾ അത്ഭുതമാകുന്നതും ഞാൻ കണ്ടു. എം.ടിയുടെ ജീവിതകാഴ്ച്ചകളിൽ കൃത്യമായി എന്റെ സ്വപ്നങ്ങൾ സത്യമായത് ഒരെഴുത്തുകാരൻ അത്രമേൽ വായനക്കാരന്റെ ആത്മാവിൽ വിലയം പ്രാപിച്ചപ്പോഴാണ്. അതുകൊണ്ട് തന്നെ ഞാനെന്ന ആത്മാവ് ആ മനുഷ്യനു ചുറ്റുമായി പറന്നു. പാലക്കാടിന്റെയോ കോഴിക്കോടിന്റെയോ സാഹിത്യ സാംസ്‌കാരിക കൂട്ടങ്ങളിൽ ഞാനലഞ്ഞു. അതൊരു അന്വേഷണമായിരുന്നു.
വേനലും വർഷവും പിന്നെയും കടന്നു. വായനയുടെ പുതിയ ലോകങ്ങളിൽ വിലാപയാത്രയും രണ്ടാമൂഴവും വാരാണസിയും അലിഞ്ഞു. അനുഭവങ്ങളുടെ ആത്മഭാഷണങ്ങളറിഞ്ഞു. ഓരോ വാക്കും എന്നോട് പറയുന്നതായി ഞാൻ വിശ്വസിച്ചു. അതായിരുന്നു ആ ജീവനോടുള്ള അടുപ്പം. എം.ടി കഥകൾ എന്നപേരിൽ ടെലിവിഷനു വേണ്ടി സീരിയലൊരുക്കുന്നതിൽ മൂന്നു കഥകളിൽ അഭിനയിക്കാൻ തുടങ്ങിയപ്പോഴേതെങ്കിലുമൊരു നിമിഷത്തിൽ ആ മനുഷ്യനു മുന്നിൽ ചെന്നുപെടുവാനാകുമെന്നു ഞാൻ വിശ്വസിച്ചു. ചിലതങ്ങിനെയാണ് കൃത്യമായ നീക്കങ്ങളിലൂടെ എത്തേണ്ടതും അനുഭവിക്കേണ്ടതുമായ സന്ദർഭങ്ങൾ സ്വയം പ്രത്യക്ഷപ്പെടും. അത് ആരും മുൻകൂട്ടി തീരുമാനിക്കുന്നതാവില്ല. എന്നാലോ അതിനു സത്യമായ ഒരു പ്രാരംഭമുണ്ടാവും.
പാറപ്പുറത്തിന്റെ ആകാശത്തിലെ പറവകൾ എന്ന നോവൽ സീരിയലാക്കി ടെലികാസ്റ്റ് ചെയ്തുതുടങ്ങിയ സമയത്താണ് ഞാനാദ്യമായി ആ മനുഷ്യന്റെ ശബ്ദം എനിക്കായി കേട്ടത്. മുമ്പ് പലപ്പോഴായി ടെലിവിഷനിലും സാഹിത്യവേദികളിലും വാക്കുകൾ പുഴകളായപ്പോഴൊക്കെ അതാൾക്കൂട്ടഭാഷണമായിരുന്നു. ഒരുപാട് പേർക്ക് വേണ്ടി ആ ശബ്ദം മുഴങ്ങുന്നു. ഓരോരുത്തരും അവരവർക്കായി ആ ശബ്ദത്തെ ഹൃദയങ്ങളിൽ സ്വരൂപിക്കുന്നു. ആകാശത്തിലെ പറവകൾ എന്ന സീരിയൽ കണ്ടുവെന്നദ്ധേഹം പറഞ്ഞു. ഒരുപാട് പുരസ്‌കാരങ്ങൾ ആ സീരിയലിനു കിട്ടിയിരുന്നു. അതിനെല്ലാം മീതെയായി എനിക്കേറ്റവും വിലപ്പെട്ടത് എം.ടിയെന്ന മഹാക്ഷരം ആ സീരിയൽ കണ്ടു എന്നതാണ്. പരസ്പരം കാണാതെ പലപ്പോഴായി പിന്നെ ഞാനദ്ധേഹത്തെ വിളിച്ചു. മൊബൈലിന്റെ ആരംഭകാലമായിരുന്നു അത്. നേരിട്ട് കിട്ടുന്ന ആ വിളികളിൽ ഒരിക്കൽ പറഞ്ഞു. പാറപ്പുറത്തിന്റെ കുറേ നോവലുകൾ ചലച്ചിത്രമായിട്ടുണ്ട്. ആകാശത്തിലെ പറവകൾ എന്ന നോവൽ പലരും സിനിമയാക്കുവാനായി ശ്രമിച്ചിട്ടുണ്ടെന്നും പലരും തിരക്കഥയെഴുതിയത് വായിച്ചിട്ടുണ്ടെന്നും പറഞ്ഞു. അതുകൊണ്ട് തന്നെ സർ സിപി ദിവാനായിരുന്ന കാലത്തെ ആ കഥ പുതിയകാലത്തിന്റെ അന്തരീക്ഷത്തിലേക്ക് മാറ്റിയെഴുതി സീരിയലാക്കിയപ്പോൾ ഒരു കൗതുകം തോന്നിയെന്ന് പറഞ്ഞു. അത് കണ്ടതിന്റെ പുറത്തായിരുന്നു അദ്ധേഹത്തെ കാണാനാവുമോയെന്നു ഞാൻ ചോദിച്ചത്. ആവശ്യം എന്റെയായിരുന്നു. അസുരവിത്ത് എന്ന നോവലിനു ടെലിവിഷൻ രൂപമുണ്ടാക്കുവാൻ ആഗ്രഹിക്കുന്നുവെന്നും അനുവാദം തരണമെന്നും അപേക്ഷിച്ചു. കുറച്ച് നേരം ഒന്നും മിണ്ടിയില്ല.
തിരുവനന്തപുരത്ത് പെരുമ്പടവം ശ്രീധരേട്ടന്റെ ഒരു സങ്കീർത്തനം പോലെ എന്ന കൃതിയുടെ ഇരുപത്തിയഞ്ചാം പതിപ്പിന്റെ പ്രകാശനത്തിനായി വരുന്നുവെന്നും അന്നേരം ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ ഗസ്റ്റ് ഹൌസിൽ ഉണ്ടാവുമെന്നും അവിടെ വച്ച് കാണാമെന്നും പറഞ്ഞു. അതൊരു ലോകം പിടിച്ചടക്കിയ നിമിഷമായിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് ചെന്നൈയിൽ നിന്നും നേരിട്ട് തിരുവനന്തപുരത്ത് എത്തുന്ന ഒരു തിയ്യതിയും പറഞ്ഞു. പിന്നെ ആ ദിവസത്തിനുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. എത്തിയ ദിവസം ഞാൻ വിളിച്ചു. പന്ത്രണ്ടര കഴിഞ്ഞിട്ട് ചെല്ലാൻ പറഞ്ഞു.
ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ പൂജപ്പുര ഗസ്റ്റ് ഹൗസിലെ മുറിക്ക് മുന്നിൽ ഞാൻ ബെല്ലടിച്ചു. ഇത്രയും തൊട്ടടുത്ത് ഞാനാ മനുഷ്യനെ കാണുകയായിരുന്നു. ചുണ്ടിലെ കോണിൽ ഒരു ബീഡിയുടെ കത്തുന്ന വെളിച്ചം. പുക വലിച്ച് വിടുന്നതിന്റെ പ്രത്യേകരീതി. നോട്ടം ഹൃദയത്തിലേക്കാഴ്ന്നിറങ്ങുന്നത്. സകലതും തുറന്ന, തെളിഞ്ഞ ഒരു രൂപമായി ആ മനുഷ്യനുമുന്നിൽ. ഇരിക്കുവാൻ പറഞ്ഞു. ആ ജീവിതത്തിലേക്ക് അതുത്ഭവിപ്പിക്കുന്ന പ്രകാശത്തിലേക്ക് അതിന്റെ അരിക് പറ്റി നടക്കുവാൻ എന്നെ പ്രാപ്തനാക്കുകയായിരുന്നു. അഞ്ചുമണിയുടെ പുസ്തകപ്രകാശനത്തിനു സംഘാടകർ കൊണ്ടുപോകാൻ വരുന്നത് വരെ എന്നോട് സംസാരിച്ചു. അസുരവിത്ത് എന്ന നോവൽ ചെന്നൈയിലുള്ള ഒരു സംഘത്തിനു ടെലിവിഷൻ പരമ്പരയാക്കുവാൻ അനുവാദം കൊടുത്തിരുന്നെന്നും അതൊന്നും ചെയ്യാതെ കുറെ കാലം കഴിഞ്ഞെന്നും ഞാൻ അനുവാദം ചോദിച്ചതിനു ശേഷം അതിന്റെ ഇപ്പോഴത്തെ അവസ്ഥ അവരോട് ചോദിച്ചെന്നും അതിന്റെ പുറത്ത് അവരൊരുപാട് ചിലവഴിച്ച് ഇളയരാജയെ കൊണ്ട് പാട്ട് ചെയ്യിച്ചിട്ടുണ്ടെന്നുമൊക്കെ പറഞ്ഞു. ഒരു വാക്കിന്റെ പുറത്ത് കൊടുത്തുപോയതാണ്, എന്തോ മാറ്റി പറഞ്ഞിട്ടില്ല. നമ്മുടെയുള്ളിലെന്നും അടങ്ങാത്തതും അവസാനിക്കാത്തുമായ ആഗ്രഹങ്ങളുണ്ടാവും. മരിച്ചാലും തീരാത്തതുമായ ആഗ്രഹങ്ങൾ. അതില്ലാതെയാവുമ്പോൾ നമ്മളും ഇല്ലാതെയാകും. ആദ്യകാഴ്ച്ചയിൽ ജീവിച്ച ജീവിതത്തിലിത്രയും കാലം മിണ്ടാതെയിരുന്നതിന്റെ മുഴുവൻ വാക്കുകളും എനിക്ക് മാത്രമായി കേൾക്കുവാൻ കഴിഞ്ഞതാണെന്നെ ഇപ്പോഴും ജീവിപ്പിക്കുന്നത്. ചില സ്വപ്നങ്ങൾ സംഭവിക്കാതെ മനസ്സിൽ സംഭവിച്ചു തീരും. അസുരവിത്ത് ഈ കഴിഞ്ഞ കോവിഡുകാലത്തും ഒരുപാട് തവണ ഓർത്തു എന്നെങ്കിലും അത് ദൃശ്യമായി വീണ്ടും വന്നേക്കും. ചിലതൊക്കെ നമുക്ക് അങ്ങനെയും പ്രതീക്ഷിക്കാമല്ലോ.

‘തലപ്പാവ്’ എന്ന സിനിമ ചെയ്ത്, അത് സാറിനെകൊണ്ടുപോയി കാണിക്കണം എന്ന് കരുതി ആ സിനിമ കളിക്കുന്ന ദിവസം വിളിച്ചു. സുഖമില്ലാതെ കിടക്കുകയാണ് എന്നായിരുന്നു മറുപടി. എന്നിട്ടും അത് കാണാം എന്ന് പറഞ്ഞു. പക്ഷെ തിയ്യേറ്ററിലേക്ക് കൊണ്ടുപോകാൻ എന്തോ മനസ് അനുവദിച്ചില്ല. നേരെ സിനിമയുടെ ഒരു ഡിവിഡിയുമായി ചെന്നു. മൂന്നു ദിവസം കഴിഞ്ഞപ്പോൾ വിളി വന്നു. സിനിമ കണ്ടു. ബാക്കി മുഴുവനും ആ മുഖത്ത് നിന്നും കേൾക്കാനായി വീട്ടിലേക്ക് ചെല്ലുകയാണ് ചെയ്തത്. ആദ്യം ചോദിച്ചത് അതിൽ ഗൌണ്ടരായി അഭിനയിച്ച ആൾ ആരാണെന്നും അയാളുടെ സ്വന്തം ശബ്ദമാണോ എന്നുമായിരുന്നു. ഒട്ടൊരു ടെൻഷനോടെ ആയിരുന്നു ഞാൻ മറുപടി പറഞ്ഞത്. അത് അതുൽ കുൽക്കർണി എന്ന ഹിന്ദി നടനാണ്. അയാൾക്ക് ഡബ്ബ് ചെയ്തതിൽ എന്തെങ്കിലും പ്രശ്നം തോന്നിയോ എന്നൊരു വേവലാതി ബാക്കി നിർത്തി. അദ്ദേഹത്തിനു പരിചയമുള്ള ചിലർ സംസാരിക്കുന്നതുപോലെ കൃത്യമായിട്ടായിരുന്നു ആ കാരക്ടർ സംസാരിച്ചത് എന്നായിരുന്നു. അതു ചെയ്തത് ഞാനായിരുന്നു എന്ന് പറഞ്ഞപ്പോൾ കിട്ടിയ ചിരി മറ്റൊരു പുരസ്കാരമായിരുന്നു. എന്നിട്ട് ആ ഡിവിഡി എടുത്ത് തന്നു. ഇതിവിടെ വെച്ച് ആരെങ്കിലും എടുത്തുകൊണ്ടുപോയി പകർത്തിയാലോ. സിനിമ കളിച്ച്കൊണ്ടിരിക്കുകയല്ലേ. കള്ള ഡിവിഡി ഇറങ്ങണ്ട. കരുതലിന്റെ ചിരി അതിനൊപ്പമുണ്ടായിരുന്നു.
രണ്ടായിരത്തിയെട്ടിൽ തുഞ്ചൻ ഉത്സവത്തിന്റെ സമയമായപ്പോൾ കെ.പി രാമനുണ്ണി വിളിച്ചു. ഇത്തവണത്തെ ഉത്സവത്തിന് എന്നെ കലോത്സവം ഉത്ഘാടനത്തിനു ക്ഷണിക്കുന്നു എന്ന് പറഞ്ഞു. ഒരു ഞെട്ടലോടെ ആണത് കേട്ടത്. ദക്ഷിണാമൂർത്തി സ്വാമിയെപോലുള്ള ആളുകൾ ഉത്ഘാടനം ചെയ്തൊരു വേദിയിൽ ഞാനോ എന്നായിരുന്നു ആദ്യം ചോദിച്ചത്. ആ ചടങ്ങ് എനിക്ക് എം.ടി എന്ന സ്നേഹത്തിൽ നിന്നും കിട്ടിയ പ്രസാദമായിരുന്നു. എന്നെ എഴുത്തിനിരുത്തിയ, എനിക്ക് അക്ഷരം തന്ന തുഞ്ചൻ പറമ്പിലെ ആ വേദിയ്ക്ക് എന്റെ പ്രണാമമായിരുന്നു. പ്രസംഗം കഴിഞ്ഞപ്പോൾ കൈ പിടിച്ച് പറഞ്ഞു, ഇത്രയും മതി. പറയുന്നത് കേൾക്കുന്നവർക്ക് അവരുടെ മനസ്സിൽ നിറയുന്ന വാക്കുകളുണ്ടാവണം, അതിനൊരു ലക്ഷ്യമുണ്ടാവണം. ആത്മാർത്ഥതയുണ്ടാവണം.
പിന്നെയും ഞാനാ മുറ്റത്തും അരികിലും ചെന്നിരുന്നു. ആ വാക്കുകൾ സത്യമായി കേട്ടുകൊണ്ടിരുന്നു. ഓരോ കൂടിക്കാഴ്ച്ചയും പ്രായത്തിനുമപ്പുറം ജീവിതത്തിലിനിയുമൊരുപാട് ചെയ്യുവാനായി ബാക്കിയുണ്ടെന്ന് പ്രഖ്യാപിക്കുന്നു. അല്ലെങ്കിൽ എപ്പോഴും വായിക്കുകയും ഏറ്റവും പുതിയ എഴുത്തുകാരെ അറിയുകയും ഓരോ സെക്കന്റിലെയും പ്രപഞ്ചത്തിന്റെ ചലനമറിയുകയും ചെയ്ത ഒരു മനസ്സാർക്കാണുള്ളത്? കാലം എന്ന വാക്ക് വെറുതെ പറഞ്ഞതുമല്ല, എഴുതിയതുമല്ല. ജീവിതത്തിനോട് മാത്രമേ സ്നേഹമുള്ളൂ എന്നത് ഉറപ്പിക്കുകയാണ്.