എൺപതുകളിൽ മലയാള സിനിമയിലുണ്ടായ നവഭാവുകത്വത്തിന്റെ ശക്തനായ പ്രതിനിധികളിൽ ഒരാളായിരുന്നു സംവിധായകൻ മോഹൻ. വാടകവീട്, രണ്ടു പെൺകുട്ടികൾ, ശാലിനി എന്റെ കൂട്ടുകാരി, വിട പറയും മുമ്പേ, ഇളക്കങ്ങൾ തുടങ്ങിയ സിനിമകൾ പ്രമേയത്തിൽ മാത്രമല്ല, ആവിഷ്‌കാരത്തിലും ഏറെ പുതുമകളുള്ളവയായിരുന്നു. ഭരതന്റെയും പത്മരാജന്റെയും ഒപ്പം ചർച്ച ചെയ്യപ്പെട്ടിരുന്ന സംവിധായകൻ.
പ്രണയത്തെ വിഷാദമധുരമായ ഒരനുഭവമാക്കി മാറ്റുന്ന പ്രമേയങ്ങളായിരുന്നു മോഹൻ പൊതുവെ കൈകാര്യം ചെയ്തത്. ശോഭയുടെയും ജലജയുടെയും പോലുള്ളവരുടെ വിഷാദഛായ നിറഞ്ഞ പ്രകടനം ആ പ്രമേയങ്ങളെ തീവ്രമാക്കി. ശോഭയുടെ എക്കാലത്തെയും മികച്ച വേഷങ്ങളിൽ മോഹനിലൂടെയാണ് സാക്ഷാൽക്കരിക്കപ്പെട്ടത്. അതുപോലെ, നെടുമുടി വേണുവിന്റെയും ഏറ്റവും മികച്ച സിനിമകളിൽ ചിലത് മോഹന്റെ സംവിധാനത്തിലൂടെയാണ് പുറത്തിറങ്ങിയത്. ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയിലെ ശോഭയുടെ കഥാപാത്രം മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും വിഷാദഭരിതമായ ഒരോർമയായിരിക്കും. വിട പറയും മുമ്പേ എന്ന സിനിമയിൽനെടുമുടി വേണു അവതരിപ്പിച്ച സേവ്യർ എന്ന ദുരന്തഛായ നിറഞ്ഞ കഥാപാത്രവും മലയാളിക്ക് മറക്കാനാകില്ല.
രണ്ടു പെൺകുട്ടികൾ എന്ന സിനിമ സൃഷ്ടിച്ച പ്രമേയപരമായ കുതിപ്പ് ഇന്നും റഫർ ചെയ്യപ്പെടുന്ന ഒന്നാണ്. വി.ടി. നന്ദകുമാറിന്റെ നോവലിനെ അവലംബിച്ച് സുരാസു എഴുതിയ തിരക്കഥയാണ് മോഹൻ സംവിധാനം ചെയ്തത്. 1978-ൽ പുറത്തിറങ്ങിയ ഈ സിനിമ, ലെസ്ബിയൻ ബന്ധത്തിന്റെ അതിസൂക്ഷ്മമായ ആവിഷ്‌കാരമെന്ന നിലയിൽ ശ്രദ്ധ നേടി. ഗിരിജ, കോകില എന്നീ രണ്ട് പെൺകുട്ടികളുടെ വേഷം ശോഭയും അനുപമയുമാണ് ചെയ്തത്. ഇവർ തമ്മിലുള്ള ഇഷ്ടങ്ങളെയും അടുപ്പങ്ങളെയും അതുവരെ കാണാത്തതരത്തിലുള്ള സ്വവർഗാനുരാഗത്തിന്റെ ഇതിവൃത്തത്തിലേക്ക് അതിമനോഹരമായാണ് മോഹൻ വികസിപ്പിച്ചത്. സുകുമാരൻ, ജയൻ, സുരാസു, വിധുബാല തുടങ്ങിയവരും വേഷമിട്ടു. രണ്ട് പെൺകുട്ടികളിലെ ഒരു പെൺകുട്ടിയായ അനുപമ പിന്നീട് മോഹന്റെ പങ്കാളിയാകുകയും ചെയ്തു.
1980-ൽ പുറത്തിറങ്ങിയ ശാലിനി എന്റെ കൂട്ടുകാരിയുടെ കഥ പി. പത്മരാജന്റേതായിരുന്നു. ‘പാർവതിക്കുട്ടി' എന്ന കഥക്ക് തിരക്കഥയൊരുക്കിയതും പത്മരാജൻ തന്നെ. ശോഭ, ജലജ, സുകുമാരൻ, വേണു നാഗവള്ളി, ശ്രീനാഥ്, രവി മേനോൻ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 'സുന്ദരീ നിൻ തുമ്പുകെട്ടിയ ചുരുൾമുടിയിൽ', 'ഹിമശൈല സൈകതഭൂമിയിൽ...' തുടങ്ങിയ എക്കാലത്തെയും സുന്ദരഗാനങ്ങൾ (എം.ഡി. രാജേന്ദ്രൻ- ജി. ദേവരാജൻ) ഈ സിനിമയിലേതാണ്.
തിക്കുറിശ്ശി, എ.ബി. രാജ്, മധു, പി. വേണു എന്നിവരുടെ അസിസ്റ്റന്റായാണ് മോഹൻ സിനിമയിലെത്തിയത്. ഹരിഹരന്റെ രാജഹംസം എന്ന സിനിമയിൽ ഫസ്റ്റ് അസിസ്റ്റന്റായി. മോഹന്റെ സിനിമകളിൽ തുടക്കത്തിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചുകൊണ്ടാണ്, അദ്ദേഹത്തിന്റെ നാട്ടുകാരൻ കൂടിയായ ഇന്നസെന്റിന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. പിന്നീട് ഇന്നസെന്റ് മോഹന്റെ സിനിമകളുടെ നിർമാതാവുമായി. 2005-ൽ പുറത്തിറങ്ങിയ കാമ്പസ് ആണ് അവസാനം സംവിധാനം ചെയ്ത സിനിമ.
16 വർഷമായി അദ്ദേഹം സിനിമയിൽനിന്ന് മാറിനിൽക്കുകയായിരുന്നു. പുതിയ കാലത്ത് പ്രസക്തമായ ഒരു കഥ മനസ്സിലുണ്ടെന്നും വൈകാതെ അത് എടുക്കുമെന്നും 2022-ൽ ദേശാഭിമാനിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
23 സിനിമകളാണ് മോഹൻ സംവിധാനം ചെയ്തത്. ജോൺ പോളും പത്മരാജനുമായി ചേർന്നുള്ള മോഹന്റെ സിനിമകളെല്ലാം കലാപരമായും സാമ്പത്തികമായും വിജയിച്ചവയാണ്.
വാടകവീട്- 1978, ശാലിനി എന്റെ കൂട്ടുകാരി- 1978, രണ്ടു പെൺകുട്ടികൾ- 1978, സൂര്യദാഹം- 1979, കൊച്ചുകൊച്ചു തെറ്റുകൾ- 1979, വിടപറയും മുമ്പേ- 1981, കഥയറിയാതെ- 1981, നിറം മാറുന്ന നിമിഷങ്ങൾ- 1982, ഇളക്കങ്ങൾ- 1982, ഇടവേള- 1982, ആലോലം- 1982, മംഗളം നേരുന്നു- 1984, തീർഥം- 1987, ശ്രുതി- 1987, ഇസബെല്ല- 1988, മുഖം- 1990, പക്ഷെ- 1994, സഖ്യം- 1995, അങ്ങനെ ഒരു അവധിക്കാലത്ത്- 1999, ദ കാമ്പസ്- 2005 തുടങ്ങിയവയാണ് മോഹൻ സംവിധാനം ചെയ്ത സിനിമകൾ.