കെ.വി വിജേഷ്

വിജേഷ്
കെട്ടിയ പാട്ടുകൾ
ഒരു ജീവിതയാത്ര
തുടങ്ങുന്നു…

നാടകപ്രവർത്തകനും ഗാനരചയിതാവുമായിരുന്ന, ഇന്നലെ അന്തരിച്ച കെ.വി. വിജേഷിന്റെ പാട്ടുകളിലൂടെ ഒരു സ്നേഹസഞ്ചാരം. രാപ്രസാദ് എഴുതുന്നു.

സാധാരണയായി പാട്ടെഴുതുക എന്നാണ് പറയാറ്. എന്നുവച്ചാൽ അസാധാരാണമായി എന്തോ ഉണ്ടെന്നാണർത്ഥം. ഒന്നുമില്ല. പാട്ടുകെട്ടുക എന്നൊരു പ്രയോഗമുണ്ട്. ശരിക്കും അതിലാണല്ലോ സാധാരണത്വം ഇരിക്കുന്നത്.

മാപ്പിളപ്പാട്ടുകൾ 'കെട്ടു 'ന്നതാണ്. ആ കെട്ടിൻ്റെ മുറുക്കവും ആർക്കും അഴിക്കാവുന്ന അയവും വിജേഷിൻ്റെ പാട്ടുകൾക്കുണ്ട്. അപ്രതീക്ഷിതമായ മരണം അവനെ കവർന്നുകൊണ്ടുപോകുമ്പോൾ അവന്റെ പാട്ടുകൾ ഒരു ജീവിതയാത്ര തുടങ്ങുകയാണ്.

അസാമാന്യമായ ജനപ്രീതി നേടിയ പാട്ടുകളാണ് വിജേഷിൻ്റേത്. നാടൻ പാട്ടിനോടടുത്തു നിൽക്കുന്ന ഒരു സംസ്കാരത്തെ അതുണ്ടാക്കിയെടുത്തിട്ടുണ്ട്. വിജേഷിലുള്ള നിഷ്കളങ്കതയും സാരള്യവും ആ പാട്ടിനുണ്ട്. ഗായകനെ / എഴുത്തുകാരനെ അറിയാത്ത കുട്ടികളും മുതിർന്നവരും അവ പാടിനടന്നു. ലളിതമായ ഈണവും വരികളും അവയെ ഇളനീരാക്കി വിളമ്പി.

ഫിലിം ഫെസ്റ്റിവലിൻ്റെ ലെഷർ ടൈമുകളിൽ, നാടകോത്സവങ്ങളിൽ എന്നല്ല, ഉല്ലാസയാത്രകളിൽ പോലും വിജേഷിൻ്റെ നാടകപ്പാട്ടുകൾ ഉയർന്നുകേട്ടു. മലയാളത്തിൻ്റെ നാടകസംസ്കാരം അവയെ അവരുടെ 'ദേശീയഗാന' മായി സ്വീകരിച്ചു. ആർക്കും പാടാനായി കവി / ഗായകൻ അവയെ പറത്തി വിടുകയായിരുന്നു.

കബനിയുമായി ചേർന്നു നടത്തുന്ന പാട്ടുകൾക്ക് ഒരു ബാവുൾ സാമ്യം ആരോപിക്കാമെങ്കിലും അത് തനതായ ഒന്നായിരുന്നു. വാക്കുകൾ പോലും വേണ്ടാതെ മനുഷ്യശബ്ദം,

മൃഗ / പക്ഷിശബ്ദങ്ങൾ, കാറ്റ്, ഇലയനക്കം എന്നിവയൊക്കെ 'പ്രാകൃത' മായ സ്വരവിന്യാസങ്ങളിലൂടെ സുഷ്ടിക്കപ്പെട്ടു. ഇത്തരം ഒച്ചകളെ സംഗീതമാക്കുന്ന അതേ പ്രക്രിയയാണ് ഉപകരണങ്ങളോടും അയാൾ ചെയ്തത്.

പാട്ടിനകമ്പടിയായി ഡോലക്കോ മരമോ വേണമെന്നില്ല. ഒച്ചയുണ്ടാക്കുന്ന ഏതെങ്കിലും ഒബ്ജക്ട് മതി. അതിൽ വിജേഷിൻ്റെ വിരലുകളും മനസും ശബ്ദവും അപ്പാടെ ചേരുകയായി! ഓടിൻപുറത്തോ തകരപ്പാട്ടയിലോ വാഴയിലയിലോ തിമിർക്കുന്ന മഴ പോലെ അയാൾ പെയ്യാൻ തുടങ്ങുകയായി.

കവിതയും കഥയും സിനിമയും ഒന്നും അന്യമല്ലാത്ത വിഷയങ്ങളാണ് അയാളുടെ ദിവസങ്ങളിൽ. അവിര റെബേക്കയടക്കമുള്ള സംവിധായകർ വിജേഷ് 'കെട്ടിയ' പാട്ടുകൾ സിനിമയിലുപയോഗിച്ചു.

താൻ നിൽക്കുന്ന ഇടത്തെ നിമിഷനേരം കൊണ്ട് നാടകവേദി(നാടകഭൂമി)യാക്കി മാറ്റാൻ അയാൾക്ക് അനായാസം കഴിഞ്ഞു. വേദനകളും ദുഃഖങ്ങളും ഒപ്പിയെടുക്കുന്ന ഒരന്തരീക്ഷം അയാൾ തനിക്കൊപ്പം കൊണ്ടുനടന്നു.

അവിടെനിന്ന് പെട്ടെന്നു പുറത്തായ വേദനയും അനാഥത്വവും അതിജീവിക്കുക എന്നത് സമകാലികർക്ക് അത്രയെളുപ്പമല്ല.

‘പെരുത്ത പൂമീന്റെ ഉള്ളിൻ്റുള്ളില്
ഒരു ചെറിയ പൂമീണ്ട്...’

‘നമ്മള് നമ്മളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ...’

എത്രയോ പാട്ടുകളിലാണെന്നോ അവൻ ജീവിതം തുടരുന്നത്…


Summary: Malayalam Theatre artist KV Vijeesh passed away. Raprasad writes.


രാപ്രസാദ്

കവി, സിനിമാ സംവിധായകൻ. ഇല, കടൽ ഒരു കുമിള, പ്രേമത്തിന്റെ സുവിശേഷം എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നു രാവും പകലും, അരണി, കാവതിക്കാക്കകൾ തുടങ്ങിയ സിനിമകളും ആവാർഗി, പടുക്ക എന്നീ ഡോക്യുമെൻ്ററികളും സംവിധാനം ചെയ്തു.

Comments