സർക്കസ് കൂടാരങ്ങളിലെ മനുഷ്യരുടെ ദു:ഖങ്ങൾ സാഹിത്യത്തിലേക്ക് പകർത്തിയെടുത്ത കഥാകാരനാണ് കഴിഞ്ഞ ദിവസം അന്തരിച്ച ശ്രീധരൻ ചമ്പാട്. സർക്കസും തമ്പും അവിടുത്തെ മനുഷ്യരുമായിരുന്നു ശ്രീധരൻ ചമ്പാടിന്റെ കഥകൾക്ക് വിഷയം. എന്നാൽ, സർക്കസിലെ മനുഷ്യർ സ്വന്തംജീവിതം പന്താടുന്നത് പുറത്തിരുന്ന് കാണിയായി കണ്ടറിഞ്ഞല്ല ആ കഥകളൊന്നും ശ്രീധരൻ എഴുതിയത്. റിംഗിലിറങ്ങി, ട്രപ്പീസ് കളിച്ച്, വിയർപ്പിൽ മുക്കിയെടുത്തതാണ് ശ്രീധരന്റെ കഥകളോരോന്നും. 23 വർഷം തമ്പിലുറങ്ങിയും ഉണർന്നും തമ്പ് ജീവിതങ്ങളിലെ മനുഷ്യാവസ്ഥയുടെ തീക്ഷണതകളത്രയും സ്വയമറിഞ്ഞാണ് ശ്രീധരൻ കഥകളെഴുതിയത്.
അതുവരെ മലയാളം കണ്ടിട്ടില്ലാത്ത, മലയാളി അറിഞ്ഞിട്ടില്ലാത്ത തമ്പിലെ ജീവിതങ്ങളുടെയും തമ്പിന്റെ ഉള്ളറകളെയും മലയാളിക്ക് വെളിപ്പെട്ട് കിട്ടിയത് ശ്രീധരൻ ചമ്പാടിന്റെ കഥകളിലൂടെയായിരുന്നു. ‘റിംഗി’ലെ പാർവതി, ‘കൂടാര’ത്തിലെ രേണു, ‘അന്തര’ത്തിലെ കാശി എന്ന കുള്ളൻ കോമാളി, ‘അരങ്ങേറ്റ’ത്തിലെ വിജയാനന്ദ്, ‘കോമാളി’യിലെ ചാർലി, ‘അന്യോന്യം തേടി നടന്നവരി’ലെ രതി - തമ്പിൽ പെട്ടുപോയ ജീവിതങ്ങളുടെ നീണ്ടനിരയാണ് ശ്രീധരന്റെ രചനകൾ.
ആറു നോവലുകൾ, മൂന്ന് നോവലെറ്റുകൾ, നൂറിലേറെ കഥകൾ, ഇരുപത്തിയഞ്ചിലധികം ഫീച്ചറുകൾ, സർക്കസ് ആചാര്യൻ കീലേരി കുഞ്ഞിക്കണ്ണന്റെ ജീവചരിത്രം, സർക്കസിന്റെ ചരിത്രം പറയുന്ന സർക്കസ് ലോകം, ഇന്ത്യൻ സർക്കസിന്റെ ഉത്ഭവവും വളർച്ചയും, An album of indian big tops, history of indian circus - തുടങ്ങി സർക്കസിനെ മാത്രം അധികരിച്ച് ശ്രീധരൻ എഴുതിയ കൃതികൾ നിരവധിയാണ്.
ഒരു പക്ഷേ സർക്കസ് പ്രമേയമാക്കി ഇന്ത്യൻ ഭാഷകളിൽ തന്നെ ഇത്രയധികം രചനകൾ നടത്തിയത് ശ്രീധരൻ മാത്രമാവും. എഴുതിയ 20 പുസ്തകങ്ങളിൽ ഒമ്പത് എണ്ണവും സർക്കസിനെക്കുറിച്ചായിരുന്നു. അസാധാരാണമായ ജീവിതത്തിന്റെ അതിസമ്പന്നമായ അനുഭവങ്ങളായിരുന്നു ആ കൃതികളെല്ലാം.
തലശ്ശേരിക്കടുത്ത് ചമ്പാട്, കുഞ്ഞിക്കണ്ണന്റെയും നാരായണിയുടെയും മകനായി 1938ൽ ആണ് ശ്രീധരൻ ജനിച്ചത്. പത്താം ക്ളാസിന് ശേഷം, ഉപരിപഠനത്തിനായി കോഴിക്കോട് ദേവഗിരി കോളേജിൽ ചേർന്നു. കോഴിക്കോട് ജീവിതം വഴിത്തിരിവുമായി.
സാമ്പത്തിക പരാധീനതകൾ പഠനം മുടക്കിയപ്പോൾ ശ്രീധരൻ കോഴിക്കോട് നിന്ന് മദ്രാസിലേക്ക് വണ്ടി കയറി. രാജ്യം ചുറ്റിനടന്ന് കൽക്കത്തയിലെത്തിയപ്പോഴാണ്, 1956ൽ ഹൗറയിലെ ഗ്രേറ്റ് റെയ്മാൻ സർക്കസിൽ ഓഫീസ് ക്ലാർക്കായി ചേർന്നുകൊണ്ട് സർക്കസ് ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഇതേ സർക്കസ് കമ്പനിയിൽ തന്നെ ട്രപ്പീസ് കലാകാരനായും ഏറെനാൾ പ്രവർത്തിച്ചു.
പിന്നീട് മദ്രാസിൽ തിരിച്ചെത്തി രണ്ടുവർഷം ഓട്ടോമൊബൈൽ എഞ്ചീനീയറിംഗും പഠിച്ചു. കുറച്ചുനാൾ മദ്രാസ് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ ഡീസൽ മെക്കാനിക്കായും ജോലി ചെയ്തിരുന്നു. ഏതാണ്ട് ഈ കാലത്താണ് കഥകളെഴുതി തുടങ്ങിയത്. 1964ൽ മാതൃഭൂമി ആഴ്ച്ചപതിപ്പിൽ പ്രസിദ്ധീകരിച്ച റിംഗ് ബോയ് ആണ് ആദ്യ കഥ. പിന്നീട് എഴുത്ത് പതിവായി. 1977ൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ തന്നെ ആദ്യ നോവൽ, അന്യോന്യം തേടി നടന്നവരും പ്രസിദ്ധീകരിച്ചു. ദാരിദ്രത്തിൽ നിന്ന് രക്ഷ തേടി തമ്പിൽ എത്തുന്ന രതി എന്ന പെൺകുട്ടിക്ക് അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങളുടെ നേർച്ചിത്രമായിരുന്നു അന്യോന്യം തേടി നടന്നവർ. പിന്നീട് കുമാരി വാരികയിൽ പ്രസിദ്ധീകരിച്ച, പാർവതി എന്ന നായികയിലൂടെ സർക്കസ് കലാകാരൻമാരുടെ ദൈന്യത പറഞ്ഞ റിംഗ് എന്ന നോവലാണ് ശ്രീധരന്റെ മാസ്റ്റർപീസ്.
പിൽക്കാലത്ത് സാഹിത്യത്തിൽ നിന്ന് ശ്രീധരനും ശ്രീധരൻ എഴുതിയ തമ്പ് ജീവിതങ്ങളും സിനിമയിലേക്കും കടന്നു. ഇതിൽ എറ്റവും പ്രധാനപ്പെട്ടത് ജി. അരവിന്ദൻ സിനിമയാക്കിയ തമ്പ് ആയിരുന്നു. തമ്പിന്റെ തിരക്കഥാകൃത്തായിരുന്നു ശ്രീധരൻ. കെ.ജി ജോർജ് സംവിധാനം ചെയ്ത, മമ്മൂട്ടി ആദ്യമായി മുഴുനീളം അഭിനയിച്ച മേളയ്ക്കു വേണ്ടിയും തിരക്കഥയൊരുക്കിയിരുന്നു. മമ്മൂട്ടിയുടെയും ശ്രീനിവാസന്റെയും അഭിനയ ജീവിതത്തിൽ വഴിത്തിരവായ സിനിമയായിരുന്നു 1980ൽ പുറത്തിറങ്ങിയ മേള. ആരവം, കുമ്മാട്ടി, ജോക്കർ, ഭൂമിമലയാളം തുടങ്ങിയ സിനിമകളുമായും ആദ്യന്തം സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ദൂരദർശനു വേണ്ടി സർക്കസ് എന്ന ഡോക്യുമെന്ററിക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ജെമിനി സർക്കസിനു വേണ്ടി ഒരു പരസ്യചിത്രവും തയ്യാറാക്കിയിരുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പ്, കലാകൗമുദി, ദേശാഭിമാനി, കുങ്കുമം, മലയാളനാട്, വീക്ഷണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലായി ആറ് നോവലുകളും ഒമ്പത് നോവലൈറ്റുകളും 60ലധികം കഥകളും രചിച്ചു. കുട്ടികൾക്കുവേണ്ടി ശ്രീനാരായണഗുരുവിന്റെ ജീവചരിത്രവും എഴുതി.
2014ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. അഞ്ചുവർഷത്തോളം കേരളകൗമുദി ന്യൂസ് സർവീസിൽ ലേഖകനായിരുന്നു. പടയണി വാരികയുടെ ചീഫ് എഡിറ്റർ, പടയണി ന്യൂസ് എഡിറ്റർ, ജഗന്നാഥം മാസികയുടെ എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.