മണിപ്പുരിൽ നാടകത്തിന്റെ വിത്ത് പാകി വിപ്ലവം മുളപ്പിച്ച രത്തൻ തിയ്യം വിടവാങ്ങുമ്പോൾ ഇന്ത്യൻ നാടകവേദിക്ക് നഷ്ടമാകുന്നത് ആധുനിക ഇന്ത്യൻ നാടകവേദിക്ക് അടിത്തറ പാകിയ ശിൽപ്പിയെ ആണ്. മണിപ്പുരി കലകളും, നാടകവും, കാവ്യാത്മക വിവരണങ്ങളും സമന്വയിപ്പിച്ച് ഇന്ത്യൻ നാടകത്തിൽ Theatre of Roots പ്രസ്ഥാനത്തിന് തുടക്കമിടുമ്പോൾ അതിലൂടെ അദ്ദേഹം മറ്റൊരു വിപ്ലവ നാടകവേരിന് കൂടി വളമേകുകയായിരുന്നു.
1976- ൽ കോറസ് റിപ്രേറ്റോറി തിയറിന്റെ സ്ഥാപകൻ, 1987- ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ, 2013- ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ചെയർപേഴ്സൺ, 1989- ൽ പത്മശ്രീ ജേതാവ്; ഇതിനൊക്കെ പുറമെ നമ്മൾ അറിയേണ്ട, മനസിലാക്കേണ്ട നാടകപ്രതിഭയാണ് രത്തൻ തിയ്യം.
ശ്വാസവും അപ്പവും നാടകം
1948 ജനുവരി 20 ന് ജനിച്ച തിയ്യമിന്റെ പ്രചോദനം അച്ഛൻ തിയ്യം തൊമ്പാ സിങ് തന്നെയായിരുന്നു. 1974- ൽ ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടകപഠനം പൂർത്തിയാക്കി ഇറങ്ങിയ തിയ്യം പിന്നീട് ജീവിച്ചതും ശ്വസിച്ചതും നാടകത്തിലൂടെയായിരുന്നു. 1971 ഏപ്രിൽ ഒന്നിന് ‘Only bread if No butter’ എന്ന ആശയത്തിലൂന്നി രത്തൻ തിയ്യം മണിപ്പുരിലെ ഇംഫാലിൽ പുതിയൊരു പ്രസ്ഥാനത്തിന് തുടക്കമിട്ടു. അന്ന് അദ്ദേഹം പറഞ്ഞു: "നാടകത്തിൽ നാം എല്ലാം അറിയേണ്ടതുണ്ട്. എഴുത്ത് മുതൽ അഭിനയവും സംവിധാനവും വരെ എല്ലാം. നാടകമാണ് നമ്മുടെ മതവും ജാതിയും. ഇവിടെ ഞാൻ നിങ്ങളുടെ രക്ഷകർത്താവല്ല. നിങ്ങൾക്കൊപ്പം എന്റെ അനുഭവങ്ങൾ പങ്കുവെക്കുക മാത്രമാണ് ചെയ്യുന്നത്. സ്വയം സിവിലൈസ്ഡ് എന്ന് അവകാശപ്പെടുന്ന ഈ ലോകത്ത് എന്റെ ആത്മാവിനെ സ്പർശിച്ച അനുഭവങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്".
അഭിനേതാവിന്റെ ശരീരമായിരുന്നു എന്നും അദ്ദേഹത്തിന്റെ പ്രധാന ആയുധം. നൃത്തം, ആയോധന കലകൾ, മെയ് വഴക്കം ഉൾപ്പെടെയുള്ള ശരീര സാദ്ധ്യതകൾ വാക്കുകളെക്കാൾ കൂടുതൽ ഉപയോഗിച്ച പ്രതിഭയായിരുന്നു രത്തൻ തിയ്യം.
ശരിയായിരുന്നു, അദ്ദേഹത്തിന് ജാതിയും മതവും ശ്വാസവും അപ്പവും നാടകം മാത്രമായിരുന്നു.
നാടകത്തിനുവേണ്ടി തിയ്യം ഒരിക്കലും ഒരു നിർദ്ദിഷ്ട രൂപമാതൃക സൃഷ്ടിക്കാൻ ശ്രമിച്ചില്ല. കാരണം, താൻ ചെയ്യുന്നത് നാടകത്തിന്റെ ഒരു പാരമ്പര്യ രൂപമായി ഭാവിയിൽ നിലനിൽക്കരുത് എന്നും, നിരന്തരം നവീകരിക്കപ്പെടണം എന്നും അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. പാരമ്പര്യ രൂപഘടനകൾ തകർക്കുകയും അവയെ പ്രത്യേക സാഹചര്യങ്ങൾക്കനുസരിച്ച് പുനഃസംയോജിപ്പികുകയുമായിരുന്നു തിയ്യം തിയേറ്ററിൽ ചെയ്തിരുന്നത്. ആധുനിക പ്രേക്ഷകരുടെ മാനസികനിലകളെ മനസിലാക്കിയായിരിക്കണം നാടകം എന്ന നിർബന്ധം എന്നും അദ്ദേഹത്തിനുണ്ടായിരുന്നു.

അരങ്ങിന്റെ സൗന്ദര്യവും ശരീരത്തിന്റെ ചടുലഭാഷയും ചേർത്തുവെച്ച് നിരന്തരം സ്വയം നവീകരിക്കപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു ‘രത്തൻ ദാ’. അദ്ദേഹത്തിന്റെ നാടകങ്ങൾ ദൃശ്യഭാവങ്ങളാൽ സമ്പന്നമായിരുന്നു. കുറഞ്ഞ സംഭാഷണങ്ങളിലൂടെ ചലനവും സംഗീതവും ദൃശ്യങ്ങളുവും അയത്നസുന്ദരമായി അവതരിപ്പിച്ച് അദ്ദേഹം നാടകങ്ങൾക്ക് രംഗഭാഷ ഒരുക്കി. മണിപ്പുരിലെ ഭക്തിഗാനശൈലി, ലായി ഹാറോബ പോലെയുള്ള ആചാരനൃത്തം, താങ്ത പോലെയുള്ള ആയോധന കലകൾ ഒക്കെ തന്റെ നാടകഭാഷയുടെ രൂപീകരത്തിന് നിരന്തരം അദ്ദേഹം ഉപയോഗിച്ചിരുന്നു. 1984- ൽ അവതരിപ്പിക്കപ്പെട്ട ചക്രവ്യൂഹത്തിൽ യുദ്ധരംഗങ്ങൾക്ക് രംഗഭാഷ ഒരുക്കിയ ശൈലി ഇന്നും ഇന്ത്യൻ നാടകവേദിക്ക് വേറിട്ട അനുഭവമാണ്.
പുങ് പോലെയുള്ള പാരമ്പര്യ വാദ്യോപകരണങ്ങളും സംഗീതശൈലികളും ഏറ്റവും ആഴത്തിൽ ഉപയോഗിക്കാൻ എന്നും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. അന്ധയുഗ് പോലെയുള്ള നാടകങ്ങളിൽ രംഗത്തിന് വിരുദ്ധ ശബ്ദങ്ങളും ഒപ്പം നിശ്ശബ്ദതയുടെ ഏറ്റവും മനോഹരമായ സാധ്യതയും ഉപയോഗിച്ച് തിയ്യം നാടക സംഗീതത്തിന്റെ പുതിയ മാനങ്ങൾ തുറന്നിട്ടു.
അഭിനേതാവിന്റെ ശരീരമായിരുന്നു എന്നും അദ്ദേഹത്തിന്റെ പ്രധാന ആയുധം. നൃത്തം, ആയോധന കലകൾ, മെയ് വഴക്കം ഉൾപ്പെടെയുള്ള ശരീര സാദ്ധ്യതകൾ വാക്കുകളെക്കാൾ കൂടുതൽ ഉപയോഗിച്ച പ്രതിഭയായിരുന്നു രത്തൻ തിയ്യം.
കലാപം കൊടുമ്പിരിക്കൊണ്ട സമയത്ത്, മണിപ്പുരിന്റെ മണ്ണിൽനിന്നുകൊണ്ട് അദ്ദേഹം സാമൂഹിക- രാഷ്ട്രീയ അടിമത്വങ്ങളെ നിശിതമായി വിമർശിച്ചു. ഉത്തരപ്രിയദർശിനി എന്ന നാടകത്തിൽ അശോകന്റെ മാനസാന്തരവും അഹിംസയിലേക്കുള്ള തിരിച്ചുവരവും ഏറെ ചർച്ചകൾക്ക് വഴിവെട്ടി. മണിപ്പുരിലെ കലാപകലുഷിത മണ്ണിൽ നിന്നുകൊണ്ട് കലയുടെ കരുത്തിൽ അതിനെതിരെ നിരന്തരം ശബ്ദമുയർത്തി, തിയ്യം.
മനുഷ്യന്റെ ദുരിതങ്ങൾക്കൊപ്പം ചേർന്നുനിന്നുതന്നെയായിരുന്നു അദ്ദേഹം തന്റെ അറുപതിൽപരം നാടകങ്ങൾക്ക് രംഗഭാഷ ഒരുക്കിയത്. "നാടകം ഒരു വിനോദമല്ല, അത് ഒരു ആചാരമാണ്, സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ്. ഞാൻ ഒരിക്കലും നാടകങ്ങൾ സംവിധാനം ചെയ്തിട്ടില്ല. ചെയ്തത് അത്രയും ലോകങ്ങൾ സൃഷ്ടിക്കുക എന്നത് ആയിരുന്നു" എന്നായിരുന്നു എന്നും അദ്ദേഹം നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്.

നിശ്ശബ്ദതകൾ,
വിമർശനങ്ങൾ
അതേസമയം രാഷ്ട്രീയപരമായി അദ്ദേഹം നേരിട്ട വിമർശനങ്ങളെയും തള്ളിക്കളയാനാകില്ല. ദശാബ്ദങ്ങളായി മണിപ്പുരിൽ തുടർന്ന സായുധ കലാപം, സായുധസേനയുടെ പ്രത്യേകാധികാരനിയമം തുടങ്ങിയവ നിരന്തരം അദ്ദേഹത്തിന്റെ നാടകത്തിൽ പ്രതിഫലിച്ചപ്പോഴും മണിപ്പുരിലെ ഇന്ത്യൻ സൈന്യത്തിന്റെ ഇടപെടലുകളെക്കുറിച്ച് അദ്ദേഹം എന്തുകൊണ്ട് നിശ്ശബ്ദത പാലിച്ചു എന്ന ചോദ്യം ഉന്നയിക്കപ്പെട്ടിരുന്നു. സർക്കാർ സ്ഥാപനങ്ങളുടെ സഹായങ്ങൾ സ്വീകരിച്ച സമയങ്ങൾ ഉണ്ടായിരുന്നതിനാൽ സ്വയം നിബന്ധന ഏൽപ്പിക്കുന്നതാകം എന്ന വിമർശനം ഒരു കാലഘട്ടത്തിൽ അദ്ദേഹത്തെ നിരന്തരം വേട്ടയാടിയിരുന്നു.
‘ജനങ്ങൾക്കുവേണ്ടി നാടകങ്ങൾ ചെയ്യുന്നു എന്നവകാശപ്പെടുന്ന താങ്കൾ എന്തുകൊണ്ടാണ് ഇത്ര ചെലവറിയ നാടകങ്ങൾക്ക് രൂപം നൽകുന്നത്’ എന്ന ചോദ്യവും അദ്ദേഹത്തിനുനേരെ ഉയർന്നു. ‘നഗര ബുദ്ധിജീവികൾക്കും, ഫെസ്റ്റിവൽ ആരാധകർക്കും, വിദേശ വിമർശകർക്കും മാത്രമാണോ താങ്കളുടെ നാടകം’ എന്ന ചോദ്യത്തിന് പലപ്പോഴും നിശ്ശബ്ദത തന്നെയായിരുന്നു മറുപടി. അത്തരം ചോദ്യങ്ങൾ വേട്ടയാടപ്പെട്ട കാലത്ത് പലപ്പോഴും മണിപ്പുരിലെ കർഷകരും വിദ്യാർത്ഥികളും, ജനകീയമായ അടിത്തറകളിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു.
അദ്ദേഹത്തിന്റെ തിയേറ്റർ ഗ്രൂപ്പുകളിൽ നിന്ന് പുറത്തുവന്നവർ അദ്ദേഹത്തെ വിമർശനാത്മകമായി വിലയിരുത്തിയിട്ടുണ്ട്. അധികാരസ്വഭാവത്തെ പറ്റിയുള്ള വിമർശനങ്ങൾക്ക് അദ്ദേഹത്തിന് കൃത്യമായ ഉത്തരമുണ്ടായിരുന്നു: "അഭിനേതാക്കൾ കാഴ്ചപ്പാടുകളോട് അനുസരണ കാണിക്കേണ്ടതുണ്ട്, സ്വതന്ത്രവും സൃഷ്ടിപരവുമായ ഇടങ്ങൾ വിരളമാണ്" എന്നതായിരുന്നു അദ്ദേഹം വിമർശകർക്ക് നൽകിയ മറുപടി.

എന്നിരുന്നാലും യുദ്ധവും കലാപവും മാത്രം ചേർത്തുവായിക്കപ്പെട്ട ഒരു നാടിനെ കലയോടു ചേർത്തു വായിക്കാൻ പരിശീലിപ്പിച്ച പ്രതിഭ തന്നെയായിരുന്നു രത്തൻ തിയ്യം. കണ്ണിനും ഹൃദയത്തിനും ഒരുപോലെ ആകർഷണം നൽകി, യുദ്ധവും അതിജീവനവും നാടകത്തിന്റെ താളമാക്കി, അഭിനേതാക്കളുടെ ശരീരത്തെ ഏറ്റവും മനോഹരമായി ഉപയോഗിച്ച, പ്രതീകങ്ങളിലൂടെ ഹിംസയെ, അധിനിവേശത്തെ വിമർശിച്ച, അന്താരാഷ്ട്ര വേദികളിൽ ഇന്ത്യൻ നാടകത്തെയും മണിപ്പുർ നാടകവേദിയെയും നിരന്തരം എത്തിച്ച, പീറ്റർ ബ്രൂക്ക് ഉൾപ്പെടെയുള്ള സംവിധായരെ കൊണ്ട് നിരന്തരം ഇന്ത്യൻ നാടകങ്ങളെ പറ്റി സംസാരിപ്പിച്ച, കലയും കലാപവും ചേർത്തു നിർത്തി കല കൊണ്ട് വിപ്ലവം പറഞ്ഞ ഈ നാടകപ്രവർത്തകൻ വിടപറയുമ്പോൾ, ഇന്ത്യൻ നാടകവേദിക്ക് നഷ്ടമാകുന്നത്, "ഞാൻ ഒരിക്കലും രക്ഷകർത്താവ് അല്ല" എന്ന് സ്വയം പറയുന്ന ഒരു രക്ഷകർത്താവിനെ തന്നെയാണ്.
