മൻമോഹൻ സിങ്ങെന്ന സാമ്പത്തിക വിദഗ്ധനും രാഷ്ടീയ നേതാവും

മൻമോഹൻ സിങ് നാളെ വിലയിരുത്തപ്പെടാൻ പോകുന്നത് എങ്ങനെയാകും? സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ രാജ്യത്തിൻെറ ദിശമാറ്റിയ ധനമന്ത്രിയായോ, അതോ ആ പരിഷ്കാരങ്ങളിലൂടെ ആഗോള തലത്തിൽ ഇന്ത്യയെ വലിയ സാമ്പത്തിക ശക്തിയായി ഉയർത്തിയ വിദഗ്ധനായോ? അതോ, കോർപറേറ്റ് അനുകൂലമായ നവലിബറൽ പരിവർത്തനങ്ങൾക്ക് വാതിൽ തുറന്നിട്ട ഭരണാധികാരിയായിട്ടോ? ശ്രീനിജ് കെ.എസ്, അശ്വതി എ.പി എന്നിവർ എഴുതുന്നു.

1991-ൽ പി.വി. നരസിംഹ റാവുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ അപ്രതീക്ഷിതമായി ധനമന്ത്രിയായി നിയോഗിക്കപ്പെട്ട മൻമോഹൻ സിങ്ങിൻെറ സംഭാവനകളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് 1991-ലെ പുതിയ സാമ്പത്തിക പരിഷ്കാരങ്ങൾ. ഇന്ത്യയുടെ ഗതി തന്നെ മാറ്റിമറിച്ചു ഈ പരിഷ്കാരങ്ങൾ. 1991-ൽ ഇന്ത്യയുടെ സ്വർണ നിക്ഷേപങ്ങൾ എയർലിഫ്റ്റ് ചെയ്ത്, ലണ്ടനിലെ ബാങ്കിൽ പണയം വെച്ചുകൊണ്ട് സാമ്പത്തിക പ്രതിസന്ധി മറികടന്നത് സിംഗിന്റെ നേതൃത്വത്തിലുള്ള പരിഷ്കാരങ്ങളുടെ ആദ്യത്തെ അപ്രതിക്ഷിതമായ ചുവടുവയ്പായിരുന്നു. അതേസമയം, ഇന്ത്യയുടെ വിദേശ വിനിമയശേഷി (Foreign Reserves) വെറും 1 ബില്യൺ ഡോളറിൽ താഴെയായിരുന്നു, കൂടാതെ രാജ്യത്തിനുള്ളത് വെറും രണ്ട് ആഴ്ചക്കുള്ള എണ്ണ ഇറക്കുമതി നടത്താനുള്ള ശേഷി മാത്രമായിരുന്നുവെന്നും ആ കാലത്തെ രേഖകളിൽ വ്യകതമായിരുന്നു. വിദേശനിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കർശനമായ ലൈസൻസ് രാജ് സമ്പ്രദായം ലഘൂകരിക്കുന്നതിനും സിങ് പ്രധാന പങ്കുവഹിച്ചു. ഈ പരിഷ്കാരങ്ങൾ രാജ്യത്തെ വിപണിയെ ആഗോള തലത്തിൽ തുറന്ന സമ്പദ് വ്യവസ്ഥയാക്കി മാറ്റി. 1993-ൽ, FDI (Foreign Direct Investment) സ്രോതസ്സുകൾ 252 മില്യൺ ഡോളറിൽ നിന്ന് 1995-ൽ 2 ബില്യൺ ഡോളർ കവിയുന്നതുവരെ ഉയർന്നു, ഇത് അദ്ദേഹത്തിന്റെ നയങ്ങളുടെ തീവ്ര ഫലമായി വിലയിരുത്തപ്പെടുന്നു.

ആഗോളവത്കരണം, ഉദാരവത്കരണം, സ്വകാര്യവത്കരണം എന്നറിയപ്പെട്ട ആ നയം അതുവരെ ഇന്ത്യ പിന്തുടർന്നിരുന്ന ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിൽ നിന്നും മത്സരാധിഷ്ഠിത കമ്പോളവ്യവസ്ഥയിലേക്കുള്ള വ്യതിചലനത്തിനാണ് വഴി തുറന്നത്. സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ അയവ് വരുത്തി, ആഭ്യന്തര സമ്പദ് വ്യവസ്ഥയെ ലോക സമ്പദ് വ്യവസ്ഥയുമായി കൂട്ടിയിണക്കി, പൊതുമേഖലയെ സ്വകാര്യവത്കരിച്ചു. ഈ പരിഷ്കരണങ്ങളെ തുടർന്ന് 1991-96 കാലഘട്ടത്തിൽ ജി.ഡി.പി വളർച്ച 5.5% ആയതും ധനക്കമ്മി 7.6%-ൽ നിന്ന് 4.5% ആയി കുറഞ്ഞതും അദ്ദേഹത്തിന്റെ വലിയ നേട്ടങ്ങളായി വിലയിരുത്തപ്പെട്ടു. സിങ്ങിന്റെ നയങ്ങൾ രാജ്യത്തെ സാമ്പത്തിക തലത്തിൽ മുന്നോട്ടു കൊണ്ടുപോയെങ്കിലും അതിന്റെ നീണ്ടകാല സാമൂഹിക-സാമ്പത്തിക പരിണാമങ്ങൾ ഈ കാലത്തും കാര്യമായ ചർച്ചയ്ക്ക് വിധേയമാണ്.

എന്നാൽ അതിന്റെ മറുപുറം, ആഗോളവത്കരണം, ഉദാരവത്കരണം, സ്വകാര്യവത്കരണം എന്നിവയിൽ കീഴടങ്ങിയതിന്റെ ദോഷഫലങ്ങളാണ് ഇന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളായ തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക തകർച്ച, വിഭവ ചൂഷണം, പെരുകുന്ന അസമത്വം, ദാരിദ്ര്യം, അഴിമതി എന്നിവയ്ക്ക് കാരണമായതെന്ന് വിദഗ്ധർ വിലയിരുത്തിയിട്ടുണ്ട്. വേൾഡ് ഇകണോമിക് ഫോറം റിപ്പോർട്ട് പ്രകാരം, 2020-ൽ ഇന്ത്യയിലെ 10% വരുന്ന സമ്പന്നരിലാണ് മൊത്തം സമ്പത്തിന്റെ 77%-വും കേന്ദ്രീകരിച്ചിരിക്കുന്നത്, അത് ഈ വിമർശനങ്ങൾക്ക് ഭാരം കൂട്ടുന്നു. ആഗോളവൽക്കരണാനന്തരം, ദാരിദ്ര്യം വർധിച്ചതിനൊപ്പം ശതകോടീശ്വരർക്ക് സമ്പത്ത് കുമിഞ്ഞുകൂടാനുള്ള അനുകൂല സാഹചര്യം ഉണ്ടായതിനെകുറിച്ചുള്ള കണക്കുകൾ ഈ വിമർശനങ്ങളെ ശക്തിപ്പെടുത്തുന്നതാണ്. 1991-ലെ പുത്തൻ സാമ്പത്തിക പരിഷ്കരണങ്ങളെ തുടർന്ന് വിദേശ നിക്ഷേപകരും ആഗോള കമ്പനികളും ഇന്ത്യയിലേക്ക് എത്തി, തദ്ദേശീയ സമൂഹങ്ങളുടെ ജീവിതോപാധികൾ കുറയ്ക്കുകയും രാഷ്ട്രീയത്തിൽ ചങ്ങാത്ത മുതലാളിത്തം ശക്തി നേടുകയും ചെയ്തു. ദേശീയ സാമ്പത്തിക സർവേകൾ പ്രകാരം, ഈ കാലയളവിൽ ഗ്രാമീണ മേഖലയിൽ കാർഷിക ഉത്പാദനം കാര്യമായ കുറവുണ്ടായി. ജി.ഡി.പി.യിൽ വളർച്ച കാണിച്ചെങ്കിലും ഗ്രാമീണ കാർഷിക സമ്പദ് വ്യവസ്ഥ തകരുകയും കർഷക ആത്മഹത്യകൾ 2011 മുതൽ 2021 വരെ 40% വർധിക്കുകയും ചെയ്തു.

പൊതുമേഖലയെ മാത്രമല്ല, പൊതുസ്വത്തുകളെയും കോർപ്പറേറ്റുകൾക്ക് കൈമാറുന്ന നിലയിലേക്ക് സ്വകാര്യവത്കരണം നീങ്ങിയത് വലിയ ആശങ്കയുണ്ടാക്കി. വനം, ഭൂമി, ഖനിജങ്ങൾ, വെള്ളം, പുഴ, കടൽ തുടങ്ങിയ പൊതുവിഭവങ്ങളെ സ്വകാര്യമാക്കുമ്പോഴേ അവ കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയൂ എന്ന നവലിബറൽ കാഴ്ചപ്പാട് രാജ്യത്ത് പ്രാബല്യത്തിലായി. ഇതോടെ കോർപ്പറേറ്റുകൾക്ക് സബ്സിഡി രൂപത്തിൽ അധികലാഭം നൽകുന്നതിനുള്ള നടപടികൾ കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചു. 2017-ലെ സാമ്പത്തിക കണക്കുകൾ പ്രകാരം, ഇന്ത്യയിലെ പ്രധാന കോർപ്പറേറ്റുകൾക്ക് നൽകപ്പെട്ട സബ്സിഡികൾ സർക്കാറിന്റെ സമ്പത്തിന്റെ 5% വരെ കൈവശപ്പെടുത്തിയിരുന്നു. ഈ നടപടി ഡോ. മൻമോഹൻ സിങ്ങിനെതിരായി വലിയ പ്രതിഷേധങ്ങൾ ഉയരാൻ കാരണമായി. ഈ പ്രതിസന്ധികളെ കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ ഈ കാലഘട്ടത്തിന്റെ അടിയന്തര ആവശ്യമാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

നരസിംഹറാവുവിന്റെ മന്ത്രിസഭയിൽ ധനമന്ത്രിയായാണ് രാഷ്ട്രീയ പ്രവേശനമെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരവസരം പരീക്ഷിക്കാൻ മൻമോഹൻ സിംഗ് തയ്യാറായതേയില്ല.
നരസിംഹറാവുവിന്റെ മന്ത്രിസഭയിൽ ധനമന്ത്രിയായാണ് രാഷ്ട്രീയ പ്രവേശനമെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരവസരം പരീക്ഷിക്കാൻ മൻമോഹൻ സിംഗ് തയ്യാറായതേയില്ല.

നരസിംഹറാവുവിന്റെ മന്ത്രിസഭയിൽ ധനമന്ത്രിയായാണ് രാഷ്ട്രീയ പ്രവേശനമെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരവസരം പരീക്ഷിക്കാൻ മൻമോഹൻ സിംഗ് തയ്യാറായതേയില്ല. രാജ്യസഭയായിരുന്നു എപ്പോഴും അദ്ദേഹത്തിന്റെ തട്ടകം. 1998-2004 കാലത്ത് രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി സേവനമനുഷ്ഠിച്ചു. 2004-ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ, ചെറുപാർട്ടികളെ ചേർത്ത് യു.പി.എ മുന്നണി രൂപീകരിക്കുകയായിരുന്നു. ഇതിന് തുടർച്ചയായാണ് സോണിയാ ഗാന്ധി മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രിയായി നിർദേശിച്ചത്, ഈ നീക്കം അദ്ദേഹത്തിന്റെ ജീവിതത്തിൽ വീണ്ടും ഒരു അപ്രതീക്ഷിതമായ തീരുമാനമായിരുന്നു.

1991-ൽ സാമ്പത്തിക പരിഷ്കാരങ്ങളുടെ ശിൽപ്പിയായിരുന്ന മൻമോഹൻ സിങ്, 2004-ൽ പ്രധാനമന്ത്രി പദത്തിലെത്തുമ്പോഴേക്കും രാജ്യത്തെ പ്രതീക്ഷിച്ച തരത്തിലുള്ള സാമ്പത്തിക വളർച്ച ലഭിച്ചിരുന്നില്ല. പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷവും അദ്ദേഹം തന്റെ നയങ്ങൾ പിൻതുടർന്നു. ഇത് കോൺഗ്രസിന്റെ സാമ്പത്തിക രാഷ്ട്രീയത്തിന്റെ മുഖം നിർണ്ണയിച്ച ഒരു കാലഘട്ടമായി. മന്ത്രിസഭയിൽ പി. ചിദംബരം പോലുള്ള സമാന ചിന്താഗതിക്കാർ മന്ത്രിയായി എത്തിയതോടുകൂടി പരിഷ്കാരത്തിനു വേഗം കൂടി. അദ്ദേഹത്തിന്റെ പരിഷ്കാരങ്ങൾ കോർപ്പറേറ്റ് മുതലാളിമാർക്ക് കൂടുതൽ വാതിലുകൾ തുറന്ന് കൊടുക്കുന്ന രീതിയിലേക്ക് വഴിമാറിയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 2005-ൽ നടപ്പാക്കിയ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി (MGNREGA), 2021 വരെയുള്ള കണക്കുകൾ പ്രകാരം 15 കോടി കുടുംബങ്ങൾക്ക് നേരിട്ട് തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നു വിലയിരുത്തപ്പെടുന്നു. കയറ്റുമതിയും നിർമാണവ്യവസായവും വളർന്ന ഈ കാലത്ത്, ഇന്ത്യ ലോക സമ്പദ് വ്യവസ്ഥയിൽ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത്, 2008-ലെ ആഗോള സാമ്പത്തികമാന്ദ്യം ഇന്ത്യയിൽ തീവ്രമായ ആഘാതം സൃഷ്ടിക്കാതെ മറികടക്കാനായതും അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങളുടെ ഫലമായിരുന്നു. എന്നാൽ, അതേസമയം, ആരോഗ്യ മേഖലയിലെ വളർച്ചയുടെ ഭാഗമായി 2005-ൽ ആരംഭിച്ച ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (NRHM) മില്ല്യൺ കണക്കിന് ഗ്രാമീണരിൽ ആരോഗ്യ സേവനങ്ങൾ എത്തിച്ചതായി വിലയിരുത്തപ്പെടുന്നു.

മൻമോഹൻ സിസിങ്ങിന്റെ നേതൃത്വത്തിൽ 2005-ൽ നടപ്പാക്കിയ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി (MGNREGA), 2021 വരെയുള്ള കണക്കുകൾ പ്രകാരം 15 കോടി കുടുംബങ്ങൾക്ക് നേരിട്ട് തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നു വിലയിരുത്തപ്പെടുന്നു.
മൻമോഹൻ സിസിങ്ങിന്റെ നേതൃത്വത്തിൽ 2005-ൽ നടപ്പാക്കിയ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി (MGNREGA), 2021 വരെയുള്ള കണക്കുകൾ പ്രകാരം 15 കോടി കുടുംബങ്ങൾക്ക് നേരിട്ട് തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നു വിലയിരുത്തപ്പെടുന്നു.

പിന്നീട് തുടർഭരണം നേടി 2009-ലും വലിയ ഭൂരിപക്ഷത്തിൽ UPA ഗവൺമെൻറ് അധികാരമേറ്റു, ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രിയായി വീണ്ടും സ്ഥാനമേറ്റു. ആ കാലഘട്ടത്തിൽ ഇന്ത്യയിലെ വിഭവങ്ങളുടെ അവ്യക്തവും അഴിമതി മൂല്യവുമുള്ള വിതരണം അതിർത്തി കടന്നു. പൊതുമേഖലയെ പ്രാമുഖ്യത്തിൽ നിന്ന് മാറ്റിയ, നെഹ്റുവിന്റെ സാമ്പത്തിക രാഷ്ട്രീയത്തിന്റെ പാരമ്പര്യ ശിലകൾ ഒരു വശത്ത് ചാരിക്കിടന്നു. തൊണ്ണൂറുകൾക്ക് ശേഷമുള്ള എക്കാലത്തെയും ഏറ്റവും വലിയ സാമ്പത്തിക വിവാദങ്ങളും അഴിമതികളും യു.പി.എ ഭരണകാലത്തെ അടയാളപ്പെടുത്തുന്നതായി ചരിത്രം രേഖപ്പെടുത്തി. മൻമോഹൻ സിംഗിന്റെ ഭരണ കാലത്ത് ടു.ജി സ്പെക്ട്രം, കോമൺവെൽത്ത് ഗെയിംസ് അഴിമതി, ബെല്ലാരി ഖനി തട്ടിപ്പ്, ആദർശ് ഫ്ളാറ്റ് തിരിമറി, കൽക്കരിപ്പാടം ഇടപാട്, ഹെലികോപ്റ്റർ ഇടപാടുകൾ തുടങ്ങി നിരവധി കോർപ്പറേറ്റ് വിവാദങ്ങൾ ഉടലെടുത്തു. ഓരോ അഴിമതിയുടെയും മൂല്യം 10,000 കോടി രൂപയ്ക്ക് മുകളിലായിരുന്നു. ആ കാലഘട്ടം, രാജ്യം കണ്ട ഏറ്റവും വലിയ ധാർമ്മിക അപഭ്രംശമായി മാറി. അഴിമതി സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകമായി മാറി. നവലിബറൽ നയങ്ങൾക്കിടയിൽ മൻമോഹൻ സിങ് ഒരു വിമർശനാത്മക വ്യക്തിത്വമായി. ഇതിന് ഫലമായി 2014-ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ തകർച്ച, ഹിന്ദുത്വ ശക്തികളുടെ വേഗതയേറിയ രാഷ്ട്രീയ ഉയർച്ചയ്ക്ക് വഴിവെച്ചു. ബിജെപി-യുടെ നേതൃത്വത്തിലുള്ള NDA ഗവണ്മെന്റ് അധികാരമേറ്റു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റു.

പ്രധാനമന്ത്രിയായിരുന്നപ്പോൾ മൻമോഹൻ സിങ് നിശ്ചലനായി നിന്നതിനാൽ കോൺഗ്രസിലുള്ള പങ്കാളിത്തം പതുക്കെ അപ്രസക്തമായി. പാർട്ടിയിൽ പുതിയ നേതൃത്വത്തിനായുള്ള ആവശ്യം ശക്തമായപ്പോഴും അദ്ദേഹം രാഷ്ട്രീയത്തിൽ പിറകിലുള്ള ശബ്ദമായി മാറുകയായിരുന്നു. പുതിയ ഭരണകക്ഷി അദ്ദേഹത്തെ "ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ" എന്ന രീതിയിൽ വിമർശിക്കുകയും രാഷ്ട്രീയ പ്രാധാന്യത്തിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിക്കുകയും ചെയ്തു. മൻമോഹൻ സിംഗിന്റെ ഭരണകാലം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിലെ നവലിബറൽ പരിവർത്തനങ്ങളുടെ കാലഘട്ടമായി അടയാളപ്പെടുത്തപ്പെട്ടുവെങ്കിലും, ഈ മാറ്റങ്ങൾ വളർച്ചയുടെ പാരമ്യവും തുല്യവിതരണത്തിന്റെ പ്രശ്നങ്ങളും ഉൾപ്പെടുത്തി നിരവധി ചർച്ചകൾക്ക് വേദി ഒരുക്കി. 92-ാം വയസ്സിൽ വിടപറഞ്ഞ മൻമോഹൻ സിങ് നാളെ വിലയിരുത്തപ്പെടാൻ പോകുന്നത് എങ്ങനെയാകും? 1991-ലെ സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ രാജ്യത്തിൻെറ ദിശമാറ്റിയ ധനമന്ത്രിയായോ, അതോ ആ പരിഷ്കാരങ്ങൾ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയും ആഗോള തലത്തിൽ ഇന്ത്യയെ വലിയ സാമ്പത്തിക ശക്തിയായി ഉയർത്തുകയും ചെയ്ത വിദഗ്ധനായോ? അതോ, കോർപറേറ്റ് അനുകൂലമായ നവലിബറൽ പരിവർത്തനങ്ങൾക്ക് വാതിൽ തുറന്നിട്ട ഭരണാധികാരിയായിട്ടോ?

Comments