കമ്യൂണിസ്റ്റ് സമരകാലത്തിന്റെ ആത്മകഥയാണ് ശങ്കരയ്യ

1964-ൽ സി.പി.ഐയുടെ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ ഒരാളാണ് ശങ്കരയ്യ.

മഹാനായ കമ്യൂണിസ്റ്റും ദേശീയ സ്വാതന്ത്ര്യസേനാനിയുമായ സ. എൻ. ശങ്കരയ്യ വിടപറഞ്ഞിരിക്കുന്നു. ഒരു നൂറ്റാണ്ടിലധികം വ്യാപിച്ചുകിടക്കുന്ന അദ്ദേഹത്തിന്റെ ജീവിതവും സമരവും ഒരു പുതിയ ഇന്ത്യക്കും സമത്വപൂർണമായ ലോകത്തിനും വേണ്ടിയുള്ള സ്വപ്നങ്ങളാൽ പ്രചോദിതമായിരുന്നു.

1964-ൽ സി.പി.ഐയുടെ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ ഒരാളാണ് ശങ്കരയ്യ. ആന്ധ്രയിലെ തെനാലിയിൽ ഒത്തുകൂടി സി.പി.ഐ (എം) ക്ക് രൂപം നൽകുകയും അതിനെ ഇന്ത്യയിലെ മുഖ്യ കമ്യൂണിസ്റ്റ് പാർട്ടിയായി വളർത്തുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത വിപ്ലവകാരി. പരസ്യവും രഹസ്യവുമായ പ്രവർത്തനങ്ങളിലൂടെ എല്ലാ കാലങ്ങളിലെയും ഭരണകൂട ഭീകരതയെ അതിജീവിച്ച് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിൽ ബദ്ധശ്രദ്ധനായ നേതാവായിരുന്നു ശങ്കരയ്യ.

ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ഇളകിമറിഞ്ഞ ഒരു ചരിത്രകാലഘട്ടത്തിന്റെ വിപ്ലവസന്തതിയാണ് അദ്ദേഹം. രാജ്യത്തെമ്പാടുമുയർന്ന എല്ലാവിധ പ്രതിഷേധങ്ങളെയും അവഗണിച്ചുകൊണ്ടാണ് കയ്യൂർ സഖാക്കളെ 1943-ൽ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റുന്നത്. അക്കാലത്ത് ജയിലിനകത്തുനിന്ന് തടവുകാരനായിരുന്ന 22 വയസ്സുകാരൻ ശങ്കരയ്യ തമിഴിൽ കയ്യൂർ സഖാക്കളുടെ വധശിക്ഷക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. മറ്റ് കമ്യൂണിസ്റ്റ് തടവുകാർക്കൊപ്പം കയ്യൂർ രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിച്ചു. തടവറകൾക്ക് കീഴടങ്ങാത്ത ആത്മധൈര്യത്തിന്റെയും വിപ്ലവബോധത്തിന്റെയും പ്രതീകമായിരുന്നു ആ യുവാവ്.

1941-ൽ എ.കെ.ജിയുടെ നിർദ്ദേശമനുസരിച്ചാണ് മധുരയിൽ ശങ്കരയ്യ പ്രക്ഷോഭം നയിക്കുന്നതും അറസ്റ്റിലാവുന്നതും. അക്കാലത്ത് എ.കെ.ജി ഒളിവിൽനിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായി കർഷകരെയും ബഹുജനങ്ങളെയും അണിനിരത്താനുള്ള പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. അങ്ങനെയാണ് ശങ്കരയ്യ എ.കെ.ജിയുമായി ബന്ധപ്പെടുന്നത്. ആ അറസ്റ്റ് 18 മാസം നീണ്ട ജയിൽവാസത്തിലേക്കാണ് ശങ്കരയ്യയെ എത്തിച്ചത്. അതിനിടയിൽ അറസ്റ്റിലായ എ.കെ.ജി വെല്ലൂർ ജയിലിലടക്കപ്പെടുകയും പാർട്ടി തീരുമാനമനുസരിച്ച് ജയിൽഭേദിച്ച് സാഹസികമായി രക്ഷപ്പെടുകയും ചെയ്തു. ഇതിനെ തുടർന്ന് ശങ്കരയ്യയെ ജയിലധികൃതർ സിംഗിൾ സെല്ലിലടച്ച് പീഢിപ്പിച്ചു.

പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ക്വിറ്റ് ഇന്ത്യ സമരം പ്രഖ്യാപിക്കുകയും ഗാന്ധി അടക്കമുള്ള നേതാക്കളെ ജയിലലടയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് അതിനെതിരായി പ്രതിഷേധസമരം നയിച്ചതിനെതുടർന്നാണ് ശങ്കരയ്യ വീണ്ടും അറസ്റ്റുചെയ്യപ്പെടുന്നത്. ക്വിറ്റിന്ത്യാ സമരത്തിന്റെ പേരിൽ ദേശീയ നേതാക്കളെ വേട്ടയാടുന്ന ബ്രിട്ടന്റെ അടിച്ചമർത്തൽ നയങ്ങൾക്കെതിരെ ഗാന്ധി യെർവാദ ജയിലിൽ നിരാഹാരമാരംഭിക്കുകയും ഗാന്ധിജിയുടെ ജീവൻകൊണ്ട് പന്താടാനുള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ നീക്കങ്ങൾക്കെതിരെ കമ്യൂണിസ്റ്റ് പാർട്ടി പ്രതിഷേധസമരങ്ങൾ ഉയർത്തിക്കൊണ്ടുവരികയും ചെയ്തു.

ഈ പ്രതിഷേധസമരങ്ങളിൽ പങ്കെടുത്ത കുറ്റത്തിനാണ് ശങ്കരയ്യ രണ്ടാംതവണ അറസ്റ്റ്‌ചെയ്യപ്പെടുന്നതും ജയിലിലടയ്ക്കപ്പെടുന്നതും. കൗതുകകരമായ കാര്യം കമ്യൂണിസ്റ്റുകാരെ കോൺഗ്രസുകാരെ പാർപ്പിക്കുന്ന സെല്ലുകളിലിട്ടാൽ അവരെക്കൂടി അവർ കമ്യൂണിസ്റ്റുകാരാക്കുമെന്ന് ഭയപ്പെട്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാർ ശങ്കരയ്യ ഉൾപ്പെടെയുള്ള സഖാക്കളെ കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു.

മധുര ഗൂഢാലോചനകേസിൽ ഉൾപ്പെടുത്തി 1946-ൽ ശങ്കരയ്യയെ വീണ്ടും അറസ്റ്റുചെയ്ത് ജയിലിലടച്ചു. തന്റെ 30 വയസ്സ് പ്രായത്തിനിടയിൽ ആറ് വർഷത്തിലേറെ അദ്ദേഹം തടവിൽ കഴിഞ്ഞു. നിരവധി തവണ അറസ്റ്റുചെയ്യപ്പെട്ടു. കൊളോണിയൽ വിരുദ്ധസമരത്തെ കർഷകരുടെയും തൊഴിലാളികളുടെയും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ജനാധിപത്യവിപ്ലവവുമായി ബന്ധിപ്പിക്കാനാണ് ശങ്കരയ്യ ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റുകാർ ശ്രമിച്ചത്.

22-ാം പാർട്ടി കോൺഗ്രസിൽ ശങ്കരയ്യയെയും വി.എസ് അച്യുതാനന്ദനെയും ആദരിച്ചപ്പോൾ

സ്വാതന്ത്ര്യാനന്തരം കുത്തക ബൂർഷ്വാ ഭൂപ്രഭു വർഗത്തിനും ജാതിമേധാവിത്വത്തിനുമെതിരായ കമ്യൂണിസ്റ്റ് വിപ്ലവസമരങ്ങളിൽ അദ്ദേഹം നേതൃത്വപരമായ പങ്കുവഹിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ബാധിച്ച റിവിഷനിസ്റ്റ് വ്യതിയാനങ്ങൾക്കും ഇടത് തീവ്ര നിലപാടുകൾക്കുമെതിരെ ശക്തമായ ആശയസമരത്തിലൂടെ സി.പി.ഐ (എം) യെ ശരിയായ പാതയിലേക്ക് നയിക്കുന്നതിൽ അനിഷേധ്യമായ പങ്കാണ് ശങ്കരയ്യക്കുള്ളത്. തമിഴ്‌നാട് നിയമസഭയിൽ മൂന്ന് തവണ അദ്ദേഹം എം.എൽ.എ ആയിരുന്നു. കിസാൻസഭയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. പാർട്ടി കൺട്രോൾ കമീഷൻ ചെയർമാനായും അദ്ദേഹം ഇരുന്നിട്ടുണ്ട്.

ത്യാഗപൂർണവും സാഹസികവുമായ ജീവിതാനുഭവങ്ങളിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത ഒരു തലമുറയുടെ ജ്വലിക്കുന്ന പ്രതീകമാണ് ശങ്കരയ്യ. അദ്ദേഹത്തിന്റെ വേർപാട് കമ്യൂണിസ്റ്റ് പാർട്ടിക്കും മതനിരപേക്ഷജനാധിപത്യ ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കും വലിയ നഷ്ടമാണ്.

Comments