എന്നിൽ അടയാളപ്പെട്ടുകിടക്കുന്നു, മിഥുൻ…

‘‘മിഥുന്റെ കൂടെയുള്ള സമയങ്ങള്‍ എനിക്ക് എന്നും വിലപ്പെട്ടതാണ്, വ്യക്തമായ രാഷ്ട്രീയ ബോധ്യമുള്ള, ചരിത്രബോധ്യമുള്ള മിഥുൻ. നന്നായി വായിക്കുന്ന, അതില്‍ നിന്ന്​ ആഴത്തിലുള്ള തന്റെ കലാസൃഷ്ടി ജനിപ്പിക്കുന്നവൻ. ചിത്രകാരന്‍, ആനിമേറ്റര്‍, ആര്‍ട്ട് ഡയറക്ടര്‍ എന്നീ നിലകളില്‍ വ്യക്തമായ ഇടമുള്ള കലാകാരൻ’’- ജൂണ്‍​ അഞ്ചിന്​ അന്തരിച്ച ആർട്ടിസ്​റ്റും നാടക- സിനിമാ പ്രവർത്തകനുമായിരുന്ന മിഥുൻ മോഹനെക്കുറിച്ച്​ ഓർമക്കുറിപ്പ്​.

ണ്ടു ദിവസം മുന്നേ മിഥുന്‍ വിളിച്ചപ്പോള്‍ പറഞ്ഞു, ‘ഗോവയില്‍ മഴ തുടങ്ങി. മഴ കണ്ടിരിക്കുകയാണ്, മഴ പെയ്തപ്പോള്‍ എന്താ ഒരു സുഖം.’
കുറച്ചു നേരം സംസാരിച്ചിരുന്നു.
‘‘നീ ‘സിദ്ധി പ്രോജക്​റ്റ്​’ ചെയ്യാന്‍ അടുത്ത ആഴ്ച്ച വരില്ലേ, അപ്പോള്‍ കാണാം, രണ്ടു ദിവസം ഞങ്ങളുടെ കൂടെ താമസിച്ചു തിരിച്ചു പോയാല്‍ മതി’’ എന്നും പറഞ്ഞു.

മിഥുനെ ആദ്യം കാണുന്നത് 12 വര്‍ഷം മുന്‍പ് കോഴിക്കോട് കനകാലയ ബംഗ്‌ളാവില്‍ വെച്ചാണ്. എന്തോ അനിമേഷന്‍ വര്‍ക്ക് ചെയ്യാന്‍ വന്നതായിരുന്നു. അന്നുരാത്രി ഒരുപാട് സംസാരിച്ചിരുന്നു, ഒരു പക്ഷെ പുലര്‍ച്ചയോളം എന്നുതന്നെ പറയാം, പലപ്പോഴും ഞാന്‍ കേള്‍വിക്കാരനായിരുന്നു. അവന്റെ ചിന്തകള്‍ രസമാണ്, ആര്‍ട്ട് ചിന്തകള്‍ക്കപ്പുറം മിഥുന്‍ ആഴത്തില്‍ ആത്മചിന്തകള്‍ക്ക് പ്രാധാന്യം കൊടുത്തിരുന്നു.

Flotsam - II, by Midhun Mohan

നാരായണ ഗുരുവിനെയും മുഹമ്മദ് നബിയെയും ബുദ്ധനെയും ജീസസിനെയും തുടങ്ങി എന്തും മിഥുന്‍ കാണുന്നത് അവന്റെതായ വായനകളിലൂടെയാണ്. ചിന്തകള്‍ക്ക് തീ കൊളുത്തിയ പോലെയാണ് മിഥുന്‍ സിഗററ്റ് പുകച്ചിരുന്നത്.

ആര്‍ട്ടിനോട് ക്രിട്ടിക്കല്‍ തോട്ടില്‍ നിന്ന മിഥുന്‍ പക്ഷേ ആത്മീയചിന്തകളുള്ള മനുഷ്യരെ കേട്ടിരിക്കുമ്പോള്‍ പൂര്‍ണമായും കീഴടങ്ങിയ ഒരാളായി.

മിഥുന്റെ നിശ്ശബ്ദ മരണം പുലര്‍ച്ചയ്ക്ക് മൂന്നു മണിയ്ക്ക് അറിഞ്ഞപ്പോള്‍ ഒരു മരവിപ്പ് വന്നു മൂടി. ഒരു ആര്‍ട്ട് ഓഫ് ഹാപ്പനിംഗ് പോലെ നിന്റെ മരണവും എന്നില്‍ നിറഞ്ഞിരിക്കുന്നു മിഥുന്‍.

ആത്മശാന്തിയ്ക്ക് തിരുവണ്ണാമലയിലിരുന്ന് ദുഃആ ചെയ്യുന്നുണ്ട്. ഈ എനിക്കുവേണ്ടിയും ചെയ്യുന്നുണ്ടാകും. നിനക്ക് അത് കിട്ടിക്കഴിഞ്ഞല്ലോ.

മിഥുന്‍, ലതിക

അരുണാചലം ഗിരിവലം വരെ നടന്നു, പ്രിയപ്പെട്ടവരെ വിളിക്കേണ്ടതിനാല്‍ വിളിച്ചു. ഗോവയില്‍ പോകുന്ന സമയങ്ങളിലെല്ലാം മിഥുന്റെയും ലതികയുടെയും കൂടെയാണ് താമസിക്കാറ്. മിഥുന്റെ കൂടെയുള്ള സമയങ്ങള്‍ എനിക്ക് എന്നും വിലപ്പെട്ടതാണ്, വ്യക്തമായ രാഷ്ട്രീയ ബോധ്യമുള്ള, ചരിത്രബോധ്യമുള്ള മിഥുൻ. നന്നായി വായിക്കുന്ന, അതില്‍ നിന്ന്​ ആഴത്തിലുള്ള തന്റെ കലാസൃഷ്ടി ജനിപ്പിക്കുന്നവൻ. ചിത്രകാരന്‍, ആനിമേറ്റര്‍, ആര്‍ട്ട് ഡയറക്ടര്‍ എന്നീ നിലകളില്‍ വ്യക്തമായ ഇടമുള്ള കലാകാരനാണ് മിഥുൻ. ആഴത്തിലുള്ള ഈ ബോധ്യമാവണം റിയാസ് കോമു ക്യൂറേറ്റ് ചെയ്ത 'Sea a boiling vessel' എന്ന പ്രൊജക്റ്റിലും ബോസ് കൃഷ്ണമാചാരി ക്യൂറേറ്റ് ചെയ്ത ‘ലോകമേ തറവാട്ടിലും’ അവന്റെ സൃഷ്ടികള്‍ കലാസ്വാദകരും, ചരിത്രകാരന്മാരും തുടങ്ങിയവരും സൂക്ഷ്മമായി ശ്രദ്ധിച്ചത്, സൂക്ഷ്മമായി വിലയിരുത്തപ്പെട്ടതും. അതുകൂടാതെ മിഥുന്‍ മോഹന്‍ അവന്റെ ഇടം നാടകങ്ങളിലും സമാന്തരസിനിമകളിലും അടയാളപ്പെടുത്തിയിരുന്നു.

Flotsam - I, by Midhun Mohan

ശ്രീകൃഷ്ണന്‍ കെ.പിയുടെ സിനിമകളിലും ദീപന്‍ ശിവരാമന്റെ തിയ്യേറ്ററുകളിലും പ്രിയയുടെ ഇന്‍സ്റ്റലേഷനുകളിലും അനീസ് മുഹമ്മദിന്റെ ഡോക്യുമെന്ററികളിലും മിഥുന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ആർട്ടിസ്​റ്റ്​ മിഥുന്‍ മോഹന്റെ അപ്പുറം മിഥുന് മറ്റൊരു ലോകമുണ്ട്, അത് പൂര്‍ണ്ണമായും ആത്മീയാന്വേഷണമാണ്. വിനയ ചൈതന്യ, ഹുദൈഫ തുടങ്ങിയവരുമായുള്ള തുടര്‍ച്ചയായ കൊടുക്കലല്‍വാങ്ങലുകളും നാരായണ ഗുരു പോലുള്ള അവദൂതന്മാരെ മറ്റൊരാഴത്തില്‍ മനസ്സിലാക്കുന്നതും, പുസ്തകങ്ങളും കവിതകളുമെല്ലാം മിഥുന്റെ ആത്മീയമാര്‍ഗത്തിലുണ്ട്. അവന്റെ ചിന്തകളുടെ ആഴം അവന്റെ വര്‍ക്കിലൂടെയും ചിന്തകളിലൂടെയും നമുക്ക് പൂര്‍ണമായി കണ്ടറിയാം. കാപ്പിരി, the eternal slave, the muslim vanishes, A gate in Rose, Mi'raj, Grave The Sea Fairy, The Rover, Paralokam തുടങ്ങി സ്വയം അടയാളപ്പെടുത്തിയ അനേകം വര്‍ക്കുകള്‍.

മിഥുന്‍ നീ പോയത് ഒരു ഉലച്ചിലുണ്ടാക്കിയിട്ടുണ്ട്, എന്നില്‍. എന്നാല്‍ നിന്റെ ദേഹം ഇല്ല എന്ന സത്യം തിരിച്ചറിയുകയും ചെയ്യുന്നു.


ബിജു ഇബ്രാഹിം

​ ഫോ​ട്ടോഗ്രാഫർ, യാത്രികൻ മ‍ട്ടാഞ്ചേരിയിലെ ഒരു നിശ്ചിത ഭൂപരിധിക്കുള്ളിൽ ജീവിക്കുന്ന വിവിധ കുടിയേറ്റ വിഭാ​ഗങ്ങളുടെ ജീവിതവും അവർ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളെയും അതുവഴി മട്ടാഞ്ചേരിയുടെ സാമൂഹിക സവിശേഷതകളെയും സമ​ഗ്രമായി അടയാളപ്പെടുത്തിയ ട്രാൻസെന്റൻസ് എന്ന ബിജു ഇബ്രാഹിമിന്റെ ഫോട്ടോ എക്സിബിഷൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Comments