എം.പി. പരമേശ്വരൻ

കാലഹരണമില്ലാത്ത
എം.പി

മൗലിക രാഷ്ട്രീയചിന്തയെ കക്ഷിരാഷ്ട്രീയത്തിന്റെ പരിമിതികൾക്കുള്ളിൽ തളച്ചിടാനാകില്ലെന്ന സുപ്രധാന പ്രഖ്യാപനം കൂടിയായിരുന്നു എം.പിയുടെ ജീവിതം- കെ. കണ്ണൻ എഴുതുന്നു.

രിക്കുമ്പോൾ 92 വയസ്സായിരുന്നു എം.പി. പരമേശ്വരന്.
നിരന്തരം അദ്ദേഹത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന, താൻ ജീവിച്ചുകൊണ്ടിരുന്ന ചുറ്റുപാടുകളെക്കുറിച്ചുള്ള ചിന്തയുടെയും വിചാരങ്ങളുടെയും സ്വപ്‌നതുല്യമായ പ്രതീക്ഷകളുടെയും പ്രപഞ്ചം, ശരീരത്തിന്റെ പ്രായത്തിനു കീഴടക്കാനാകാതെ അദ്ദേഹത്തിൽ ഉണർന്നിരുന്നു. അക്ഷരാർഥത്തിൽ അദ്ദേഹത്തിന്റെ ആത്മകഥയുടെ ടൈറ്റിൽ പോലെ, 'കാലഹരണമില്ലാത്ത സ്വപ്‌നങ്ങൾ' എന്നല്ലാതെ, മറ്റൊരു തലക്കെട്ടുകൊണ്ട് നിർവചിക്കാൻ സാധ്യമല്ലാത്ത ജീവിതം.

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിൽനിന്ന് എം.പി എഞ്ചിനീയറിംഗ് ബിരുദം നേടിയ വർഷത്തിലായിരുന്നു കേരള സംസ്ഥാനത്തിൻെറ പിറവി. 1957-ൽ കേരളത്തിന് കമ്യൂണിസ്റ്റ് പാർട്ടി ഭരണകൂടമുണ്ടാകുന്നു. ഇടതുപക്ഷമായിരുന്നു എം.പിയുടെ ഏറ്റവും പ്രധാന രാഷ്​ട്രീയവിഷയം. പുതിയ ഇടതുപക്ഷ പരിപ്രേക്ഷ്യത്തിന്റെയും പുതിയ കാലത്തെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെക്കുറിച്ചുമുള്ള പ്രകോപനപരമെന്നുപോലും വിശേഷിപ്പിക്കപ്പെട്ട ചിന്തയുടെയും അവതാരകൻ എന്ന നിലയ്ക്കാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസക്തി.

‘നാലാം ലോകം: സ്വപ്നവും യാഥാർഥ്യവും’ എന്ന പുസ്തകമാണ്, 2000-ന്റെ തുടക്കത്തിൽ നാലാം ലോക സിദ്ധാന്തത്തെക്കുറിച്ച് വ്യാപക ചർച്ച ഉയർത്തിവിട്ടത്. ‘നാലാം ലോകം’ എന്ന ആശയവുമായി ബന്ധപ്പെട്ട എം.പിയുടെ അന്വേഷണങ്ങൾ എൺപതുകളുടെ അവസാനം മുതൽ ഇ.എം.എസ് അടക്കമുള്ള പാർട്ടിനേതൃത്വവുമായി എം.പി പങ്കിട്ടുപോന്നിരുന്നു. മുഖ്യധാരാ മാർക്സിസം അവഗണിച്ചുപോന്ന പലതരം വ്യാഖ്യാനങ്ങൾ ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തമാണ് എന്ന തോന്നലായിരുന്നു ഈ ചർച്ചക്ക് ഹേതു.

സാമ്രാജ്യത്വ മുതലാളിത്തത്തിൽനിന്ന് കമ്യൂണിസത്തിൻെറ തൊട്ടുമുമ്പുള്ള സോഷ്യലിസത്തിലേക്കുള്ള യാത്രയിലെ ഇടക്കാല താവളമായ ഉത്തര മുതലാളിത്ത- സോഷ്യലിസ്റ്റ് പൂർവ സമൂഹത്തെക്കുറിച്ചാണ് നാലാം ലോകം ചർച്ച ചെയ്യുന്നത്. വികേന്ദ്രീകൃതമായ പങ്കാളിത്ത ജനാധിപത്യം, തദ്ദേശീയ സ്വാശ്രയത്വം, സ്വയംപര്യാപ്തത, സാമ്പത്തികവും രാഷ്ട്രീയവും ധാർമികതയും പരസ്പരം ഇണങ്ങിച്ചേരുന്ന പരിപാടി, തൊഴിലാളികൾക്കും കർഷകർക്കും ഇടത്തരക്കാർക്കും അംഗീകരിക്കാവുന്ന പരിപാടി, വികസനത്തെക്കുറിച്ച് കൂടുതൽ യുക്തിപൂർവമായ ധാരണ തുടങ്ങിയ വിഷയങ്ങളായിരുന്നു നാലാം ലോകത്തിൻെറ ആധാരം.
ഇന്നത്തെ ഗുരുതരാവസ്ഥ അംഗീകരിക്കാൻ മടിക്കുകയും ധീരമായ അതിജീവനത്തിൽനിന്ന് പിന്മാറുകയും ചെയ്യുന്നതിനെതിരായ ഓർമപ്പെടുത്തൽ കൂടിയായിരുന്നു നാലാം ലോകം; അതിൻെറ ദൗർബല്യവും തെറ്റും ശരിയും അടക്കം.

ബൂർഷ്വാ മാനവികതയായും വർഗവഞ്ചനയായും വിമർശിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ഒടുവിൽ ഹിംസിക്കപ്പെടുകയും ചെയ്ത നാലാം ലോകം കൂടുതൽ ശരിയായിരുന്നു എന്നും കൂടുതൽ പ്രസക്തമാണ് എന്നും ഊന്നിപ്പറയുകയായിരുന്നു എം.പി.

അക്ഷരാർഥത്തിൽ ആത്മകഥയുടെ ടൈറ്റിൽ പോലെ, 'കാലഹരണമില്ലാത്ത സ്വപ്‌നങ്ങൾ' എന്നല്ലാതെ, മറ്റൊരു തലക്കെട്ടുകൊണ്ട് നിർവചിക്കാൻ സാധ്യമല്ലാത്ത ജീവിതമായിരുന്നു എം.പിയുടേത്.
അക്ഷരാർഥത്തിൽ ആത്മകഥയുടെ ടൈറ്റിൽ പോലെ, 'കാലഹരണമില്ലാത്ത സ്വപ്‌നങ്ങൾ' എന്നല്ലാതെ, മറ്റൊരു തലക്കെട്ടുകൊണ്ട് നിർവചിക്കാൻ സാധ്യമല്ലാത്ത ജീവിതമായിരുന്നു എം.പിയുടേത്.

ജനാധിപത്യത്തെക്കുറിച്ചും പൗരസമൂഹത്തിൻെറ കടമകളെക്കുറിച്ചും ആഗോളീയമായി തന്നെ ഇടതുപക്ഷത്ത് സംഭവിച്ചുകൊണ്ടിരുന്ന വീണ്ടുവിചാരങ്ങളായിരുന്നു എം.പിയുടെ വിചാരങ്ങളെ പ്രസക്തമാക്കിയത്. മൂന്നു പതിറ്റാണ്ടിലേറെ സി.പി.എം അംഗമായിരുന്ന അദ്ദേഹം, മുഖ്യധാരാ മാർക്‌സിസം ചോദിക്കാൻ വിട്ടുപോയ, ഉന്നയിക്കാൻ മടിച്ചുനിന്ന വിഷയങ്ങളാണ്, കേരളത്തി​ലെ യാഥാസ്ഥിതിക ഇടതുപക്ഷ സമൂഹത്തിനുമുന്നിൽ നിർഭയം ചർച്ചയ്ക്കായി അവതരിപ്പിച്ചത്. അടിസ്ഥാനപരമായി ഒരു മാർക്‌സിസ്റ്റായിരുന്നുകൊണ്ടുതന്നെ, മാർക്‌സിസത്തെ പുതിയ തലത്തിലും തൻേറതായ രീതിയിലുമാണ് അദ്ദേഹം വ്യാഖ്യാനിക്കാൻ ശ്രമിച്ചത്. ഒപ്പം, സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം ജനാധിപത്യം എന്ന ആശയത്തിനുസംഭവിക്കുന്ന പരിണാമങ്ങൾ, വികേന്ദ്രീകൃതാസൂത്രണത്തിന്റെ പ്രസക്തി തുടങ്ങിയ വിഷയങ്ങൾ.

‘ശാസ്​ത്രീയമായി മാർക്സിയനല്ല’ എന്ന് വിമർശിക്കപ്പെട്ട നിരവധി വാദങ്ങൾ ‘നാലാം ലോക’ത്തിലൂടെ എം.പി മുന്നോട്ടു​വെച്ചിരുന്നു. ഭൂമിയിലെ വിഭവങ്ങൾ പരിമിതമാണെന്നും അതിനാൽ മനുഷ്യർ ആഗ്രഹങ്ങൾ പരിമിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു: ‘‘കഴിഞ്ഞ നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് പരീക്ഷണത്തിന് കോടാലിയായിത്തീർന്ന ഉപഭോഗ ആശയങ്ങളായ ആവശ്യം- ആർത്തി എന്നീ സംവർഗങ്ങൾ ഞാൻ ഉപയോഗിച്ചിട്ടുണ്ട്. ഈ സംവർഗങ്ങൾ ശാസ്ത്രീയമായി മാർക്സിയനല്ല എന്ന് പല സഖാക്കളും എന്നോട് പറഞ്ഞിട്ടുണ്ട്... ആവശ്യത്തേയും ആർത്തിയേയും വേർതിരിച്ചു കാണാത്തവർക്ക് ഇത് ഗാന്ധിസമായി തോന്നാം’’.

മൂന്നു പതിറ്റാണ്ടിലേറെ സി.പി.എം അംഗമായിരുന്ന അദ്ദേഹം, മുഖ്യധാരാ മാർക്‌സിസം ചോദിക്കാൻ വിട്ടുപോയ, ഉന്നയിക്കാൻ മടിച്ചുനിന്ന വിഷയങ്ങളാണ്, കേരളത്തി​ലെ യാഥാസ്ഥിതിക ഇടതുപക്ഷ സമൂഹത്തിനുമുന്നിൽ നിർഭയം ചർച്ചയ്ക്കായി അവതരിപ്പിച്ചത്.

സോഷ്യലിസത്തിന്റെ അടുത്ത ഘട്ടം എന്ന നിലയ്ക്ക് ചെറിയ യൂണിറ്റുകൾക്ക് പ്രാധാന്യം നൽകുന്ന രീതിയാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. പരമ്പരാഗത മാർക്‌സിസ്റ്റ് വ്യാഖ്യാനങ്ങളുടെ ബദൽ എന്ന നിലയ്ക്കും ഇന്ത്യൻ സാഹചര്യങ്ങളെ അഭിസംബോധന ചെയ്യുന്നതുമായ എം.പിയുടെ ചിന്തകളുടെ പ്രസക്തി ജനാധിപത്യപരമായി തിരിച്ചറിയുന്നതിൽ പരാജയപ്പെട്ട സി.പി.എം, അദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കിയാണ്, തുടർച്ച അനിവാര്യമായിരുന്ന ചർച്ചകളെ റദ്ദാക്കിയത്.

പ്രത്യയശാസ്ത്രവരട്ടുവാദങ്ങളുടെ നിശിത നിഷേധകൻ കൂടിയായിരുന്നു എന്നും എം.പി. പ്രത്യയശാസ്ത്രത്തിൻെറയും പ്രായോഗികതയുടെയും സർഗാത്മക വ്യാഖ്യാനങ്ങളും അതിന് പ്രാപ്തരായ വ്യാഖ്യാതാക്കളും ഇല്ലാതായത് കേരളത്തിലെ മാത്രമല്ല, ഇന്ത്യൻ മുഖ്യധാരാ ഇടതുപക്ഷത്തെതന്നെ പ്രതിസന്ധിയിലാക്കുന്ന നിരവധി ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. ഇടതുപക്ഷത്തിൻെറ അനവധി സാധ്യതകളെക്കുറിച്ചുള്ള പ്രതീക്ഷ കാത്തുസൂക്ഷിക്കുന്ന നിരവധി പേരുണ്ടാകാം. എന്നാൽ, ആ സാധ്യതകളെ വെറും പ്രതീക്ഷയിൽ പരിമിതപ്പെടുത്താതെ, അതേക്കുറിച്ച് കൃത്യമായ രാഷ്ട്രീയബോധ്യത്തോടെയുള്ള കാഴ്ചപ്പാട് വികസിപ്പിച്ചെടുക്കാൻ സർഗാത്മക പ്രാപ്തിയുള്ള ഇന്ത്യയിലെതന്നെ അപൂർവം പേരിൽ ഒരാളായിരുന്നു എം.പി. പരമേശ്വരൻ.

പ്രത്യയശാസ്ത്ര വരട്ടുവാദങ്ങളുടെ നിശിത നിഷേധകൻ കൂടിയായിരുന്നു എന്നും എം.പി. പരമേശ്വരൻ.
പ്രത്യയശാസ്ത്ര വരട്ടുവാദങ്ങളുടെ നിശിത നിഷേധകൻ കൂടിയായിരുന്നു എന്നും എം.പി. പരമേശ്വരൻ.

പൗരസമൂഹത്തെ രാഷ്ട്രീയവൽക്കരിക്കുക എന്നതായിരുന്നു എം.പിയുടെ എല്ലാതരം ഇടപെടലുകളുടെയും അടിസ്ഥാനം. സി.പി.എം അംഗമായിരുന്നപ്പോഴും പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടശേഷവും ഈ സമർപ്പിതജീവിതം അണുവിട വ്യതിചലിച്ചില്ല. ‘പാർട്ടിയെയല്ല, ജനങ്ങളെയാണ് ഞാൻ സ്നേഹിച്ചിരുന്നത്, അതുകൊണ്ട് പുറത്താക്കപ്പെട്ടതിൽ എനിക്ക് വിഷമമില്ല’ എന്ന്, വർഷങ്ങൾക്കുമുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നത്, ഈ രാഷ്ട്രീയബോധ്യം കൊണ്ടായിരുന്നു. ഇതേ അഭിമുഖത്തിൽ, തൊട്ടുമുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ റിസൾട്ട് അവലോകനം ചെയ്ത് അദ്ദേഹം പറഞ്ഞു:

‘‘തദ്ദേശ പൗരസമൂഹത്തെ രാഷ്ട്രീയമായി നവീകരിക്കുന്നതിൽ ഇടതുപക്ഷത്തിന് പാളിച്ച സംഭവിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന് പുതിയ രാഷ്ട്രീയം കൊണ്ടുവരാൻ സാധിച്ചിട്ടില്ല. പുതിയ രാഷ്ട്രീയം എന്നുപറയുമ്പോൾ തൊഴിലാളിവർഗ സർവാധിപത്യം എന്നത് ത്യജിക്കേണ്ടിവരും. മുകളിൽനിന്ന് താഴേക്ക് എന്നതിനപകരം താഴെ നിന്ന് മുകളിലേക്ക് എന്നുവരും. പുതിയ വ്യാഖ്യാനങ്ങൾ വേണ്ടിവരും. ഇതിൽ പലതും മാർക്സ് പറഞ്ഞതുതന്നെയാണ്. മാർക്സ് പറഞ്ഞതിൻെറ വികലമായ വ്യാഖ്യാനങ്ങളാണ് ഇപ്പോഴുള്ളത്. മാർക്സ് പറഞ്ഞതിനെ ഇങ്ങനെയും വ്യാഖ്യാനിക്കാം; താഴെ നിന്ന് മുകളിലേക്കാണ് വിപ്ളവം നടത്തേണ്ടത്. പഴയ സമൂഹത്തിൻെറ ഗർഭപാത്രത്തിലാണ് പുതിയ സമൂഹം വളരുക എന്ന് മാർക്സ് പറയുന്നുണ്ട്. ഫ്യൂഡലിസത്തിൻെറ ഉള്ളിലാണ് മുതലാളിത്തം വളർന്നിട്ടുള്ളത്. അത് വളർന്ന് ഒരു ഘട്ടത്തിലെത്തുമ്പോൾ പൊട്ടിത്തെറി സംഭവിച്ച്, പുതിയൊരു സമൂഹം, ഗർഭപാത്രം ഭേദിച്ച് പുറത്തുവരും. നിർഭാഗ്യവശാൽ ആദ്യം റഷ്യയിൽ അധികാരം പിടിക്കേണ്ടിവന്നു. മുകളിൽനിന്ന് താഴേക്ക് വേണ്ടിവന്നു വിപ്ളവം. എന്നാൽ അതല്ല ശാസ്ത്രീയരീതി. അവർക്ക് അത് ഒഴിവാക്കാനാകുമായിരുന്നില്ല. ഇവിടെ മുകളിൽനിന്ന് താഴേക്ക് എന്ന രീതിയേ അറിയൂ. പ്രമേയം പാസാക്കൽ അല്ലാതെ ഇവിടെ ഇടതുപക്ഷത്തിന് പ്രായോഗിക അജണ്ടയില്ല’’.

കേരളത്തിൽ ഇടതുപക്ഷ സമീപനങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോഴും നടക്കുന്ന പല ചർച്ചകളും ഉയർത്തിക്കൊണ്ടുവന്നത് എം.പിയായിരുന്നു.

കേരളത്തിൽ ഇടതുപക്ഷ സമീപനങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോഴും നടക്കുന്ന പല ചർച്ചകളും ഉയർത്തിക്കൊണ്ടുവന്നത് എം.പിയായിരുന്നു. ‘‘പ്രത്യയശാസ്ത്രവും പ്രായോഗികതയും തമ്മിൽ വൈരുധ്യമില്ലാത്ത ഒരു റാഡിക്കൽ ലെഫ്റ്റ് ഇന്നത്തെ കേരളത്തിൽ സാധ്യമാണോ’’ എന്ന മാതൃഭൂമി ആഴ്ചപ്പതിപ്പ് അഭിമുഖത്തിലെ ചോദ്യത്തിന് എം.പി ഇങ്ങനെയാണ് മറുപടി നൽകിയത്:

‘‘യാന്ത്രികമല്ലാത്ത ഒരു റാഡിക്കൽ ലെഫ്റ്റ് കേരളത്തിൽ സാധ്യമാണ്. ഇന്നത്തേക്കാൾ നല്ലൊരു നാളെ സാധ്യമാണ് എന്നൊരു വിശ്വാസം ഉള്ളവരുടെ എണ്ണം കൂടിയാൽ ഇത് സാധ്യമാകും. നല്ല നാളെ എന്നത് സമത്വത്തിൽ, സുസ്ഥിരതയിൽ, സഹിഷ്ണുതയിൽ, സഹകരണാത്മകതയിൽ ഒക്കെ അധിഷ്ഠിതമായ നല്ല നാളെ. ജാതി, സാമുദായിക സമൂഹങ്ങളെ ഇടതുപക്ഷം നേരിട്ട് അഡ്രസ് ചെയ്യാൻ പാടില്ല. അത് ലോജിക്കിന് വഴങ്ങുന്നതല്ല. ലോജിക്കിൻെറയും ജീവിതത്തിൻെറയും അടിസ്ഥാനത്തിലേ ഇവയെ അഡ്രസ് ചെയ്യാനാകൂ. പണ്ട് റഷ്യയെ ചൂണ്ടിക്കാട്ടി അവിടെ സ്വർഗമാണ് എന്ന് പറഞ്ഞിരുന്നതുപോലെ ഇന്ന് വികാരത്തിൻെറ അടിസ്ഥാനത്തിൽ ഒന്നിനെയും അഡ്രസ് ചെയ്യാനാകില്ല. വിചാരത്തിൻെറ വഴിയിലൂടെ വേണം. ഏറ്റവും ദരിദ്രരായ വിഭാഗത്തിനുവേണ്ടി ചെയ്യുക. ദരിദ്രരായ ഒരു സമുദായമുണ്ട് എന്നുകരുതുക. അവിടുത്തെ കമ്യൂണിസ്റ്റ് പാർട്ടിക്ക് മറ്റൊരു സമുദായത്തിലാണ് ഭൂരിപക്ഷം. അപ്പോൾ ദരിദ്രരായ സമുദായത്തിന് അർഹമായത് നൽകാതെ തൻെറ സമുദായത്തിന് നൽകുന്നത് തെറ്റാണ്. യഥാർഥ ഇടതിൻെറ സ്വഭാവം കാണിച്ചാൽ മതി. അതായത്, ഏറ്റവും താഴെ കിടക്കുന്നവരോടുള്ള കൂറ്. അപ്പോൾ ഇത്തരം പ്രതിസന്ധികൾ മാറും. ജാതി, സാമുദായിക സമൂഹങ്ങളെ അഡ്രസ് ചെയ്യുന്നതിൽ ഇടതുപക്ഷത്തിന് പലപ്പോഴും ഇടർച്ചയുണ്ടാകാറുണ്ട്’’.

അസംഘടിത സമരങ്ങളിലുള്ള ഇടതുപക്ഷ അസാന്നിധ്യത്തെ എം.പി കടുത്ത രീതിയിൽ വിമർശിക്കുന്നുണ്ട്:

കേരളത്തിൽ ഇടതുപക്ഷ സമീപനങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോഴും നടക്കുന്ന പല ചർച്ചകളും ഉയർത്തിക്കൊണ്ടുവന്നത് എം.പിയായിരുന്നു.
കേരളത്തിൽ ഇടതുപക്ഷ സമീപനങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോഴും നടക്കുന്ന പല ചർച്ചകളും ഉയർത്തിക്കൊണ്ടുവന്നത് എം.പിയായിരുന്നു.

‘‘അസംഘടിതരുടെ ധീരമായ സംഘശക്തി, പ്രത്യേകിച്ച് സ്ത്രീകളുടെ മുൻകൈയിലുള്ളവ, പലയിടത്തും ലക്ഷ്യം കാണുകയോ മുന്നേറുകയോ ചെയ്യുന്നുണ്ട്. ഈ സമരങ്ങൾക്കെല്ലം ഒരു ഇടതുപക്ഷം കൂടിയുണ്ട്, അത് അടിസ്ഥാനവർഗത്തിൻെറ നിലനിൽപിനുവേണ്ടിയുള്ളത് എന്ന അർഥത്തിൽ. എന്നാൽ, വിചിത്രമെന്നുപറയട്ടെ, ഈ സമരമുഖങ്ങളിൽ കേരളത്തിൻെറ മുഖ്യധാരാ ഇടതുപക്ഷമില്ല. തൃശൂരിലെ കല്യാണിൽ സ്ത്രീതൊഴിലാളികൾ നടത്തിയ ഇരിപ്പുസമരത്തെ അവിടത്തെ വ്യവസ്ഥാപിത ഇടതുപക്ഷം തിരിഞ്ഞുനോക്കിയില്ല. എന്നാൽ, ആലപ്പുഴ സീമാസിൽ സഖാക്കൾ അത് ഏറ്റെടുക്കുകയും ചെയ്തു. അതേപോലെ, അന്യസംസ്ഥാന തൊഴിലാളികളുടെ യൂണിയനുണ്ടാക്കാൻ ചില ഇടതുപാർട്ടികളുടെ പ്രാദേശികഘടകങ്ങൾ മുൻകൈയെടുക്കുന്നു. എന്നാൽ, പാർട്ടി ഒന്നടങ്കം മുഖംതിരിഞ്ഞുനിൽക്കുന്നു. ഒരു നിലപാടില്ലായ്മ പ്രകടമാണ്’’ (‘മാതൃഭൂമി’ ആഴ്ചപ്പതിപ്പ് അഭിമുഖം).

നരേന്ദ്രമോദി സർക്കാറിനോട് ഇടതുപക്ഷം സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ചും എം.പിയ്ക്ക് സ്വന്തമായ അഭിപ്രായമുണ്ടായിരുന്നു: ‘‘നരേന്ദ്രമോദിയെ ഹിന്ദു എന്ന നിലക്കല്ല ആക്രമിക്കേണ്ടത്. മൻമോഹൻസിംഗിനേക്കാളും കടുത്ത സാമ്രാജ്യത്വവാദി എന്ന നിലക്കാണ് മോദിയെ ആക്രമിക്കേണ്ടത്. ആ നിയോലിബറലിസത്തിനെയാണ് ആക്രമിക്കേണ്ടത്. എന്നാൽ, നിയോലിബറലിസത്തെ ആക്രമിക്കാനുള്ള അജണ്ട ഇടതുപക്ഷത്തിനില്ല’’.

പൗരസമൂഹത്തെ രാഷ്ട്രീയവൽക്കരിക്കുക എന്നതായിരുന്നു എം.പിയുടെ എല്ലാതരം ഇടപെടലുകളുടെയും അടിസ്ഥാനം. സി.പി.എം അംഗമായിരുന്നപ്പോഴും പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടശേഷവും ഈ സമർപ്പിതജീവിതം അണുവിട വ്യതിചലിച്ചില്ല.

1935 ജനുവരി 18-ന് തൃശൂർ ജില്ലയിലെ കിരാലൂരിലാണ് എം.പി. പരമേശ്വരൻ ജനിച്ചത്. തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും മോസ്‌കോ പവർ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പിഎച്ച്ഡിയും നേടി. 1957 മുതൽ 1975 വരെ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായിരുന്നു. ഈ ജോലി ഉപേക്ഷിച്ചാണ്, 1975-ൽ ജനകീയ ശാസ്ത്ര പ്രചാരണം എന്ന ദൗത്യമേറ്റെടുത്തത്. 1962-ൽ നിലവിൽവന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെയാണ്, എം.പി പ്രവർത്തന മണ്ഡലമായി സ്വീകരിച്ചത്. എം.പിയുടെ ഇടപെടലാണ് പരിഷത്തിനെ ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമാക്കി വികസിപ്പിച്ചത്. ശാസ്ത്രം, പരിസ്ഥിതി, ഗ്രാമവികസനം, വികേന്ദ്രീകരണം, ജനാധിപത്യം തുടങ്ങിയ മേഖലകളെ ജനകീയമായി ചേർത്തുവെക്കുന്നതിൽ അദ്ദേഹം മൗലിക സംഭാവന നൽകി. സൈലന്റ് വാലി പദ്ധതിയെ എതിർക്കുന്നതിൽ അദ്ദേഹം ഈ കാഴ്ചപ്പാടാണ് മുന്നോട്ടുവെച്ചത്:

സൈലന്റ് വാലി പദ്ധതി ചർച്ചയായ കാലത്ത്, പരിഷത്തിൽ ഈ വിഷയം ആദ്യമായി ചർച്ചയായി അവതരിപ്പിച്ചത് എം.പിയും താനും ചേർന്നാണ് എന്ന് പ്രൊഫ. എം.കെ. പ്രസാദ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. സൈലന്റ് വാലിയ്ക്ക് ഒരു സോഷ്യോ- ഇക്കണോമിക് മാനം വേണമെന്നായിരുന്നു അന്ന് എം.പിയുടെ വാദം: ''കാരണം, ഈ പദ്ധതി വന്നില്ലെങ്കിൽ മലബാർ മേഖലയിൽ വൈദ്യുതിയുണ്ടാകില്ല എന്നാണ് ജനങ്ങളുടെ ചിന്താഗതി. വൈദ്യുതിയില്ലെങ്കിൽ വികസനവും വരില്ല. സ്വാഭാവികമായും ആ വാദമാണ് സാധാരണ ജനങ്ങളെ കൂടുതൽ സ്വാധീനിക്കുക. അങ്ങനെയാണ് ഈ പ്രശ്‌നത്തിന്റെ മറ്റു വശങ്ങളെക്കുറിച്ച് ഞങ്ങൾ ചർച്ച തുടങ്ങുന്നത്''- ജോസഫ് ആന്റണിയുമായുള്ള അഭിമുഖത്തിൽ പ്രൊഫ. എം.കെ. പ്രസാദ് പറഞ്ഞു.

പരിഷത്തിന്റെ ശാസ്ത്രീയമായ ജനകീയ ഇടപെടലുകളുടെ പ്രധാന വിഭവങ്ങളിലൊന്ന് എം.പിയുടെ പുസ്തകങ്ങളായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി നൂറിലേറെ പുസ്തകങ്ങൾ അദ്ദേഹം എഴുതി. നിരവധി പോപ്പുലർ സയൻസ് പുസ്തകങ്ങൾ എം.പിയുടേതായുണ്ട്. ആറ്റോമിക് സയൻസ്, ജ്യോതിശാസ്ത്രം, ഗണിതം, പൊളിറ്റിക്കൽ സയൻസ്, സാമൂഹിക ശാസ്ത്രം, പരിസ്ഥിതി, വികേന്ദ്രീകൃതാസൂത്രണം, സാമൂഹിക മാറ്റവും സ്ത്രീകളും, ജനകീയ ശാസ്ത്രപ്രസ്ഥാനം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നിരവധി പുസ്തകങ്ങൾ അദ്ദേഹം എഴുതി.

സാക്ഷരതാപ്രസ്ഥാനം, ജനകീയാസൂത്രണം തുടങ്ങിയ ജനകീയ പദ്ധതികളുടെ ബുദ്ധികേന്ദ്രമായി എം.പിയുമുണ്ടായിരുന്നു. ദേശീയതലത്തിലും ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ കൂട്ടായ്മയ്ക്ക് എം.പി നേതൃത്വം നല്‍കി.
സാക്ഷരതാപ്രസ്ഥാനം, ജനകീയാസൂത്രണം തുടങ്ങിയ ജനകീയ പദ്ധതികളുടെ ബുദ്ധികേന്ദ്രമായി എം.പിയുമുണ്ടായിരുന്നു. ദേശീയതലത്തിലും ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ കൂട്ടായ്മയ്ക്ക് എം.പി നേതൃത്വം നല്‍കി.

സാക്ഷരതാപ്രസ്ഥാനം, ജനകീയാസൂത്രണം തുടങ്ങിയ ജനകീയ പദ്ധതികളുടെ ബുദ്ധികേന്ദ്രമായി എം.പിയുമുണ്ടായിരുന്നു. ദേശീയതലത്തിലും ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ കൂട്ടായ്മയ്ക്ക് എം.പി നേതൃത്വം നല്‍കി. ശാസ്ത്രപ്രചാരകരുടെ ദേശീയ സംഘടനയായ ഓള്‍ ഇന്ത്യ പീപ്പിള്‍സ് സയന്‍സ് നെറ്റ്‌വര്‍ക്കിന്റെ സ്ഥാപന നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. ദേശീയ തലത്തില്‍ സാക്ഷരതാപ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ ഇടപെടലുകളുണ്ട്.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജസിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരിക്കേ, ടൈപ്പ്റൈറ്ററുകൾക്കുള്ള മലയാളം കീബോർഡിന്റെ ലേഔട്ട് രൂപകൽപ്പന ചെയ്യുന്നതിൽ എം.പി നിർണായക പങ്കുവഹിച്ചു. പിന്നീട് കമ്പ്യൂട്ടറുകൾക്കുള്ള ഇൻസ്ക്രിപ്റ്റ് ലേഔട്ടിൽ ഈ രൂപകൽപ്പനയാണ് സ്വീകരിച്ചത്.

2007-ൽ, എ. കെ. ഗോപാലനെക്കുറിച്ച് ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ‘എ കെ ജി’ എന്ന ഡോക്യുമെന്ററിയിൽ എം.പി ഇ. എം. എസ്. നമ്പൂതിരിപ്പാടായി സ്ക്രീനിലെത്തി.

സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെട്ടുവെങ്കിലും, ജനകീയ രാഷ്ട്രീയത്തിന്റെ പ്രവർത്തനപദ്ധതികളുമായി എം.പി മുന്നോട്ടുപോയി. മൗലിക രാഷ്ട്രീയചിന്തയെ കക്ഷിരാഷ്ട്രീയത്തിന്റെ പരിമിതികൾക്കുള്ളിൽ തളച്ചിടാനാകില്ലെന്ന സുപ്രധാന പ്രഖ്യാപനം കൂടിയായിരുന്നു എം.പിയുടെ ജീവിതം. ജീവിതാവസാനം വരെ മൗലികത നിറഞ്ഞ ചിന്തയുടെയും വിചാരങ്ങളുടെയും പ്രപഞ്ചത്തോളം മിടിച്ചുകൊണ്ടിരുന്ന ദർശനങ്ങളുടെയും സജീവത കാത്തുസൂക്ഷിച്ചു, അനുനിമിഷം, ഓരോ മാത്രയിലും, ആ ജീവിതം.

Comments