എം.എസ്. സ്വാമിനാഥൻ
ശരിയാകുന്നതെങ്ങനെ?

കേവലമായ ഉല്പാദന-ഉപഭോക്തൃ കാഴ്ചപ്പാടിനപ്പുറം നമുക്കു പോകാൻ കഴിയുമോ എന്നതാണ് സ്വാമിനാഥനെ അനുസ്മരിക്കുമ്പോൾ ഉയരുന്ന ചോദ്യം? കേവലമായ ഉല്പാദനവളർച്ചയും അതിന്റെ സാംസ്‌ക്കാരിക ഉല്പന്നമായ കേവല ഉപഭോക്തൃ മനസ്സും മതിയോ നമുക്കിനിയും?

മുഖ്യധാരാ വികസനസങ്കല്പങ്ങൾ വെച്ചു വിലയിരുത്തിയാൽ എം.എസ്. സ്വാമിനാഥൻ തീർച്ചയായും വാഴ്ത്തപ്പെടും. കാരണം അദ്ദേഹം ഹരിതവിപ്ലവത്തിന് ചുക്കാൻ പിടിച്ചു, ഇന്ത്യയുടെ ഭക്ഷ്യോല്പാദനത്തിൽ കുതിച്ചുചാട്ടം സൃഷ്ടിച്ചു. കേരളമെന്ന ഉപഭോക്തൃ സംസ്ഥാനത്തിരുന്നു കൊണ്ട് വിലയിരുത്തുമ്പോൾ സ്വാമിനാഥൻ അതിലേറെ ആരാധ്യനാണ്. കാരണം, അമേരിക്കൻ ഗോതമ്പുനുറുക്കിന്റെ ഉപ്പുമാവ് 1970- കളിൽ ഉച്ചഭക്ഷണമായി പള്ളിക്കൂടത്തിൽ നിന്നു കഴിച്ചു വിശപ്പടക്കി, പഠിച്ച്, ജോലി നേടി വന്നപ്പോൾ, അരിയും ഗോതമ്പും എത്ര വേണമെങ്കിലും വാങ്ങാൻ, അവ സുലഭമായി മാർക്കറ്റിലെത്താൻ കാരണക്കാരൻ ഈ മങ്കൊമ്പുകാരനായ മലയാളിയാണല്ലോ.

ഭക്ഷ്യോല്പന്നങ്ങളുടെ മാർക്കറ്റിൽ ഒന്നിനും ക്ഷമമില്ലിന്ന്. ഫ്യൂഡൽ പട്ടിണി, ക്ഷാമം ഇവയുടെ എല്ലുന്തിയ ഇന്ത്യൻ ഗ്രാമങ്ങളെ ഉല്പാദന സമൃദ്ധിയുടെ വർത്തമാനത്തിലേക്കു നയിച്ചു ഹരിതവിപ്ലവം എന്നതിൽ തർക്കമില്ല. കേവലമായ ഉല്പാദന-ഉപഭോക്തൃ കാഴ്ചപ്പാടിനപ്പുറം നമുക്കു പോകാൻ കഴിയുമോ എന്നതാണ് സ്വാമിനാഥനെ അനുസ്മരിക്കുമ്പോൾ ഉയരുന്ന ചോദ്യം? കേവലമായ ഉല്പാദനവളർച്ചയും അതിന്റെ സാംസ്‌ക്കാരിക ഉല്പന്നമായ കേവല ഉപഭോക്തൃ മനസ്സും മതിയോ നമുക്കിനിയും?

Photo: Wikipedia

കാർഷിക വിഭവങ്ങളുടെ ഉല്പാദനം വർധിപ്പിച്ചാൽ അതുവഴി കാർഷിക- ഭക്ഷ്യ രംഗങ്ങളിൽ പ്രശ്‌നങ്ങൾ പരിഹരിക്കാം എന്നത്, സാമ്പത്തിക വളർച്ച കൈവരിച്ചാൽ രാഷ്ട്രം നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാം എന്ന സാമ്പത്തിക ശാസ്ത്ര- രാഷ്ട്രീയ കാഴ്ചപ്പാടിന്റെ ഭാഗമാണ്. എന്നാൽ കേവലമായ സാമ്പത്തികവളർച്ച കൊണ്ട് - ഉല്പാദനവർദ്ധനവുകൊണ്ടു മാത്രം പ്രതിസന്ധികളെ മറികടക്കാനാവില്ലെന്ന് ലോകരാഷ്ട്രങ്ങൾക്ക് ഇന്നു മനസ്സില്ലാമനസ്സോടെ സമ്മതിക്കേണ്ടി വന്നിരിക്കുന്നു. അതുകൊണ്ടാണ് വികസനം എന്നു മാത്രം പറയാതെ സുസ്ഥിരവികസനം എന്ന് ഐക്യരാഷ്ട്ര സഭ പറയുന്നത്.

മാർക്കറ്റിൽ സാധനങ്ങൾ മാത്രം കാണുന്ന ഉപഭോക്താവ് ഹരിതവിപ്ലവത്തെ സ്തുതിക്കും. എന്നാൽ 'എന്റെ മക്കൾ കൃഷിയിലേക്കു വരണം 'എന്നാഗ്രഹിക്കുന്ന ഒരു കൃഷിക്കാരും ഇന്ത്യയിലില്ല.


ഉല്പാദനവളർച്ചയെ മാത്രം കേന്ദ്രമാക്കിയ കാർഷികാസൂത്രണത്തെ സുസ്ഥിരവികസനം വിമർശനവിധേയമാക്കുന്നു. കാരണം, ഹരിതവിപ്ലവം എന്നു പേരിട്ടിരിക്കുന്ന കാർഷികോല്പാദന കുതിപ്പ് സുസ്ഥിരമല്ല. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിച്ചാണ് ഹരിതവിപ്ലവത്തിൽ ഉല്പാദനവർദ്ധനവ് വരുത്തുന്നത്. അതിനാൽ കാലാവസ്ഥാ മാറ്റത്തിന് കാരണമായ ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനത്തിന്റെ 15% വും വരുന്നത് ഉല്പാദന വളർച്ചയെ മാത്രം ലക്ഷ്യമിട്ട രാസകൃഷിയിൽ നിന്നാണ്. ലോക ഭക്ഷ്യ - കാർഷിക സംഘടന പറയുന്നു; 'നിലവിലെ കാർഷിക സ്ഥാപനങ്ങൾ, കൃഷിരീതികൾ, പദ്ധതികൾ എല്ലാം ലോകം ഇന്നു നേരിടുന്ന പ്രതിസന്ധികളെ തീക്ഷ്ണമാക്കുന്നു.' ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്ന കാർഷിക മാറ്റങ്ങളിലേക്കു ലോകം പോകാൻ നിർബ്ബന്ധിതമായിരിക്കുന്നു. അതായത്, കാർഷിക ഗവേഷണം ജൈവകൃഷിയെ കേന്ദ്രമാക്കി ചുവടുമാറാതെ നിവൃത്തിയില്ല.

കാർഷിക രംഗത്തെ സവർണത്വമാണ് രാസകൃഷി. അതിനാണ് എല്ലാ പരിരക്ഷയും ഹരിതവിപ്ലവം മുതൽ കിട്ടിക്കൊണ്ടിരിക്കുന്നത്. കാർഷിക രംഗത്തെ അവർണത്വമാണ് ജൈവകൃഷി. അതിനാൽ അവയെ മെരിറ്റിന്റെ അടിസ്ഥാനത്തിൽ ഇന്ന് താരതമ്യം ചെയ്യരുത്. പകരം, സർക്കാർ പരിരക്ഷ - ഗവേഷണവും പ്രോത്സാഹനവും അതിനു കിട്ടേണ്ടിയിരിക്കുന്നു. സുസ്ഥിര വികസന മാനദണ്ഡങ്ങൾ പ്രകാരം രാസകൃഷിയെ അവലംബിക്കുക ആശാസ്യമല്ല. എന്നാൽ രാസകൃഷിയെന്നത് ആഗോള കോർപ്പറേറ്റുകളുടെ ഒന്നാന്തരം മേച്ചിൽപ്പുറമായതിനാൽ ഒരു രാഷ്ട്രത്തിനും അതിന്റെ പിടിയിൽ നിന്നും മോചനം എളുപ്പമല്ല.

ഹരിത വിപ്ലവം രാഷ്ട്രത്തിന് ആവോളം ഭക്ഷ്യധാന്യം കൊടുത്തെങ്കിൽ കൃഷിക്കാർക്കെന്തു കൊടുത്തു?. കടം കേടി മുടിഞ്ഞു ആത്മഹത്യ ചെയ്യാൻ കീടനാശിനിയോ? മാർക്കറ്റിൽ സാധനങ്ങൾ മാത്രം കാണുന്ന ഉപഭോക്താവ് ഹരിതവിപ്ലവത്തെ സ്തുതിക്കും. എന്നാൽ 'എന്റെ മക്കൾ കൃഷിയിലേക്കു വരണം 'എന്നാഗ്രഹിക്കുന്ന ഒരു കൃഷിക്കാരും ഇന്ത്യയിലില്ല. ഭക്ഷണത്തെ അടിമുടി വിഷമയമാക്കിയത്, ജൈവവൈവിധ്യനാശം, പ്രാദേശിക ഭക്ഷ്യ സ്വയംപര്യാപ്തതയുടെ തിരോധാനം എന്നിനെ ആരോഗ്യ - പാരിസ്ഥിതിക തകർച്ചകൾ ഹരിതവിപ്ലവത്തിന്റെ സംഭാവനയാണ്. വിഷരഹിത ഭക്ഷണം സമ്പന്നർക്കും വിഷസ്പർശ ഭക്ഷണം സാധാരണക്കാർക്കും എന്ന വിവേചനത്തോളം എത്തിനിൽക്കുന്നു ലോക ഭക്ഷ്യവ്യവസ്ഥ.

അതിനാൽ, ഹരിതവിപ്ലവം എന്നത് ധാർമ്മികതയെയും മാനുഷിക മൂല്യങ്ങളെയും ഉൾക്കൊള്ളാത്ത കേവല സാമ്പത്തികവളർച്ച എന്ന പ്രത്യയശാസ്ത്രത്തിന്റെ കാർഷിക പ്രയോഗമാണ്. ടെക്‌നോളജി കൊണ്ട് പട്ടിണി മാറ്റം എന്ന വ്യാമോഹനിർമ്മിതി അതിലുണ്ട്. ഇപ്പോൾ ആഗോള പട്ടിണിപ്പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 100- ലും താഴെയാണെന്നോർക്കുക.

സ്വയംപര്യാപ്തത, സ്വാശ്രയത്വം, മാലിന്യമുക്തം, പ്രാദേശിക തൊഴിൽ ലഭ്യത, സ്വാഭാവികമായ രോഗപ്രതിരോധം, പ്രാദേശിക സാമ്പത്തികോന്നതി, സാമൂഹ്യ സന്തുഷ്ടി, സാമ്പത്തിക സമത്വം എന്നീ ആദർശങ്ങളെ അടിസ്ഥാനമാക്കി ഹരിതവിപ്ലവത്തെ വിലയിരുത്തിയാൽ നമുക്കതിനെ തള്ളിക്കളയേണ്ടിവരും. ഇത് സ്വാമിനാഥൻ തന്നെ പിന്നീട് തിരിച്ചറിയുന്നുണ്ടാകണം. 2023 ഏപ്രിൽ ആദ്യം ഹരിത വിപ്ലവത്തിന്റെ ഈറ്റില്ലമായ പഞ്ചാബിൽ, അമൃത്സറിലെ ഒരു കോളേജിൽ സദസ്യരോട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'കൃഷിയിലെ പരിസ്ഥിതി പ്രശ്‌നങ്ങൾ അതിരൂക്ഷമാണ്. ജൈവകൃഷി രീതികൾ സ്വീകരിക്കുകയും രാസവളങ്ങൾ നിയന്ത്രിക്കുകയും വേണം. ഉല്പാദന വളർച്ച മാത്രമാകരുത് ലക്ഷ്യം. കൃഷിക്കാരുടെ ക്ഷേമവും നമ്മൾ കാണണം.' ചെറുപ്പക്കാരോട് കൃഷിയിലേക്കു വരാനും അദ്ദേഹം ആവശ്യപ്പെട്ടു.
ചെറുപ്പക്കാർ കൃഷിയിലേക്കു വരണമെങ്കിൽ പരിസ്ഥിതി സംരക്ഷണം, കർഷകരക്ഷ, ആരോഗ്യരക്ഷ എന്നിവയെ കൂട്ടിയിണക്കുന്ന അപവളർച്ച (de growth) യിൽ അധിഷ്ഠിതമായ കാർഷിക പദ്ധതിയാണ് ഇന്നിന്റെ ആവശ്യം. അത് കോർപ്പറേറ്റുകൾ കീഴടക്കാത്തതും വികേന്ദ്രീകൃതമായതും പ്രാദേശിക ഭക്ഷ്യ - തൊഴിൽ ലഭ്യതയിൽ ഊന്നിയതും ആയിരിക്കും.

Comments