എം.എസ് സ്വാമിനാഥൻ

എം.എസ്. സ്വാമിനാഥനെതിരായ (രാഷ്ട്രീയ) ഗൂഢാലോചനകൾ

ജൈവകൃഷിയുടെ സാധ്യതകളിലൂടെ ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാൻ മെനക്കെടുന്ന ഗാഢപരിസ്ഥിതിവാദികളോട് ശ്രീലങ്കയിൽ സംഭവിച്ച സാമ്പത്തിക പ്രതിസന്ധിയുടേയും ആഭ്യന്തര കലാപത്തിൻ്റേയും മൂലകാരണങ്ങൾ അന്വേഷിക്കണമെന്നാണ് പറയാനുള്ളത്.

ന്റെ മക്കൾക്ക് കല്യാൺ സോനാ, സോനാലിക എന്നീ പേരുകൾ നൽകാൻ ഗ്രാമീണ ഇന്ത്യയിലെ ഒരു കർഷകൻ തീരുമാനിച്ചെങ്കിൽ എം.എസ്. സ്വാമിനാഥൻ എന്ന കാർഷിക ശാസ്ത്രജ്ഞന്റെ സ്ഥാനം കർഷകരുടെ മനസ്സിൽ എവിടെയാണെന്ന് ബോധ്യപ്പെടാവുന്നതേയുള്ളൂ. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ തുടക്കനാളുകളിൽ നാം അഭിമുഖീകരിച്ചിരുന്ന പ്രതിസന്ധികളിൽ ഏറ്റവും രൂക്ഷം, ഭക്ഷ്യക്ഷാമം മൂലമുള്ള കൊടിയ ദാരിദ്ര്യമായിരുന്നു. ഇന്നത്തെ ഇന്ത്യയുടെ ജനസംഖ്യയുടെ (140 കോടിയുടെ) നാലിൽ ഒരു ഭാഗം മാത്രമായിരുന്നു (36.3 കോടി )1950- കളിലെ ജനസംഖ്യ. 32 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതി ഉണ്ടായിട്ടും, അന്ന് ജനസാന്ദ്രത 110 മാത്രമായിരുന്ന സാഹചര്യത്തിലും, 45 ശതമാനത്തിലധികം ഇന്ത്യക്കാർ പട്ടിണിയുടെ പടു കുഴിയിലായിരുന്നു.

സോഷ്യലിസ്റ്റ്- ജനാധിപത്യ കാഴ്ചപ്പാടുകളിലൂടെ ഇന്ത്യൻ സമൂഹങ്ങളുടെ സമഗ്രവികസനം സ്വപ്നം കണ്ട നെഹ്റുവിന്റെ പഞ്ചവത്സരപദ്ധതികൾക്ക് പോലും, 13 ലക്ഷം ചതുരശ്ര കിലോമീറ്ററിൽ കൂടുതൽ കൃഷിഭൂമി ലഭ്യമായ നാടിനെ ഭക്ഷ്യസുരക്ഷയുടെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുവാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം. ഒന്നാം പഞ്ചവത്സര പദ്ധതിയിൽ, പദ്ധതിവിഹിതത്തിന്റെ 50 ശതമാനത്തിലധികം വകയിരുത്തി കാർഷികമേഖലയ്ക്ക് പുതുജീവൻ നൽകാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും ഏകദേശം 50.8 മില്യൺ ടൺ ധാന്യങ്ങൾ മാത്രമാണ് ഉത്പാദിപ്പിക്കുവാൻ കഴിഞ്ഞത്. ഈ ഉൽപാദനം 35 കോടി ഇന്ത്യക്കാരുടെ പകുതി വിശപ്പ് അകറ്റുന്നതിന് പര്യാപ്തമായ ധാന്യം മാത്രമാണ്.

ആരോഗ്യമുള്ള പ്രകൃതി സാധ്യമാക്കുന്നതും ഉയർന്ന ഉൽപാദനക്ഷമതയും കർഷകർക്ക് ഉപജീവന സാധ്യതയും പരിഗണിക്കുന്ന സുസ്ഥിരമായ കാർഷിക സംസ്കാരത്തെയാണ് ഇന്ത്യയിൽ എം.എസ്. സ്വാമിനാഥൻ ആവിഷ്കരിക്കാൻ ശ്രമിച്ചത്.

ഭക്ഷ്യധാന്യ പ്രതിസന്ധിയുടെ അലയടികൾ സമൂഹത്തിന്റെ സർവമേഖലകളിലും പ്രതിഫലിച്ചുവെങ്കിലും, ഇന്ത്യൻ ജനതയുടെ ആരോഗ്യത്തെയും ആയുർദൈർഘ്യത്തെയുമാണ് കൂടുതൽ പ്രതികൂലമായി ബാധിച്ചത്. 1950-കളിലെ ആയുർദൈർഘ്യം ശരാശരി 35.1 വർഷം മാത്രമായിരുന്നു എന്ന് സെൻസസ് കണക്കുകൾ സൂചിപ്പിക്കുമ്പോൾ ഭക്ഷ്യലഭ്യതയും മനുഷ്യ ആരോഗ്യവും തമ്മിലുള്ള ബന്ധത്തെയാണ് ഇത് വെളിവാക്കിതരുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ജനപ്പെരുപ്പം, കാർഷിക മേഖലയിലെ ഉൽപാദനക്ഷമതക്കുറവ്, അശാസ്ത്രീയ കാർഷിക ഉത്പാദന രീതികൾ എന്നിവ ഭക്ഷ്യധാന്യ ലഭ്യതയിൽ 1950- കളിൽ ഉണ്ടായിരുന്നതിനേക്കാൾ വലിയ ഇടിവ് (20%) 1960- കളായപ്പോഴേക്കും സൃഷ്ടിക്കപ്പെട്ടു. ഇത് കൂനിന്മേൽ കുരു പോലെ വന്നുചേർന്ന ഇന്ത്യ- ചൈന യുദ്ധം, മൺസൂൺ മഴയുടെ താളം തെറ്റൽ എന്നിവ കൂടിയായപ്പോൾ പതിനായിരക്കണക്കിന് ജനം മരിച്ചു വീഴുകയും 50 ശതമാനത്തിലധികം വരുന്ന ഇന്ത്യൻ ജനത ദാരിദ്ര്യത്തിന്റെ പടുകയത്തിലേക്ക് വീഴുകയും ചെയ്തു. ഇന്ത്യൻ എന്ന ദേശം മറക്കാനാഗ്രഹിച്ച 10 മില്യൻ ജനതയുടെ ജീവൻ അപഹരിച്ച 1920-ലെ ബംഗാൾ ക്ഷാമത്തിന് സമാനമായ അങ്കലാപ്പിലേക്ക് അകപ്പെടുന്നതായും 1960- കളിലെ ഇന്ത്യൻ സാഹചര്യത്തെ മുൻനിർത്തി വിദഗ്ധർ വിലയിരുത്തി.

ഈ രാഷ്ട്രീയ അരക്ഷിതാവസ്ഥയിൽ ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ ഭക്ഷണലഭ്യത ഉറപ്പുവരുത്തുന്നതിന് രാഷ്ട്രതലവന്മാർ ഭക്ഷ്യധാനങ്ങൾക്ക് വേണ്ടി വികസിത രാഷ്ട്രങ്ങളുടെ മുന്നിൽ തങ്ങളുടെ യാചന തുടർന്നു. സ്ഥല ലഭ്യതയിലും, ജൈവസമ്പത്തിലും, ജലവിഭവത്തിലും മുന്നിൽ നിൽക്കുന്ന ഈ രാജ്യം, അന്നത്തിന് മറ്റു രാജ്യങ്ങളുടെ വാതിൽക്കൽ മുട്ടിക്കൊണ്ടേയിരുന്നു. ആത്മാഭിമാനമുള്ള ഭാരതീയർക്ക് താങ്ങാവുന്നതിനും അപ്പുറത്തായിരുന്നു ഇത്.

ഭൂരിപക്ഷത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന സമീപനമാണ് സ്വാമിനാഥൻ ഇന്ത്യയുടെ കാർഷിക ഇടങ്ങളിൽ പരിശീലിപ്പിച്ചത്. അല്ലാതെ വിഷലിപ്തമായ കാർഷിക ഉൽപ്പന്നങ്ങൾ നൽകണം എന്നായിരുന്നില്ല. 

ഒരു നേരത്തെ ഭക്ഷണത്തിന് വിദേശ കപ്പലുകളെ ആശ്രയിക്കുന്ന ഇന്ത്യക്കാരുടെ ദയനീയ സാഹചര്യം ചൂണ്ടിക്കാണിച്ച് അന്നത്തെ സാമൂഹ്യശാസ്ത്ര വിദഗ്ധർ ഇന്ത്യൻ സാമ്പത്തികാവസ്ഥയെ വിശേഷിപ്പിച്ചത് ship to mouth economy എന്നായിരുന്നു. റഷ്യയും അമേരിക്കയും ഉൾപ്പെടുന്ന രാഷ്ട്രങ്ങൾ ശൂന്യാകാശ ഗവേഷണത്തിനും, ചന്ദ്ര പരിവേഷണത്തിനും തയ്യാറാവുമ്പോൾ, കുചേല വേഷത്തിൽ ഒരു നേരത്തെ വറ്റിന് വികസിത രാജ്യങ്ങളിൽ അലയുന്ന മന്ത്രിമാരുടെ കാഴ്ചകളും, അപേക്ഷയും 1960-കളിലെ മാധ്യമങ്ങളിൽ സാധാരണമായിരുന്നു.

പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി അന്ന് ആഴ്ചയിൽ ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കണം എന്ന് ജനങ്ങളോട് ആവശ്യപ്പെടുന്നു. വിവാഹസൽക്കാരങ്ങളിൽ ഗോതമ്പ് ഭക്ഷണം ഉപേക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു: ഈ സാഹചര്യങ്ങളൊക്കെ ഇന്നത്തെ യുവതലമുറയ്ക്ക് ചിന്തിക്കാൻ പോലും കഴിയില്ല. കാരണം, ഇന്ത്യ 2022- 23 സാമ്പത്തിക വർഷം 315 മില്യൻ ടൺ ഭക്ഷ്യ ഉൽപാദനം നടത്തുന്നു, ലോകത്തിന്റെ ഭക്ഷ്യധാന്യ കയറ്റുമതിയുടെ 40% ഇന്ത്യയുടെ നിയന്ത്രണത്തിലാണ് എന്നൊക്കെയുള്ള കണക്കുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയുന്ന യുവജനതക്ക്, ആ പഴയ പട്ടിണിക്കാല ചരിത്രം പഴങ്കഥയായിപ്പോലും ഉൾക്കൊള്ളാൻ കഴിയില്ല. കാരണം, അത്രകണ്ട് നമ്മുടെ കാർഷിക മേഖല ലോകത്തിന് മാതൃകയാകുന്ന തരത്തിൽ വളർന്നുകഴിഞ്ഞിരിക്കുന്നു.

photo: wikipedia

കാർഷിക മേഖലയിലെ ഈ വിപ്ലവകരമായ മാറ്റം സംഭവിച്ചത് എങ്ങനെ? സമഗ്രമായ സാമൂഹ്യ വികസനം ഒരു പരിധിവരെ ഇന്ത്യ സാധ്യമാക്കിയത് എന്തുകൊണ്ട്? ദാരിദ്ര്യനിരക്ക് 1950-കളിലെ 50 ശതമാനത്തിൽ നിന്ന് 2021-ൽ 20 ശതമാനത്തിനു താഴെ എത്തിച്ചത് എങ്ങനെ? ആരോഗ്യ മേഖലയിൽ, മരണനിരക്ക് കുറഞ്ഞതും ആയുർദൈഘ്യം 35 വയസിൽനിന്ന് 70-നുമുകളിലെത്തിയത് ഏതു സാഹചര്യത്തിൽ? വ്യാവസായിക ഭൂപടത്തിൽ ഇന്ത്യ കൈവരിച്ച നേട്ടം എന്തുകൊണ്ട്- ഈ ചോദ്യങ്ങളുടെ ഉത്തരം തേടിയാൽ ഏത് സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞനും എത്തിച്ചേരുക 1960-കളുടെ മദ്ധ്യത്തിൽ ഇന്ത്യൻ കാർഷിക മേഖലയിലുണ്ടായ ഹരിത വിപ്ലവം എന്ന കുതിച്ചുചാട്ടത്തിലായിരിക്കും. ഇന്ത്യക്കാരുടെ സമൂല വളർച്ച സാധ്യമാക്കിയ വിപ്ലവം.

ഹരിതവിപ്ലവം എന്ന പ്രതിഭാസത്തിലൂടെ ഇന്ത്യക്കാരെ കുചേല വേഷത്തിൽ നിന്ന് കുബേര വേഷത്തിലേക്ക് പരിവർത്തനപ്പെടുത്തിയത് ഒരു അതിഭൗതികശക്തിയോ അവതാര പുരുഷനോ ആയിരുന്നില്ല. അത് എം. എസ്. സ്വാമിനാഥൻ എന്ന ജൈവശാസ്ത്രജ്ഞനും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൂട്ടായി പ്രവർത്തിച്ച നിരവധി കർഷകരും കർഷക തൊഴിലാളികളും ആയിരുന്നു. നമ്മുടെ ആത്മാഭിമാനത്തെ മറ്റു രാജ്യങ്ങൾക്ക് മുൻപിൽ പണയം വെച്ച കെടുതിയുടെ കാലം അതിജീവിച്ച് ഭക്ഷ്യ സുരക്ഷാദേശമാക്കി ഭാരതത്തെ പരിവർത്തനപ്പെടുത്തിയ എം.എസ്. സ്വാമിനാഥൻ ഇന്ത്യൻ ഭക്ഷ്യസുരക്ഷയുടെ മറ്റൊരു നാമധേയമാണെന്ന് പറയുന്നതിൽ തെറ്റില്ല.

സാമ്പത്തിക ലക്ഷ്യത്തോടെ മാത്രം കൃഷിയെ നോക്കിക്കണ്ട ചിലർ, മണ്ണിനെയും, ജൈവസമ്പത്തിനെയും, ജലത്തെയും മലിനപ്പെടുത്തിയെങ്കിൽ ഹരിതവിപ്ലവം എന്ന നൂതന കൃഷിരീതിയല്ല അതിലെ പ്രതി.

ആഗസ്റ്റ് ഏഴിന് തമിഴ്നാട്ടിലെ കുംഭകോണത്താണ് ജനറൽ സർജൻ എം. കെ. സാംബശിവന്റെയും പാർവതി തങ്കമാളിന്റെയും രണ്ടാമത്തെ മകനായി മാങ്കൊമ്പ് സാംബശിവറാവു സ്വാമിനാഥൻ ജനിച്ചത്. മാങ്കൊമ്പ് എന്നത് സ്വാമിനാഥന്റെ കുട്ടനാട്ടുമായുള്ള ബന്ധത്തിന്റെ ഓർമപ്പെടുത്തലാണ്. സ്വാമിനാഥന്റെ പിതാവ് ജനിച്ചതും വളർന്നതും ആലപ്പുഴ ജില്ലയിലെ മാങ്കൊമ്പ് വില്ലേജിലെ, കാർഷിക കുടുംബത്തിലാണ്. ഈ കാർഷിക ശാസ്ത്രജ്ഞന്റെ പഠന - ഗവേഷണ കാലങ്ങൾ രണ്ടാം ലോകമഹായുദ്ധത്തിന്റെയും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെയും നാൾവഴികളിലൂടെയാണ് നടന്ന് നീങ്ങിയത്.  ലോകോത്തര സർവകലാശാലകളിൽ നിന്ന് അദ്ദേഹം പഠനം പൂർത്തിയാക്കി, 1954 മുതൽ താൻ ആർജിച്ചെടുത്ത കാർഷിക അനുഭവങ്ങളും, ശാസ്ത്രീയ അറിവുകളും ദുരന്തം നേരിട്ടു കൊണ്ടിരിക്കുന്ന തൻ്റെ കാർഷിക സമൂഹത്തിലേക്ക് എത്തിക്കുന്നതിനായുള്ള ശ്രമം തുടങ്ങി. അതിനു വേണ്ടി സർക്കാരിന്റെ അധീനതയിലുള്ള നെല്ലു ഗവേഷണ കേന്ദ്രത്തിലും, ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിലും ചേർന്ന് ഔദ്യോഗിക ജീവിതമാരംഭിച്ചു. ഭക്ഷണത്തിനായി വിദേശരാജ്യങ്ങളുടെ പടിവാതിൽക്കൽ കേഴുന്ന ദുരവസ്ഥയും 1962 കാലത്തെ ഭക്ഷ്യ ക്ഷാമവും ദാരിദ്ര്യവും ഒക്കെ എം എസ് സ്വാമിനാഥൻ എന്ന കാർഷിക ശാസ്ത്രജ്ഞനെ അലട്ടിയിരുന്നത് തികച്ചും സ്വാഭാവികം. ഈ സാമൂഹിക സാഹചര്യങ്ങളാണ് ഡോ. നോർമൻ ബോർലോഗ് എന്ന് ഹരിതവിപ്ലവത്തിന്റെ സൃഷ്ടാവായ തന്റെ ഗവേഷണ സുഹൃത്തിൻ്റെ അടുത്ത് എത്തിച്ചത്. ഈ കൂട്ടുകെട്ട് ഇന്ത്യയുടെ ഭക്ഷ്യധാന പ്രതിസന്ധിക്ക് അറുതി വരുത്തുന്നത്തിനുള്ള സൂത്രവാക്യത്തിലേക്ക് നയിച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തി. പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയും, കൃഷിമന്ത്രിയായിരുന്ന സി. സുബ്രഹ്മണ്യവും സ്വപ്നം കണ്ടയ ‘എല്ലാവർക്കും എല്ലായിപ്പോഴും ഭക്ഷണം’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുവാനുള്ള രാഷ്ട്രദൗത്യം സ്വാമിനാഥൻ എന്ന മദിരാശി ശാസ്ത്രജ്ഞനെ ഏൽപ്പിച്ചതുമുതൽ പുതിയ കാർഷിക ചരിത്രം രചിക്കപ്പെട്ടു.

അതിനുശേഷം നാം, നമ്മുടെ മുൻ തലമുറ നടന്ന കനൽവഴികൾക്ക് വിരാമമിട്ടു, വിപ്ലവകരമായ മാറ്റത്തിന് ഇന്ത്യൻ കാർഷിക മേഖല സാക്ഷ്യം വഹിച്ചു. അതായിരുന്നു ഹരിതവിപ്ലവം. ഇത് രണ്ടു വാക്കിൽ ഒതുക്കാൻ കഴിയുന്നതും കേവലം വരികൾക്കിടയിലെ അർത്ഥം നോക്കി ഗ്രഹിക്കാൻ സാധിക്കുന്നതുമായ വാക്കായിരുന്നില്ല, ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച്. വിശപ്പകറ്റി, ആത്മാഭിമാനത്തോടെ നിവർന്നുനിന്ന് രാഷ്ട്ര നിർമ്മാണത്തിൽ പങ്കുകൊള്ളാനുള്ള ഊർജ്ജമായിരുന്നു യഥാർത്ഥത്തിൽ ഹരിത വിപ്ലവത്തിലൂടെ വിളയിച്ചെടുത്ത ഒരോ ധാന്യമണികളും.

ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തി, ഭക്ഷ്യോത്പാദനം 50 മില്യൻ ടണ്ണിൽ നിന്ന് 320 മില്യൻ  ടണ്ണായി ഉയർത്തി, ഭക്ഷ്യോത്പാദനക്ഷമത ഒരു ഹെക്ടറിൽ 500-ല്‍ താഴെയായിരുന്നത് 1800 കിലോ/ ഹെക്ടറാക്കി, (ഭക്ഷ്യലഭ്യത ഉയർത്താൻ 1950- 1975 കാലത്ത് 2.5 ലക്ഷം വനഭൂമിയാണ് വെട്ടി നശിപ്പിച്ചത്) കൃഷിക്കായി വനഭൂമി നശീകരണം നിർത്തലാക്കാൻ കഴിഞ്ഞു, ആയുർദൈർഘ്യം 35.1 ൽ നിന്ന് 70 ആയി ഉയർത്തി, കാർഷിക അനുബന്ധ വ്യവസായങ്ങൾ തഴച്ചുവളർന്നു- ഇതെല്ലാം ഹരിതവിപ്ലവത്തിന്റെ ഫലം കൊണ്ടുമാത്രമാണെന്ന് കണക്കുകൾ തെളിയിക്കുന്നു.

വിശപ്പകറ്റി, ആത്മാഭിമാനത്തോടെ നിവർന്നുനിന്ന് രാഷ്ട്ര നിർമ്മാണത്തിൽ പങ്കുകൊള്ളാനുള്ള ഊർജ്ജമായിരുന്നു യഥാർത്ഥത്തിൽ ഹരിത വിപ്ലവത്തിലൂടെ വിളയിച്ചെടുത്ത ഒരോ ധാന്യമണികളും.

സ്വാമിനാഥനെ വേട്ടയാടുന്നവർക്കായി

ഭക്ഷണമില്ലാതെ മരിച്ചുവീഴണോ, അതോ (ചിലർ വിഷം എന്ന് ആരോപിക്കുന്ന) ഭക്ഷ്യധാന്യങ്ങൾ കഴിച്ച് വരുംനാളുകളിൽ ജീവിച്ചുകൊണ്ട് മരിച്ചു വീഴണോ? എന്ന ചോദ്യത്തിൽ നിന്നാകണം ഹരിത വിപ്ലവത്തിന്റെ ജയപരാജയങ്ങളെ വിലയിരുത്താൻ. സാമ്പത്തിക ലക്ഷ്യത്തോടെ മാത്രം കൃഷിയെ നോക്കിക്കണ്ട ചിലർ, മണ്ണിനെയും, ജൈവസമ്പത്തിനെയും, ജലത്തെയും മലിനപ്പെടുത്തിയെങ്കിൽ ഹരിതവിപ്ലവം എന്ന നൂതന കൃഷിരീതിയല്ല അതിലെ പ്രതി. മറിച്ച്, ഈ നൂതന കൃഷിരീതി കൈകാര്യം ചെയ്ത സംവിധാനങ്ങളുടെ പോരായ്മയും ആർത്തി പൂണ്ട മനസ്സും ആണ്. അതാണ് പ്രകൃതിയുടെ ചൂഷണത്തിലേക്ക് നയിച്ചിട്ടുള്ളത്.

ഹരിതവിപ്ലവത്തെയും സ്വാമിനാഥനെയും വേട്ടയാടുന്നവരോട് ഒന്ന് ചോദിക്കട്ടെ, പനിക്ക് പരിഹാരമായി പാരസെറ്റമോൾ കണ്ടുപിടിച്ചത് ജോൺ വോൺ മാറിൻ (1893) ആയിരുന്നല്ലോ? ഡോക്ടറുടെ നിർദ്ദേശമനുസരിച്ചു ഒരു ഗുളിക വീതം കഴിക്കുന്നതിനുപകരം രോഗി 10 ഗുളിക കഴിച്ച് ജീവഹാനി വരുത്തിയെങ്കിൽ പാരസെറ്റാമോളും അത് കണ്ടുപിടിച്ച ഗവേഷകരും, മരുന്ന കുറിച്ചു നൽകിയ ഡോക്ടറും അല്ല കുറ്റക്കാർ എന്ന് നമുക്കറിയാമെങ്കിൽ, എന്തുകൊണ്ട് എം.എസ്. സ്വാമിനാഥനെ മാത്രം സവർണ കൃഷിരീതിയുടെ പിതാവെന്ന് ആക്ഷേപിക്കുന്നു? ഈ തള്ളിപ്പറയലുകളെ കേവല യുക്തിരാഹിത്യത്തിൻ്റെ ജല്പനം മാത്രമായി കാണാൻ കഴിയില്ല, ചില രാഷ്ട്രീയ ഗൂഢാലോചനകളും, യാഥാസ്ഥിതിക മതചിന്തകളും ഉൾച്ചേർന്ന് പ്രവർത്തിക്കുന്നതായി സംശയിക്കേണ്ടി വരുന്നു. ജൈവകൃഷിയുടെ സാധ്യതകളിലൂടെ ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കാൻ മെനക്കെടുന്ന ഗാഢപരിസ്ഥിതിവാദികളോട് ശ്രീലങ്കയിൽ സംഭവിച്ച സാമ്പത്തിക പ്രതിസന്ധിയുടേയും ആഭ്യന്തര കലാപത്തിൻ്റേയും മൂലകാരണങ്ങൾ അന്വേഷിക്കണമെന്നാണ് പറയാനുള്ളത്.

photo: wikipedia

ആരോഗ്യമുള്ള പ്രകൃതി സാധ്യമാക്കുന്നതും ഉയർന്ന ഉൽപാദനക്ഷമതയും കർഷകർക്ക് ഉപജീവന സാധ്യതയും പരിഗണിക്കുന്ന സുസ്ഥിരമായ കാർഷിക സംസ്കാരത്തെയാണ് ഇന്ത്യയിൽ എം.എസ്. സ്വാമിനാഥൻ ആവിഷ്കരിക്കാൻ ശ്രമിച്ചത്.  വിശക്കുന്നവരുടെ ചിന്ത വയറിലാണെന്നിരിക്കെ, വിശക്കുന്നവർക്കുമുന്നിൽ ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങളുടെ ചിന്ത അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞെന്നുവരില്ല, വിശപ്പകറ്റുന്നത് എന്തും പട്ടിണിക്കാർക്ക് ഭക്ഷണമാണ്. സമൂഹത്തിന് ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങൾ ഉൽപാദിപ്പിക്കേണ്ടതില്ല എന്നല്ല ഇതിനർത്ഥം. വർത്തമാന സമൂഹത്തിന്റെ സാധ്യതകളെ പരിഗണിക്കുന്നതും ഭൂരിപക്ഷത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നതായ സമീപനമാണ് എന്നും സ്വാമിനാഥൻ എന്ന ജൈവശാസ്ത്രജ്ഞൻ ഇന്ത്യയുടെ കാർഷിക ഇടങ്ങളിൽ പരിശീലിപ്പിച്ചത് എന്നാണ് മനസ്സിലാക്കേണ്ടത്. അല്ലാതെ വിഷലിപ്തമായ കാർഷിക ഉൽപ്പന്നങ്ങൾ നൽകണം എന്നായിരുന്നില്ല. 

1970- ൽ ലോക ഹരിത വിപ്ലവ പിതാവായ നോർമൻ ബോർലോഗിന് നോബേൽ പുരസ്കാരം നൽകി ആദരിച്ചപ്പോൾ ഭക്ഷണലഭ്യതയിലെ സുസ്ഥിരത എന്നത്, മാനവരാശിയുടെ നിലനില്പിനും, ലോകസമാധാനത്തിനുമുള്ള അടിസ്ഥാനമാണെന്ന തിരിച്ചറിവാണ് നമുക്കുണ്ടായത്. അതുകൊണ്ട് സങ്കുചിത പ്രകൃതി തീവ്രവാദികളുടേയും, യാഥാസ്ഥിക പാരമ്പര്യവാദികളുടേയും കപട പ്രകൃതി - മനുഷ്യ ബോധനങ്ങളിൽ അകപ്പെടാതെ നോക്കണം. ഈ കൂട്ടരുടെ സംഘടിത ഗൂഢരാഷ്ട്രീയ സമവാക്യങ്ങളും, ജല്പനങ്ങളും ഇന്ത്യയുടെ അന്നദാതാവിന് ഭാരതരത്നം നൽകാതിരിക്കാനുള്ള ആശയമായി മാറിയെങ്കിൽ ഭൂരിപക്ഷം അസംഘടിത കർഷക സമൂഹങ്ങൾ അവരോട് ഒരു കാലത്തും ക്ഷമിക്കുകയില്ല.

Comments