ആണവ നിലയം സ്ഥാപിക്കുന്നതിനെതിരെ മാർച്ച് നയിച്ച എം.ടി

മലയാളിയുടെ നിരവധി സമരസന്ദർഭങ്ങളെ സ്വന്തം കാഴ്ചപ്പാടുകളിലൂടെ ജനകീയവും മാനവികവുമാക്കിത്തീർത്ത ഇടപെടലുകൾ എം. ടിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. എഴുത്തുപോലെ ആ സാമൂഹ്യ- രാഷ്ട്രീയ ഇടപെടലുകളും ചരിത്രപരമായിരുന്നുവെന്ന് എഴുതുന്നു കെ.ടി കുഞ്ഞിക്കണ്ണൻ.

ജീവിത സന്ദിഗ്ധതകളുടെയും സാക്ഷാൽക്കരിക്കപ്പെടാതെ പോകുന്ന മനുഷ്യാഭിലാഷങ്ങളുടെയും കഥകൾ മാസ്മരിക ഭാഷയാൽ ആവിഷ്കരിച്ച്, മലയാളി മനസ്സുകളെ കീഴടക്കിയ എഴുത്തുകാരനാണ് എം. ടി. വാസുദേവൻനായർ. വായനക്കാരുടെ എത്രയോ തലമുറകൾ, വ്യാസസന്നിഭമായ ആ സർഗ്ഗശേഷിയുടെ പ്രകാശനം അനുഭവിച്ചു. സർഗ്ഗഭാവനകൾക്കൊപ്പം, രാഷ്ടീയ- സാംസ്കാരിക നൈതികതയുടെയും അടയാളമായിരുന്നു ഈ എഴുത്തുകാരൻ. എഴുത്തുപോലെ ആ സാമൂഹ്യ ഇടപെടലുകളും ചരിത്രപരമായിരുന്നു.

കോഴിക്കോട് കൊട്ടാരം റോഡിലുള്ള 'സിതാര' ഞങ്ങൾക്കെന്നും അഭയവും ഒരാശ്വാസവുമായിരുന്നു. പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും വിവാദങ്ങൾ കൊഴുക്കുന്ന നാളുകളിലെല്ലാം ഞങ്ങൾ എം.ടിയെ കാണാൻ പോകുമായിരുന്നു. നീതിയുടെയും സത്യത്തിന്റെയും ജനകീയാവശ്യങ്ങളുടെയും പക്ഷത്തുനിന്നുള്ള പോരാട്ടങ്ങൾക്ക് എന്നും അദ്ദേഹം പിൻബലം നൽകി.

അടിയന്തരാവസ്ഥയിൽ കക്കയത്തെ കെ.എസ്.ഇ.ബി ഇൻസ്‌പെക്ഷൻ ബംഗ്ലാവിലെ പോലീസ് കോൺസെൻട്രേഷൻ ക്യാമ്പിൽ ഭീകര മർദ്ദനത്തിനിരയായി കൊലപ്പെട്ട ആർ.ഇ.സി. വിദ്യാർത്ഥി പി. രാജന് സ്മാരകമുണ്ടാക്കാനുള്ള സമരപ്രക്ഷോഭങ്ങൾക്കൊപ്പം എം.ടിയുണ്ടായിരുന്നു. സ്വേച്ഛാധിപത്യത്തിനെതിരായ പോരാട്ടത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും പ്രതീകമായി കക്കയത്ത് രാജന്റെ സ്മരണ ഉയർന്നുനിൽക്കണമെന്ന് എം.ടി. ആഗ്രഹിച്ചിരുന്നു. 14 വർഷം കഴിഞ്ഞിട്ടും കേരളത്തിലെ തടവറകളിൽ കഴിയുന്ന നക്സലൈറ്റ് തടവുകാരുടെ മോചനത്തിനായുള്ള കാമ്പയിനുകൾക്ക് എഴുത്തുകാരെയും സാംസ്കാരിക പ്രവർത്തകരെയും അണിനിരത്തുന്നതിൽ എം.ടിയുടെ പ്രസ്താവനയും ഇടപെടലും പ്രധാന പങ്ക് വഹിച്ചു.

എം.ടിയുടെ കോഴിക്കോട്ടെ വീട്, സിതാര
എം.ടിയുടെ കോഴിക്കോട്ടെ വീട്, സിതാര

അഡ്വ. കെ. വി. കെ. വാര്യർക്കൊപ്പം കാലാവധി കഴിഞ്ഞിട്ടും ജയിലിൽ കഴിയേണ്ടിവന്ന 14 രാഷ്ട്രീയതടവുകാരുടെ പ്രശ്നം ശ്രദ്ധയിൽപ്പെടുത്താൻ ഞങ്ങൾ എം.ടിയെ കണ്ടിരുന്നു. എല്ലാം കേട്ട്, ദീർഘമൗനത്തിനു ശേഷം അദ്ദേഹം, ഭരണകൂട ഭീകരതയെക്കുറിച്ചാണ് സംസാരിച്ചത്. തടവറകളിലും പീഡനമുറികളിലും ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരുടെ നിസ്സഹായതക്കു മുകളിൽ ഭരണകൂട ഭീകരത ക്രൂരമായി അഴിഞ്ഞാടുന്നതിനെക്കുറിച്ചുള്ള ആശങ്കകളാണ് അദ്ദേഹം അന്ന് പങ്കു​വെച്ചത്. അതൊന്നും ഒരു പരിഷ്കൃത സമൂഹത്തിനും പൊറുപ്പിക്കാവുന്നതല്ല എന്ന തിരിച്ചറിവിലാണ്, മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിൽ എം.ടി നിലപാടെടുത്തത്.

കേരളത്തിൽ ആണവ നിലയം സ്ഥാപിക്കുന്നതിനെതിരെ കോഴിക്കോട് ആർ.ഡി.ഒ ഓഫീസിലേക്ക് നടന്ന ബഹുജനമാർച്ച് നയിച്ചത് എം.ടിയായിരുന്നു. ഉദ്ഘാടനത്തിൽ, ആണവോർജ്ജം ഉപയോഗിക്കുന്നതിലുണ്ടായ പാളിച്ചകൾ മൂലമുണ്ടായ ദുരന്താനുഭവങ്ങളിലേക്ക് വിരൽചൂണ്ടി എം. ടി നടത്തിയ പ്രസംഗം, മുൻപിൻ ആലോചനയില്ലാത്ത വികസന കാഴ്ചപ്പാടുകൾക്കെതിരായ കുറ്റപത്രമായിരുന്നു. ത്രീ മൈൽ ഐലന്റിലും ചെർണോബിലിലും സംഭവിച്ച ആണവദുരന്തങ്ങൾ ജീവന്റെ സംഘടിത സമ്പൂർണ്ണതയായ പ്രകൃതിയെയും പരിസ്ഥിതിയെയും തകർത്തുകളഞ്ഞ അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കണമെന്ന താക്കീതായിരുന്നു ആ പ്രസംഗത്തിൽ മുഴങ്ങിയത്. അങ്ങനെ മലയാളിയുടെ എത്രയെത്ര സമര സന്ദർഭങ്ങളെ സ്വന്തം കാഴ്ചപ്പാടുകളിലൂടെ ജനകീയവും മാനവികവുമാക്കിത്തീർത്ത ഇടപെടലുകൾ, പ്രസംഗങ്ങൾ, പ്രസ്താവനകൾ എം. ടിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.

പെരിങ്ങോം നിർദ്ദിഷ്ട  ആണവ നിലയത്തിനെതിരെ പ്രസംഗിക്കുന്ന എം.ടി. / Photo: C. Unnikrishnan
പെരിങ്ങോം നിർദ്ദിഷ്ട ആണവ നിലയത്തിനെതിരെ പ്രസംഗിക്കുന്ന എം.ടി. / Photo: C. Unnikrishnan

രാജ്യം മതാധികാരത്തിന്റെ ഫാഷിസ്റ്റ് ഭീഷണികളിലേക്ക് നീങ്ങിയ സന്ദർഭത്തിൽ, അതിനെതിരെ ശക്തമായി പ്രതികരിക്കാനും എം.ടി. മടിച്ചില്ല. നാടിനും മനുഷ്യാവകാശങ്ങൾക്കും ഭീഷണിയാവുന്ന ദുരധികാരശക്തികളെ എന്നും നിശിതമായി വിമർശിച്ചിരുന്നു. നോട്ടുനിരോധനത്തിന്റെ അയുക്തികതയെയും ജനവിരുദ്ധതയെയും വിമർശിച്ചതിന്റെ പേരിൽ എം.ടിയ്ക്ക് ഫാഷിസ്റ്റ് അധികാരശക്തികളുടെ ആക്ഷേപങ്ങളേറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. നീതിക്കും സത്യത്തിനുംവേണ്ടി നിലകൊള്ളുന്നവർക്കെതിരെ അധികാര ശക്തികൾ നടത്തുന്ന സ്വഭാവിക പ്രതികരണമെന്ന വ്യാസഭാവത്തിലായിരുന്നു എം.ടി, അതിനെയെല്ലാം കണ്ടത്. തനിക്കെതിരായ ആക്ഷേപാക്രമണങ്ങളിൽ പ്രതിഷേധിക്കാൻ കോഴിക്കോട് ടൗൺഹാളിൽ ചേർന്ന യോഗത്തിൽ അദ്ദേഹം ഇങ്ങനെ പറയുകയും ചെയ്തു.

സഹിഷ്ണുതയുടെ സംസ്‌കാരം നഷ്ടമാക്കുന്നതരത്തിലുള്ള ഫാഷിസത്തിന്റെ കടന്നാക്രമണങ്ങൾക്കെതിരായ പ്രതിരോധങ്ങളിലും തന്റെ എഴുത്തിലൂടെയും സംസാരത്തിലൂടെയും അദ്ദേഹം നിരന്തരം പങ്കാളിയായി.

മലയാള സാഹിത്യചരിത്രത്തിൽ എം.ടിയോളം ഭാഷയുടെ മാസ്മരികത കൊണ്ടും പ്രമേയങ്ങളുടെ ലളിതസാധാരണത്വം കൊണ്ടും വായനക്കാരെ സ്വാധീനിച്ച മറ്റേതെങ്കിലും എഴുത്തുകാരുണ്ടോ? നാലുകെട്ടാണ് ആദ്യം വായിച്ചത്. പിന്നെ കാലവും മഞ്ഞും അസുരവിത്തും അറബിപ്പൊന്നും ഇരുട്ടിന്റെ ആത്മാവും. ഇന്നിപ്പോൾ എം. ടിയുടെ നോവലുകളിൽ ഏറ്റവും സ്വാധീനിച്ചത് രണ്ടാമൂഴമാണെന്ന് പറയേണ്ടിവരും.

Photo: C. Unnikrishnan
Photo: C. Unnikrishnan

വ്യാസഭാവനകളെ മണ്ണിലേക്കിറക്കിക്കൊണ്ടുവരിക മാത്രമല്ല, മഹാഭാരത കഥാപാത്രങ്ങളുടെ മൗനത്തിന്റെ ഇടവേളകളെ തനിക്കുമാത്രം സാധ്യമായ ഭാഷയുടെയും വാക്കുകളുടെയും സൗന്ദര്യാത്മകതയിലൂടെ വാചാലമാക്കുകയായിരുന്നു എം.ടി. വ്യാസപ്രതിഭയുടെ കരുത്തും സൗന്ദര്യവും രണ്ടാംമൂഴത്തിനുണ്ടായിരുന്നു. ചരിത്രത്തിലും ഇതിഹാസങ്ങളിലും നായകസ്ഥാനത്തെത്തുന്നവർ മാത്രമാണ് ആഘോഷിക്കപ്പെടുന്നത്. ചരിത്രത്തിൽ പേരുകൾ അടയാളപ്പെടുത്തപ്പെട്ടില്ലാത്ത, എന്നാൽ ചരിത്രത്തിന് വളമായി തീരുന്നവരെ കുറിച്ച് അന്റോണിയോ ഗ്രാംഷി നടത്തുന്ന നിരീക്ഷണം സാന്ദർഭികമായി ഓർമിക്കുന്നു.

ഇതിഹാസകൃതിയിൽ ഭീമാകാരമായ ശരീരമായി മാത്രം അവതരിപ്പിക്കപ്പെട്ട ഭീമസേനന്റെ ആത്മസംഘർഷങ്ങളുടെയും പ്രണയസങ്കടങ്ങളുടെയും മറ്റൊരു ഇതിഹാസ കഥയായി രണ്ടാമൂഴം മാറുകയായിരുന്നു. മഹാഭാരതകഥയിൽ നിന്ന് വേറിട്ട് ഭീമന് എം.ടി. നായകസ്ഥാനം കൽപിച്ചു. ഒരു ഇതിഹാസജന്മം മുഴുവൻ രണ്ടാമൂഴത്തിനായി കാത്തുനിൽക്കേണ്ടിവന്ന ഭീമന്റെ ആത്മസന്ദിഗ്ധതകളുടെ ഹൃദയസ്പർശിയായ ആവിഷ്‌കാരമായിരുന്നു ഈ നോവൽ.

ഇതിഹാസകഥയിലെ യുദ്ധോത്സുകതയിലും പരസ്പരം തോൽപ്പിക്കാനുള്ള മത്സരവാസനകൾക്കുമിടയിൽ ഏകാന്തമായി പോകുന്ന ഭീമസേനന്റെ വ്യഥകളാണ് രണ്ടാമൂഴത്തെ മറ്റൊരു ഇതിഹാസകഥയാക്കി മാറ്റിയത്. ധർമ്മപുത്രനായ യുധിഷ്ഠിരന്റെയും വില്ലാളിവീരനായ അർജ്ജുനന്റെയും ആഘോഷപൂർവ്വമായ അവതരണങ്ങൾക്കിടയിൽ വ്യാസഭാരതത്തിൽ നായകത്വം നഷ്ടപ്പെട്ട കഥാപാത്രമാണ് ഭീമസേനൻ. പാഞ്ചാലിയുടെ പ്രണയത്തിനുവേണ്ടി ഭീമൻ ചെയ്യാത്തതായി ഒന്നുമില്ല. കല്ല്യാണസൗഗന്ധികം തേടി പോകാനും, പാഞ്ചാലിയുടെ ശപഥം സാക്ഷാൽക്കരിക്കാനും അഞ്ചു പേരിൽ ഒരു ഭീമനേ ഉണ്ടായിരുന്നുള്ളൂ. കൗരവസദസ്സിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട് അപമാനിതയായി നിൽക്കുമ്പോൾ ദുശ്ശാസനന്റെ രക്തം കണ്ടേ അടങ്ങൂ എന്ന് ശപഥം ചെയ്തവളാണല്ലോ പാഞ്ചാലി. ആ ശപഥം സാക്ഷാത്കരിച്ചത് മഹാഭാരതയുദ്ധവേളയിൽ ദുശ്ശാസനന്റെ മാറുപിളർന്ന് ആ രക്തം കൊണ്ട് ദ്രൗപതിയുടെ മുടി കഴുകിക്കൊടുത്ത ഭീമനാണല്ലോ. അർജ്ജുനനേക്കാൾ ഭീമൻ പാഞ്ചാലിയെ പ്രണയിച്ചു. എന്നാലവളോ, അർജ്ജുനനെ മാത്രവും.

Photo: C. Unnikrishnan
Photo: C. Unnikrishnan

സ്വന്തം പിതൃത്വം പോലും ചോദ്യംചെയ്യപ്പെടുന്ന ഇതിഹാസ സന്ദർഭങ്ങളുടെ ഗദാപ്രഹരം ഏറ്റുവാങ്ങുകയാണ് വ്യാസ മഹാഭാരതത്തിലെ ഭീമൻ. ഹിഡുംബിയിൽ ഭീമന് പിറന്ന ഘടോൽക്കചൻ എന്ന മകൻ മഹാഭാരതയുദ്ധത്തിൽ മരിച്ചുവീഴുന്നത് ഒരു വാർത്തയേയാകുന്നില്ല. എന്നാൽ ലോകസംസാരം അർജ്ജുനപുത്രൻ അഭിമന്യു പത്മവ്യൂഹത്തിൽപ്പെട്ട് മൃതിയടഞ്ഞതിനെക്കുറിച്ചായിരുന്നു.

ഒരു പിതാവെന്ന നിലയ്ക്കും ഭീമൻ വ്യാസന്റെ മഹാഭാരതത്തിൽ അർജ്ജുനന് പിറകെ മാത്രം അവതരിപ്പിക്കപ്പെട്ടു. ഇതിഹാസകഥയിലെ കായിക ശക്തിയുടെ ആൾരൂപമായ ഭീമൻ രണ്ടാമൂഴത്തിൽ നിർഭാഗ്യകരമായ ജീവിതാനുഭവങ്ങളിൽ വ്യതിഥമനസ്കനായൊരു സാധാരണക്കാരനാണ്. എല്ലാം ചെയ്യുമ്പോഴും എന്നും എവിടെയും അവഗണിക്കപ്പെട്ട് പുറന്തള്ളപ്പെടുന്ന നിർഭാഗ്യവാൻ. യുദ്ധവിജയങ്ങളിൽ നിർണായക സ്ഥാനത്തുനിൽക്കുമ്പോഴും തന്റേതായ ഏകാന്തവ്യഥകളെ പുണർന്നുകഴിയേണ്ടിവരുന്ന ഭീമനെ നായകസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിലൂടെ, ഇതിഹാസങ്ങളിലും ആഖ്യാനങ്ങളിലും ജീവിതത്തിൽ തന്നെയും പരിത്യക്തരാക്കപ്പെടുന്ന മനുഷ്യരുടെ ആത്മ സംഘർഷങ്ങളായിരുന്നു എം.ടി സാക്ഷാൽക്കരിച്ചത്.

Comments