കാനം എന്നാൽ വിട്ടുവീഴ്ചയില്ലാത്ത ഇടതുനയം

വ്യക്തിപരമായ പല പ്രശ്നങ്ങളും പാർട്ടി കമ്മിറ്റികളുടേയും സമ്മേളനങ്ങളുടെയും സുഗമമായ പോക്കിന് തടസ്സം നിൽക്കുന്നുവെന്ന് തോന്നിയ ഘട്ടങ്ങളിലെല്ലാം കാനം രാജേന്ദ്രൻ ഉറച്ച നിലപാടെടുത്തു. ഇത് പാർട്ടിയ്ക്കകത്ത് ചിലരുടെയെങ്കിലും നെറ്റി ചുളിപ്പിച്ചു. സ്​ഥാനാർഥി നിർണയത്തിലും പാർട്ടി മന്ത്രിമാരുടെ തെരഞ്ഞെടുപ്പിലുമെല്ലാം ഇത് പ്രതിഫലിച്ചുവെങ്കിലും ജനാധിപത്യകേന്ദ്രിതമായ തീരുമാനങ്ങളിൽ നിന്ന് പിറകോട്ടുപോകാൻ കാനം തയാറായില്ല.

വയുഗം എഡിറ്റർ ആർ. അജയനോട് കഴിഞ്ഞ ദിവസം ചോദിച്ചു: സെക്രട്ടറിക്കെങ്ങനെയുണ്ട്? ‘പൊതുവെ ക്ഷീണിതനാണ്. പ്രമേഹം മൂർച്ഛിച്ച് കാൽപാദം മുറിച്ചുമാറ്റിയതിനെത്തുടർന്നുള്ള പ്രശ്നങ്ങളുണ്ട്. നേരിട്ട് കാണാനും സംസാരിക്കാനും തുനിയുന്നത് വലിയ വിഷമമാണ്. കണ്ടുനിൽക്കാൻ പ്രയാസം.’

ഊർജ്ജസ്വലനായി ഇത്രയും കാലം പ്രവർത്തിച്ച കാനത്തെ താനൊരു രോഗിയായി എന്ന തോന്നൽ മാനസികമായി തളർത്തിക്കാണണം. എങ്കിലും ഇത്ര പെട്ടെന്നുള്ള വിയോഗം പാർട്ടി പ്രവർത്തകർക്കും ഇടത് രാഷ്ട്രീയത്തിനും കേരളത്തി​ന്റെ പൊതുജീവിതത്തിനും വലിയ ആഘാതമായി എന്നത് സത്യമാണ്. മൂന്നുമാസമായി ചികിൽസയിലും വിശ്രമത്തിലുമായിരുന്നു അദ്ദേഹം.

പാർലമെൻ്ററി രാഷ്ട്രീയത്തിന്റെ ആഡംബരങ്ങളോട് പ്രതിപത്തിയില്ലാത്ത നേതാവായിരുന്നു ചെറുപ്പം തൊട്ടേ കമ്യൂണിസ്റ്റ് പാർട്ടിയുടെ പോഷകസംഘടനകളുടെ അമരക്കാരനായി മാറിയ കാനം. പാർട്ടി പിളർപ്പിനു ശേഷം സി.പി.ഐയെ സംബന്ധിച്ച് ബാലികേറാമലയായിരുന്ന കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും കാനം രാജേന്ദ്രനും വിരലിലെണ്ണാവുന്ന സഖാക്കളും സഞ്ചരിച്ചാണ് പാർട്ടി കെട്ടിപ്പടുത്തത്. വാഴൂരിൽ നിന്ന് നിയമസഭാംഗമായ കാലത്താണ് കൺസ്​ട്രക്ഷൻ വർക്കേഴ്സ്​ വെൽഫെയർ ബിൽ അദ്ദേഹം അവതരിപ്പിച്ചത്. കോട്ടയം കൂട്ടിക്കൽ ഗ്രാമത്തിൽ ജനിച്ച കാനം രാജേന്ദ്രൻ, കോട്ടയം സി.എം.എസ്​ കോളേജിൽ പഠിക്കുന്ന കാലത്ത് എ.ഐ.എസ്​.എഫ് പ്രവർത്തകനായി പൊതുജീവിതമാരംഭിച്ചു.

കാനം രാജേന്ദ്രൻ

പ്ലാന്റേഷൻ തൊഴിലാളിയും എ.ഐ.ടി.യു.സി പ്രവർത്തകനുമായിരുന്ന അച്ഛനിൽ നിന്നാണ് വിപ്ലവരാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. തോട്ടം തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുകയും ട്രേഡ് യൂണിയൻ പ്രസ്​ഥാനത്തിന്റെ അമരക്കാരനായി പിൽക്കാലത്ത് മാറുകയും ചെയ്യുന്നതിനു പിന്നിൽ യൗവനകാലത്തെ തോട്ടങ്ങളിലെ ജീവിതം കണ്ടറിഞ്ഞതും കാരണമാകണം. സംഘടനാരംഗത്ത് സജീവമാകുമ്പോൾ തന്നെ സൈദ്ധാന്തികമായും കാനം പാർട്ടി അണികളെ സദാ ബോധവാന്മാരാക്കി. സി.കെ. ചന്ദ്രപ്പെൻ്റ പിൻഗാമിയെന്ന നിലയിൽ കനത്ത ഉത്തരവാദിത്തവുമായാണ് അദ്ദേഹം പാർട്ടി സംസ്​ഥാന സെക്രട്ടറി പദം വഹിച്ചുപോന്നത്. ചന്ദ്രപ്പന്റെ സ്​കൂളായതുകൊണ്ടു തന്നെ ഒത്തുതീർപ്പിന്റെ രാഷ്ട്രീയം കാനത്തിന് അന്യമായിരുന്നു.

കണിയാപുരം രാമചന്ദ്രൻ

കാനം രാജേന്ദ്രൻ –കണിയാപുരം രാമചന്ദ്രൻ നേതൃദ്വയം അഖിലേന്ത്യാ യുവജന ഫെഡറേഷൻ (എ.ഐ.വൈ.എഫ്) സംസ്​ഥാന കമ്മിറ്റിയുടെ തലപ്പത്ത് തിളങ്ങിനിന്നിരുന്നപ്പോൾ അവർ ഒരിക്കൽ നയിച്ച കേരള ജാഥാംഗമായിരുന്നു ഈ ലേഖകനും. കണിയാപുരം രാമചന്ദ്രന്റെ ഉജ്വല പ്രഭാഷണവും കാനത്തിന്റെ സരളമായ കോട്ടയം സ്ലാങ് സരസ ഭാഷണവും കേട്ട് ത്രില്ലടിച്ച ജാഥാ നാളുകൾ. അവരുടെ ആത്മാർത്ഥത, പാർട്ടി പ്രതിബദ്ധ തുടങ്ങിയ ഗുണങ്ങൾ എന്നെപ്പോലെ നിരവധി പേരെ അന്ന് ആ സംഘടനയിലേക്ക് ആകർഷിച്ച ഘടകങ്ങളിൽ ചിലതായിരുന്നു.

തോപ്പിൽ ഗോപാലകൃഷ്ണൻ, സന്ധ്യ രാജേന്ദ്രൻ (വിജയകുമാരിയുടെയും ഒ. മാധവന്റെയും മകൾ), സനൽ ഇടമറുക്, ഗീത നസീർ (എൻ.ഇ. ബലറാമിന്റെ മകൾ), ഗിരിജാ ജോർജ്, കെ.എൻ.എ. ഖാദർ, ഗായകൻ വി.ടി. മുരളി, ബിനോയ് വിശ്വം, കെ.പി. രാജേന്ദ്രൻ, തെന്നിലാപുരം രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്​പീക്കറായിരുന്ന ജോസ്​ ബേബി, സത്യൻ മൊകേരി, ഇ.കെ. വിജയൻ തുടങ്ങി നിരവധി മുഖങ്ങൾ ഇപ്പോൾ ഓർമയിൽ തെളിയുന്നു.

നിലപാടുകളിലെ സ്ഥൈര്യം, വീക്ഷണത്തിലെ സുതാര്യത, ഓരോ വിഷയങ്ങളോടും പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്തതും ഇടതുനയത്തിൽ നിന്ന് വ്യതിചലിക്കാത്തതുമായ ആർജവമേറിയ സമീപനം... ഇതൊക്കെ നിശ്ചയമായും കാനം രാജേന്ദ്രനെ വ്യത്യസ്​തനാക്കി.

പി. കൃഷ്ണപിള്ള, സി. അച്യുതമേനോൻ, എം.എൻ. ഗോവിന്ദൻ നായർ, ഇ.എം.എസ്​ എന്നിവരായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി രണ്ടാകും മുമ്പ് കേരള ഘടകത്തെ നയിച്ചവർ. പിന്നീട് എം.എൻ, എസ്​. കുമാരൻ, എൻ.ഇ. ബലറാം, പി.കെ.വി, വെളിയം ഭാർഗവൻ, സി.കെ. ചന്ദ്രപ്പൻ എന്നിവർ സി.പി.ഐ സെക്രട്ടറിമാരായി. ആ മഹാരഥന്മാർ അലങ്കരിച്ച കസേരയിൽ കാനത്തിന് രണ്ടാമൂഴമായിരുന്നു. ചന്ദ്രപ്പനായിരുന്നു എല്ലാ അർഥത്തിലും കാനത്തിനൊരു മാതൃക. അഭിപ്രായം തുറന്നുപറയാനും പാർട്ടിയുടെ പൊതുവായ വികാരത്തോട് ചേർന്നുനിൽക്കാനും അദ്ദേഹം യത്നിച്ചു. അതുകൊണ്ടു തന്നെ വ്യക്തിപരമായ പല പ്രശ്നങ്ങളും പാർട്ടി കമ്മിറ്റികളുടേയും സമ്മേളനങ്ങളുടെയും സുഗമമായ പോക്കിന് തടസ്സം നിൽക്കുന്നുവെന്ന് തോന്നിയ ഘട്ടങ്ങളിലെല്ലാം കാനം ഉറച്ച നിലപാടെടുത്തു. ഇത് പാർട്ടിയ്ക്കകത്ത് ചിലരുടെയെങ്കിലും നെറ്റി ചുളിപ്പിച്ചു. സ്​ഥാനാർഥി നിർണയത്തിലും പാർട്ടി മന്ത്രിമാരുടെ തെരഞ്ഞെടുപ്പിലുമെല്ലാം ഇത് പ്രതിഫലിച്ചുവെങ്കിലും ജനാധിപത്യകേന്ദ്രിതമായ തീരുമാനങ്ങളിൽ നിന്ന് പിറകോട്ടുപോകാൻ കാനം തയാറായില്ല.

നല്ല വായനക്കാരനും സമാന്തര സിനിമാപ്രസ്​ഥാനത്തോട് ആഭിമുഖ്യമുള്ളയാളുമായിരുന്നു കാനം. അദ്ദേഹത്തിന്റെ പ്രതിവാരക്കുറിപ്പുകൾ നവയുഗം വാരികയിൽ സ്​ഥിരമായി വന്നുകൊണ്ടിരുന്നു. അത് കേരളത്തിൽ പാർട്ടിയുടെ നയരേഖയായി മാറി പലപ്പോഴും. സാമൂഹിക ജീവിതത്തിലെ സൗമ്യസാന്നിധ്യം എന്ന വിശേഷണം തീർച്ചയായും കാനം രാജേന്ദ്രന് ചേർന്നതായിരുന്നു.

ഇടതുരാഷ്ട്രീയത്തിന്റെ കേരളത്തിലെ ഏറ്റവും ഉജ്വലമായൊരു മുഖമാണ് കാനം രാജേന്ദ്രന്റെ മരണത്തോടെ വേർപെട്ടുപോയത്. കമ്യൂണിസ്റ്റ് – ഇടതുപക്ഷ ഭൂമികയുടെ ഗതകാല ഓർമകളിൽ ദീപ്തമായ ഒട്ടേറെ അനുഭവങ്ങൾ സമ്മാനിച്ച് കടന്നുപോകുന്ന പ്രിയപ്പെട്ട സഖാവിന് റെഡ് സല്യൂട്ട്.


മുസാഫിർ

‘മലയാളം ന്യൂസി’ൽ ന്യൂസ്​ എഡിറ്റർ.

Comments