വിദ്യാധരൻ മാസ്റ്ററുടെ
ജയേട്ടൻ…

അന്തരിച്ച ഗായകൻ പി. ജയചന്ദ്രനുമായുള്ള ആത്മബന്ധം ഓർക്കുന്നു, ഗായകനും സംഗീതജ്ഞനുമായ വിദ്യാധരൻ.

ന്നലെ ജയേട്ടന്റെ (പി. ജയച​ന്ദ്രൻ) വിയോഗം. ഇന്ന്, ദാസേട്ടന്റെ (യേശുദാസ്) 85-ാം പിറന്നാൾ.

ആ വിയോഗം എങ്ങനെ സഹിക്കാനാണ്?

സാധാരണ മട്ടിലുള്ള സിനിമാബന്ധത്തിലുപരിയായ ബന്ധമായിരുന്നു എനിക്ക് ജയേട്ടനുമായി ഉണ്ടായിരുന്നത്. അതിഗംഭീരമായ മാനസികബന്ധം. അതുകൊണ്ടുതന്നെ എന്റെ നിശ്ശബ്ദനാക്കിക്കളയുന്നു, ഈ വിയോഗം.

ഞാന്‍ ആറാട്ടുപുഴയിലും അദ്ദേഹം ഇരിങ്ങാലക്കുടയിലുമാണല്ലോ താമസിച്ചിരുന്നത്. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം മുതല്‍ അദ്ദേഹവുമായി എനിക്ക് ബന്ധമുണ്ട്. ഞാൻ രാത്രി നാടക റിഹേഴ്സലും അതിന്റെ പാട്ടുമൊക്കെയായി കഴിയുമ്പോൾ അദ്ദേഹവും ഞങ്ങളോടൊപ്പം കൂടും, പാട്ടുമായി.

സിനിമയിൽ അദ്ദേഹത്തിനെപ്പോലെ, തീർത്തും വ്യത്യസ്തമായി, ഒരു പ്രത്യേക ശൈലിയിൽ പാടുന്ന മറ്റൊരാളില്ല എന്നു പറയാം.

സിനിമാപാട്ടുകളേക്കാൾ മറ്റുതരത്തിലുള്ള എന്റെ പാട്ടുകളാണ് അ​ദ്ദേഹം ഏറെയും പാടിയിട്ടുള്ളത്. പ്രേമഗാനങ്ങൾ, അയ്യപ്പഭക്തിഗാനങ്ങൾ, ഓണപ്പാട്ടുകൾ തുടങ്ങിയവ. എന്റെ സിനിമാപാട്ടുകൾ കുറച്ചേ പാടിയിട്ടുള്ളൂ എങ്കിലും എല്ലാം ഹിറ്റാണ്. ആദ്യം അദ്ദേഹം പാടിയ എന്റെ ഗാനം, 1980-ൽ പുറത്തിറങ്ങിയ ആഗമനം എന്ന സിനിമയിലേതാണ്, ‘തപ്പുകൊട്ടി തകിലുകൊട്ടി…’ എന്ന പാട്ട്. പിന്നെ നൂൽപ്പാലം എന്ന സിനിമയിലെ പാട്ട്.

‘‘എന്റെ സിനിമാപാട്ടുകൾ കുറച്ചേ ജയചന്ദ്രൻ പാടിയിട്ടുള്ളൂ എങ്കിലും എല്ലാം ഹിറ്റാണ്’’- വിദ്യാധരൻ.
‘‘എന്റെ സിനിമാപാട്ടുകൾ കുറച്ചേ ജയചന്ദ്രൻ പാടിയിട്ടുള്ളൂ എങ്കിലും എല്ലാം ഹിറ്റാണ്’’- വിദ്യാധരൻ.

വ്യത്യസ്തതയായിരുന്നു ജയേട്ടന്റെ പാട്ടുകളുടെ പ്രത്യേകത. അതുകൊണ്ടാണ്, അദ്ദേഹം ഭാവഗായകനായി മാറിയത്. സിനിമയിൽ അദ്ദേഹത്തിനെപ്പോലെ, തീർത്തും വ്യത്യസ്തമായി, ഒരു പ്രത്യേക ശൈലിയിൽ പാടുന്ന മറ്റൊരാളില്ല എന്നു പറയാം. ഒരാള്‍ സ്വന്തം ശൈലിയിലും രീതിയിലും പാടുമ്പോഴാണല്ലോ വ്യത്യസ്തതയുണ്ടാകുന്നത്. ആ വ്യത്യസ്തതയാണ് ജയേട്ടന്റെ സവിശേഷത. പിന്നെ ഉച്ചാരണം. പാട്ടിന്റെ വരികള്‍ നമ്മളെ ബോധ്യപ്പെടുത്തുന്ന രീതിയില്‍ പാടിത്തരും. ക്ലാസിക്കല്‍ സംഗീതം പഠിച്ചിട്ടില്ലെങ്കിലും, എല്ലാം ഹൃദിസ്ഥമാക്കിയിട്ടുണ്ട്. പാട്ടുകളെക്കുറിച്ച് അപാരജ്ഞാനമായിരുന്നു.

കഴിഞ്ഞ മാസം 24ന് ഗുരുവായൂരിൽ ചെമ്പൈ സംഗീതോത്സവത്തിന്റെ ഭാഗമായി നടന്ന ഒരു സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ​പ്പോഴാണ് ഞാൻ അദ്ദേഹത്തെ അവസാനമായി കണ്ടത്. സഹിക്കാനാകുന്നില്ല, ആ വേർപാട്…

Comments