പാട്ടിന്റെ മധുരക്കിനാവിലൂടെ മച്ചാട് വാസന്തി തീർത്ത കരിമ്പിൻ തോട്ടങ്ങൾ

കോഴിക്കോടിന്റെ മെഹ്ഫിൽ വേദികളിലും നാടകങ്ങളിലും പാടിയിരുന്ന ആദ്യ ഗായികയായിരുന്നില്ല മച്ചാട്ട് വാസന്തി. എന്നാൽ ഏറ്റവും ജനകീയതയുള്ള ഗായികയായിരുന്നു. വാസന്തിയുടെ മുമ്പും അവരുടെ ഒപ്പവും പാടിയ എത്രയോ ഗായികമാർ വേഗം തന്നെ രംഗത്ത് നിന്ന് പിൻവാങ്ങിയപ്പോൾ വാസന്തി ഏതാണ്ട് ആറുപതിറ്റാണ്ടോളം ഈ മേഖലയിൽ തുടർന്നു എന്നത് ചെറിയ കാര്യമല്ല.

ലബാറിലെ സംഗീത സദസ്സുകളിൽ ആറു പതിറ്റാണ്ട് നിലനിന്ന ഗായികയാണ് മച്ചാട്ട് വാസന്തി. പഴയ സംഗീത ക്ലബ്ബ്കളിൽ തുടങ്ങി പുതിയ കാലത്തെ ഗാനമേളയിലേക്ക് വരെ പടർന്നു കിടക്കുന്നതാണ് മച്ചാട്ട് വാസന്തിയുടെ സംഗീത ജീവിതം. നാടകത്തിലും ലളിത ഗാനത്തിലും സിനിമയിലുമെല്ലാം സജീവമായിരുന്ന മച്ചാട്ട് വാസന്തിയുടെ കാലം കോഴിക്കോടൻ ലളിത സംഗീതത്തിന്റെ സുവർണ്ണ കാലം കൂടിയായിരുന്നു.

അച്ഛൻ മച്ചാട്ട് കൃഷ്ണന്റെ പാട്ട് കേട്ടാണ് വാസന്തിക്ക് സംഗീതത്തിൽ താല്പര്യം തോന്നി തുടങ്ങിയത്. മച്ചാട്ട് കൃഷ്‌ണൻ കമ്യുണിസ്റ്റ് പാർട്ടി വേദികളിലെ മുഖ്യ പാട്ടുകാരനായിരുന്നു. വയലാറും പി ഭാസ്കരനും എഴുതിയ വിപ്ലവ ഗാനങ്ങൾ അദ്ദേഹം പാടി. കണ്ണൂരിനടുത്തുള്ള കക്കാടിൽ താമസിക്കുന്ന വാസന്തിയുടെ കുടുംബം കോഴിക്കോട് എത്താൻ കാരണം എം എസ് ബാബുരാജായിരുന്നു. ഒരിക്കൽ ബാബുരാജ് കണ്ണൂരിലെ പാർട്ടി വേദിയിൽ പാടാൻ വന്നപ്പോൾ അവിടെ പാടാൻ കൊച്ചു വാസന്തിയും ഉണ്ടായിരുന്നു. അന്ന് വാസന്തി പാടിയ ‘പൊട്ടിക്കൂ പാശം സമരാവേശം’ എന്ന പാട്ട് ബാബുരാജ് ശ്രദ്ധിച്ചു. പരിപാടി കഴിഞ്ഞതിന് ശേഷം ബാബുരാജ് വാസന്തിയെ അഭിനന്ദിച്ചു. കോഴിക്കോട് വന്നാൽ പാട്ടുപാടാൻ കൂടുതൽ അവസരങ്ങൾ കിട്ടുമെന്ന് പറഞ്ഞു. അടുത്ത ആഴ്ച വാസന്തിയും കുടുംബവും കോഴിക്കോട്ട് എത്തി. ഒരു വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങി.

വാസന്തിയുടെ വീടിന് അടുത്തായിരുന്നു മങ്കേഷ്ക്കർ റാവു താമസിച്ചിരുന്നത്. അദ്ദേഹം ഗുജറാത്തി സ്കൂളിലെ കുട്ടികളെ സംഗീതം പഠിപ്പിക്കാൻ മംഗലാപുരത്ത് നിന്നും വന്നതായിരുന്നു. വാസന്തി ഏതാണ്ട് രണ്ടു വർഷത്തോളം അദ്ദേഹത്തിന്റെ കീഴിൽ പഠിച്ചു. ഹിന്ദുസ്ഥാനി പഠിച്ചാൽ ഹിന്ദി പാട്ടുകൾ നന്നായി പാടാൻ കഴിമെന്ന് വാസന്തിക്ക് മനസ്സിലായി. അക്കാലത്ത് വേദികളിൽ ധാരാളം ഹിന്ദി പാട്ടുകൾ വാസന്തി പാടാറുണ്ടായിരുന്നു.

 മച്ചാട്ട്  വാസന്തിയുടെ കാലം കോഴിക്കോടൻ  ലളിത  സംഗീതത്തിന്റെ സുവർണ്ണ  കാലം കൂടിയായിരുന്നു.
മച്ചാട്ട് വാസന്തിയുടെ കാലം കോഴിക്കോടൻ ലളിത സംഗീതത്തിന്റെ സുവർണ്ണ കാലം കൂടിയായിരുന്നു.

രാഷ്ട്രീയ ഗാനങ്ങൾക്ക് നല്ല പ്രാധാന്യമുള്ള കാലമായിരുന്നു വാസന്തിയുടെ കുട്ടിക്കാലം. രാഷ്ട്രീയ ഗായകൻ എന്ന നിലയിൽ മച്ചാട്ട് കൃഷ്ണൻ മലബാർ മുഴുവൻ അറിയപ്പെട്ടിരുന്നു. കോഴിക്കോട് അബ്ദുൾ ഖാദർ, ബാബുരാജ് എന്നിവർ ആയിരുന്നു പാർട്ടിയുടെ മറ്റ് പ്രധാന ഗായകർ. അന്ന് പാർട്ടി യോഗങ്ങളിൽ പാടിയാൽ കിട്ടുന്ന കാശ് വളരെ കുറവായിരുന്നു. പണമായിരുന്നില്ല രാഷ്ട്രീയ പ്രതിബദ്ധതയായിരുന്നു അവരെ അത്തരം വേദികളിൽ എത്തിച്ചിരുന്നത്.

ബാബുരാജിന്റെ കൂടെ ഗാനമേളയിൽ പാടി തുടങ്ങിയ കാലത്ത് തന്നെയാണ് അദ്ദേഹം ആദ്യമായി സംഗീത സംവിധാനം നിർവഹിച്ച മിന്നാമിനുങ്ങ്(1957 ) ലും പാടാൻ വാസന്തിക്ക് അവസരം കിട്ടുന്നത്. മിന്നാമിനുങ്ങിലെ “തത്തമ്മേ തത്തമ്മേ നീ പാടിയാൽ അത്തിപ്പഴം തന്നീടാം ” ആയിരുന്നു ആദ്യ പാട്ട്. മീന സുലോചനയായിരുന്നു സഹഗായിക. ‘ആര് ചൊല്ലീടും ആര് ചൊല്ലീടും ആയിരംകഥ’ മറ്റൊരു പാട്ട്. ഇതും മീനാസുലോചനയുടെ കൂടെ തന്നെ. മെഹബൂബിന്റെ കൂടെ പാടിയ“കൊല്ലത്ത് നിന്നൊരു പെണ്ണ് കൊയിലാണ്ടിയിൽ നിന്നൊരു ചെക്കൻ” മൂന്നാമത്തെ പാട്ട് . പി ഭാസ്ക്കരനാണ് മിന്നാമിനുങ്ങിലെ പാട്ടുകളെല്ലാംഎഴുതിയത്. സിനിമയിൽ എത്തുന്നതിന് മുമ്പ് പി ഭാസ്കരന്റെ കവിത ചൊല്ലിയാണ് വാസന്തി കണ്ണൂരിൽ കിസാൻ സമ്മേളന വേദിയിൽ അരങ്ങേറ്റം കുറിച്ചത്.

എം എസ്  ബാബുരാജ്
എം എസ് ബാബുരാജ്

ആദ്യ സിനിമയിലെ പാട്ടുകൾക്ക് ശേഷം ഒരു ഇടവേള ഉണ്ടായി. ആ സമയത്താണ് എച്ച്. എം. വി. യിൽ ലളിത ഗാനങ്ങൾ പാടാൻ അവസരം ലഭിക്കുന്നത്. അന്ന് എച്ച് എം വി യുടെ പാട്ടുകൾ ചെന്നൈയിലാണ് റെക്കോർഡ് ചെയ്തിരുന്നത്. “പൂച്ചമ്മ പെണ്ണിനെ പൂക്കുല തുള്ളിച്ച പൂവാലൻ അണ്ണാനെ”. വയലാർ എഴുതിയ പാട്ട് വാസന്തിക്ക് ഒരുപാട് പ്രശംസ നേടി. ആ വർഷം ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കസറ്റിലെ ഗാനം കൂടിയായിരുന്നു. “ഉച്ചമര പൂന്തണലിൽ കൊച്ചു കളിവീട് വെച്ച് അച്ഛനമ്മയായി കളിച്ചതോർമ്മയുണ്ടോ”. ഭാസ്കരൻ മാഷ് എഴുതിയ പാട്ട് ബാബുരാജിന്റെ കൂടെ പാടി. തിക്കോടിയൻ എഴുതിയ ലളിത ഗാനം “ചൂളിവരും കാറ്റിൽ മൂളിവരും വണ്ടേ” എച്ച് എം വി ക്ക് വേണ്ടി പാടി. രാഘവൻ മാഷായിരുന്നു സംഗീതം. ഇതൊന്ന് മാത്രമായിരുന്നു രാഘവൻ മാഷുടെ സംഗീതത്തിൽ പാടിയത്. ബാക്കിയെല്ലാം ബാബുരാജായിരുന്നു.വാസന്തിക്ക് എച്ച്. എം. വിയിൽ നിന്ന് കൃത്യമായി റോയൽറ്റി കിട്ടിയിരുന്നു. ഒരു വർഷം രണ്ടായിരമോ മൂവായിരമോ ഉണ്ടാവും. അന്ന് അതൊരു വലിയ സംഖ്യയായിരുന്നു.

കോഴിക്കോട് അബ്ദുൾ  ഖാദർ
കോഴിക്കോട് അബ്ദുൾ ഖാദർ

നാടകവുമായി ബന്ധപ്പെട്ട കാലം വാസന്തിയുടെ ജീവിതത്തിൽ തിളക്കമുള്ള കാലമായിരുന്നു. ചെറുകാടിന്റെ നമ്മളൊന്നിൽ പാടിയ “പച്ച പനം തത്തേ പുന്നാര പൂമുത്തേ” അതിവേഗം പ്രചാരം നേടി. കോഴിക്കോട് അബ്ദുൾ ഖാദറിന്റെ കൂടെ പാടിയ ഗാനം എഴുതിയത് പൊൻകുന്നം ദാമോദരനാണ്. റെക്കോർഡിൽ പാടിയത് ഭാഗീരഥി. എന്നാൽ സ്റ്റേജിൽ സ്ഥിരമായി വാസന്തി പാടിയത് കൊണ്ട് റെക്കോർഡിലും വാസന്തിയാണ് പാടിയത് എന്ന് ചിലർ തെറ്റിദ്ധരിച്ചു. ഗായിക എന്ന റോളിനോപ്പം വാസന്തി നാടകത്തിലും തന്റെ ഭാഗ്യം പരീക്ഷിച്ചു. നെല്ലിക്കോട് ഭാസ്‍കന്റെ തിളക്കുന്ന കടൽ എന്ന നാടകത്തിൽ അഭിനയിച്ചു. അതിലെ നായികയും ഗായികയും ആയിരുന്നു. രചന കാലടി ഗോപി. ആദ്യ നാടകത്തിന് ശേഷം രണ്ടു വർഷം കഴിഞ്ഞാണ് ഈഡിപ്പസ്സിൽ അഭിനയിക്കുന്നത് . കുഞ്ഞാണ്ടിയുടെയും ബാലൻ കെ നായരുടെയും കൂടെ കഥാനായകന്റെ അമ്മയായ ജാക്കോസ്തയുടെ വേഷം.

ഗായിക എന്ന റോളിനോപ്പം വാസന്തി നാടകത്തിലും തന്റെ ഭാഗ്യം പരീക്ഷിച്ചു. നെല്ലിക്കോട് ഭാസ്‍കന്റെ  തിളക്കുന്ന കടൽ എന്ന  നാടകത്തിൽ അഭിനയിച്ചു. അതിലെ നായികയും ഗായികയും ആയിരുന്നു.
ഗായിക എന്ന റോളിനോപ്പം വാസന്തി നാടകത്തിലും തന്റെ ഭാഗ്യം പരീക്ഷിച്ചു. നെല്ലിക്കോട് ഭാസ്‍കന്റെ തിളക്കുന്ന കടൽ എന്ന നാടകത്തിൽ അഭിനയിച്ചു. അതിലെ നായികയും ഗായികയും ആയിരുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ അരങ്ങുകളിൽ കളിച്ച നാടകങ്ങളിൽ ഒന്നായിരുന്നു കണ്ടംബെച്ച കോട്ട്. അതിൽ കുഞ്ഞീബി എന്ന കഥാപാത്രം വാസന്തി അഭിനയിച്ചു. പി എൻ എം ആലിക്കോയുമായി ചേർന്നു പാടിയ “വരണ്ടുള്ള പുഴവക്കത്ത് ഉണങ്ങിയ മരത്തിന്മേൽ കരഞ്ഞു കൊണ്ടിരിക്കുന്ന കുരുവി പക്ഷീ” വളരെ വേഗം ജനകീയമായി. പിന്നീട് അഭിനയിച്ചത് ബഹദൂറിന്റെ ബല്ലാത്ത പഹയൻ എന്ന നാടകത്തിൽ. അതിൽ സൽമ എന്ന കഥാപാത്രം. അടുത്തത് പി ജെ ആൻറ്റണി യുടെ ഉഴവ്ച്ചാൽ. കഥാപാത്രത്തിന്റെ പേര് വിലാസിനി.കൂടെ പാടിയത് സി ഒ ആൻറ്റോ. “പാട്ടും പാടി അലഞ്ഞു നടക്കും ചെപ്പടി വിദ്യകാരാ” എന്ന പാട്ട്. വാസുപ്രദീപിന്റെ കണ്ണാടി കഷ്ണങ്ങൾ എന്ന നാടകത്തിൽ നടി സലീന സിസിലിന് വേണ്ടി പിന്നണി പാടി. “സംഗീതമേ ദീപമേ സുന്ദര കലയിൽ വിലസം ലളിതേ. ആഹ്വാൻ സെബാസ്റ്റ്യനായിരുന്നു സംഗീതം.

 അമ്പിളി, പി.ലീല, ജാനകി എന്നിവർക്കൊപ്പം മച്ചാട്ട് വാസന്തി
അമ്പിളി, പി.ലീല, ജാനകി എന്നിവർക്കൊപ്പം മച്ചാട്ട് വാസന്തി

മിന്നാമിനുങ്ങിന് ശേഷം എട്ടു വർഷം കഴിഞ്ഞാണ് അടുത്ത സിനിമയിൽ പാടാൻ അവസരം കിട്ടിയത്. എൻ. എൻ. പിഷാരടി സംവിധാനം ചെയ്ത അമ്മു (1965 ). യൂസഫലി കേച്ചേരിയുടെ വരികളും ബാബുരാജിന്റെ സംഗീതവുമായിരുന്നു. കുഞ്ഞി പെണ്ണിന് കണ്ണെഴുതാൻ’ എന്ന സംഘഗാനം. അതിൽ എസ് ജാനകി, എൽ. ആർ ഈശ്വരി, ചന്ദ്രശേഖരൻ തമ്പി എന്നിവരുടെ കൂടെ ബാബുരാജും പാടി. 1969 ലാണ് വാസന്തിയുടെ സംഗീത ജീവിതത്തിൽ വഴിത്തിരുവുണ്ടാക്കിയ ഓളം തീരവും എന്ന സിനിമയിൽ പാടാൻ അവസരം കിട്ടുന്നത് . എം ടി വാസുദേവൻ നായർ എഴുതി പി എൻ മേനോൻ സംവിധാനം ചെയ്ത സിനിമയിൽ ‘മണിമാരൻ തന്നത് പണമല്ല പൊന്നല്ല മധുര കിനാവിന്റെ കരിമ്പിൻ തോട്ടം’ യേശുദാസിന്റെ കൂടെ പാടി. വാസന്തിപാടിയ പാട്ടുകളിൽ ഏറ്റവും വലിയ ഹിറ്റ്. ‘മണിമാരന്റെ’ റെക്കോർഡിങിനിടെ ബാബുരാജിന്റെ മനോധർമ്മത്തിനിടയായ ഒരുസംഭവം ഉണ്ടായി. പാട്ടിൽ ഒരിടത്ത് ഗായിക ചിരിക്കുന്നുണ്ട്. അത് ആദ്യം ഉണ്ടായിരുന്നില്ല. റെക്കോർഡിങ് സമയത്ത് വാസന്തി എന്തോ പറഞ്ഞു ചിരിച്ചതാണ്. ബാബുരാജിന് അത് നല്ലതാണെന്ന് തോന്നി റീ ടേക്ക് എടുത്തപ്പോൾ വാസന്തിയോട് വീണ്ടും ചിരിക്കാൻ പറഞ്ഞു.

മണിമാരന്റെ വിജയത്തിന് ശേഷം വാസന്തിയും കുടുംബവും മദ്രാസിൽ സ്ഥിര താമസമാക്കാൻ ആലോച്ചിരുന്നു. അതിന് എസ് ജാനകിയുടെ പിന്തുണയും ഉണ്ടായിരുന്നു. “നീ ഇവിടെ നിന്നോ. ഇവിടെ ആകുമ്പോൾ നിനക്ക് കൂടുതൽ അവസരങ്ങൾ കിട്ടും.” ജാനകി വാസന്തിയോട് പറഞ്ഞു. അത് പ്രകാരം മദ്രാസിൽ നിൽക്കാൻ അവർ തീരുമാനിച്ചു. പക്ഷെ വിധി മറ്റൊന്നായിരുന്നു. ഭർത്താവിന്റെ അസുഖം മൂലം വാസന്തിക്ക് നാട്ടിലേക്ക് വരേണ്ടി വന്നു.

ഓളവും തീരത്തിന് ശേഷം എം ടി യുടെ കുട്ട്യേടത്തിയിൽ (1971 )ബാബുരാജിന്റെ സംഗീതത്തിൽ എം ടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതിയുടെ കൂടെ സ്വാതി തിരുന്നാളിന്റെ കീർത്തനം പാടി. പി ലീലയുടെ കൂടെ ‘ചിത്രലേഖേ പ്രിയം വദേ’ എന്ന തിരുവാതിര പാട്ടും പാടി. കുട്ടിക്കുപ്പായത്തിലെ ‘ഒരു കൊട്ടാ പൊന്നുണ്ടല്ലോ’ എന്ന പാട്ടിൽ പങ്കാളിയാവാനുമുള്ള അവസരം കിട്ടി. എൽ ആർ ഈശ്വരിയായിരുന്നു മുഖ്യ ഗായിക.

 എൽ ആർ ഈശ്വരി
എൽ ആർ ഈശ്വരി

നിരവധി ക്ലബ്ബുകൾ ഉണ്ടായിരുന്ന കോഴിക്കോട് ബ്രദേഴ്‌സ് മ്യൂസിക്ക് ക്ലബ്ബിൽ പാടിയ അനുഭവവും വാസന്തിക്കുണ്ട് . “നാളെ വരുന്നു നിന്റെ മാരൻ നിന്റെ നാഥൻ പിന്നെ നാണം കുണുങ്ങി നിൽക്കുന്നതെന്തിന്” ക്ലബ്ബിലെ പരിപാടിക്ക് പാടിയാണ്. ആരാണ് എഴുതിയതെന്നോ സംഗീതം കൊടുത്തതെന്നോ അറിയില്ല. അക്കാലത്ത് ക്ലബ്ബിലെ വാർഷിക പരിപാടികൾക്ക് ഹിന്ദിയും പാടാറുണ്ടായിരുന്നു. ആകാശവാണിയിൽ രാഘവൻ മാഷുടെ സംഗീതത്തിൽ എത്രയോ ലളിത ഗാനങ്ങൾ പാടിയിട്ടുണ്ട്. പലതും ലൈവ് പരിപാടികൾ ആയിരുന്നത് കൊണ്ട് പാട്ടുകൾ ലഭ്യമല്ല. ഉദയഭാനു വിന്റെ കൂടെ പാടിയ “നീയാരോ ദേവതേ കാത്തു നിൽക്കൂ പാതയിൽ”. “പൊന്നോണ പൈങ്കിളിയെ വാ” എന്നിവ അവയിൽ ചിലതാണ്.

ഓളവും തീരത്തിന് ശേഷം ഇരുപത്തഞ്ച് വർഷം കഴിഞ്ഞാണ് സിനിമയിൽ വീണ്ടും പാടുന്നത്. മീശമാധവനിൽ ഗിരീഷ് പുത്തഞ്ചേരി എഴുതി വിദ്യാസാഗർ സംഗീതം കൊടുത്ത ഗാനം “ പത്തിരി ചുട്ടു വിളമ്പി പുത്തരി പാത്തുമ്മ”. പക്ഷെ സിനിമയിൽ പാട്ട് ഉൾപ്പെടുത്തിയില്ല. അത് കൊണ്ട് വാസന്തിക്ക് അത് ഗുണം ചെയ്തില്ല. ശേഷം വടക്കുംനാഥനിലെ ‘തത്തക തത്തക തത്തക തത്തകളെത്തി തത്തും കല്യാണം’ എന്ന പാട്ടിന്റെ പ്രാരംഭമായി വരുന്ന ‘ആളകമ്പടിയോടും മേളവാദ്യഘോഷത്തോടും നാളെ നിന്റെ വേളിച്ചെക്കൻ വരുന്നൂ തത്തേ’ പാടി. കവിയൂർ പൊന്നമ്മയാണ് സിനിമയിൽ ഈ രംഗത്തിൽ അഭിനയിച്ചത് . അത് ഒരു മുഴുനീളെ പാട്ട് ആയിരുന്നില്ല. അതിനു ശേഷം സ്റ്റേജ് പരിപാടികളിലൂടെ മച്ചാട്ട് വാസന്തി തന്റെ സംഗീത ജീവിതം തുടർന്നു.

കോഴിക്കോടിന്റെ മെഹ്ഫിൽ വേദികളിലും നാടകങ്ങളിലും പാടിയിരുന്ന ആദ്യ ഗായികയായിരുന്നില്ല മച്ചാട്ട് വാസന്തി. എന്നാൽ ഏറ്റവും ജനകീയതയുള്ള ഗായികയായിരുന്നു. വാസന്തിയുടെ മുമ്പും അവരുടെ ഒപ്പവും പാടിയ എത്രയോ ഗായികമാർ വേഗം തന്നെ രംഗത്ത് നിന്ന് പിൻവാങ്ങിയപ്പോൾ വാസന്തി ഏതാണ്ട് ആറുപതിറ്റാണ്ടോളം ഈ മേഖലയിൽ തുടർന്നു എന്നത് ചെറിയ കാര്യമല്ല. സിനിമയിൽ അവസരം കുറഞ്ഞപ്പോഴും ഗാനമേളകളിലൂടെ നിൽക്കാൻ സാധിച്ചു.


Summary: Nadeem Naushad is remembering the playback singer Machattu Vasanthi.


നദീം നൗഷാദ്

സംഗീതത്തെ കുറിച്ച് എഴുതുന്നു. പി. വത്സല, കോഴിക്കോട് അബ്ദുള്‍ഖാദര്‍ എന്നിവരെ കുറിച്ച് ജീവചരിത്ര ഡോക്യുമെന്‍ററികള്‍ സംവിധാനം ചെയ്തു. മധുരത്തെരുവ് (നോവൽ), മെഹ്ഫിലുകളുടെ നഗരം (പഠനം), പാടാനോര്‍ത്തൊരു മധുരിതഗാനം (എഡിറ്റര്‍) തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments