ഒരു ഫിക്ഷൻ അല്ലാതായി മാറുകയായിരുന്നു
വയനാട്, പി. വത്സലയിലൂടെ

‘‘ആദിവാസികൾ അനുഭവിച്ച പട്ടിണിയും ചൂഷണവും അന്യവത്കരണവുമെല്ലാം വായനക്കാർ പത്രവാർത്തകളേക്കാൾ ആഴത്തിൽ അറിഞ്ഞത് പി. വത്സലയുടെ നോവലുകളിലൂടെയും കഥകളിലൂടെയുമാണ്’’- പി. വത്സലയെക്കുറിച്ചുള്ള ജീവചരിത്ര ഡോക്യുമെന്ററി എടുത്ത അനുഭവമെഴുതുന്നു, നദീം നൗഷാദ്.

പി. വത്സലയെ പറ്റി ജീവചരിത്ര ഡോക്യുമെന്ററി എടുക്കുന്ന കാലത്താണ് ഞാൻ കഥകളിൽ നിന്നും നോവലിൽ നിന്നും അറിഞ്ഞ എഴുത്തുകാരിയുടെ രചനകൾക്കുപിന്നിലെ ജീവിതം അന്വേഷിക്കുന്നത്.
ആദ്യ ചോദ്യം, വത്സലയെ എഴുത്തുകാരി എന്ന നിലയിൽ പ്രശസ്തയാക്കിയ ‘നെല്ലി’നെ കുറിച്ചായിരുന്നു.
‘‘1967 ഏപ്രിൽ 2 നാണ് ഞാൻ തിരുനെല്ലിയിലെത്തിയത്. ആദിവാസികളെ കുറിച്ച് അറിയാനുള്ള ആഗ്രഹമായിരുന്നു ഇതിനുള്ള പ്രേരണ. യഥാർത്ഥ ആദിവാസി ജീവിതത്തെ പറ്റി അറിയണമെങ്കിൽ തിരുനെല്ലിയിൽ പോകണമെന്ന് പറഞ്ഞത് കെ. പാനൂരായിരുന്നു. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് തിരുനെല്ലിയിൽ കുടിയേറ്റക്കാർ കുറവായിരുന്നു. ആരും പറയാത്തതിനെ പറ്റി എഴുതാൻ പറ്റുമല്ലോ എന്ന ചിന്തയുമുണ്ടായിരുന്നു. എനിക്കുമുമ്പ് മലയാറ്റൂർ രാമകൃഷ്ണൻ പൊന്നി എഴുതിയിരുന്നെങ്കിലും അത് ആദിവാസി ജീവിതത്തെ കുറിച്ചുള്ള യഥാർത്ഥ ചിത്രീകരണമായി തോന്നിയില്ല.”
വത്സല തന്നെ വന്നു കണ്ട അനുഭവത്തെ പറ്റി കെ. പാനൂരും എഴുതിയിട്ടുണ്ട്: “ആറുമാസം മാത്രം പ്രായമായ കൈകുഞ്ഞിനെയുമെടുത്ത് കോരിച്ചോരിയുന്ന മഴയത്ത് തിരുനെല്ലി കാടുകളിലേക്ക് യാത്ര പുറപ്പെട്ടു പോയ വത്സലയുടെ മുഖത്ത് കണ്ട നിശ്ചയദാർഢ്യം ഒന്നു വേറെത്തന്നെയായിരുന്നു. വയനാട്ടിലെ അടിയരുടെ ജീവിതം കണ്ടുപഠിക്കാൻ, അവർക്കിടയിൽ ചെന്ന് ജീവിക്കാനൊരുങ്ങി പുറപ്പെട്ട ഒരു സ്ത്രീ. ഒരു പുരുഷനും ധൈര്യപ്പെട്ടില്ലാത്ത ഒരു സാഹസമായിരുന്നു അത്. വയനാട്ടിലെ തിരുനെല്ലി കാടുകളിൽ അവർ നാട്ടിയ ആദ്യത്തെ വിജയക്കൊടിയാണ് ‘നെല്ല്’.”

ഭൂരിഭാഗം മലയാളികളും അന്നുവരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത ഒരു ജീവിതം വായനക്കാർക്ക് കാണിച്ചുകൊടുക്കാൻ വത്സല ഉപേക്ഷിച്ചത് തൻ്റെ സുരക്ഷിതസ്ഥലത്തുള്ള (comfort zone ) ജീവിതമായിരുന്നു. എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘വിഷകന്യക’ കുടിയേറ്റക്കാരുടെ വീര പരാക്രമങ്ങളെ ഉദാത്തവൽക്കരിച്ചപ്പോൾ കുടിയേറ്റങ്ങളുടെ മഴവെള്ളപ്പാച്ചിലിൽ നിസ്സഹായരായി നിന്നുപോയ ആദിവാസികളുടെ ജീവിതം വത്സല മലയാളിക്ക് കാണിച്ചുതന്നു.

വത്സലയെ എഴുത്തുകാരി എന്ന നിലയിൽ അടയാളപ്പെടുത്തിയത് ആദിവാസി ജീവിതത്തെ കുറിച്ച് എഴുതിയ നോവലുകളായിരുന്നു. വത്സലയുടെ വയനാട് നോവൽ ത്രയത്തിലെ നെല്ല്, ആഗ്നേയം, കൂമൻകൊല്ലി എന്നിവ കൃത്യമായ രാഷ്ട്രീയം പറയുന്നവയാണ്. നക്സലൈറ്റ് വിപ്ലവത്തിന് മുമ്പുള്ള ആദിവാസി ജീവിതാവസ്ഥയെ പറ്റി നെല്ലിൽ പറയുമ്പോൾ, ആഗ്നേയം, നക്സലൈറ്റ് വിപ്ലവകാലത്തെ കഥയും, കൂമൻകൊല്ലി അതിനുശേഷമുള്ള കാലത്തെ കഥയും പറയുന്നു. അറുപതുകളുടെ അവസാനവും എഴുപതുകളുടെ തുടക്കത്തിലും ആദിവാസികൾ, ജന്മിമാർ, കുടിയേറ്റക്കാർ എന്നിവരുടെ ഇടയിൽ സംഭവിച്ച രാഷ്ട്രീയവൽക്കരണത്തിന്റെ സൂക്ഷ്‌മമായ ചിത്രമുണ്ട് ഈ നോവലുകളിൽ. ആദിവാസികൾ അനുഭവിച്ച പട്ടിണിയും ചൂഷണവും അന്യവത്കരണവുമെല്ലാം വായനക്കാർ പത്രവാർത്തകളേക്കാൾ ആഴത്തിൽ അറിഞ്ഞത് വത്സലയുടെ നോവലുകളിലൂടെയും കഥകളിലൂടെയുമാണ്.

തിരുനെല്ലിയിൽ വെച്ച് വർഗീസിനെ പരിചയപ്പെട്ട കാലം വത്സല ഓർക്കുന്നു: “തിരുനെല്ലിയിൽ വന്ന് ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ ഒരു ദിവസം സന്ധ്യാസമയത്ത് ഞങ്ങൾ വയൽക്കരയിലൂടെ നടന്നുപോകുമ്പോൾ ഒരു കൂട്ടം ചെറുപ്പക്കാർ അവിടെയിരുന്ന് സംസാരിക്കുന്നതു കണ്ടു. അവരിൽനിന്ന് നീണ്ടു മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ എഴുന്നേറ്റ് എന്റെ അടുത്തേയ്ക്ക് വന്നു. അത് വർഗീസായിരുന്നു. വർഗീസ് ചോദിച്ചു, ടീച്ചർ എപ്പോഴാണ് വന്നതെന്ന്. വർഗീസിന് എന്നെ എങ്ങനെ പരിചയം എന്നറിയില്ല. കുറച്ചുനേരം സംസാരിച്ചു. പിന്നെ വർഗീസിനെ കണ്ടിട്ടില്ല. അന്ന് വർഗീസ് ആദിവാസികളുടെ ഇടയിൽ അവരുടെ അവകാശങ്ങൾക്കുവേണ്ടി ബോധവൽക്കരണം നടത്തിക്കൊണ്ടിരിക്കുന്ന കാലം. അതൊരു പുതിയ വിപ്ലവത്തിലേക്കുള്ള തുടക്കമാണെന്ന് ഞങ്ങൾക്കറിയാം. ഇങ്ങനെയൊരു വിപ്ലവം തിരുനെല്ലിയിൽ ഉണ്ടാകുമെന്ന സൂചന ‘നെല്ല്’ എഴുതിക്കഴിഞ്ഞപ്പോൾ തന്നെ എനിക്ക് കിട്ടിയിരുന്നു. വർഗീസിനെ കണ്ടപ്പോൾ വർഗീസ് തന്നെ സ്വാഭാവികമായും അടുത്ത നോവലിൽ കഥാനായകനായി വന്നു. ആ സംഭവം വന്നപ്പോഴാണ് ‘ആഗ്നേയം’ എന്ന നോവൽ എഴുതണമെന്ന് തോന്നിയത്.”

വര്‍ഗീസ്

നക്സലൈറ്റ് വർഗീസ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാണെന്ന് കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ കുറ്റസമ്മതം നടത്തുന്നതിന്റെ വർഷങ്ങൾക്കുമുമ്പുതന്നെ ആഗ്നേയത്തിൽ അത് പറയുന്നു. പൗലോസിന്റെ (വർഗീസ്) മരണം നോവലിൽ നങ്ങേമ്മ പ്രവചിക്കുന്നു;
“നാളെ പൗലോസ് മരിക്കും, ഏറ്റുമുട്ടലിൽ’’
“ഏറ്റുമുട്ടലിലോ”
“അതെ”
“ആരുമായിട്ട് ?”
“ആരെങ്കിലും വേണോ? വാർത്ത പോരേ? ഏറ്റുമുട്ടലിൽ മരിച്ചു എന്ന വാർത്ത പരക്കും, പരക്കണം. അതാണല്ലോ അതിൻ്റെ ശരി.”
പൗലോസിനെ പോലീസ് പിടിച്ചുകൊണ്ട് പോകുന്നത് കണ്ട നങ്ങേമ്മയുടെ ആത്മഭാഷണം ഇങ്ങനെ: “പൗലോസേ, നിന്റെ മോഹങ്ങളുടെ കൂമ്പുകൾ അകാലത്ത് വന്ന കാട്ടുതീയിൽ എരിഞ്ഞുപോയി. നിന്റെയും അപ്പുവിന്റെയും അതുപോലെ അനേകം ചെറുപ്പക്കാരുടെയും.”

വത്സലയുടെ തിരുനെല്ലിയിലെ വീട്ടിൽവെച്ച് കഥാപാത്രങ്ങളായ കാളിയെയും, കണ്ണാമനെയും കണ്ടു. കാളിയുടെ സ്വപ്നങ്ങൾ, കണ്ണാമന്റെ പോത്തുകൾ എന്നീ കഥകളിലെ കഥാപാത്രങ്ങളാണ് അവർ. വത്സലയോടുള്ള അവരുടെ സ്നേഹവും അടുപ്പവും പെരുമാറ്റത്തിൽ നിന്ന് ബോധ്യമായി. കാളിയുടെ സ്വപ്നങ്ങളിലെ കാളി കുരുമുളക് ചെടികൾ നട്ട് നനച്ചു വളർത്തുന്നു. ഓരോ ദിവസവും മുളകുവള്ളികൾ പടരുന്നത് സ്വന്തം കുഞ്ഞിനെ പോലെ അവൾ നിരീക്ഷിച്ചു. താൻ കാവൽനിന്ന് വളർത്തിയ മുളകു വള്ളികൾ ഒടുവിൽ ഭർത്താവ് ചമയൻ വിൽക്കാൻ കൊണ്ടുപോകുമ്പോൾ അവൾ ദുഃഖത്തോടെ നോക്കിനിന്നു.

കണ്ണാമൻ്റെ പോത്തുകളിൽ, കണ്ണാമൻ തൻ്റെ പോത്തുകളെ നോക്കാൻ മകൻ കുഞ്ഞി ഒതേനനെ ഹോസ്റ്റലിൽനിന്ന് വിളിച്ചുകൊണ്ടു വരുന്നു. പോത്തുകളെ മേയ്ക്കുന്നതിൽ അവന് വലിയ താല്പര്യമുണ്ടായിരുന്നു. പോത്തുകളുടെ പുറത്തേറി കാട്ടിലേക്കുപോയ മകൻ പിന്നെ വീട്ടിലേക്കു മടങ്ങിവരുന്നില്ല. അവനെ വീട്ടിലേക്ക് മടക്കിക്കൊണ്ടുവരാനാകില്ലെന്ന് മനസ്സിലാക്കിയ കണ്ണാമൻ മകനെ അവന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ വിടുന്നു.

ദലിത് ജീവിതം ഒരു മുഖ്യധാരാ സാഹിത്യവിഷയമായി മാറുന്നതിന് വളരെ മുമ്പു തന്നെ വത്സല ‘നമ്പറുകൾ’ എന്നൊരു നോവൽ എഴുതി. ദലിത് സാഹിത്യത്തെ കുറിച്ച് വലിയ ചർച്ചകൾ നടന്ന കാലത്ത് ആരും വത്സലയുടെ നോവലിനെ ഓർത്തില്ല.
“ഇന്ന് ദലിത് സാഹിത്യത്തെ പറ്റി മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നില്ലേ. ഞാൻ ‘നമ്പറുകൾ’ എഴുതിയ കാലത്ത് ആരും അതിനെ ശ്രദ്ധിച്ചില്ല. ശ്രദ്ധിക്കേണ്ട വിഷയമാണെന്ന് ആരും പറഞ്ഞിട്ടുമില്ല.”

ആദിവാസികൾക്ക് സർക്കാർ കൊടുക്കുന്ന വിദ്യാഭ്യാസത്തെ പറ്റിയുള്ള വിമർശനമാണ് ‘മഴകുന്നികൾ’ എന്ന കഥ.
“ആദിവാസി വിദ്യാഭ്യാസത്തെ കുറിച്ചുള്ള എന്റെ നിലപാടാണ് ഞാൻ മഴകുന്നികളിൽ പറഞ്ഞിരിക്കുന്നത്. സർക്കാറിന്റെ വിദ്യാഭ്യാസമാണോ ആദിവാസികൾക്ക് കൊടുക്കേണ്ടത് എന്ന ചോദ്യം പ്രധാനമാണ്. ആദിവാസികളുടെ മേൽ, അവരുടെ ജീവിതത്തിൽ നിന്നും സംസ്കാരത്തിൽ നിന്നും അന്യമായ ഒരു വിദ്യാഭ്യാസം അടിച്ചേൽപ്പിക്കുകയാണ്. നഗരത്തിലെത്തി വിദ്യാഭ്യാസം നേടിയ ആദിവാസി തന്റെ ഊരിലേക്ക് തിരിച്ചുപോകുന്നില്ല. അങ്ങനെ തിരിച്ചുപോയ ഒരാൾ അട്ടപ്പാടിയിലെ ഡോക്ടർ കമലാക്ഷി ആയിരിക്കും. അധികപേരും തങ്ങളുടെ വേരുകൾ മറക്കാനാണ് ഇഷ്ടപ്പെടുക.”

സ്ത്രീഎഴുത്തിനെ പറ്റി വത്സലയുടെ നിരീക്ഷണം വളരെ വ്യത്യസ്തവും ധീരവുമാണ്. തൻ്റെ എഴുത്തിന്റെ വഴി സ്വാതന്ത്ര്യത്തിന്റെ വഴിയാണെന്ന് അവർ പ്രഖാപിക്കുന്നു: “സ്ത്രീക്ക് വിമോചന തൃഷ്ണ കൂടുന്നതുകൊണ്ട് കെട്ടുപാടുകളെ ഭേദിക്കാനുള്ള പ്രേരണ കൂടും. അതുകൊണ്ട് സർഗാത്മകതയും കൂടും.”

ദീർഘകാലം കോഴിക്കോട് നടക്കാവ് ഗേൾസിൽ അധ്യാപികയായിരുന്ന വത്സല ടീച്ചർക്ക് അധ്യാപന ജോലി എഴുത്തിന് ദോഷം ചെയ്തു എന്ന അഭിപ്രായമാണ്: “ ടീച്ചിങ്ങ് യാന്ത്രികമായ ജോലിയാണ്. ഒരു ചട്ടക്കൂടിൽ നിന്നേ പഠിപ്പിക്കാൻ പറ്റൂ. പരീക്ഷയാണല്ലോ മുഖ്യ ലക്ഷ്യം. മാത്രമല്ല, മറ്റു ജോലികളിൽനിന്ന് വ്യത്യസ്തമായി ടീച്ചർമാരിൽ നിന്ന് സമൂഹം ഒരു ഡിസിപ്ലിൻ ആവശ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ച്, പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിൽ നിന്ന്. ഈ ഡിസിപ്ലിൻ എൻ്റെ എഴുത്തിനെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. സമൂഹത്തിന്റെ ഈ ഡിസിപ്ലിനിൽ ഒതുങ്ങി നിൽക്കാൻ ഒരു കലാകാരിക്കോ കലാകാരനോ  സാധ്യമല്ല.”


നദീം നൗഷാദ്

സംഗീതത്തെ കുറിച്ച് എഴുതുന്നു. പി. വത്സല, കോഴിക്കോട് അബ്ദുള്‍ഖാദര്‍ എന്നിവരെ കുറിച്ച് ജീവചരിത്ര ഡോക്യുമെന്‍ററികള്‍ സംവിധാനം ചെയ്തു. മധുരത്തെരുവ് (നോവൽ), മെഹ്ഫിലുകളുടെ നഗരം (പഠനം), പാടാനോര്‍ത്തൊരു മധുരിതഗാനം (എഡിറ്റര്‍) തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments