കഴിഞ്ഞ ദിവസം കോട്ടയ്ക്കലിലെ ആശുപത്രിയിൽ ഇന്റന്‍സീവ് കെയർ യൂണിറ്റിനു പുറത്തിരിക്കുമ്പോള്‍നമ്പൂതിരി അവസാനമായി വരച്ച ഒരു ചിത്രം മകന്‍ ദേവന്‍ എന്നെ കാണിച്ചുതന്നു. എം.ടിയുടെ പള്ളിവാതിലും കാല്‍ച്ചിലമ്പും എന്ന കഥക്ക് നമ്പൂതിരി അവസാനമായി വരച്ച ഒരു ചിത്രം. ആശുപത്രിയിലാവുന്നതിന് ഏതാനും ദിവസം മുമ്പാണ് ഈ ചിത്രം വരച്ചത്. അപ്പോഴദ്ദേഹം മുറിയ്ക്കകത്ത് ജീവനുവേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു. ആ കൈകള്‍ക്ക് ഇനിയും വരയ്ക്കാന്‍ സാധിക്കണേ എന്നാരാഗ്രഹം മാത്രമായിരുന്നു എന്റെ മനസ്സില്‍. നിര്‍ഭാഗ്യവശാല്‍ അത് സംഭവിച്ചില്ല. നമ്പൂതിരി ഇന്നലെ രാത്രി നിശ്ശബ്ദമായി മരണത്തിലേക്കുപോയി.
മരണം അദ്ദേഹത്തെ ഒട്ടും അലട്ടിയിരുന്നില്ല. ഞാനൊരിക്കല്‍ മരണത്തെപ്പറ്റി അദ്ദേഹത്തോട് ചോദിച്ചിരുന്നു. ചിരിച്ചുകൊണ്ട് അദ്ദേഹമെന്നോട് പറഞ്ഞു: ‘‘മരണത്തെ ഭയപ്പെട്ടിട്ടു വല്ല കാര്യവുമുണ്ടോ? ഇതിനൊരു അവസാനമുണ്ടെന്ന് അറിഞ്ഞുകൊണ്ടാണല്ലോ ജീവിക്കുന്നത്. അതിനാല്‍ഭയമൊന്നുമില്ല. തടുക്കാനാവാത്ത ഒന്നാണ് മരണം എന്ന് നിശ്ചയവുമുണ്ട്.’’
ഈ ഉത്തരത്തില്‍ നമ്പൂതിരിയുണ്ട്. ആ മനസ്സിന്റെ ജീവിതവീക്ഷണവും. ജീവിതത്തെ സത്യസന്ധമായും ലളിതമായും നേരിട്ട ഒരാളാണ് 97-ാം വയസ്സില്‍ യാത്രയായിരിക്കുന്നത്. തടുക്കാനാവാത്ത മരണം അദ്ദേഹത്തെ ഈ ലോകത്തുനിന്ന് തട്ടിയെടുത്തെങ്കിലും അദ്ദേഹം സൃഷ്ടിച്ച കലയുടെ ലോകം കാലത്തിനായി ഇവിടെ ബാക്കിയാവുന്നു.
അരനൂറ്റാണ്ടിലേറെ കേരളത്തിന്റെ കലാരംഗത്തെ നിറസാന്നിധ്യമായിരുന്നു ചിത്രകാരന്‍ നമ്പൂതിരി. വരകള്‍ കൊണ്ട് മലയാളി ഭാവുകത്വത്തെ സ്വാധീനിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത അസാധാരണ പ്രതിഭ. ഇന്ത്യയിലെ ഏറ്റവും മികച്ച രേഖാചിത്രകാരന്മാരിലൊരാള്‍. രേഖാചിത്രങ്ങള്‍ക്കും പെയിന്റിങ്ങുകള്‍ക്കും പുറകെ ശില്‍പകലയിലും പ്രശസ്തന്‍. മണ്ണിലും മരത്തിലും ലോഹത്തിലും അദ്ദേഹം നിരവധി ശില്‍പങ്ങള്‍ തീര്‍ത്തു. ചലച്ചിത്രകാരന്മാരായ അരവിന്ദന്‍, പത്മരാജന്‍, ഷാജി എന്‍. കരുണ്‍ തുടങ്ങിയരോടൊപ്പം സിനിമയിലും വ്യക്തിമുദ്ര പതിപ്പിച്ചു. ഉത്തരായണം എന്ന സിനിമയുടെ കലാസംവിധാനത്തിന് 1974-ല്‍ മികച്ച കലാസംവിധാത്തിന് സംസ്ഥാന പുരസ്‌കാരം നേടി. കേരള ലളിതകലാ അക്കാദമി നല്‍കുന്ന കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള രാജാ രവിവര്‍മ പുരസ്‌കാരം 2003- ല്‍ നേടി. കേരള ലളിതകലാ അക്കാദമി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പതിവു സ്‌കൂള്‍ വിദ്യാഭ്യാസം പോലും നേടാന്‍ കഴിയാതെ പോയ, ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യമായിരുന്നു നമ്പൂതിരിയുടേത്. പഠിക്കാന്‍ കഴിഞ്ഞത് കുറച്ച് വൈദ്യവും സംസ്‌കൃതവുമായിരുന്നു. ബാല്യകാലം തൊട്ടേ വരയില്‍ താല്‍പ്പര്യമുണ്ടായിരുന്ന വാസുദേവന് ഒരു ബന്ധുവിന്റെ സഹായത്തോടെ മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്ടില്‍ ചേര്‍ന്ന് ചിത്രരചന പഠിക്കാന്‍ അവസരം ലഭിച്ചു. അവിടെ പ്രശസ്ത ചിത്രകാരനായ കെ.സി.എസ്. പണിക്കരുടെ ശിഷ്യനായതോടെയാണ് നമ്പൂതിരിയുടെ ഉള്ളിലെ പ്രതിഭ പ്രകാശിതമായത്. ആദ്യമൊക്കെ കെ.സി.എസിന്റെ വരകള്‍ തന്നെ സ്വാധീനിച്ചിരുന്നുവെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
മദ്രാസിലെ പഠനം കഴിഞ്ഞ് നാട്ടിലെത്തിയ നമ്പൂതിരി വൈകാതെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആര്‍ട്ടിസ്റ്റായി ജോലിയില്‍ പ്രവേശിച്ചു. അവിടെ വെച്ചാണ് അദ്ദേഹം സാഹിത്യകൃതികള്‍ക്ക് രേഖാചിത്രങ്ങള്‍ വരച്ചുതുടങ്ങിയത്. അവിടെ ജോലി ചെയ്ത ഇരുപത്തിയൊന്നോളം വര്‍ഷങ്ങള്‍ക്കിടയില്‍ മലയാളത്തിലെ വിവിധ ക്ലാസിക് നോവലുകള്‍ക്കും കഥകള്‍ക്കും വര കൊണ്ട് അദ്ദേഹം പുതിയൊരു തലം സൃഷ്ടിച്ചു.
മലയാളിയുടെ സാഹിത്യാനുഭവത്തില്‍ നമ്പൂതിരിയുടെ രേഖാചിത്രങ്ങള്‍ വലിയ സ്വാധീനമായി. എഴുത്തുകാര്‍ അവരുടെ കഥാപാത്രങ്ങളെ നമ്പൂതിരിയുടെ വരകളിലൂടെ കാണാന്‍ ആഗ്രഹിച്ചു. വി.കെ.എന്‍ നമ്പൂതിരിക്ക് വരക്കാനായി മാത്രം നോവലെഴുതുക പോലുമുണ്ടായി. ഉറൂബ്, കേശവദേവ്, തകഴി തിക്കൊടിയന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, കെ. സുരേന്ദ്രന്‍ മുതലായ മലയാള സാഹിത്യകാരന്മാരുടെ രചനകള്‍ക്ക് വരച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു.
മാതൃഭൂമി വിട്ടശേഷം കലാകൗമുദി വാരികയിലും തുടര്‍ന്ന് സമകാലിക മലയാളം വാരികയിലും നമ്പൂതിരി വര തുടര്‍ന്നു. കലാകൗമുദിക്കാലത്ത് എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിന്റെ രേഖാചിത്രണത്തിലൂടെ നമ്പൂതിരി വരയില്‍ പുതിയൊരധ്യായം സൃഷ്ടിച്ചു. അതിലെ വരകള്‍ വായനാലോകത്തിന്റെ സവിശേഷ ശ്രദ്ധ നേടി. മാതൃഭൂമിക്കാലത്ത് ‘നാണിയമ്മയും ലോകവും’ എന്ന പേരില്‍ ഒരു പോക്കറ്റ് കാര്‍ട്ടൂണ്‍ പരമ്പരയും ചെയ്തിരുന്നു. വരകളിലൂടെ തന്നെ 'രേഖകള്‍' എന്ന ആത്മകഥയും അദ്ദേഹം ചിത്രീകരിച്ചു. തിരുവനന്തപുരത്തെ നിശാഗന്ധിയില്‍ വരച്ച സ്വാതന്ത്ര്യ സമര സീരിസ് മറ്റൊരു പ്രധാന രചനയാണ്.
തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് കമ്പനിയിലെ കോണ്‍ക്രീറ്റില്‍ ചെയ്ത അമ്മയും കുഞ്ഞും, കൊല്ലത്ത് ടി.കെ. ദിവാകരന്‍ സ്മാരകത്തിലെ സിമന്റില്‍ ചെയ്ത റിലീഫ്, ഹൈക്കോടതിയിലെ നീതി ശില്‍പം, തിരുവനന്തപുരത്തെ ഒരു സ്വകാര്യകമ്പനിയില്‍ ചെമ്പില്‍ ചെയ്ത സൂര്യശില്പം, അവസാനത്തെ അത്താഴം എന്നിവ പ്രസിദ്ധങ്ങളാണ്. ശില്‍പകല പഠിച്ചിട്ടില്ലാത്ത ഒരാളാണ് ഇതൊക്കെ ചെയ്തത് എന്നതുകൂടി ചേര്‍ത്തുവായിച്ചു വേണം നമ്പൂതിരി എന്ന കലാകാരനിലെ പ്രതിഭയെ അറിയാന്‍.
കലയെക്കുറിച്ച് വ്യക്തമായ ധാരണകള്‍ അദ്ദേഹം വെച്ചു പുലര്‍ത്തിയിരുന്നു. കലയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് അദ്ദേഹം നല്‍കിയ വിശദീകരണം ഇപ്രകാരമായിരുന്നു: 'സാധാരണ ജീവിതത്തില്‍ നിന്ന് വ്യത്യസ്തമായിട്ടുള്ള ഒരു തലമാണ് കലയുടേത്. ഭൗതികമായ ഒരു സ്ഥാനവുമതിനില്ല. ഭൗതികതലത്തിനുമപ്പുറമുള ഏതോ ഒരു തലത്തിലാണ് കലയുടെ പ്രയോഗവും ആസ്വാദനവും നടക്കുന്നത്. ഇതില്ലെങ്കിലോ എന്ന് ചോദിച്ചാല്‍ പ്രത്യക്ഷത്തില്‍ ഒന്നും സംഭവിക്കില്ല. എന്നാല്‍, ഇതു കൂടിയുള്ളതാണ് ഉത്തമമായ അവസ്ഥ. കല ഏതായാലും അത് ആസ്വാദകനില്‍ ഉയര്‍ന്ന ഒരാനന്ദം ഉളവാക്കുന്നു. ചെയ്യുന്ന ആളിനെ തന്നെ വിസ്മയിപ്പിക്കാനുള്ള ഒരു കഴിവ് കലയ്ക്കുണ്ട്. അതുപോലെ മറ്റുള്ളവരെക്കൂടി അനുഭവിപ്പിക്കാന്‍, അനുഭൂതി പകരാന്‍ മഹത്തായ കലയ്ക്ക് കഴിയും.' കലകളില്‍ മികച്ചത് സംഗീതമാണെന്നും അദ്ദേഹം വിശ്വസിച്ചു.
സ്വന്തം സമുദായത്തിലെ യാഥാസ്ഥിതിക മനോഭാവത്തെ അദ്ദേഹം വ്യക്തതയോടെ തള്ളിപ്പറഞ്ഞു. ജാതി തന്നെ ആവശ്യമില്ലാത്ത കാര്യമാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുമുണ്ട്. നമ്പൂതിരിയുടെ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍നിന്നുണ്ടായ വയാണ്. മനസ്സിലെ ഓര്‍മ്മകളാണ് ചിത്രങ്ങളായും ശില്‍പങ്ങളായും വികാസം കൊള്ളുന്നതെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ആ ഋജുവായ വരകള്‍ ലോകോത്തരങ്ങളാണെന്ന് മികച്ച കലാനിരൂപകരും പ്രശംസിച്ചിട്ടുണ്ട്.
ചിന്തകളിലും നമ്പൂതിരി വ്യത്യസ്തനായിരുന്നു. ദൈവത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് അദ്ദേഹം പറഞ്ഞതുകൂടി കണുക: 'സൗന്ദര്യാത്മകമായ ഒരു കാഴ്ചപ്പാടാണ് വാസ്തവത്തില്‍ ദൈവവിശ്വാസം എന്നാണ് ഞാന്‍ കരുതുന്നത്. ഇല്ലാത്ത ഒരു സാധനത്തെപ്പറ്റി അല്ലെങ്കില്‍ ഉണ്ടോ എന്ന് നിശ്ചയമില്ലാത്ത ഒന്നിനെപ്പറ്റി ആലോചിക്കുക, ഓര്‍ക്കുക, വിശ്വസിക്കുക, മനസ്സില്‍ ധ്യാനിക്കുക. അത് ഉള്ളിലുണര്‍ത്തുന്ന ഒരു ബോധമുണ്ട്. ഒരു ചൈതന്യത്തെപ്പറ്റിയുള്ള ഒരു ബോധം. അതൊരു സൗന്ദര്യദര്‍ശനം തന്നെയാണ്. അത്തരമൊരു ചൈതന്യ ദര്‍ശനത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനെ എന്തുപേരിട്ടും വിളിക്കാം. '
വരകള്‍ കൊണ്ട് സൗന്ദര്യം സൃഷ്ടിച്ച വാക്കുകള്‍ കൊണ്ട് ചിന്തിപ്പിച്ച മഹാനായ ഒരു കലാകാരനെയാണ് നമുക്കിപ്പോള്‍ നഷ്ടമായിരിക്കുന്നത്. ആ ഓര്‍മ്മ മായാതെ കാലത്തില്‍ നിലനില്‍ക്കും. അര്‍ഹമായത്ര ബഹുമതികളൊന്നും കൊടുത്തില്ലല്ലോ എന്ന ദുഃഖവും ചോദ്യവും കേരളീയ സമൂഹത്തിന്റെ മുന്നിലും അവശേഷിക്കും.