94 വയസ്സുവരെ പത്രപ്രവർത്തനത്തിൽ സജീവ സാന്നിധ്യമായി നിലകൊള്ളുക എന്നത് അപൂർവ്വം ചിലർക്കുമാത്രം ലഭിച്ച ഭാഗ്യമായിരിക്കും. ഇന്നലെ തൊണ്ണൂറ്റിയേഴാം വയസ്സിൽ അന്തരിച്ച ടി.ജെ.എസ് ജോർജ് 2022 ജൂണിലാണ് ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസി’ലെ ‘പോയൻ്റ് ഓഫ് വ്യൂ ‘ എന്ന തന്റെ കോളം അവസാനിപ്പിച്ചത്. അവസാനത്തെ കോളത്തിന് അദ്ദേഹം കൊടുത്ത തലക്കെട്ട് ‘നൗ ഈസ് ദ ടൈം ടു സെ ഗുഡ്ബൈ’ എന്നാണ്. തുടർന്ന് എഴുതിയില്ലെങ്കിലും അദ്ദേഹത്തിലെ സൂക്ഷ്മദൃക്ക് ചുറ്റും നടക്കുന്നതെല്ലാം സൂക്ഷ്മതയോടെ അറിയുന്നുണ്ടായിരുന്നു. എല്ലാം വിലയിരുത്തുന്നുണ്ടായിരുന്നു. ഇന്നിപ്പോൾ അതും അവസാനിച്ചിരിക്കുന്നു. ജീവിതത്തിൽ നിന്നും പ്രിയപ്പെട്ട ടി.ജെ.എസ് ‘ഗുഡ് ബൈ’ പറഞ്ഞിരിക്കുന്നു. ഇനി ആ പേന നമുക്കായി ചലിക്കില്ല.
എഴുത്തിലൂടെ അദ്ദേഹം സൃഷ്ടിച്ച ലോകം വേറിട്ടതും വിസ്മയിപ്പിക്കുന്നുമായിരുന്നു. അടിമുടി മാധ്യമ പ്രവർത്തകൻ എന്ന് വിശേഷിപ്പിക്കാവുന്ന ഒരാളാണ് ടി. ജെ.എസ്. താൻ കണ്ട ലോകത്തെ, അറിഞ്ഞ മനുഷ്യരെ, സംഭവങ്ങളെ ഒക്കെ വളരെ കൃത്യതയോടെ അദ്ദേഹം വായനക്കർക്കു മുന്നിൽ അവതരിപ്പിച്ചു. സൂഷ്മമായ നിരീക്ഷണ പാഠവത്തോടെ, നിശിതമായ വിമർശനബുദ്ധിയോടെ, നിർലോഭമായ നർമ്മബോധത്താടെ. അതൊരു പുതിയ ലോകമായി വായനക്കാർക്കു മുന്നിൽ നിറഞ്ഞുനിന്നു. എന്നാൽ അദ്ദേഹത്തെ അടുത്തറിയുക എന്നത് ക്ലേശകരമായ കാര്യമായിരുന്നു. തന്നെക്കുറിച്ചൊഴിച്ച് മറ്റെല്ലാം അദ്ദേഹം പറഞ്ഞിട്ടുണ്ട്, എഴുതിയിട്ടുണ്ട്. വ്യക്തിപരമായ കാര്യങ്ങൾ എപ്പോൾ ചോദിച്ചാലും തനിക്കു പറയാനുള്ളതെല്ലാം ‘ഘോഷയാത്ര’ എന്ന ഓർമ്മപ്പുസ്തകത്തിൽ ഉണ്ടെന്നാണ് അദ്ദേഹം വാദിച്ചുകൊണ്ടിരുന്നത്. അവിശ്വസനീയമാം വിധം വൈവിദ്ധ്യമാർന്ന ഒരു പാട് ജീവിതങ്ങൾ ആ പുസ്തകത്തിലുണ്ട്. സത്യത്തിൽ അതിലെല്ലാമുണ്ട്, ടി.ജെ.എസ് ജോർജൊഴിച്ച്!

ടി.ജെ.എസ്സിനെ അടുത്തറിയാൻ സഹായിക്കുന്ന ഒരു ഓർമ്മപ്പുസ്തകം അദ്ദേഹത്തിന്റെ മകൻ കവിയും നോവലിസ്റ്റുമായ ജീത് തയ്യിൽ അടുത്ത കാലത്ത് രചിച്ചിട്ടുണ്ട്. ‘The Elsewhereans’ എന്ന ഡോക്യുമെൻ്ററി നോവലിൽ ജീത് അച്ഛന്റെ ജീവിതത്തിൽ നിന്നുള്ള വേറിട്ട ചില ഏടുകൾ വരച്ചിടുന്നുണ്ട്. നമുക്കറിയാത്ത, നമ്മുടെ അളവുകോൽ കൊണ്ട് അളന്നു തീർക്കാൻ പറ്റാത്തത്ര വലുപ്പം ടി.ജെ.എസ്സിനുണ്ടായിരുന്നു. അത്രയെങ്കിലും നമ്മൾ മനസ്സിലാക്കിയിരിക്കണം.
1950-ൽ ബോംബെയിലെ ഫ്രീ പ്രസ് ജേണലിൽ റിപ്പോർട്ടർ എന്ന നിലയിലാണ് ടി.ജെ.എസിന്റെ പത്രപ്രവർത്തനത്തിന് തുടക്കം കുറിച്ചത്. പത്രത്തിൽ പരസ്യം വാർത്തയുടെ രൂപത്തിൽ അവതരിപ്പിച്ചതിന്റെ പേരിൽ പത്രാധിപരോട് പ്രതിഷേധിച്ച് ആ ജോലി യുവാവായ ടി.ജെ.എസ് ഉപേക്ഷിക്കുന്നു. കൂടെ രാജിവച്ചവരിൽ സഹപ്രവർത്തകനായ ബാൽ താക്കറെയുമുണ്ടായിരുന്നു. ആ പത്രത്തിലെ കാർട്ടൂണിസ്റ്റായിരുന്നു ബാൽ താക്കറെ. പിന്നീട് ശിവസേനയിലൂടെ ഇന്ത്യയറിഞ്ഞ താക്കറെയുടെ വേറിട്ട ഒരു മുഖം ടി.ജെ.എസ് ഓർമ്മക്കുറിപ്പിൽ വരച്ചിട്ടിട്ടുണ്ട്. ഫ്രീ പ്രസ്സ് ജേണലിന്റെ ഞായറാഴ്ചപ്പതിപ്പിൽ ടി.ജെ.എസ് എഴുതിയിരുന്ന യാത്രാവിവരണ പരമ്പര ‘നാടോടിക്കപ്പലിൽ നാലുമാസം’ എന്ന പേരിൽ പുസ്തകമായി വന്നപ്പോൾ ആ പുസ്തകത്തിന് ചിത്രീകരണം നടത്തിയതും കവർ വരച്ചതും അതേ ബാൽ താക്കറെയായിരുന്നു. ടി.ജെ. എസ്സിന്റെ ആദ്യ പുസ്തകവും അതായിരുന്നു.
തുടർന്ന് പാറ്റ്നയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘ദ് സേർച്ച് ലൈറ്റ്’ എന്ന പത്രത്തിന്റെ എഡിറ്റർ സ്ഥാനം ടി.ജെ.എസ് ഏറ്റെടുത്തു. അത് ചരിത്രം കുറിക്കലായി. അക്കാലത്ത് പാറ്റ്നയിൽ നടന്ന ഒരു ബന്ദ് അക്രമാസക്തമായി. പോലീസ് വെടിവെയ്പ്പുണ്ടായി. അത് വിപുലമായി റിപ്പോർട്ട് ചെയ്തതിന് ബിഹാർ മുഖ്യമന്ത്രി ‘ദ് സേർച്ച് ലൈറ്റി’ന്റെ പത്രാധിപരെ അറസ്റ്റ് ചെയ്ത് ജയിലലടച്ചു. അസാമാന്യ ധീരതയോടെ പത്രപ്രവർത്തനം നടത്തിയ ടി.ജെ.എസിനു വേണ്ടി വാദിക്കാൻ അന്ന് വന്നത് സാക്ഷാൽ വി.കെ. കൃഷ്ണമേനോനായിരുന്നു.അതോടെ ടി.ജെ.എസ് എന്ന പത്രാധിപരെ രാജ്യമറിഞ്ഞു. 1964-ൽ കൃഷ്ണമേനോനെക്കുറിച്ച് ജീവചരിത്രമെഴുതി ടി.ജെ.എസ് ആ കടം വീട്ടുകയും ചെയ്തു! "ഈ പുസ്തകമെഴുത്തിൽ മേനോൻ സഹകരിച്ചില്ലെന്നു മാത്രമല്ല, ആദ്യകാലങ്ങളിൽ ഭീഷണികൾ കൊണ്ടും മറ്റും അലട്ടുക കൂടി ചെയ്തു” എന്നാണ് ടി.ജെ.എസ് കൃഷ്ണ മേനോന്റെ ജീവചരിത്രത്തിന്റെ ആമുഖത്തിൽ എഴുതിയത്. ലണ്ടനിലെ ജോനാഥൻ കേപ് എന്ന വിഖ്യാത പബ്ലിഷറാണ് ആ പുസ്തകം പ്രസിദ്ധീകരിച്ചത്.

പാറ്റ്നയിലെ അറസ്റ്റ് ചരിത്രത്തിൽ ഇടം പിടിച്ചു. സ്വതന്ത്ര ഇന്ത്യയിൽ അറസ്റ്റു ചെയ്യപ്പെടുന്ന ആദ്യ പത്രാധിപർ എന്ന സ്ഥാനം ടി.ജെ.എസ്സിനു ലഭിച്ചു. പത്മവിഭൂഷൺ ബഹുമതി നേടുന്ന ആദ്യത്തെ പത്രപ്രവർത്തകൻ എന്ന സ്ഥാനവും അദ്ദേഹത്തിനുള്ളതാണ്. പിന്നീടദ്ദേഹം ഹോങ്കോങ്ങിൽ നിന്നിറങ്ങുന്ന ‘ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യു’ എന്ന മാസികയുടെ റീജ്യണൽ എഡിറ്ററായി ജോലിയേറ്റെടുത്തു. അവിടെ നിന്നും വിട്ട ശേഷം ‘ഏഷ്യാ മാഗസിൻ’ തുടങ്ങുന്നതിൽ പങ്കാളിയായി. സ്ഥാപക പത്രാധിപർ എന്ന നിലയിൽ അതിൽ പ്രവർത്തിച്ചു. ഇവ രണ്ടും പ്രധാനപ്പെട്ട അന്താരാഷട്ര മാഗസിനുകളായി ഉയർന്നു. കുറേക്കഴിഞ്ഞാണ് ടി.ജെ.എസ് ഇന്ത്യയിലേക്കു മടങ്ങുന്നതും ഗോയങ്കയുടെ ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിന്റെ ഭാഗമാവുന്നതും. എഡിറ്റോറിയൽ ഉപദേശകൻ എന്ന സ്ഥാനത്ത്. അങ്ങനെ ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ മുഖ്യധാരയിലേക്ക് ടി.ജെ. എസ് എത്തിച്ചേർന്നു. അതൊരു നിലപാടുകളുടെ ജൈത്രയാത്രയായിരുന്നു. ധീരമായ നിലപാടുകൾ.
പത്രപ്രവർത്തനത്തിന്റെ ഇടവേളകളിൽ ഇടയ്ക്കൊക്കെ അദ്ദേഹം ജീവചരിത്രങ്ങൾ രചിക്കാനായി ചിലവഴിച്ചു. വി.കെ. കൃഷ്ണമേനോനു ശേഷം എം.എസ് സുബ്ബലക്ഷമിക്കും നർഗീസിനും പോത്തൻ ജോസഫിനും ലീ ക്വാൻ യൂവിനും ജീവചരിത്രങ്ങൾ എഴുതി. അവയെല്ലാം ഇംഗ്ലിഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടു. അവ മികച്ച ഗ്രന്ഥങ്ങളായി. പത്രപ്രവർത്തകർക്കായി അദ്ദേഹം തയ്യാറാക്കിയ കൈപ്പുസ്തകവും പ്രധാനമാണ്. ചുരുക്കിപ്പറഞ്ഞാൽ മരണം വരെ വിശ്രമമില്ലാതെ പ്രവർത്തിച്ച പത്രപ്രവർത്തകനാണ് ടി.ജെ.എസ്. ജോർജ്. ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ ഒരു പ്രസ്ഥാനമായി അദ്ദേഹം കണക്കാക്കപ്പെട്ടു. ധാർമ്മികതയും വസ്തുനിഷ്ഠതയും മാധ്യമ പ്രവർത്തനത്തിന്റെ അടിസ്ഥാനശിലകളാണെന്ന് നിരന്തരം ഓർമ്മിപ്പിച്ച ഒരാൾ.

പുതിയ കാലത്തെ മാധ്യമ പ്രവർത്തനത്തിലെ പ്രശ്നങ്ങളെക്കുറിച്ചും ടി.ജെ.എസ് ആശങ്കാകുലനായിരുന്നു. ഭരണകൂടത്തോട് മുഖാമുഖം നിന്ന് പ്രതിപക്ഷത്തിന്റെ റോൾ മാധ്യമങ്ങൾ എടുക്കണം എന്നദ്ദേഹം പത്രലോകത്തെ ഓർമ്മിപ്പിച്ചു. “രണ്ടു ചോദ്യങ്ങൾ ഉയരുന്നുണ്ട്. മാധ്യമ പ്രവർത്തകരുടെ അഴിമതിയും നിലവാരത്തകർച്ചയുമാണോ അതോ ഭരണകൂടത്തിന്റെ ഭീഷണിയും പകപോക്കലുമാണോ ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണം? ചിക്കനാണോ മുട്ടയാണോ ആദ്യമെന്ന പോലെ തോന്നിയേക്കാം. പക്ഷേ ചോദ്യം നിലനിൽക്കുന്നു.” ഒരു പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. ശുഭാപ്തി വിശ്വാസത്തോടെയാണ് ടി.ജെ.എസ് അവസാനം വരെ ജീവിച്ചത്. “നമ്മുടെ ഇന്നുകളെ തകർക്കുന്ന ശക്തികൾ നമ്മുടെ നാളെകളിൽ തകർക്കപ്പെടും. അതാണ് ഇന്ത്യയുടെ മഹത്വം.”
വ്യക്തിപരമായ ഒരോർമ്മകൂടി പങ്കുവെച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം:
ഞാനാദ്യമായി ടി.ജെ.എസ്സിനെ കാണുന്നത് ഗുരുവായൂരിൽ വെച്ചാണ്. എസ്. ജയചന്ദ്രൻ നായരുടെ മകളുടെ കല്യാണത്തിന് കൂടിയതായിരുന്നു ഞങ്ങളെല്ലാം. താമസിച്ച ഹോട്ടലിന്റെ വരാന്തയിൽ ജയചന്ദ്രൻ സാറും അദ്ദേഹത്തിന്റെ സുഹൃത്തായ ഒരു സംസ്കൃത പണ്ഡിതനും (പേര് ഓർമ്മയിലില്ല.) ഞാനും വർത്തമാനം പറഞ്ഞങ്ങനെ നിൽക്കുകയായിരുന്നു. പെട്ടന്നാണ് ജോർജ് സാർ വന്നത്. ജയചന്ദ്രൻ നായർ എനിക്ക് ടി.ജെ.എസ്സിനെ പരിചയപ്പെടുത്തി തന്നു. അദ്ദേഹവും ഞങ്ങളുടെ സംഭാഷണത്തിൽ പങ്കാളിയായി. സംസ്കൃത വീരൻ ഏതോ ഒരു ശ്ലോകം ചൊല്ലി അർത്ഥം പറഞ്ഞു. ഇതു കേട്ട ടി.ജെ.എസ് പേനയെടുത്ത് ഒരു കടലാസ് കിട്ടുമോ എന്ന് തിരക്കി. അവിടെയൊന്നും കടലാസ് ഇല്ലായിരുന്നു. അതിനിടയിൽ എന്റെ കീശയിലുണ്ടായിരുന്ന ബസ്സ് ടിക്കറ്റ് അദ്ദേഹം ശ്രദ്ധിച്ചിരുന്നു. തൽക്കാലം അതുമതിയെന്നും പാഞ്ഞ് എൻ്റ കയ്യിൽ നിന്നും ടിക്കറ്റ് വാങ്ങി അതിന്റെ ചുറ്റിനുമായി ചെറിയ അക്ഷരത്തിൽ ആ ശ്ലോകം കുറിച്ചെടുത്തു. അതാണ് ടി.ജെ.എസ് എന്ന പത്രപ്രവർത്തകൻ. എല്ലാം സൂക്ഷ്മതയോടെ ഒപ്പിയെടുക്കുന്ന ഒരാൾ. അറിവിനെ ആരാധിച്ച ഒരു മനുഷ്യ സ്നേഹി. ഇങ്ങനെ ഒരാൾ നമുക്കൊപ്പം ഉണ്ടായിരുന്നു എന്നത് വലിയ കരുതലായിരുന്നു. വലുപ്പചെറുപ്പമില്ലാതെ ചങ്ങാത്തം കൂടിയ രസികനും പണ്ഡിതനും എഴുത്തുകാരനുമായ ഒരു മനുഷ്യൻ. സത്യം തേടിയ ഒരാൾ. അദ്ദേഹം പങ്കാളിയായ മഹാഘോഷയാത്രയിൽ തനിയെ സഞ്ചരിച്ച ഒരാൾ.
