ജ്ഞാനിയുടെ ഹാസം

ശ്രീനിയെ അറിയുക എന്നത് എളുപ്പമുള്ള കാര്യമല്ല. അയാൾ സ്വയം അറിഞ്ഞവനാണ്. സാഹചര്യങ്ങൾ മൂലം അയാൾ സിനിമയിലൂടെ പ്രകാശിപ്പിച്ചു എന്നേയുള്ളൂ. സിനിമയുടെ മേൽവിലാസത്തിൽ ചുരുക്കി അറിയപ്പെടേണ്ട ഒരാളായിരുന്നില്ല ശ്രീനിവാസൻ. അയാളുടെ ചിരിയിൽ ജ്ഞാനത്തിന്റെ പ്രകാശമുണ്ടായിരുന്നു. അയാളുടെ ജ്ഞാനത്തിൽ നർമ്മത്തിന്റെ പ്രസരിപ്പും. എൻ. ഇ. സുധീർ എഴുതുന്നു.

ശ്രീനിവാസൻ ഇത്രവേഗം മരണത്തിന് കീഴടങ്ങുമെന്ന് കരുതിയിരുന്നില്ല. ഇന്നലെ രാത്രി ഉറങ്ങും മുമ്പ് ശ്രീനിവാസന്റെ ഒരു അഭിമുഖ വീഡിയോ ഞാൻ കണ്ടിരുന്നു. അപ്പോഴോർത്തത് ഞങ്ങൾ തമ്മിൽ പ്ലാൻ ചെയ്തിരുന്ന ദീർഘ സംഭാഷണമാണ്. ആരോഗ്യ പ്രശ്നങ്ങളാൽ അതിങ്ങനെ ഒന്നൊന്നര വർഷത്തോളമായി നീണ്ടുപോവുകയായിരുന്നു. ഒരു ജീവിതം പറച്ചിൽ വേണം എന്ന് ഞാൻ ആവശ്യപ്പെട്ടപ്പോൾ സ്നേഹത്തോടെ ആവാമെന്ന് സമ്മതിക്കുകയായിരുന്നു.

കഴിഞ്ഞമാസം അദ്ദേഹത്തിൻ്റെ ബന്ധുകൂടിയായ സംവിധായകൻ മോഹൻ്റെ ഫോണിൽ എന്നോട് സംസാരിച്ചിരുന്നു. “നമുക്ക് വേഗം കാണാം, സംസാരിക്കാം” എന്നിട്ടാ ക്ലാസിക് ചിരിയും. ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി ഞാൻ നിർബന്ധിച്ചില്ല. അല്ലെങ്കിൽ ചിലപ്പോളത് ഇതിനകം നടന്നു പോയേനെ. ആ ജീവിതം മുഴുവനായും ഒന്നു പറയിപ്പിച്ച് ഒരു പുസ്തകമാക്കി ചെയ്യാനാണ് ഞങ്ങൾ പ്ലാൻ ചെയ്തിരുന്നത്. എൻ്റെ സുഹൃത്ത് ടോം ജെ. മാങ്ങാട്ടിൻ്റെ ആശയമായിരുന്നു. ശ്രീനിയെ അറിയുക എന്നത് എളുപ്പമുള്ള കാര്യമല്ല. അയാൾ സ്വയം അറിഞ്ഞവനാണ്. സാഹചര്യങ്ങൾ മൂലം അയാൾ സിനിമയിലൂടെ പ്രകാശിപ്പിച്ചു എന്നേയുള്ളൂ. സിനിമയുടെ മേൽവിലാസത്തിൽ ചുരുക്കി അറിയപ്പെടേണ്ട ഒരാളായിരുന്നില്ല ശ്രീനിവാസൻ. അയാളുടെ ചിരിയിൽ ജ്ഞാനത്തിൻ്റെ പ്രകാശമുണ്ടായിരുന്നു. അയാളുടെ ജ്ഞാനത്തിൽ നർമ്മത്തിൻ്റെ പ്രസരിപ്പും.

മലയാളിയെ ശ്രീനിവാസൻ മനസ്സിലാക്കിയതു പോലെ മറ്റാരും മനസ്സിലാക്കിയിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്. നമ്മുടെ അഹന്തയെ, ദുരഭിമാനത്തെ, കാപട്യത്തെയൊക്കെ ഇത്രയേറെ വിചാരണ ചെയ്ത മറ്റൊരാളും വെറെയുണ്ടാവില്ല. അക്കൂട്ടത്തിൽ ആദ്യം കക്ഷി ചേരാനും ശ്രീനി മടിച്ചില്ല. ശ്രീനിവാസൻ തന്നിലെ മലയാളിയെ ആണ് ആദ്യം പോസ്റ്റ് മോർട്ടം നടത്തിയത്. എന്നിട്ടയാൾ ചുറ്റിനും നോക്കി. അസാധാരണമായ ആ നിരീക്ഷണപാടവം വലിയ സത്യങ്ങളിലേക്ക് നയിച്ചു. അവയെല്ലാം തൻ്റെ കലയിലൂടെ പ്രകാശിപ്പിച്ചു. അങ്ങനെയുണ്ടായവയാണ് ശ്രീനിവാസൻ്റെ സിനിമകൾ.

മലയാളിയെ ശ്രീനിവാസൻ മനസ്സിലാക്കിയതു പോലെ മറ്റാരും മനസ്സിലാക്കിയിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്. നമ്മുടെ അഹന്തയെ, ദുരഭിമാനത്തെ, കാപട്യത്തെയൊക്കെ  ഇത്രയേറെ വിചാരണ ചെയ്ത  മറ്റൊരാളും  വെറെയുണ്ടാവില്ല.
മലയാളിയെ ശ്രീനിവാസൻ മനസ്സിലാക്കിയതു പോലെ മറ്റാരും മനസ്സിലാക്കിയിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്. നമ്മുടെ അഹന്തയെ, ദുരഭിമാനത്തെ, കാപട്യത്തെയൊക്കെ ഇത്രയേറെ വിചാരണ ചെയ്ത മറ്റൊരാളും വെറെയുണ്ടാവില്ല.

അവ ഇനിയും മലയാളിയുടെ മനസാക്ഷിയെ തുറന്നു കാട്ടിക്കൊണ്ടിരിക്കും. അവരെ ചിന്തിപ്പിക്കാനും കുറ്റബോധത്താൽ വിനയാന്വിതരാക്കാനും ശ്രമിച്ചുകൊണ്ടിരിക്കും. മലയാളിയുടെ പൊങ്ങച്ചത്തെ നോക്കിയാണ് ശ്രീനിവാസൻ ചിരിച്ചുകൊണ്ടിരുന്നത്. ഇനിയാ ദൗത്യം അദ്ദേഹത്തിൻ്റെ സിനിമകൾ തുടരും.

ആധുനികകാലത്തെ ‘കുഞ്ചൻ നമ്പ്യാർ ‘ എന്ന് വിശേഷിപ്പിക്കാനാണ് എനിക്കു തോന്നുന്നത്. അധികാരത്തെ ഭയക്കുകയോ വെറുക്കുകയോ ചെയ്തില്ല. അധികാരത്തെ മനസ്സിലാക്കാനും തുറന്നു കാട്ടാനുമാണ് അദ്ദേഹം വാക്കുകളുടെ സഹായം തേടിയത്. മനസ്സിൽ നിന്ന് പലതും ഓർത്തെടുക്കാനാവും. അവസാനം കണ്ട സന്ദർഭം ഓർമ്മയിൽ വരുന്നു. ഞാൻ കൊച്ചിയിൽ നടത്തിയിരുന്ന റീഡേഴ്സ് ഫോറത്തിൻ്റെ പരിപാടിയിൽ ‘എൻ്റെ സിനിമാ ജീവിതം ‘ എന്ന വിഷയത്തിൽ സംസാരിക്കാൻ ഒരിക്കൽ ശ്രീനിവാസനെ ഞാൻ ക്ഷണിച്ചിരുന്നു. ഒരു മടിയും കൂടാതെ വന്ന് വികാരനിർഭരമായ ഒരു പ്രഭാഷണം നടത്തി. പ്രഭാഷണത്തിനു ശേഷം ഞങ്ങൾ കാറിൽ അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് പുറപ്പെട്ടു.

ആ യാത്രയിൽ ഏറെയും പറഞ്ഞത് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെപ്പറ്റിയായിരുന്നു. ഇഷ്ടപ്പെട്ട നേതാവ് പാട്യം ഗോപാലനാണെന്ന് പറഞ്ഞപ്പോൾ ഞാനൊന്നാ മുഖത്തേക്ക് നോക്കി. “അതേ, പാട്യം എനിക്കേറെ ആദരവുള്ള കമ്യൂണിസ്റ്റാണ്. എൻ്റെ നാട്ടുകാരനായതു കൊണ്ടു പറയുന്നതല്ല. “ അദ്ദേഹം കൂട്ടിച്ചേർത്തു. 1978-ൽ 41 വയസ്സിൽ മരിച്ചുപോയ സി.പി.എമ്മിൻ്റെ നേതാവ്. പുതിയ തലമുറക്കാർ ഓർക്കാനിടയില്ല. അതാണ് ഞാൻ സംശയിച്ചത്. ശ്രീനിവാസൻ എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കൂടെ പറഞ്ഞു. “താങ്കളുടെ അമ്മാവൻ എൻ. ഇ. ബാലറാമും എനിക്ക് ബഹുമാനവും കടപ്പാടുമുള്ള നേതാവാണ്. ജോലി നഷ്ടപ്പെട്ടപ്പോൾ എൻ്റെ അച്ഛനെ സഹായിച്ചത് ബാലറാമായിരുന്നു. ആ തലമുറ അവസാനിച്ചു. “

ശ്രദ്ധ കൊണ്ടും ഓർമ്മ കൊണ്ടും വിവേകബുദ്ധി കൊണ്ടും എന്നെ വിസ്മയിപ്പിക്കുകയായിരുന്നു: ശ്രീനിവാസനെന്ന സിനിമാ നടൻ. അദ്ദേഹത്തിൻ്റെ വിപുലമായ വായനയെപ്പറ്റിയും അന്നാണ് ഞാൻ മനസ്സിലാക്കിയത്. കാർ വീട്ടുമുറ്റത്തെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: “ഇനിയിപ്പോൾ എൻ്റെ സെൻസർബോഡിനെ കൂടി പരിചയപ്പെട്ടിട്ട് പോകാം.”

ആദ്യം എനിക്കു മനസ്സിലായില്ല. കാറിൽ നിന്നിറങ്ങിയപ്പോൾ അദ്ദേഹത്തിൻ്റെ ഭാര്യ പുറത്ത് കാത്തുനിൽക്കുകയായിരുന്നു. ഞങ്ങൾ പുറത്തിറങ്ങിയതോടെ അവർ കടുപ്പത്തിൽ എന്തോ ചിലത് പറയാൻ തുടങ്ങി. രാവിലെ അദ്ദേഹം ഏതോ ടെലിവിഷൻ ചാനലിനോട് പറഞ്ഞ കാര്യത്തിലെ എതിർപ്പാണ് വിഷയം. അപ്പോൾ ശ്രീനിയേട്ടൻ എന്നോടായി പറഞ്ഞു.

“കണ്ടില്ലേ, സെൻസർ ബോഡ് പ്രവർത്തിച്ചു തുടങ്ങി.“ ചിരിയും ചിന്തയും കൊണ്ട് നിറഞ്ഞ ആ ദിവസം അങ്ങനെ അവസാനിച്ചു.

അടുത്തദിവസം അദ്ദേഹം വിളിക്കുന്നു. ഏതോ ഒരു കോളേജിലെ കുട്ടികൾ അവരുടെ ലൈബ്രറി നന്നാക്കുവാൻ സഹായം ചോദിച്ചിരിക്കുന്നു. അവർക്ക് കുറച്ചു പുസ്തകങ്ങൾ വാങ്ങിക്കൊടുത്തേക്കാം. അങ്ങനെ 25000 രൂപയ്ക്കുള്ള നല്ല പുസ്തകങ്ങൾ കണ്ടെത്തിക്കൊടുക്കണം എന്നാണ് ‘ എന്നോട് ആവശ്യപ്പെട്ടത്. അന്നാണ് ശ്രീനിവാസൻ്റെ ദാനശീലം ഞാനറിഞ്ഞത്. കൂട്ടത്തിൽ പറ്റിക്കപ്പെട്ടതിൻ്റെ ചില കഥകളും പറഞ്ഞ് ചിരിച്ചു.

​ശ്രീനിവാസൻ, ജീവിതപങ്കാളി വിമല.
​ശ്രീനിവാസൻ, ജീവിതപങ്കാളി വിമല.

മറക്കാനാവാത്ത ഓരോരോ അനുഭവങ്ങൾ. ആ കോമിക് ജീനിയസ്സ് മലയാളിയെ, എല്ലാ തലത്തിലുമുള്ള മലയാളിയെ മനസ്സിലാക്കുവാനും നർമ്മത്തിലൂടെ ചിലതൊക്കെ ബോധ്യപ്പെടുത്താനും മെച്ചപ്പെട്ട മനുഷ്യരാക്കി മാറ്റാനും ഏറെ ശ്രമിച്ചിട്ടുണ്ട്. അതൊരു സാംസ്കാരിക പ്രവർത്തനം തന്നെയായിരുന്നു. സ്വയം അവഹേളനത്തിന് തയ്യാറായിക്കൊണ്ട് സംസാരിച്ചതുകൊണ്ട് ആരും പരാതി പറഞ്ഞില്ല. വെറുത്തതുമില്ല. എല്ലാം അവസാനിച്ചിരിക്കുന്നു. പറയാനുള്ളത് പറയാതെ, സംഭാഷണങ്ങൾ അസാധ്യമാക്കിക്കൊണ്ട് ശ്രീനിയേട്ടൻ ജീവിതത്തിൻ്റെ പടിയിറങ്ങിപ്പോയിരിക്കുന്നു. എൻ്റെ ആഗ്രഹം എന്നന്നേക്കുമായി ബാക്കിയാവുന്നു. അങ്ങനെ ഈ വിയോഗം വ്യക്തിപരമായ വേദന കൂടിയാവുന്നു. ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി. സ്വയം വിമർശനം പരിശീലിപ്പിച്ചതിനും. ആധുനിക മലയാളിയെ സ്വയം വിമർശനം എന്ന മഹാ സാധ്യതയിലേക്ക് നയിച്ച ഒരാളാണ് കടന്നു പോകുന്നത്. ഇനിയദ്ദേഹമില്ല എന്നത് ഓർക്കാൻ പോലും പ്രയാസം. ശ്രീനിയെന്ന കലാകാരൻ ബാക്കിയാക്കി പോകുന്ന സൃഷ്ടികൾ അതിനിയും നിർവ്വഹിക്കുക തന്നെ ചെയ്യും.

ശ്രീനിവാസൻ ഏറ്റവുമധികം ചിരിച്ചിരിക്കുക അദ്ദേഹത്തെക്കുറിച്ചു തന്നെ ആലോചിച്ചാവും. ജീവിതത്തിൽ എത്രയോ അവസരത്തിൽ സ്വയം പരിഹസിച്ചു കാണും. അതിലൂടെ സ്വയം പുതുക്കിക്കാണും. കൂടെയുള്ളവരെയും അതിന് പ്രാപ്തരാക്കിക്കാണും.

ആരോഗ്യകാര്യത്തിൽ കാണിച്ച കുറ്റകരമായ അനാസ്ഥയാണ് ആ ജീവിതദൈർഘ്യത്തെ ഇങ്ങനെ ചുരുക്കിക്കളഞ്ഞത്. അത് നിർഭാഗ്യകരമായിപ്പോയി. അവസാനമായി ഫോണിലൂടെ കേട്ട ആ ചിരി എൻ്റെ മനസ്സിലിപ്പോഴും മുഴങ്ങുന്നുണ്ട്. അതിൽ അദ്ദേഹത്തിന് സ്വതസിദ്ധമായ ജ്ഞാന ഹാസം നിറഞ്ഞിരുന്നു. അതിനി ഞാൻ മറ്റെവിടെ തിരയാൻ. നമുക്ക് ഒരു ശ്രീനിവാസനല്ലേ ഉള്ളൂ.


Summary: Ne Sudheer shared his personal memories with actor and writer Sreenivasan who passed away.


എൻ. ഇ. സുധീർ

എഴുത്തുകാരൻ, കോളമിസ്റ്റ്. സാഹിത്യം, സംസ്‌കാരം, മാധ്യമം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു.

Comments