“I write because I am unhappy. I write because its a way of fighting unhappiness.”
വായനാലോകം കാത്തിരുന്നത് പുതിയ നോവലിനെയായിരുന്നു. ദൗർഭാഗ്യവശാൽ ഇന്ന് നമ്മെത്തേടിയെത്തിയത് മാരിയോ വര്‍ഗാസ് യോസയുടെ മരണവാർത്തയാണ്.
യോസയുടെ അവസാനത്തേതെന്ന് അദ്ദേഹം തന്നെ വിശേഷിപ്പിച്ച I Give You My Silence എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ അധികം വൈകാതെ വായനക്കാരിലെത്തും. അതിനു മുമ്പ് അദ്ദേഹം വിടവാങ്ങി. ആ നോവലുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ ഇനിയൊരു നോവലെഴുതാനുള്ള ശക്തി തനിക്കില്ലെന്ന് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തിരുന്നു. മൂന്നും നാലും വർഷമെടുത്താണ് യോസ ഓരോ നോവലും പൂർത്തിയാക്കുന്നത്. എന്നാൽ മരണത്തിനു മുമ്പ് തന്റെ അധ്യാപകൻ കൂടിയായ സാർത്രിനെക്കുറിച്ച് ഒരു പ്രബന്ധം എഴുതണം എന്നും അദ്ദേഹം പറഞ്ഞിരുന്നു. മരണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ അഭിപ്രായം ഇതായിരുന്നു:
"I think being immortal would be extremely boring. Tomorrow, the next day, infinity… No, it is better to die. As late as possible, but to die." ആ മരണം സംഭവിച്ചിരിക്കുന്നു. സാഹിത്യത്തിന്റെ മഹാസാധ്യതകളെ കാണിച്ചു തന്ന മഹാനായ ആ പ്രതിഭാശാലി വിടവാങ്ങിയിരിക്കുന്നു.

യോസയേക്കാൾ മുമ്പ് മാർകേസിനെ മലയാളി പരിചയപ്പെട്ടിരുന്നു. ലാറ്റിനമേരിക്കൻ ബൂം എന്ന് വിശേഷിപ്പിക്കപ്പെട്ട കൂട്ടായ്മയിലെ കൂട്ടാളികളായിരുന്നു മാർകേസും, ഫ്യുവന്തസും
കോർത്തസാറും. യോസയുടെ മരണത്തോടെ ആ കൂട്ടായ്മ ചരിത്രത്തിന്റെ ഭാഗമാവുകയാണ്. ലോക സാഹിത്യത്തെ വിസ്മയിപ്പിച്ച ഉജജ്വലമായ ഒരധ്യായം അവസാനിക്കുന്നു. യോസ എഴുത്തുകൊണ്ട് വിസ്മയിപ്പിച്ചിട്ടുണ്ട്. ഒരു വേള ആ കൂട്ടായ്മയിലെ ഏറ്റവും സർഗ്ഗധനനായ പ്രതിഭാശാലി അദ്ദേഹമാണെന്നും പറയാവുന്നതാണ്. അസാധാരണമായ നിരവധി നോവലുകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. The
Conversation in the Cathedral, Captain Pantoja and the Special Service, Aunt Julia and the Scriptwriter, The Feast of the Goat, War of the End of The World, എന്നിവയൊക്കെ നോവൽ സാഹിത്യത്തിലെ ഏറ്റവും മികച്ചവയായി കാലത്തെ അതിജീവിക്കുക തന്നെ ചെയ്യും. അധികാരത്തെ സൂക്ഷ്മമായി നോക്കിക്കണ്ട് വിശദീകരിക്കാനാണ് യോസ സാഹിത്യത്തിലൂടെ പ്രധാനമായും ശ്രമിച്ചത്. സേച്ഛാധിപത്യം അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു എന്ന് വ്യക്തമാണ്.
എഴുത്തുപോലെ ലാറ്റിനമേരിക്കൻ രാഷ്ട്രീയത്തിലും സജീവമായി ഇടപെട്ട ഒരാളാണ് യോസ. ആദ്യമൊക്കെ മാർകേസിനൊപ്പം ഇടതുപക്ഷ രാഷ്ട്രീയത്തിലും ക്യൂബൻ നേതാവ് കാസ്ട്രോയുമായുമൊക്കെ അടുത്ത ബന്ധം പുലർത്തിയിരുന്നു. എന്നാൽ എല്ലാതരം അധികാരത്തിനും ദുഷിക്കാനുള്ള പ്രവണതയുണ്ടെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം മറ്റു സാധ്യതകളുടെ പുറകേയും സഞ്ചരിക്കുകയായിരുന്നു. ഒരു ലിബറൽ ജനാധിപത്യത്തിന് വേണ്ടിയാണ് പിന്നീടദ്ദേഹം നിലകൊണ്ടത്. 1990- ൽ പെറുവിലെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുക പോലും ചെയ്തിരുന്നു. അത് പല തെറ്റിദ്ധാരണകൾക്കും വഴിവെച്ചു. എന്നാൽ രാഷ്ട്രീയത്തിലെ അഴിമതി തുറന്നു കാട്ടാനും നീതിയുടെ പുതിയ രാഷട്രീയം കാഴ്ചവെക്കാനുമാണ് തന്റെ ശ്രമമെന്ന് A Fish in The Water എന്ന ആത്മകഥയിൽ അദ്ദേഹം വിശദീകരിച്ചിട്ടുമുണ്ട്. തീർച്ചയായും യോസയുടെ രാഷ്ട്രീയം വലിയ ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്. ഇനിയും അതു തുടരുകയും ചെയ്യും.

The Languge of Passion, The Temptation of the Impossible, The Call of the Tribe, Touchstone എന്നിവയാണ് അദ്ദേഹത്തിന്റെ കഥേതര പുസ്തകങ്ങൾ. യോസ ഏറ്റെടുത്ത മറ്റൊരു പ്രധാന ദൗത്യം ക്ലാസിക് സാഹിത്യ കൃതികളെ വിശദീകരിക്കുക എന്നതായിരുന്നു. Letters to a Young Novelist എന്ന ചെറിയ പുസ്തകത്തിലുൾപ്പടെ അദ്ദേഹം ലോക സാഹിത്യത്തിലെ മഹത്തായ രചനകളെ പരിചയപ്പെടുത്തുന്നുണ്ട്. കാർ പൻ്റിയർ, ഫ്ളോബർ, പ്രൂസ്ത്, മെൽവിൽ, സെർവാൻ്റസ് തുടങ്ങിയവരുടെയൊക്കെ മാസ്റ്റർ പീസുകളെ അദ്ദേഹം അന്യാദൃശ്യമായ തലത്തിൽ വിശദീകരിക്കുന്നുണ്ട്. ഇതിൽ പലതിനെക്കുറിച്ചും വേറിട്ട പഠനങ്ങൾ എഴുതിയിട്ടുമുണ്ട്. യോസയുടെ ഗവേഷണ പ്രബന്ധം സുഹൃത്തുകൂടിയായ മാർകേസിന്റെ One Hundred Years of Solitude എന്ന നോവലിനെക്കുറിച്ചായിരുന്നു. എന്നാൽ സ്പാനിഷ് ഭാഷയിൽ രചിച്ച ആ പഠനം ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തേണ്ട എന്ന ഒരു ശാഠ്യവും അദ്ദേഹത്തിനുണ്ടായിരുന്നു.
അതിന്റെ പുറകിലെ സംഭവകഥ രസകരവും നിഗൂഢവുമാണ്. 1976- ഫെബ്രുവരിയിൽ ഒരു സിനിമ കാണാൻ വന്ന മാർകേസിനെ തിയറ്ററിൽ വെച്ച് യോസ ഇടിച്ചു നിലത്തു വീഴ്ത്തിയതാണ് ആ സംഭവം. പല കാരണങ്ങളും പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും യഥാർത്ഥ കാരണം നിഗൂഢമായി തുടരുകയാണ് . യോസയുടെ ഭാര്യയെ വിവാഹമോചനക്കാര്യത്തിൽ മാർകേസ് സഹായിച്ചതിലുള്ള ദേഷ്യം എന്നാണ് പൊതുവിൽ പറഞ്ഞു കേട്ടത്.

മാർകേസിന്റെ ജീവചരിത്രകാരൻ ജെറാൾഡ് മാർട്ടിൻ ഈ സംഭവത്തെ ഇങ്ങനെ വിശദീകരിച്ചിട്ടുണ്ട്. “താൻ വഞ്ചിക്കപ്പെട്ടുവെന്ന അമർഷത്തിനു പുറമെ, കൊളംബിയക്കാരനായ ആ ചെറിയ മനുഷ്യൻ തനിക്കു തൊടാനാവാത്ത വിധം ഉയരത്തിലാണെന്ന ഉത്കണ്ഠയും യോസയെ അസ്വസ്ഥപ്പെടുത്തിയിരിക്കണം. സാഹിത്യ രംഗത്ത് യോസ കൈവരിച്ച നേട്ടത്തിനോ ശാരീരികമായ കഴിവുകൾക്കോ മാർകേസിന്റെ നേട്ടങ്ങളുമായി കിടപിടിക്കാനാവില്ലെന്ന ഒരു തോന്നലായിരിക്കണം യോസയെക്കൊണ്ട് മുഷ്ടി പ്രഹരത്തിന് പ്രേരിപ്പിച്ചത്.” വ്യക്തിപരമായ ഇണക്ക- പിണക്കങ്ങൾക്കിടയിലും ഇരുവരും രണ്ടു പേരുടെയും എഴുത്തിനെ വലിയ ഉയർത്തിൽ നോക്കിക്കണ്ടിട്ടുണ്ട്.
മലയാളികൾ മാർകേസ് കഴിഞ്ഞാൽ ഏറ്റവുമധികം ഇഷ്ടത്തോടെ വായിച്ച നോവലിസ്റ്റ് മാറിയോ വാർഗാസ് യോസയാണ്. അവർക്കിടയിലെ പിണക്കങ്ങളും രാഷ്ട്രീയ വൈരുധ്യങ്ങളും എന്നെപ്പോലുള്ള അവരുടെ വായനക്കാരെ ആദ്യമൊക്കെ ആശയക്കുഴപ്പത്തിലാക്കിയിട്ടുമുണ്ട്. ഏതായാലും ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിലെ മികവാർന്ന ഒരു കാലഘട്ടത്തിനാണ് യോസയുടെ മരണത്തിലൂടെ തിരശ്ശീല വീഴുന്നത്.
Literature is Fire എന്നാണ് യോസ വിശ്വസിച്ചിരുന്നത്. സാഹിത്യം സൗന്ദര്യം കൊണ്ടും ശക്തികൊണ്ടും അഗ്നി സമാനമാണെന്ന് തെളിയിച്ച ഒരെഴുത്തുകാരന്റെ സത്യവാങ്ങ്മൂലമാണ് ഈ പ്രസ്താവം. വേദനയോടെ, കഥ പറച്ചിലിന്റെ ആ മാന്ത്രികന്, മാരിയോ വര്‍ഗാസ് യോസയ്ക്ക് വിട പറയുകയാണ്. ജീവിതത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും കുറേക്കൂടി ആഴമുള്ള പുതിയ ബോധ്യങ്ങൾ പകർന്നു തന്നതിന്..