1938-ൽ കെനിയയിലെ കമിരിയ്തുവിൽ ജനിച്ച പ്രശസ്ത ആഫ്രിക്കൻ എഴുത്തുകാരൻ ഗൂഗി വാ തിയോംഗോ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു (28-05-2025). ആഫ്രിക്കൻ ജീവിതാവസ്ഥകളെ, ആഫ്രിക്കൻ ജനതയെ നിരന്തരം ചൂഷണത്തിന് വിധേയമാക്കുന്ന കൊളോണിയലിസ്റ്റ്, നിയോ - കൊളോണിയലിസ്റ്റ് പ്രവണതകളെ സാഹിത്യത്തിലൂടെയും സാഹിത്യ ഇതരരൂപങ്ങളിലൂടെയും അവതരിപ്പിച്ച വിഖ്യാതനായ എഴുത്തുകാരനാണ് ഗൂഗി വാ തിയോംഗോ. മൂന്നാം ലോകരാജ്യങ്ങൾ എന്ന് സാമ്രാജ്യത്വം മുദ്രകുത്തിയ, സാമ്രാജ്യത്വ രാഷ്ട്രീയഭാവനയിലെ 'അവികസിത' 'ചരിത്രമില്ലാത്ത' ആഫ്രിക്കൻ നാടുകളുടെ ജനജീവിതവും ചരിത്രവും പോരാട്ടവും അടയാളപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത് ജീവിതം. തന്റെ ജീവിതമാകെ ആഫ്രിക്കൻ ജനതയുടെ വിമോചനത്തിനായി മാറ്റിവച്ച ഒരു എഴുത്തുകാരൻ എന്ന നിലയിലും ഗൂഗി വാ തിയോംഗോയെ വായിക്കാം. ചിനുവാ അച്ചിബെ, ഐമെ സിസേർ, ഫ്രാൻസ് ഫാനോൻ തുടങ്ങിയ സാമ്രാജ്യത്വ വിരുദ്ധ എഴുത്തുകാരുടെ ഗണത്തിൽ ഗൂഗി വ തിയോംഗോയുടെ ജീവിതവും ചേർന്നിരിക്കുന്നു. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ കൊളോണിയൽ അധിനിവേശ ചരിത്രത്തെ അടയാളപ്പെടുത്തുന്നതോടൊപ്പം തന്നെ പോസ്റ്റ്-കൊളോണിയൽ അല്ലെങ്കിൽ നിയോ- കൊളോണിയൽ വ്യവസ്ഥിതിയെ, വ്യവഹാരത്തെ സാമ്രാജ്യത്വം എങ്ങനെ നിയന്ത്രിക്കുന്നു, ചൂഷണത്തിന് വിധേയമാക്കുന്നു തുടങ്ങിയ ആലോചനകളും അതിനെതിരായ പോരാട്ടങ്ങളും ഗൂഗി വ തിയോംഗോയുടെ ജീവിതത്തിലും എഴുത്തിലും കണ്ടെത്താനാവും.
‘വൈറ്റ് സുപ്രമസി' ഉയർത്തിപ്പിടിച്ചുകൊണ്ട് പാശ്ചാത്യ ശക്തികൾ ആഫ്രിക്കൻ, ഏഷ്യൻ ഭൂഖണ്ഡങ്ങളിൽ നടത്തിയ കൊളോണിയൽ മുന്നേറ്റങ്ങൾ ആ ജനതയെ സാമൂഹികമായും സാംസ്കാരികമായും സാമ്പത്തികമായും ചരിത്രപരമായും തളർത്തി കളഞ്ഞു. ‘The White Man's Burden' എന്ന അധീശത്വ സിദ്ധാന്തം മുന്നോട്ടുവച്ചുകൊണ്ട് 'മൂന്നാം ലോക ജനതയെ' പ്രാകൃതർ എന്നും ചരിത്രമില്ലാത്തവരെന്നും വിശേഷിപ്പിച്ച് അതാത് സ്ഥലങ്ങളിൽ രാഷ്ട്രീയ അധികാരം നേടിയെടുക്കുകയും, ഈ പ്രാകൃത സമൂഹങ്ങളെ (Primitive) പുരോഗമന സമൂഹമാക്കാൻ (Civilized) ഉള്ള ചുമതല പാശ്ചാത്യർക്കാണെന്നും ഉള്ള അധീശത്വസിദ്ധാന്തം കോളനികളിൽ അവർ നടപ്പിലാക്കുകയും ചെയ്തു. എല്ലാക്കാലത്തും ഒരു അധീശത്വവർഗ്ഗത്തിന് സമൂഹത്തെ രണ്ടായി വിഭജിച്ചു കൊണ്ട് മാത്രമേ രാഷ്ട്രീയ അധികാരം നേടിയെടുക്കാൻ ആകൂ. അതുകൊണ്ട് അവർ പ്രാകൃതർ എന്നും നവീനരെന്നും, സംസ്കാരമുള്ളവരെന്നും ഇല്ലാത്തവരെന്നും, ചരിത്രമുള്ളവരെന്നും ചരിത്രമില്ലാത്തവരെന്നുമുള്ള ദ്വന്ദ്വവാദങ്ങൾ (Binary) ഉയർത്തി പാശ്ചാത്യരെയും കോളനി സമൂഹത്തെയും രണ്ടായി വിഭജിക്കും. പാശ്ചാത്യ സംസ്കാരം ഉയർന്നതാണെന്നും നവീനമാണെന്നും സ്ഥാപിച്ചെടുക്കാൻ അവർ ഉപയോഗിച്ചിരുന്നത് ഭാഷ എന്ന സാംസ്കാരിക ഉത്പന്നത്തെയാണ്. ഭാഷയിലൂടെയുള്ള അധീശത്വം നേടൽ സാമ്രാജ്യത്വത്തിന്റെ മുഖ്യ സ്വഭാവങ്ങളിൽ ഒന്നാണ്.

ലോകത്തിലെ പ്രധാന സാഹിത്യകൃതികളെല്ലാം ഉത്ഭവിക്കുന്നത് പാശ്ചാത്യ സമൂഹങ്ങളിൽ നിന്നാണെന്നുള്ള യൂറോകേന്ദ്രീകൃത വാദം സാമ്രാജ്യത്വത്തിന്റെ മുഖ്യ സവിശേഷതകളിൽ ഒന്നാണ്. യൂണിവേഴ്സൽ ലിറ്ററേച്ചർ ഉരുവം കൊള്ളുന്നത് പാശ്ചാത്യ സമൂഹങ്ങളിൽ നിന്നാണെന്നുള്ള ഇന്നും തുടരുന്ന വാദം ഇതര സമൂഹങ്ങളെയും അവരുടെ സാംസ്കാരിക പാരമ്പര്യത്തെ റദ്ദ് ചെയ്യുന്നതാണ്. കൊളോണിയലിസം ഇത്തരം വാദങ്ങൾക്കുള്ള സമ്മതം നേടൽ കൂടെയായിരുന്നു. ഇംഗ്ലീഷ് ഒരു ഉന്നതമായ, ഉന്നതന്മാരുടെ ഭാഷയാവുകയും ഇംഗ്ലീഷ് സാഹിത്യങ്ങൾ ലോക സാഹിത്യങ്ങളായി മാറുകയും അവ പ്രാകൃത ജനസമൂഹം എന്ന് അവർ വിളിച്ച കോളനി രാജ്യങ്ങളിലെ ജനതയ്ക്ക് പുരോഗമന സമൂഹമാകാനുള്ള മാധ്യമങ്ങളായി മാറുകയും ചെയ്തു. ഇംഗ്ലീഷ് എന്ന അധീശത്വ ഭാഷയിലൂടെ മറ്റ് ഭാഷാസമൂഹങ്ങളെയും ഭാഷാകൃതികളെയും ഇകഴ്ത്തി കാണിക്കാൻ കൊളോണിയലിസത്തിന് സാധിച്ചു. 'നല്ല' സാഹിത്യങ്ങൾ ആകണമെങ്കിൽ 'ലോക' അംഗീകാരം ലഭിക്കണമെങ്കിൽ സാഹിത്യം (literature) ഇംഗ്ലീഷ് ഭാഷയിൽ ആയിരിക്കണം എന്നുള്ള അലിഖിത നിയമം കോളനി രാജ്യങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ സാമ്രാജ്യത്വത്തിന് സാധിച്ചു. ഗൂഗി വ തിയോംഗോയുടെ സാമ്രാജ്യത്വവിരുദ്ധ പ്രവർത്തനങ്ങളും ഊന്നുന്നത് ഈ ഭാഷാധീശത്വത്തിനെതിരായാണ്.
അപരിഷ്കൃത വർഗ്ഗമെന്ന് സാമ്രാജ്യത്വം വിലയിരുത്തിയ ആഫ്രിക്കൻ ജനതയുടെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും വീണ്ടെടുപ്പുകൾക്കുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
1964-ൽ ഗൂഗി വ തിയോംഗോയുടെ ആദ്യ നോവലായ 'Weep not, child' ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ആ സമയത്തെല്ലാം ചിനുവാ അച്ചിബെ ഉൾപ്പെടെയുള്ള ആഫ്രിക്കൻ എഴുത്തുകാരെല്ലാം തങ്ങളുടെ സാഹിത്യകൃതികൾ എഴുതാൻ ഉപയോഗിച്ചിരുന്നത് ഇംഗ്ലീഷ് ഭാഷയെ തന്നെയായിരുന്നു. 1965-ൽ 'The River Between', 1967-ൽ 'A Grain of Wheat' തുടങ്ങിയ നോവലുകളും ഗൂഗി വ തിയോംഗോ ഇംഗ്ലീഷ് ഭാഷയിൽ തന്നെ പ്രസിദ്ധപ്പെടുത്തി. സാമ്രാജ്യത്വവും കൊളോണിലിസവും ചവിട്ടിയരച്ച ഒരു ആഫ്രിക്കൻ ഭൂതകാല ചരിത്രം അവതരിപ്പിക്കാൻ ഇംഗ്ലീഷ് എന്ന 'തങ്ങളുടെതല്ലാത്ത' ഒരു അധീശത്വ ഭാഷയെ ഉപയോഗിക്കുന്നതിലെ പൊരുത്തം ഇല്ലായ്മയെക്കുറിച്ച് അദ്ദേഹം ആശങ്കപ്പെട്ടിരുന്നു. ഇക്കാലത്താണ് അദ്ദേഹം ഫാനോനിസ്റ്റ് മാർക്സിസത്തിലേക്ക് (Fanonist Marxism) ആകൃഷ്ടനാകുന്നത്.

ഫ്രഞ്ച് കോളനിയായിരുന്ന മാർട്ടിനിക്കിൽ (Martinique) ജനിച്ച കറുത്ത വർഗ്ഗക്കാരനായ മനഃശാസ്ത്രജ്ഞനും സാമൂഹികചിന്തകനുമായിരുന്നു ഫ്രാൻസ് ഫാനോൻ. വംശീയതക്കെതിരെയും സാമ്രാജ്യത്വത്തിനെതിരെയും പോരാടിയ ലോകസമത്വത്തിനുവേണ്ടി നിലകൊണ്ട എഴുത്തുകാരൻ കൂടിയാണ് അദ്ദേഹം. മാർക്സിസ്റ്റ് രീതിശാസ്ത്രം ഉപയോഗിച്ചുകൊണ്ടുള്ള എഴുത്തും വിശകലനവും ഫാനോൻ കൃതികളിൽ കാണാം. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള വിശകലനങ്ങൾ ഫാനോന്റെ 1959-ൽ പുറത്തിറങ്ങിയ "A Dying Colonialism" എന്ന പുസ്തകത്തിൽ കാണാം. മാർക്സിസ്റ്റ് വിശകലനരീതി ഉപയോഗിച്ചുകൊണ്ട് മുതലാളിത്ത സമൂഹത്തെ പൂർണ്ണമായും മനസ്സിലാക്കാൻ സാധിക്കുന്ന ഒരു ഗ്രന്ഥമായി ഇതിനെ ചിന്തകർ അടയാളപ്പെടുത്തുന്നു. ഫാനോന്റെ ‘Wretched of the Earth, Black skin white masks’ എന്നീ പുസ്തകങ്ങൾ വംശീയതക്കെതിരായ സാമ്രാജ്യത്വവിരുദ്ധ പ്രത്യയശാസ്ത്രങ്ങളെ അടയാളപ്പെടുത്തുന്നവയാണ്. ഒരു ജനവിഭാഗത്തെ നിറത്തിന്റെ പേരിൽ, വർഗ്ഗത്തിന്റെ പേരിൽ മാറ്റിനിർത്തുന്നതും അവരെ അപരിഷ്കൃതർ എന്ന് വിളിക്കുന്നതും സംസ്കാരം ഇല്ലാത്തവരെന്നും ചരിത്രമില്ലാത്തവരെന്നും മുദ്രകുത്തുന്നതും സാമ്രാജ്യത്വത്തിന്റെ സവിശേഷതയാണ്. ഒരു വിഭാഗം ജനതയെ തങ്ങളുടെ സംസ്കാരത്തിൽ നിന്നും ചരിത്രത്തിൽ നിന്നും ജനജീവിതത്തിൽ നിന്നും മാറ്റിനിർത്തുന്ന സാമ്രാജ്യത്വ പ്രവണതകൾക്കെതിരായ, ‘അന്യവൽക്കര'ണത്തിനെതിരായ പ്രവർത്തനങ്ങളിൽ മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം ഫാനോനെ സ്വാധീനിക്കുകയുണ്ടായി. വംശീയ അടിച്ചമർത്തലിനെതിരായ പോരാട്ടം തീർച്ചയായും മുതലാളിത്തത്തിനെതിരായ തൊഴിലാളി വർഗ്ഗത്തിന്റെ സമരം കൂടിയാണ് എന്ന് മൂലധനത്തിന്റെ ഒന്നാം വാല്യത്തിൽ കാറൽ മാക്സ് നിരീക്ഷിക്കുന്നുണ്ട്. ചുരുക്കത്തിൽ ഫ്രാൻസ് ഫാനോനെ സ്വാധീനിച്ച മാർക്സിസ്റ്റ് പ്രത്യയശാസ്ത്രരീതികളുടെ അവലംബമാണ് ഫാനോനിസ്റ്റ് മാർക്സിസം. പിന്നീടുള്ള ഗൂഗി വ തിയോംഗോയുടെ എഴുത്തുകളിലും പ്രവർത്തനങ്ങളിലും ഫാനോനിസ്റ്റ് മാർക്സിസത്തിന്റെ നിഴൽപാടുകൾ കാണാം.

ഇംഗ്ലീഷിൽ നിന്ന് ഗികുയു ഭാഷയിലേക്ക്
ഒരു അധിനിവേശ/അധീശത്വ ഭാഷയായ ഇംഗ്ലീഷ് ഉപയോഗിച്ച് ആഫ്രിക്കൻ ജനതയുടെ ദൈനംദിനജീവിതവും സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളും കഥകളും അറിവുകളും രേഖപ്പെടുത്തുന്നതിലെ ഔചിത്യമില്ലായ്മയെ ഗൂഗി വ തിയോംഗോ തിരിച്ചറിഞ്ഞതിനുശേമാണ് കെനിയയിലെ ഭാഷയായ ഗികുയു (Gikuyu) ഉപയോഗിച്ച് എഴുത്ത് തുടരാം എന്ന് തീരുമാനിക്കുന്നത്. ‘Devil on the cross’ എന്ന നോവൽ ഗികുയു ഭാഷയിൽ എഴുതി പ്രസിദ്ധീകരിച്ചു. 1982-ൽ പ്രസിദ്ധീകരിച്ച ‘Decolonizing the mind: The politics of language in African literature’ (മനസ്സിന്റെ അപകോളനീകരണം) എന്ന പുസ്തകം പിന്നീട് സാമ്രാജ്യത്വവിരുദ്ധ ആഫ്രിക്കൻ പ്രതിരോധത്തിന്റെ രൂപരേഖയായി മാറി. ഒട്ടനവധി ഭാഷകളിലേക്ക് ഈ പുസ്തകം തർജ്ജിമ ചെയ്യപ്പെട്ടു. അക്കാദമിക സമൂഹത്തിനകത്ത് ഈ പുസ്തകം ഏറെ ചർച്ച ചെയ്യപ്പെട്ടു. ഒരു അന്യഭാഷ കൊണ്ട് പ്രാദേശികമായ സാംസ്കാരിക, ദൈനംദിന ജീവിതത്തെ അടയാളപ്പെടുത്താനാകുമോ എന്ന ചോദ്യം ഉന്നയിക്കപ്പെട്ടു. അന്നേവരെ ഇംഗ്ലീഷ് ഭാഷയിൽ എഴുതപ്പെട്ട ആഫ്രിക്കൻ ചരിത്രവും സംസ്കാരവും യൂറോകേന്ദ്രീകൃതമായിരുന്നു. യൂറോപ്യൻ എഴുത്തിലെ ആഫ്രിക്ക ഇരുണ്ട ഭൂഖണ്ഡമായും ചരിത്രവും സംസ്കാരവും ഇല്ലാത്ത പ്രാചീനരും പ്രാകൃതരുമായ മനുഷ്യരുടെ ആവാസ സ്ഥാനമായി അടയാളപ്പെടുത്തപ്പെട്ടിരുന്നു. ഗൂഗി വ തിയോംഗോയുടെ പോരാട്ടം അത്തരം ആഖ്യാനങ്ങൾക്കെതിരെയുള്ള മുഷ്ടിചുരുട്ടൽ ആയിരുന്നു.
ഒരു പാശ്ചാത്യ വായനാസമൂഹത്തെ ലക്ഷ്യമാക്കിക്കൊണ്ട് എല്ലാ എഴുത്തുകാരും ഇംഗ്ലീഷിൽ എഴുതാൻ തുടങ്ങിയപ്പോൾ ആഫ്രിക്കൻ ജനതയുടെ സംസ്കാരവും ജീവിതരീതിയും തനതായ ഭാഷയിലൂടെ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഗൂഗി വ തിയോംഗോ നടത്തിയത്. അപരിഷ്കൃത വർഗ്ഗമെന്ന് സാമ്രാജ്യത്വം വിലയിരുത്തിയ ആഫ്രിക്കൻ ജനതയുടെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും വീണ്ടെടുപ്പുകൾക്കുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കൊളോണിയൽ, നിയോ- കൊളോണിയൽ കാലഘട്ടത്തിൽ മൂന്നാം ലോക ജനസമൂഹത്തിന്റെ ജീവിതവും സംസ്കാരവും ഇരുണ്ടതും അപരിഷ്കൃതവുമായി ചിത്രീകരിക്കുന്ന ഇംഗ്ലീഷ് എഴുത്തുകളിൽ നിന്നും പുറത്തു കടക്കേണ്ട സാഹചര്യത്തെ മനസ്സിന്റെ അപകോളനികരണം എന്ന പുസ്തകത്തിൽ അദ്ദേഹം വിശദീകരിക്കുന്നു. സർവ്വലൗകിക സാഹിത്യം യൂറോകേന്ദ്രീയതമാണന്നും അത് ഇംഗ്ലീഷ് ഭാഷയാൽ എഴുതപ്പെടുന്നവയാണെന്നും സ്ഥാപിച്ച എടുക്കാൻ ലിംഗ്വിസ്റ്റിക് ഇംപീരിയലിസത്തിന് സാധിച്ചിട്ടുണ്ട്. അതിനെതിരായ ഒരു ആഫ്രിക്കൻ ശബ്ദമായാണ് ഗൂഗി വ തിയോംഗോ നിലകൊള്ളുന്നത്. അങ്ങനെ ഗികുയു ഭാഷ ഭാഷാധിനിവേശത്തെ നിഷേധിക്കുന്ന ഒരു സാമ്രാജ്യത്ത വിരുദ്ധ ഭാഷയായി മാറി.

ഇംഗ്ലീഷിനെ മാറ്റിവെച്ചുകൊണ്ട് ഗികുയു ഭാഷ ഉപയോഗിക്കുക എന്നത് ഗൂഗി വ തിയോംഗോയുടെ ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. ഗികുയു ഭാഷയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് പല ആഫ്രിക്കൻ എഴുത്തുകാരും അദ്ദേഹത്തെ വിമർശിച്ചു. ഒരു ആഫ്രിക്കൻ എഴുത്തുകാരൻ അദ്ദേഹത്തിന്റെ മാതൃഭാഷ ഉപയോഗിച്ച് സാഹിത്യം എഴുതുന്നു എന്നത് പലരെയും അത്ഭുതപ്പെടുത്തി. എന്നാൽ ഗൂഗി വ തിയോംഗോ അതിനെ ആഫ്രിക്കൻ ജനതയുടെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടമായാണ് നോക്കികണ്ടത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഭാഗമായി ആഫ്രിക്കൻ കുട്ടികൾ തങ്ങളുടെ തന്നെ ഭാഷയെയും സംസ്കാരത്തെയും ജനസമൂഹത്തെയും വെറുക്കുന്നു. പാശ്ചാത്യസംസ്കാരമാണ് ഉന്നതം എന്ന തോന്നൽ കുട്ടികൾക്കിടയിൽ അപകർഷതാബോധവും ഒറ്റപ്പെടലും ഉണ്ടാക്കുന്നു. അതിൽ നിന്നും കുട്ടികളെ വിമോചിപ്പിക്കുക എന്ന വലിയ രാഷ്ട്രീയ ലക്ഷ്യം കൂടി ഗികുയു ഭാഷയുടെ ഉപയോഗത്തിന് പിന്നിൽ ഉണ്ടെന്ന് ഗൂഗി വ തിയോംഗോ പറയുന്നു.
കെനിയയിലെ സ്കൂളുകളിലും ഭാഷാ മാധ്യമവുമായി ഇംഗ്ലീഷിനെ മാറ്റി പ്രാദേശിക ഭാഷയെ തിരിച്ചു കൊണ്ടുവരണമെന്ന് ഗൂഗി വ തിയോംഗോ വാദിച്ചു. തങ്ങളുടെ സംസ്കാരവും ജീവിതരീതിയും കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളും നമ്മുടെ തന്നെ ഭാഷയിൽ കുട്ടികൾ പഠിച്ചു മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉയർത്തിപ്പിടിച്ചു.
മനസിന്റെ അപകോളനീകരണം
“ആഫ്രിക്കയിലെ പല പ്രശ്നങ്ങൾക്കും കാരണം സാമ്രാജ്യത്വമാണ് എന്ന യാഥാർത്ഥ്യത്തെ കണ്ടില്ലെന്ന് നടിച്ചു കൊണ്ടാണ് പാശ്ചാത്യവിധേയത്വം പുലർത്തുന്ന മാധ്യമങ്ങൾ ആഫ്രിക്കൻ വിഷയങ്ങൾ അവതരിപ്പിക്കുന്നത്. നിർഭാഗ്യവശാൽ പല ആഫ്രിക്കൻ ബുദ്ധിജീവികളും ഇത്തരം സാമ്രാജ്യത്വ പ്രത്യയശാസ്ത്രത്തിന് വിധേയപ്പെട്ടവരാണ്. പക്ഷേ എന്റെ നിലപാട് ഇതിൽനിന്നും വ്യത്യസ്തമാണ്.'' എന്ന് എഴുതി കൊണ്ടാണ് മനസ്സിന്റെ അപകോളനീരണം എന്ന പുസ്തകം ഗൂഗി വ തിയോംഗോ ആരംഭിക്കുന്നത്. ഇതൊരു സാഹിത്യപുസ്തകമല്ല. പകരം കൊളോണിയലിസവും നിയോ-കൊളോണിയലിസവും ആഫ്രിക്കയിൽ അരങ്ങേറുന്ന ചൂഷണത്തിന്റെ ചരിത്രവും അതിനെതിരായ പ്രതിരോധമാർഗങ്ങളുടെ, വിമോചനത്തിന്റെ, അപകോളനീകരണത്തിന്റെ ഒരു രൂപരേഖയുമാണിത്. കൊളോണിയൽ ഭരണം ആഫ്രിക്കയിൽ അവസാനിച്ചെങ്കിലും ഭരണത്തിലുള്ള ദേശീയ ബൂർഷ്വാസിയുടെ പാശ്ചാത്യ ആശയങ്ങളോടുള്ള വിധേയത്വവും പാശ്ചാത്യ സംസ്കാരങ്ങളുടെ അനുകരണവും മൂലം ഇപ്പോഴും ആഫ്രിക്ക കൊളോണിയൽ മൂല്യ വ്യവസ്ഥിതിക്ക് അകത്താണ് ജീവിക്കുന്നത്. അധീശത്വം പുലർത്തുന്ന സംസ്കാരത്തിന്റെ മൂല്യവ്യവസ്ഥിതിയെ, പെരുമാറ്റങ്ങളെ ഒന്നാകെ അനുകരിക്കുന്ന പ്രവണതയെയാണ് Apemanship എന്ന് വിശേഷിപ്പിക്കുത്. നാഷണൽ ബൂർഷ്വാസി വഴി ഒരു Apemanship കൾചർ നിലനിർത്തുന്നതിൽ സാംസ്കാരികമായും രാഷ്ട്രീയമായും സാമ്രാജ്യത്വം വിജയിക്കുന്ന കാഴ്ചയാണ് ഇന്ന് പലയിടങ്ങളിലും കാണാൻ സാധിക്കുന്നത്. സാമ്രാജ്യത്വസ്വഭാവം വെച്ച് പുലർത്തുന്ന ഭരണകൂടത്തിനെതിരായുള്ള പോരാട്ടം കൂടിയാണ് ജീവിതം കൊണ്ടും എഴുത്തു കൊണ്ടും ഗൂഗി വ തിയോംഗോ മുന്നോട്ടുവയ്ക്കുന്നത്. സാമ്രാജ്യത്വസ്വഭാവം മുന്നോട്ടുവയ്ക്കുന്ന ഭരണകൂടങ്ങൾ പൊളിറ്റിക്കൽ,കൾച്ചറൽ മർദ്ദനോപകരണങ്ങൾ കൊണ്ട് ആഫ്രിക്കൻ ജനതയെ വേട്ടയാടുമ്പോൾ അതിനെതിരായി ഒരു പ്രതിരോധ സംസ്കാരം രൂപപ്പെടണം എന്നും തൊഴിലാളി വർഗ്ഗം (proletariat) അതിന്റെ മുന്നണിപോരാളി ആകണമെന്നും അദ്ദേഹം പറയുന്നു. തൊഴിലാളി വർഗ്ഗത്തോടൊപ്പം വിദ്യാർത്ഥികളും ബുദ്ധിജീവി സമൂഹവും മറ്റ് പുരോഗമന കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്ന ജനതയും ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. 'Imperialism is total' എന്നൊരു വാചകം മനസ്സിന്റെ അപകോളനീകരണം എന്ന പുസ്തകത്തിനകത്ത് അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്കാരികമായും മനശാസ്ത്രപരമായും സാമ്രാജ്യത്വം ഇന്നും ‘മൂന്നാം ലോക' ജനതയെ വേട്ടയാടുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
ഭൗതികമായി കോളനിവൽക്കരണം അവസാനിപ്പിച്ചെങ്കിലും ഇന്നും വിവിധ സാംസ്കാരിക രൂപങ്ങളാൽ സാമ്രാജ്യത്വം അതാത് രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു എന്ന് ഗൂഗി വ തിയോംഗോ എഴുതുന്നു. ‘കൾച്ചറൽ ബോംബ്' എന്ന വാക്ക് ഉപയോഗിച്ചുകൊണ്ടാണ് അദ്ദേഹം ഈ ആശയത്തെ വിശദീകരിക്കുന്നത്. ഉത്തരം സാംസ്കാരിക കീഴടക്കയിലൂടെ തങ്ങളുടെ ഭൂതകാലം ഒന്നിനും കൊള്ളാത്ത പാഴ്ഭൂമിയാണെന്ന (wasteland) ബോധം തദ്ദേശീയരിൽ ഉണ്ടാക്കിയെടുക്കുകയും അതുവഴി മനുഷ്യനെ തങ്ങളുടെതന്നെ ഭൂതകാലത്തിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്യുന്നു. കൊളോണിയലിസവും നിയോ കൊളോണിയലിസ്റ്റ് പ്രവണതകളും എങ്ങനെയാണ് മൂന്നാം ലോക മനുഷ്യരെ ‘അപരിഷ്കൃത' ജനസമൂഹമായി മാറ്റി തീർക്കുന്നത് എന്നും മനസ്സിന്റെ അപകോളനീകിരണം എന്ന ഗ്രന്ഥത്തിൽ അദ്ദേഹം വിശദീകരിക്കുന്നു. ചുരുക്കത്തിൽ ആഫ്രിക്കൻ ജനതയുടെ വിമോചന പോരാട്ടങ്ങളുടെ മാനിഫെസ്റ്റോയായി മനസ്സിന്റെ അപകോളനീകരണം എന്ന പുസ്തകം മാറുന്നു.

നെയ്റോബി യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിനെ എടുത്തു മാറ്റുക
'On the abolition of the English department' എന്നത് ഗൂഗി വ തിയോംഗോയുടെ രാഷ്ട്രീയ പ്രസ്താവനയാണ്. അധ്യാപന കാലമത്രയും ഒരു ഇംഗ്ലീഷ് പ്രൊഫസർ ആയിരുന്ന അദ്ദേഹം നൈറോബി സർവകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്നു. പാശ്ചാത്യസംസ്കാരം വിശദീകരിക്കുന്ന ഇംഗ്ലീഷ് സാഹിത്യകൃതികൾ വിദ്യാർത്ഥികൾക്കിടയിൽ ഉണ്ടാക്കുന്ന അപകർഷതാബോധവും ഐഡന്റിറ്റി പ്രശ്നങ്ങളും ഗൂഗി വ തിയോംഗോ ഉയർത്തി കാണിച്ചു. ഇംഗ്ലീഷ് ഒരു ഭാഷ മാത്രം അല്ലെന്നും അത് മൂന്നാം ലോക രാജ്യങ്ങളെ ഭരിക്കുന്ന ഒരു സംസ്കാരമാണെന്നും ഗൂഗി വ തിയോംഗോ ഉൾപ്പെടെ പല ചിന്തകരും മുന്നോട്ടു വെച്ച കാഴ്ചപ്പാടാണ്.
‘Masks of conquest’ എന്ന പുസ്തകത്തിനകത്ത് എഴുത്തുകാരി ഗൗരി വിശ്വനാഥൻ ഇന്ത്യൻ സാഹചര്യത്തിൽ നിന്നുകൊണ്ട് ഇംഗ്ലീഷ് സാഹിത്യം എങ്ങനെ ഇന്ത്യൻ സാമൂഹിക, സാംസ്കാരിക ചുറ്റുപാടിൽ ഇടപെടുന്നു എന്നതിനെക്കുറിച്ച് വിശദീകരിക്കുന്നു. 'English is not just a language it's a culture' എന്ന വാചകം പുസ്തകത്തിന്റെ പലയിടങ്ങളിലായി കാണാം. രാഷ്ട്രീയ അധികാരം നിലനിർത്തുന്നതിനായി മൂന്നാം ലോക തദേശീയ സമൂഹത്തെ ഇരുണ്ട കാലഘട്ടത്തിന്റെ ഉടമകളായി ചിത്രീകരിക്കുകയും അതേസമയം പാശ്ചാത്യ സാഹിത്യങ്ങളിലൂടെ നവീനമെന്ന് പ്രഖ്യാപിക്കുന്ന പാശ്ചാത്യ സംസ്കാരത്തെ വിദ്യാർത്ഥികൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു. കൊളോണിയൽ ഭരണകൂടത്തിനെതിരായ ആഫ്രിക്കൻ ജനതയുടെ സായുധ ചെറുത്തുനിൽപ്പായ മൗ മൗ മൂവ്മെന്റിന്റെ പശ്ചാത്തലത്തിലാണ് ഇംഗ്ലീഷ് വിദ്യാഭ്യാസം കൊളോണിയൽ ഭരണകൂടം സ്കൂളുകളിൽ ആരംഭിക്കുന്നത്. ഇംഗ്ലീഷ് ഒരു ഭാഷാമാധ്യമം എന്നതിലുപരി ഒരു സംസ്കാര മാധ്യമമായിട്ടാണ് പ്രവർത്തിച്ചിരുന്നത്. നൈറോബി സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ തങ്ങളുടെ തനത് സാമൂഹിക,സാംസ്കാരിക അറിവുരൂപങ്ങളിൽ നിന്നും സ്വത്വത്തിൽ നിന്നും അവരുടേതല്ലാത്ത മറ്റൊരു സാംസ്കാരിക അറിവുരൂപങ്ങളെ കുറിച്ച് മാത്രം പഠിക്കാൻ നിർബന്ധിതരാക്കുന്നതും അത്തരമൊരു സംസ്കാരത്തിലേക്ക് വിദ്യാർത്ഥികൾ മാറ്റപ്പെടുകയും ചെയ്യുന്നു. തങ്ങളുടെ സംസ്കാരത്തിൽനിന്നും ജീവിതത്തിൽ നിന്നുമുള്ള അന്യവത്കരണം. ഇത്തരത്തിലുള്ള ഭാഷാ- സാംസ്കാരിക അധിനിവേശത്തിനെതിരെയാണ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിനെ നീക്കിക്കൊണ്ട് തൽസ്ഥാനത്ത് ആഫ്രിക്കൻ സാഹിത്യം പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഗൂഗി വ തിയോംഗോ നിരന്തരം സംസാരിച്ചത്. ഗൂഗിയുടെ ഉത്തരം വാദങ്ങളെ ഭാഷാ പ്രാദേശികവാദത്തിന്റെ നിർവചനത്തിലൂടെ അല്ല മനസ്സിലാക്കേണ്ടത്. പകരം ഇംഗ്ലീഷ് ഭാഷയിലൂടെയും സാഹിത്യത്തിലൂടെയുമുള്ള സാംസ്കാരിക അധിനിവേശത്തിനെതിരെയുള്ള പോരാട്ടമായി നോക്കിക്കാണണം.

കെനിയയിലെ സ്കൂളുകളിലും ഭാഷാ മാധ്യമവുമായി ഇംഗ്ലീഷിനെ മാറ്റി പ്രാദേശിക ഭാഷയെ തിരിച്ചു കൊണ്ടുവരണമെന്ന് ഗൂഗി വ തിയോംഗോ വാദിച്ചു. തങ്ങളുടെ സംസ്കാരവും ജീവിതരീതിയും കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളും നമ്മുടെ തന്നെ ഭാഷയിൽ കുട്ടികൾ പഠിച്ചു മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉയർത്തിപ്പിടിച്ചു. കിഴക്കൻ ആഫ്രിക്കയുടെ നവോത്ഥാന നായകനായ ഗൂഗി വ തിയോംഗോ വിടപറയുമ്പോൾ അധിനിവേശമനോഭാവങ്ങളെ വിദ്യാർത്ഥികളുടെ മനസ്സിൽ പ്രതിഷ്ഠിക്കാതിരിക്കാനുള്ള പോരാട്ടങ്ങളുടെ ഒരു തുടർച്ചയാണ് മുറിഞ്ഞു പോകുന്നത്.
സഹായകഗ്രന്ഥങ്ങൾ
1. Aime Cesaire, Discourse on Colonialism, Aakar, Delhi, 2010
2. Frantz fanon, A Dying Colonialism, Grove press, New York, 1965.
3. Gauri Viswanathan, masks of Conquest, literary study and British rule in India, Columbia University Press New York, 2015
4. Karl Marx, Das Capital Vol. I, William Glaisher Ltd., London, 1909 (1867)
5. Ngugi Wa Thiong'o, Decolonizing the mind, politics of language in African literature, East African educational Publishers, Kenya, 1986
6. Ngugi Wa Thiong'o, On the abolition of the English department, 1972
