എം.പിയെ ആദ്യമായി കാണുന്നത് 1981-ൽ കോഴിക്കോട് ജില്ല യിലെ പെരുവണ്ണാമൂഴിയിൽ നടന്ന പരിഷത്തിന്റെ സംസ്ഥാന ക്യാമ്പിൽവച്ചാണ്. അന്ന് പേരാമ്പ്ര ഗവ. കോളേജിലെ അധ്യാപ കനായ ഞാൻ ക്യാമ്പിൻ്റെ സ്വാഗതസംഘം പ്രവർത്തകരിൽ ഒരാളായിരുന്നു. പരിഷത്തിലേക്കുള്ള എൻ്റെ പ്രവേശിക കൂടിയായിരുന്നു ആ ക്യാമ്പ്. അതിനുമുമ്പ് എം.പിയെ അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൂടെ മാത്രമെ എനിക്ക് പരിചയമുണ്ടായിരു ന്നുള്ളു. ഗ്രാമശാസ്ത്രജാഥയുടെ സമാപനവുമായി ബന്ധപ്പെട്ട് പിറ്റെ വർഷങ്ങളിൽ നടന്ന ക്യാമ്പുകളിലാണ് പിന്നീട് എം.പിയെ കാണുന്നത്. അതിനുശേഷം 1984ൽ ഞാൻ പരിഷത്ത് നിർവാഹ കസമിതി അംഗമായി. 'ഗ്രാമശാസ്ത്ര'ത്തിൻ്റെ മാനേജിംഗ് എഡിറ്റർ എന്നതായിരുന്നു ചുമതല. ഞാൻ രണ്ട് വർഷം ഒരു പത്രത്തിൽ പ്രവർത്തിച്ചിരുന്നു എന്നതായിരുന്നു യോഗ്യത. അക്കാലത്താണ് ഗ്രാമശാസ്ത്രം നിർത്തിയതെന്നും ഓർമിപ്പി ക്കട്ടെ. അതിനാൽ തന്നെ എൻറെ ആദ്യകാല എം.പി ചർച്ചകൾ ഗ്രാമശാസ്ത്രസമിതി, ഗ്രാമശാസ്ത്രം, വികേന്ദ്രീകരണം, ഗ്രാമീണ സാങ്കേതികവിദ്യ എന്നിവയെപ്പറ്റി ആയിരുന്നു. ഇതൊ ക്കെയാണെങ്കിലും അത്രയും അടുത്ത വ്യക്തിബന്ധമൊന്നും എനിക്ക് എം.പിയുമായി ഉണ്ടായിരുന്നില്ല. അന്നൊക്കെ ഞാൻ എം.പിയെ കൂടുതലായും മനസ്സിലാക്കിയത്, ഒരു മാർക്സിസ്റ്റ് സൈദ്ധാന്തികൻ എന്ന നിലക്കാണ്. അദ്ദേഹത്തിന്റെ വൈരുധ്യാത്മക ഭൗതികവാദം പുസ്‌തകങ്ങൾ (എം.പി വലുത്, എം.പി (ചെറുത്) ആയിരുന്നു അതിൻ്റെ അടയാളം. അതുമായി ബന്ധ പ്പെട്ട ചില പാർട്ടി ക്ലാസ്സുകളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. മാർക് സിയൻ ദർശനത്തെ ആനുകാലിക ശാസ്ത്രസിദ്ധാന്തങ്ങളുമായി ബന്ധപ്പെടുത്തിയുള്ള അവതരണം; എന്നതാണ് എം.പിയുടെ ക്ലാസ്സിൻ്റെ പ്രത്യേകത. അതുകൊണ്ടുതന്നെ, ആ ക്ലാസ്സുകൾ പലതുകൊണ്ടും വ്യത്യസ്തങ്ങളായിരുന്നു.
ക്രമേണ എം.പി.യുമായുള്ള ബന്ധം ശക്തിപ്പെട്ടുവന്നു, മേൽത്തട്ടിൽ ബഹുമാനവും കീഴ്ത്തട്ടിൽ സ്നേഹവുമുള്ള ഒരു ബന്ധമായിരുന്നു അത്. അതിന്റെ പ്രത്യേകത വിശദീകരിക്കുക എളുപ്പമല്ല. കാരണം, മാനുഷികമായതൊന്നും എം.പിക്ക് അന്യ മല്ലെന്നിരിക്കെ, അദ്ദേഹത്തിന്റെ ഏത് രംഗത്തെ പ്രവർത്തന മാണ് തന്നെ കൂടുതൽ ആകർഷിച്ചതെന്ന് പറയാൻ എനിക്കെ ന്നല്ല ഏതൊരു പരിഷത്ത് പ്രവർത്തകനും പ്രയാസമുണ്ടാകും.
ജോലിക്കാലത്ത് എന്റെ താമസം കോഴിക്കോട് "ഗാന്ധിഗൃഹ' ത്തിലായിരുന്നു. ഇന്നും ഞാൻ അവിടുത്തെ ഒരു അന്തേവാസിയാണ്. 1987- ൽ ഒരുദിവസം അതിരാവിലെ കോഴിക്കോട് തീവണ്ടി ഇറങ്ങിയ എം.പി, നേരെ ഗാന്ധിഗൃഹത്തിൽവന്നു. അന്ന് കോഴിക്കോട് പരിഷത്ത് ഭവൻ ബീച്ചിലായിരുന്നു. എത്തിപ്പെടാൻ പ്രയാസവുമായിരുന്നു. എം.പി.യുടെ വരവ് എന്നെ ആശ്ചര്യ പ്പെടുത്തി. പിന്നീട് നടന്ന വർത്തമാനത്തിലാണ് എം.പി അദ്ദേഹത്തിന്റെ വരവിന്റെ ഉദ്ദേശം പറഞ്ഞത്. അത് 1987-ൽ നടന്ന ഭാരത് ജ്ഞാൻ വിജ്ഞാൻ ജാഥ (BGVJ)യുടെ മാനേജർ ചുമതല ഏറ്റെടുക്കാനായിരുന്നു. അത് ഞാൻ ഏറ്റെടുത്തു. മഹാരാഷ്ട്ര യിൽ ഷോളാപ്പൂർ മുതൽ മധ്യപ്രദേശിൽ ഭോപ്പാൽ വരെ നടന്ന ജാഥയിൽ ഞാൻ മാനേജർ ആയി. ഒട്ടേറെ സംസ്ഥാനങ്ങളിലൂടെ ഞങ്ങൾ യാത്രചെയ്തു. എനിക്ക് അജന്ത, എല്ലോറ, താജ്മഹൽ, ആഗ്രകോട്ട, ഭരത്പൂർ പക്ഷിസങ്കേതം എന്നിവയൊക്കെ കാണാൻ കഴിഞ്ഞത് ആ ജാഥയിലാണ്. തുടർന്ന് "ശാസ്ത്ര തീവണ്ടി'യിൽ ഭോപ്പാലിൽ നിന്ന് തിരിച്ചുപോന്നു. ശാസ്ത്ര തീവണ്ടിയുടെ സംഘാടകൻ മൻമോഹൻ ആയിരുന്നെങ്കിലും ജാഥയും തീവണ്ടിയുമെല്ലാം എം.പിയുടേത് കൂടിയായിരുന്നു. അവരുടെ സംഘാടനശേഷിയുടെ മികവാർന്ന ഒരേടായിരുന്നു ആ തീവണ്ടിയാത്ര; ഒരു പക്ഷെ, പരിഷത്തിൻറെയും. വ്യക്തിപര മായി, എൻ്റെ വിവാഹാലോചന ആദ്യം നടന്നത് ഈ ശാസ്ത്ര തീവണ്ടിയിൽ വച്ചായിരുന്നു. തുടർന്ന് നിരന്തരമെന്നോണം എനിക്ക് എം.പിയുമായി ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. അത് പലപ്പോഴും സംശയനിവൃത്തി വരുത്തുന്നതിനായിരുന്നു. 1988ൽ കോഴിക്കോട് ഗാന്ധിഗൃഹത്തിൽ വച്ചായിരുന്നു എന്റെ വിവാഹം നടന്നത്. വിവാഹത്തിന് മാല എടുത്തുതന്ന 'കർമി' എം.പി. ആയിരുന്നു. മൂത്ത മകൻ്റെ വിവാഹ സൽക്കാരത്തിലും എം.പി. പങ്കെടുത്തതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്.

ഇന്ത്യയിൽ, കേരളത്തിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ജനകീയശാസ്ത്രപ്രസ്ഥാനത്തെ ഒരു ദേശീയ സംഘടനാ സംവിധാനമാക്കിമാറ്റി എന്നതാണ് എന്റെ കണ്ണിൽ എം.പിയുടെ പ്രധാന സംഭാവന. 'അഖിലേന്ത്യാജനകീയശാസ്ത്രശൃംഖല' അഥവാ AIPSN എന്ന സംഘടന ഉണ്ടാക്കിയതും വളർത്തിയതും എം.പിയാണ്. അതിൻ്റെ തണലിലാണ് അഖിലേന്ത്യാതലത്തിൽ സാക്ഷരതാപ്രവർത്തനങ്ങൾ നടന്നത്. അതിനായി ഔദ്യോഗിക തലത്തിൽ ദേശീയസാക്ഷരതാമിഷനും (NLM) അനൗദ്യോ ഗികതലത്തിൽ ഭാരതീയ ജ്ഞാൻ വിജ്ഞാൻ സമിതി (BGVS) യും ഉണ്ടായിവന്നു. അവയെല്ലാം ഇന്ത്യയിൽ ഉണ്ടാക്കിയ സാമൂഹികമാറ്റങ്ങൾ മനസ്സിലാക്കാൻ നാം ബീഹാർ, ഒറീസ്സ, ഹിമാചൽപ്രദേശ്, ഹരിയാനപോലുള്ള സംസ്ഥാനങ്ങളിൽ കയറിയിറങ്ങിയാൽ മതി. ഒന്നുമില്ലാത്തതിൽ നിന്നുണ്ടായ ഒരു ഉണർവ്വ്, അത്രമാത്രം. എങ്കിലും അതുപോലും ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോകാൻ ആരും ഇല്ലാതായി. കാര്യമായി പ്രവർത്തിച്ചില്ലെങ്കിലും ഞാനും AIPSN ൻ്റെ ട്രഷററായി രണ്ട് വർഷം തുടർന്നതും ഒരു എം.പി ഇഫക്റ്റിലായിരുന്നു.
രണ്ടാമത്തെ പ്രധാനകാര്യം 'കേരളത്തിൻ്റെ സമ്പത്ത്' (1976) എന്ന ഗ്രന്ഥം തയ്യാറാക്കുന്നതിൽ എം.പി. വഹിച്ച നേതൃത്വ പരമായ പങ്കാണ്. ഉള്ളടക്കം തീരുമാനിച്ചും പലതും തർജമ ചെയ്തും, ചർച്ചകൾ സംഘടിപ്പിച്ചും എഡിറ്റ് ചെയ്തുമെല്ലാം എം.പി ആ ഗ്രന്ഥത്തെ സമ്പന്നമാക്കി. കേരളത്തിൻ്റെ സമ്പത്ത് കേരളീയരുടെ സമ്പത്തായി മാറണമെന്നതായിരുന്നു ആ ഗ്രന്ഥ ത്തിന്റെ സന്ദേശം. കേരളത്തിലെ വിഭവങ്ങൾ എന്തൊക്കെ? വികസനം എന്നാൽ എന്ത്? എന്നീ സുപ്രധാന ചോദ്യങ്ങൾ ഈ ഗ്രന്ഥം ഉയർത്തിക്കൊണ്ടുവന്നു. കേരള വികസനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന മൂന്ന് പ്രധാന സ്ഥാപനങ്ങളെ സെന്റർ ഫോർ ഡവലപ്മെൻ്റ് സ്റ്റഡീസ് (CDS), സംസ്ഥാന ആസൂത്രണ ബോർഡ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവയെ ഈ പ്രക്രിയയിൽ ഒന്നിച്ച് പങ്കാളികളാക്കി.
ഇതേ കാലത്ത് തന്നെയാണ് CDS തയ്യാറാക്കിയ 'Poverty, Unemployment and Development Policy A Case Study of Se-lected Issues with Reference to Kerala' എന്ന വിഖ്യാത ഗ്രന്ഥം ഐക്യരാഷ്ട്രസംഘടനയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്നത്. കേരളത്തിലെ ദാരിദ്ര്യം, പോഷണം, ഭക്ഷണം, ജനസംഖ്യ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളാണ് അതിലെ പ്രധാന ചർച്ചാവിഷയമായിരുന്നത്. രണ്ട് ഗ്രന്ഥങ്ങളുടെ രചനയിലും ഡോ. കെ.എൻ.രാജിൻ്റെ സാന്നിധ്യം പ്രധാന മായിരുന്നു. സേവനകാര്യങ്ങൾ കൈകാര്യം ചെയ്ത് CDS ഗ്രന്ഥവും ഭൗതികവിഭവങ്ങളെപ്പറ്റി വിവരിച്ച പരിഷത്ത് ഗ്രന്ഥവും ചേർത്തുവച്ച് വായിക്കുന്നത് അന്നത്തെ കേരളത്തെപ്പറ്റി കൃത്യമായൊരു ചിത്രം ലഭിക്കാൻ പര്യാപ്തമാണ്. ഇക്കാലത്ത് തന്നെ വിവിധ തലങ്ങളിലായി നടന്ന അക്കാദമിക്, രാഷ്ട്രീയ ചർച്ചകളാണ് "കേരള വികസന മാതൃക' (Kerala Model of De-velopment) എന്ന പ്രയോഗത്തിലേക്ക് നയിച്ചത്. ഒരു ധന ശാസ്ത്രവിദ്യാർഥി എന്ന നിലക്ക് എന്റെ ഔദ്യോഗിക കൃത്യനിർ വഹണത്തിനും പരിഷത്തിലെ എൻ്റെ പ്രവർത്തനങ്ങൾക്കും ഈ ഗ്രന്ഥങ്ങൾ ഏറെ സഹായകമായിട്ടുണ്ട്. പിന്നീട് കേരള വികസന ചർച്ചകൾ മുന്നോട്ടുനീങ്ങിയപ്പോൾ അവയിൽ എളിയതോതിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ ഞാൻ ഈ ഗ്രന്ഥങ്ങളോടും എം.പിയോടും ഏറെ കടപ്പെട്ടിരിക്കുന്നു.
ജനാധിപത്യം, അതും വികേന്ദ്രീകൃതജനാധിപത്യമായിരുന്നു എം.പി വിഭാവനം ചെയ്‌ത പ്രവർത്തനങ്ങളുടെയെല്ലാം നിർവഹണതലം. സാമൂഹികമാറ്റത്തിനായുള്ള പ്രവർത്തനങ്ങൾ മുകളിൽനിന്ന് താഴേക്ക് ഏതാനും പേർ '& യാണോ വേണ്ടത്? അതല്ല, താഴെനിന്ന് ജനങ്ങൾ കെട്ടിപ്പടു 'കമാന്റ്' ചെയ്യുക ക്കുകയാണോ വേണ്ടത് എന്നതൊരു പ്രധാന ചർച്ചാവിഷയമാ യിരുന്നു. എം.പിയുമായി നടത്തിയ സംവാദങ്ങളിൽനിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്, ഒരു സോഷ്യലിസ്റ്റ് സമൂഹ ത്തിന്റെ രൂപീകരണം എന്നത്, പ്രത്യേകിച്ചും ഇന്ത്യപോലെ വൈവിധ്യമാർന്ന ഒരു രാജ്യത്ത്, പ്രാദേശിക പ്രസക്തമായ സാമൂഹികാസൂത്രണത്തിലൂടെ ആയിരിക്കണമെന്നതാണ്. കൃഷിക്കും ചെറുകിട വ്യവസായ സംരംഭങ്ങൾക്കുമാണ് ഇതിൽ ഊന്നൽ കിട്ടേണ്ടത്. ജീവിതഗുണത പടിപടിയായി ഉയർത്തുക എന്നതാവണം ലക്ഷ്യം. ഇതിന്നായി ചെറിയ ചെറിയ പ്രദേശ ങ്ങളിൽ (കേരളത്തിലാണെങ്കിൽ, ഒരു ഗ്രാമപഞ്ചായത്ത്) നടക്കുന്ന ജനകീയവും ജനാധിപത്യപരവും മതേതരവുമായതും ഒപ്പം പ്രവർത്തനക്ഷമവും സക്രിയവുമായ കൂട്ടായ്മകളുടെ എണ്ണം വർധിപ്പിച്ച് സമൂഹത്തെ മൊത്തത്തിൽ ഒരു ഗുണപരമായ മാറ്റത്തിലേക്ക് നയിക്കുക; അതായിരുന്നു എം.പിയുടെ നിലപാട്. ഇതിൽ ജനങ്ങൾ, പ്രാദേശികവിഭവങ്ങൾ, സംഘടനകൾ, അവയ്ക്കിടയിലെ പരസ്പരബന്ധം എന്നിവക്കൊപ്പം പ്രകൃതി വിഭവങ്ങളും മനുഷ്യാധ്വാനവുമെല്ലാം അടങ്ങിയിരിക്കുന്നു. ഇവയുടെ കൂട്ടായപ്രവർത്തനം മറ്റൊരു ഇന്ത്യയും മറ്റൊരു കേരളവും സൃഷ്ടിക്കുന്നതിൽ പ്രധാനമാണെന്നും എം.പി കരുതുന്നു. ഇത് പുതിയൊരു സാധ്യത മുന്നോട്ടുവയ്ക്കുന്ന തായി എനിക്ക് തോന്നുന്നു. അതല്ല വൻകിട വ്യവസായങ്ങ ളിൽ മാത്രം ഊന്നി, എല്ലാം സാങ്കേതികമായി പരിഹരിക്കാമെന്ന ഉറച്ച വിശ്വാസത്തിൽ മാത്രം, സാമ്രാജ്യത്തെ മത്സരിച്ച് തോൽ പ്പിക്കാൻ കഴിയുമോ? പ്രാദേശികമായി, ജനങ്ങളുടെ മനോ വികാരം പരിഗണിക്കേണ്ടതില്ലേ? പഴയ സോവിയറ്റ് യൂണിയൻ നടത്തിയ പ്രവർത്തനങ്ങളെല്ലാം ഈ മത്സരവഴിക്കായിരു ന്നില്ലെ? ഇക്കാര്യങ്ങൾ സംബന്ധിച്ച വ്യക്തമായൊരു ചർച്ചയും സംവാദവും വേണ്ടതായിരുന്നു. ഒരുപക്ഷേ, ഏറെ വിവാദ മാക്കിയ 'നാലാംലോക' ചർച്ചകളിൽ നടക്കേണ്ടിയിരുന്നതും എന്നാൽ നടക്കാതെ പോയതും ഇതായിരുന്നു.

ആരോഗ്യകരമായ ഇത്തരം ചർച്ചകൾക്ക് പകരം, വിവിധ സ്ഥാപിത താൽപര്യങ്ങൾ ഒന്നിച്ച് ചേർന്ന്, കാര്യങ്ങൾ കൃത്യ മായി മനസ്സിലാക്കാതെ എല്ലാം വിവാദമാക്കുകയായിരുന്നു. കിട്ടിയ അവസരത്തിൽ ശാസ്ത്രസാഹിത്യ പരിഷത്തിനെ 'ഒതുക്കാ'മെന്ന് കരുതിയ അഭ്യുദയകാംക്ഷികൾ ഏതൊരു പുതിയ സംരംഭവും മുളയിലെ നുള്ളണം എന്ന തങ്ങളുടെ അജണ്ട നന്നായി തന്നെ നടപ്പിലാക്കി. അവർ എല്ലാ പുതുമ യേയും പാർട്ടി വിരുദ്ധമാക്കി. സത്യസന്ധമായി സംവാദവിഷയ ങ്ങൾ മുന്നോട്ടുവച്ച എം.പി, പാർട്ടിയിൽനിന്ന് പുറത്തായെങ്കിലും ഇന്നും കമ്യൂണിസ്റ്റുകാരനായി തന്നെ കഴിയുന്നു. എന്നാൽ പാർട്ടിയെ 'രക്ഷിക്കാ'നായി ഓടിനടന്ന പലരും ഇന്ന് എവിടെ നിൽക്കുന്നു എന്നത് അവ്യക്തമാണ്. പൊതുയോഗങ്ങളിൽ പ്പോലും ചോദ്യം ചെയ്യപ്പെട്ട ഞങ്ങളിൽ പലരും അന്നത്തേതിനേ ക്കാൾ മെച്ചപ്പെട്ട രീതിയിൽ തന്നെ ഇന്നും പരിഷത്ത് പ്രവർത്തനങ്ങളിൽ തുടരുന്നുണ്ട്. ഞങ്ങൾക്ക് ആശയപരമായി വളർച്ചയേ ഉണ്ടായിട്ടുള്ളൂ. അതിന്റെ കാരണങ്ങളിലൊന്ന് എം.പി ഉന്നയിച്ച കാര്യങ്ങൾ സംബന്ധിച്ച തുടർവായനയും ചർച്ചയുമാണ്.
സോവിയറ്റ് യൂണിയന്റെ തകർച്ചയിലേക്ക് നയിച്ച കാര്യങ്ങൾ ഉൾക്കൊള്ളുന്ന പുതിയ ഗ്രന്ഥങ്ങൾ (ഉദാ: Revolution from Above തുടങ്ങിയവ) വായിക്കേണ്ടിയിരിക്കുന്നു. വെനിസൂല യിൽ യൂഗോ ഛാവേസ് നടത്തിയ പരീക്ഷണങ്ങൾ മനസ്സിലാ ക്കേണ്ടിയിരുന്നു. ഇവയൊക്കെ മലയാളത്തിൽ വെളിച്ചം കാണാൻ എം.പി ഏറെ ശ്രമിച്ചതായി കാണാം. ഈ ചർച്ച തുടരേണ്ടത് ഒരു രാഷ്ട്രീയ ആവശ്യമാണ്. കാരണം എം.പി യുടെതന്നെ ഒരു വരി ഇവിടെ ഉദ്ധരിക്കപ്പെട്ട, "പ്രത്യയശാസ്ത്രത്തിന്റെയും പ്രായോഗികതയുടെയും സർഗാത്മക വ്യാഖ്യാന ങ്ങളും അതിന് പ്രാപ്‌തമായ വ്യാഖ്യാതാക്കളും ഇല്ലാതായത്, കേരളത്തിലെ മാത്രമല്ല, ഇന്ത്യൻ മുഖ്യധാരാ ഇടതുപക്ഷത്തെ തന്നെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതിനാൽ കാലാനുസൃത മായി മാർക്സിസത്തെ നവീകരിക്കുന്നതിനും അതിനനുസൃത മായ പരിപാടികൾ ഏറ്റെടുക്കാനും കഴിയുന്നില്ല. (മാതൃഭൂമി ആഴ്ചപ്പതിപ്പ് 29 നവം 2015).' അതുകൊണ്ടുതന്നെ പരീക്ഷിച്ച് പരാജയപ്പെട്ടതിന്റെ ആവർത്തനങ്ങളും 'ബുമറാങ്ങ്' ചെയ്യുന്ന മുദ്രാവാക്യങ്ങളുമാണ് ഇന്ന് അവശേഷിക്കുന്നത്. ഇവിടെയാണ് വ്യക്തികൾ എന്നതിലപ്പുറം കൂട്ടായ ചർച്ചകളും സംവാദങ്ങളും പ്രസക്തമാകുന്നത്. ഇടതുപക്ഷത്തിന് പകരംവയ്ക്കാൻ ഇടതുപക്ഷം മാത്രമെ ഉള്ളൂ എന്ന് ആദ്യം മനസ്സിലാക്കേണ്ടതും ഇടതുപക്ഷം തന്നെയാണ്.
എം.പി സ്വപ്നം കണ്ട സോവിയറ്റ് യൂണിയനിൽ ഘട്ടംഘട്ടമായുണ്ടായ മാറ്റങ്ങൾ നേരിൽ ഉൾകൊണ്ടാണ് പുതിയ നിഗമനങ്ങളിലേക്ക് എത്തുന്നത്. ആദ്യകാല സോവിയറ്റ് യൂണിയനെപ്പറ്റി എം.പി പറയുന്നത് നോക്കാം; അമ്പതുകൊല്ലം മുമ്പ് കണ്ട കുട്ടികളുടെ മുഖങ്ങൾ ഇപ്പോഴും മനസ്സിലുണ്ട്. കേരളത്തി ലേയും ഇന്ത്യയിലേയും എല്ലാ കുട്ടികൾക്കും സോവിയറ്റ് യൂണിയനിലെ അന്നത്തെ കുട്ടികൾ അനുഭവിച്ചിരുന്ന മുഴുവൻ സൗഭാഗ്യങ്ങളും ലഭ്യമാക്കുക എന്നത് ജീവിതലക്ഷ്യമായി മാറിയത് അക്കാലത്താണ്. ഇന്നും ജീവിതലക്ഷ്യം അതുതന്നെ യാണ്. (ആത്മകഥ, പേജ് 136).
ആണവഗവേഷണ രംഗം എന്ന തൻ്റെ ഔദ്യോഗിക ജോലി യിൽനിന്നുകൊണ്ടുതന്നെ, ഇന്ത്യയിലെ ആണവ പരിപാടികളെ ജനപക്ഷത്തുനിന്ന് എം.പി പരിശോധിച്ചു. എതിർക്കേണ്ടതിനെ എതിർത്തു; എതിർപ്പുകൊണ്ട് കാര്യങ്ങൾ നടക്കില്ലെന്ന് വന്നപ്പോൾ ജോലി രാജിവച്ചു. ജനപക്ഷത്തുനിന്ന് പ്രവർത്തിക്കാനുള്ള മറ്റ് സമരവേദികൾ കണ്ടെത്തി. സംഘടനാപ്രവർത്തനം നടത്താതെ അധികാരികളുമായി ഒട്ടിനിന്നിരുന്നെങ്കിൽ BARCൽ തന്നെ എം.പിക്ക് പലതും ആകാമായിരുന്നു. ഇന്ത്യൻ ആണവ പരിപാടിയെപ്പറ്റി ഞങ്ങളെപ്പോലുള്ള ഒഴിഞ്ഞ സ്ലേറ്റുകൾക്ക് ഒരു ധാരണ ഉണ്ടാക്കിത്തന്നതും എം.പിയാണ്.
പഞ്ചായത്ത് ഗുമസ്‌തൻ്റെ പണി കിട്ടിയാൽ, പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കേണ്ട ഗതികേടിലാണ് ഇന്ന് നമ്മളിൽ പലരും. അത് അടിസ്ഥാനപരമായി ഒരു വിദ്യാഭ്യാസ പ്രശ്നമാണ്. എം.പി ഏറ്റവും കൂടുതൽ എഴുതിയതും വിദ്യാഭ്യാ സത്തെപ്പറ്റിയായിരുന്നു. എം.പി.പറഞ്ഞു. 'ക്ലാസ് മുറികളെ വിപ്ലവസമരത്തിന്റെ രംഗഭൂമികളാക്കണമെന്ന തിരിച്ചറിവാണ് എന്നെ ഇന്ന് നയിക്കുന്നത്.' (ആത്മകഥ പേജ് 165). SSLC കഴിഞ്ഞ് ഗുമസ്തപ്പണി ചെയ്‌ത് പെൻഷൻ പറ്റിയവർ, അതേ ഗുമസ്‌തപ്പണിക്കായി ബിരുദാനന്തര ബിരുദക്കാരെയും എഞ്ചിനീയർമാരെയും പരിശീലിപ്പിക്കുന്ന 'കോച്ചിങ്ങ് സെന്ററു' കൾ തട്ടിതടഞ്ഞ് നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്നത്തെ കേരളീയ വിദ്യാഭ്യാസം എത്തി നിൽക്കുന്നത്. ക്ലാസ് മുറികൾ സാമൂഹ്യമാറ്റത്തിൻ്റെ രംഗഭൂമികളായി മാറിയിരുന്നെ ങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. സാങ്കേതികവിദ്യയല്ല പെഡഗോജിയാണ്, ഉരുവിടലല്ല വിമർശനമാണ്, തെറ്റായ ഉത്തരമല്ല ശരിയായ ചോദ്യമാണ്; എന്നിങ്ങനെ ക്രിയാത്മകമായ തിരുത്തലുകൾ എം.പി മുന്നോട്ടുവച്ചിരുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്ത് നടന്ന പരീക്ഷണങ്ങൾ ഈ ലക്ഷ്യ ത്തോടെ ഉള്ളവയായിരുന്നു. എന്നാൽ ഇതിനെയൊക്കെ DPEP എന്ന് പറഞ്ഞ് കളിയാക്കി, പറയുന്ന കാര്യങ്ങളെപ്പറ്റി സ്വന്തമായി തന്നെ ഉറപ്പില്ലാത്തതിനാൽ ഇടക്കൊക്കെ ഒരു ഫാഷൻ എന്ന നിലയിൽ ഫൂക്കോവിനെയും, ബോർദിയോവിനെയും കൂട്ടു പിടിച്ചവർ, ഈ രംഗത്തെ മൗലികമായ മാറ്റങ്ങളെ കാണാൻ കൂട്ടാക്കിയില്ല. തദ്ദേശഭരണസ്ഥാപനങ്ങളുടെ ഇടപെടൽ വർധിച്ച് വന്നതിനാൽ പൊതുവിദ്യാഭ്യാസത്തിൻ്റെ ഉള്ളടക്ക ത്തിൽ വലിയ മാറ്റങ്ങൾ സാധ്യമാകുമായിരുന്നു. പക്ഷേ, ഉള്ളടക്കത്തെ അതേ ഗൗരവത്തിൽ കാണാൻ കൂട്ടാക്കാത്ത ഇന്നത്തെ സാഹചര്യം കെട്ടിടത്തിന്റെ വലിപ്പത്തിൽ മറ്റെല്ലാം മറന്നുപോകുമോ എന്ന് ശങ്കിക്കേണ്ടിയിരിക്കുന്നു. സാക്ഷരത യിൽ തുടങ്ങി, -2 മുതൽ +2 വരെ നടന്ന പലതരം ജനകീയ വിദ്യാഭ്യാസ പരീക്ഷണത്തിലും എം.പി എന്ന ഉയരം കുറഞ്ഞമനുഷ്യന്റെ നീളം കുടിയ ചിന്തകളും കയ്യൊപ്പുമുണ്ടായിരുന്നു.

ഒരു എളിയ പരിഷത്ത് പ്രവർത്തകനെന്ന നിലയിൽ, പരിസ്ഥിതിരംഗത്തെ മാർക്സിസ്റ്റ് സമീപനങ്ങളെപ്പറ്റി മനസ്സി ലാക്കാനും പ്രവർത്തിക്കാനുമാണ് മേലിൽ ഞാൻ ആഗ്രഹിക്കു ന്നത്. വികസനബന്ധിതമായ ഒരു പാരിസ്ഥിതിക അവബോധം കേരളത്തിൽ വളർത്തുന്നതിൽ പരിഷത്തും, പരിഷത്ത് നേതൃത്വം നൽകിയ പാരിസ്ഥിതിക ഇടപെടലും, വിശിഷ്യ സൈലന്റ് വാലി സമരവും പ്രധാന പങ്കുവഹിച്ചു എന്നത് ചരിത്രത്തിന്റെ ഭാഗമാണ്. എം.പി, ആ സമരങ്ങളിലെല്ലാം പ്രധാന പങ്കാളിയായിരുന്നു. ഒരു 'വികൃതിക്കാ'രനായ പാരിസ്ഥിതിക കമ്യൂണിസ്റ്റ് എന്ന നിലയിൽ കമ്യൂണിസ്റ്റ് പാർട്ടിക്കാരുടെ വിരോധവും ദുഷിപ്പും കൂടുതൽ ഏറ്റുവാങ്ങേണ്ടി വന്നത് ഈ 'സിഐഎ ഏജന്റി'നായിരുന്നു. അതെന്തായാലും വികസനം സംബന്ധിച്ച ഒരു പാരിസ്ഥിതികാവബോധം കേരളത്തിലു ണ്ടായി. അതിന്റെ ഭാഗമായി നടന്ന ചർച്ചകളിൽ ഊർജം എന്തിന്? എങ്ങനെ? എത്ര? എവിടുന്ന്? എന്നതോടൊപ്പം വികസനം ആർക്ക്? എവിടെ? എപ്പോൾ? എങ്ങനെ? എന്നതും കൂട്ടിവായിക്കാൻ തുടങ്ങി. സൈലന്റ്റ് വാലി ഉയർത്തിവിട്ട പരിസ്ഥിതി വികസന ചർച്ച, അതിൻ്റെ സമഗ്രതയിൽ ഇനിയും ഏറെ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്.
ലോകത്താകെതന്നെ മാർക്‌സിസത്തെ അടിസ്ഥാനമാക്കി വളർന്നുവരുന്ന പാരിസ്ഥിതിക പരികൽപനകൾ, 'ഇക്കോളജി ക്കൽ മാർക്സിസം' അഥവാ 'ഇക്കോസോഷ്യലിസം' എന്ന പേരിൽ ശക്തിപ്പെടുകയാണ്. മാർക്‌സിന്റെ പിൽക്കാലത്തെ "ഗുന്തസ്സെ' (1973) പോലുള്ള ഗ്രന്ഥം പ്രസിദ്ധീകരിച്ചതോടെ ഈ ചർച്ചകൾക്ക് ആക്കം കൂടിയിരിക്കയാണ്. ഈ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ജോൺ ബെല്ലാമി ഫോസ്റ്ററിന്റെ പ്രധാന കൃതികളെല്ലാം മലയാളത്തിൽ എത്തിച്ചത് എം.പിയാണ്. പരിസ്ഥിതി സമരവും വർഗസമരത്തിന്റെ ഭാഗമാണെന്ന നിഗമനത്തിലേക്ക് എത്താനുള്ള തെളിവുകളെല്ലാം മാർക്സ് തന്നെ രേഖപ്പെടുത്തിയതായി ഫോസ്റ്റർ ഉദാഹരണസഹിതം അദ്ദേഹത്തിന്റെ കൃതികളിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, 1867ൽ 'മൂലധനം' പ്രസിദ്ധീകരിച്ച കാലത്തുനിന്ന് അല്പം പോലും മുന്നോട്ടുവരാനോ യാന്ത്രിക വികസനവാദത്തിൽനിന്ന് മുക്തി നേടാനോ മുഖ്യധാരാ ഇടതുപക്ഷത്തിന് കഴിയാത്തതി നാൽ പരിസ്ഥിതി വികസനം അഥവാ മനുഷ്യ-പ്രകൃതിബന്ധം സംബന്ധിച്ച ചർച്ചകൾ ഒരു അഴകൊഴമ്പൻ സമസ്യയായിതന്നെ ഇന്നും തുടരുകയാണ്. ഓരോരുത്തരും അവരുടെ സൗകര്യ ത്തിനനുസരിച്ച് കാര്യങ്ങളെ വലിച്ചുനീട്ടുകയും വെട്ടിച്ചുരുക്കു കയുമാണ്. എന്നാൽ, ഈ ചർച്ചയെ മുന്നോട്ടുനയിക്കുന്നതിൽ എം.പിക്ക് പലതും പറയാനുണ്ട്; അവയിൽ പലതും കേരളം കേൾക്കേണ്ടതുമാണ്.
'21-ാം നൂറ്റാണ്ടിലെ സോഷ്യലിസം' എന്ന ഗ്രന്ഥത്തിൽ എം.പി പുതിയൊരു ശ്രമം ആരംഭിക്കുന്നുണ്ട്. നേരത്തെ പറഞ്ഞുവച്ചവ പലതും ക്രോഡീകരിക്കാനാണ് അതിൻ്റെ ആമുഖത്തിലും, ഒടുവിലും ശ്രമിക്കുന്നതെങ്കിലും, ഗാന്ധി-മാർക്‌സ് ഏകോപന ത്തിനുള്ള ഒരു ശ്രമം കൂടിയാണിത്. ഈ ശ്രമം വിഡ്ഢിത്തമാണ്, അസാധ്യമാണ്, ഒരിക്കലും നടക്കാത്തതാണ്, പാടില്ലാത്തതാണ് എന്നൊക്കെ പറയുന്നവരുണ്ടെങ്കിലും, അഖീൽ ബിൽഗ്രാമി പറയുന്നതുപോലെ ഈ ശ്രമത്തിൽ ഒരു സന്ദേശം അടങ്ങി യിട്ടുണ്ടെന്ന് ഇക്കാലത്ത് നാം തിരിച്ചറിയണം. എല്ലാതരം അസമത്വവും ഉച്ചനീചത്വങ്ങളും ഇല്ലാതാക്കുക എന്നതാണ് ഈ സന്ദേശം. ഇന്നത്തെ കൊറോണക്കാലം ലോകത്താകെ തന്നെ എല്ലാതരം അസമത്വങ്ങളെയും കൃത്യമായിത്തന്നെ പുറത്തു കൊണ്ടുവന്നിരിക്കയാണ്. വിമാനം വഴിയെത്തിയവരാണ് രോഗം പരത്തിയത്; എന്നാൽ സൈക്കിൾപോലും ഇല്ലാത്തവരാണ് വഴിയിൽ മരിക്കുന്നത്. ഇന്ത്യയിൽ ഭക്ഷണകൂമ്പാരങ്ങൾ കെട്ടിപ്പൊക്കിനിർത്തിയവർക്കാണ് ഭക്ഷണം കിട്ടാതെ മരിക്കേണ്ടിവരുന്നത്. സ്വാതന്ത്ര്യാനന്തരകാലത്തെ വിഭജനത്തെ ഓർമിപ്പിക്കുന്നതാണ് ദൽഹിയും ബോംബെയും കൽക്കത്തയുമൊക്കെ. തെരുവിലായിരുന്നു മരണം; ദാരിദ്ര്യം തന്നെയായിരുന്നു പ്രധാന കാരണം. വൈറസ് പിടിച്ചാൽ ഒരുപക്ഷെ ഞങ്ങൾ രക്ഷപ്പെട്ടേക്കും; പട്ടിണി പിടിച്ചാൽ ഒരിക്കലും രക്ഷപ്പെടില്ലെ ന്നായിരുന്നു കോവിഡ് കാലത്ത് ദരിദ്രരായ ഇന്ത്യൻ മനസ്സുകൾ പറഞ്ഞുകൊണ്ടിരുന്നത്.

ഇവിടെ ഗാന്ധിജിയുടെ പുതിയൊരുതരം നിരാഹാരം -കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങൾ പട്ടിണി കിടക്കുന്ന വർക്കിടയിൽ വിതരണം ചെയ്യാനുള്ള നിരാഹാരം-ആവശ്യ മായിരിക്കുന്നു. മഹാമാരിയുടെ വരവിലേക്ക് കാലാവസ്ഥാവ്യതി യാനം കൂടി ഒരു കാരണമായിത്തീരുമ്പോൾ, മാർക്സ് വിഭാവനം ചെയ്യുന്ന വിധമുള്ള മനുഷ്യ-പ്രകൃതിബന്ധം, അതായത്, പ്രമേയങ്ങളിലെ പരാമർശങ്ങൾക്കപ്പുറം പരിസ്ഥിതി അടക്കമുള്ള പ്രശ്നങ്ങളെ വർഗസമരമുഖങ്ങളാക്കി വളർത്തുന്ന ഇടപെടലുകളും അനിവാര്യമാവുകയാണ്. ജനങ്ങൾക്ക് വേണ്ടത് സക്രിയവും ആരോഗ്യമുള്ളതുമായ ദീർഘായുസ്സാണ്. അതിന് വേണ്ടത്, ഇന്ന് പുലരുന്ന വികസനബോധമല്ലെന്നത് ഇതിനകം തന്നെ തെളിഞ്ഞു കഴിഞ്ഞു. എന്നാൽ കൃത്യമായൊരു ബദൽ നിലവിലില്ല. പക്ഷെ, അതിനായുള്ള ഒട്ടേറെ മാർഗങ്ങൾ തെളിഞ്ഞുവരുന്നുണ്ട്. അതിലേക്ക് വേണ്ട സംഭാവന നൽകുന്ന തിൽ ഗാന്ധിക്കും മാർക്സിനും ഇനിയും നല്ലൊരു പങ്ക് വഹിക്കാനുണ്ട്. അതുകൊണ്ടുതന്നെ, എം.പിയുടെ അധ്വാനം വൃഥാവിലാകുന്നില്ല. അതിൻ്റെ ആവശ്യവും സാധ്യതയും കൂടിവരികയാണ്. അത് നമ്മെ മുന്നോട്ടുതന്നെ നയിക്കും. കാരണം എം.പിയെപ്പോലെ നമ്മളെല്ലാം കാലഹരണപ്പെടാത്ത സ്വപ്നങ്ങൾ ധാരാളമായി കാണുന്ന ശുഭാപ്‌തിവിശ്വാസികളാണ് എന്നതുതന്നെ.
